2011, ഫെബ്രുവരി 16, ബുധനാഴ്‌ച

പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ്.


പദാർത്ഥവും മനസ്സും തമ്മിലുള്ള പ്രതിപക്ഷത ആപേക്ഷികമാക്കത്തക്കവണ്ണം അവയ്ക്ക് പൊതുവായുള്ള സംഗതി എന്താണ്?

“എല്ലാ വിധ പദാർത്ഥത്തിനും സാരാംശത്തിൽ സംവേദനം പോലെതന്നെയുള്ള ഒരു ഗുണമുണ്ട്,പ്രതിഫലനഗുണം...” (ലെനിൻ സമാഹൃത കൃതികൾ,വാല്യം14,പേജ് 32) എന്നകാര്യം നാം ഉറപ്പിച്ചു പറയണമെന്ന് ഈ ചോദ്യത്തിന് മറുപടി പറയവേ ലെനിൻ നിർദ്ദേശിക്കുകയുണ്ടായി. പ്രകൃതിക്കാകെ സ്വതസിദ്ധമായുള്ള ഭൗതികപ്രതിഫലനം ചിലഘട്ടങ്ങളിലൂടെ കടന്നുപോയതിന്ന് ശേഷം ഒരു ഘട്ടത്തിലെത്തുമ്പോൾ അത് തികച്ചും നൂതനമായ ഒന്നായി തീരുന്നു,
അത് മനസ്സായി മാറുന്നു; തല്ഫലമായി അത് പദാർത്ഥത്തിൽ നിന്ന് വിഭിന്നമാകുന്നുവെന്നു മാത്രമല്ല ,വളരെ പ്രത്യേക സ്വഭാവത്തോടുകൂടിയതാണെങ്കിലും പ്രതിഫലനത്തിലൂടെ പദാർത്ഥവുമായി ബന്ധപ്പെട്ടുമിരിക്കുന്നു.ഇതാണ് മേൽ പറഞ്ഞതിന്റെ സാരാംശം.
1908-ൽ ലെനിൻ മുന്നോട്ടുവെച്ച ഉജ്ജ്വലമായ ഈ ആശയം പിന്നീട് ,പ്രത്യേകിച്ചും ഈ നൂറ്റാണ്ടിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും പാദങ്ങളിൽ,ന്യൂറോഫിസിയോളജി കൈവരിച്ച വമ്പിച്ച പുരോഗതിമൂലവും സംസൂചനാസിദ്ധാന്തത്തിന്റേയും(imformation theory) സൈബർനെറ്റിക്സിന്റേയും ആവിർഭാവത്തിന്റെ ഫലമായും ശാസ്ത്രീയമായി നിർണ്ണായകമായ രീതിയിൽ തെളിയിക്കപ്പെട്ടു.

സെക്കന്റിൽ കുറേ ശതം മീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ഗർത്തത്തിന്ന് ആ ഉല്ക്കയുടേതിനേക്കാൾ വളരെ കൂടുതൽ വലിപ്പമുണ്ടാവുകയില്ല.
അതിലും വളരെ കൂടുതൽ വലിപ്പത്തിൽ സഞ്ചരിക്കുന്ന ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോഴത്തെ ആഘാതത്തിന്റെ ഫലമായി ഉണ്ടാകുന്ന ഗർത്തം അതിന്റെ വലിപ്പത്തേക്കാൾ എത്രയോ വലുതായിരിക്കും.
എന്നാൽ, ഉല്ക്കയുടെ വേഗത സെക്കന്റിൽ രണ്ടുമുതൽ നാലു കിലോമീറ്റർ വരേയാണെങ്കിൽ,ആ ഉല്ക്കയേപ്പോലെ തന്നെ അത് വന്നു വീഴുന്ന ഭൂഭാഗവും ഞൊടിയിടയിൽ വാതകമായി പരിണമിക്കുകയും ആ സ്ഥാനത്ത് ബൃഹത്തായ ഒരു ഗഹ്വരം ഉണ്ടാവുകയും ചെയ്യും.
ഈ വിധത്തിൽ ഒരു ഉല്ക്ക വീഴുന്നതിന്റെ അടയാളം അതിന്റെ സ്വഭാവവിശേഷതകളുടെ - അതിന്റെ വലിപ്പം,ആകൃതി, ഘടന, വീഴ്ചയുടെ കോണം തുടങ്ങിയവയുടെ - പാദമുദ്രപോലെയാണെന്ന് പറയാം.
ഉറച്ച പാറയിന്മേലും ലോലമായ പുൽത്തറയിന്മേലും അത് ഉണ്ടാക്കുന്ന അടയാളങ്ങൾ വ്യത്യസ്തമായിരിക്കും.
പക്ഷെ, രണ്ടു സന്ദർഭങ്ങളിലും അത് ഉല്ക്കയുടെ തനതായ സവിശേഷതകൾ പ്രതിഫലിപ്പിക്കും.
ഒരു ഉല്ക്ക സൃഷ്ടിക്കുന്ന അടയാളം അത് ഭൂതലത്ത് പതിക്കുന്ന അവസരത്തിലുള്ള ആഘാതത്തിലുണ്ടാക്കുന്ന അതിന്റെ പ്രതിഫലനമാണ്.

ഏത പ്രതിഫലനത്തിന്റേയും സ്ഥിതി ഇതു തന്നെയാണ്.
ഒരു ഭൗതിക വസ്തുവിന് മറ്റൊന്നിന്റെ മേലുള്ള കരണത്തിന്റെ ഫലമായി,രണ്ടാമത്തെ വസ്തു ആദ്യത്തേതിന്റെ ചില സവിശേഷതകൾ കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള മറ്റത്തിന് വിധേയമാകുന്നു.
ഒരു ഭൗതികപ്രതിഭാസം അതിന്മേൽ കരണം നടത്തുന്ന മറ്റൊരു ഭൗതികപ്രതിഭാസത്തിന്റെ സവിശേഷതകളെ പകർത്തുമ്പോഴാണ് പ്രതിഫലനം ഉണ്ടാകുന്നത്.
“സർവ്വതും മറ്റു സർവ്വതിനേയും ബാധിക്കുകയും മറ്റു സർവതിനാലും ബാധിക്കപ്പെടുകയും ചെയ്യത്തക്കവണ്ണം”(ഫ്രെഡറിക് എംഗൽസ്“പ്രകൃതിയിലെ വൈരുദ്ധ്യാത്മകത”പേജ് 178)എല്ലാ വസ്തുക്കളും അന്യോന്യാശ്രയത്തോടുകൂടിയവയാണെന്ന് പറയുന്ന വൈരുദ്ധ്യവാദം ഓരോ ഭൗതികപ്രക്രിയയിലും പരസ്പരകരണമാണു കാണുന്നത്.
പ്രകൃതിയിലെ എല്ലാ പ്രക്രിയകളേയും വ്യത്യസ്തരൂപത്തിലുള്ള ഭൗതികപരസ്പരകരണമായി കണക്കാക്കുന്ന ആധുനിക ഊർജ്ജതന്ത്രത്തിൽ നിന്ന് ഇത് ശരിയാണെന്ന് സംശയാതീതമായി തെളിയുന്നുണ്ട്.
എന്നാൽ,പരസ്പരകരണം,ഭൗതികപ്രതിഭാസങ്ങൾക്ക് അന്യോന്യമുള്ള സ്വാധീനം,അവയുടെ അന്യോന്യപ്രതിഫലനത്തിലേക്ക് നയിക്കുമെന്ന് നാം കണ്ടുകഴിഞ്ഞുവല്ലോ.
പരസ്പരപ്രതികരണം എല്ലാ പദാർത്ഥത്തിനും സ്വതസിദ്ധമായിട്ടുള്ളതാണെങ്കിൽ പ്രതിഫലനത്തിന്റെ കാര്യത്തിലും ഇത് ശരിയായിരിക്കണമല്ലോ.

“ഒരു പ്രതിച്ഛായക്ക് പ്രതിബിംബിതമായ വസ്തുവിനെ കൂടാതെ നില നില്ക്കാനാവില്ല;
പക്ഷെ,ആ വസ്തുവാകട്ടെ അതിനെ പ്രതിബിംബിക്കുന്ന സാധനത്തിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നു”(ലെനിൻ, അതേകൃതി,വാല്യം14,പേജ്69)എന്നതാണ് ഈ ബന്ധത്തിന്റെ ഏറ്റവുമ്പ്രധാനപ്പെട്ട ഒരു സവിശേഷത.
ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോൾമാത്രമേ അത് വീണതിന്റെ അടയാളം ഉണ്ടാകൂ.
എന്നാൽ,നിലത്തു വീഴാതേയും വീണതിന്റെ അടയാളം ഉണ്ടാക്കാതേയും ആ ഉല്ക്ക എത്രയോകാലം നിലനിന്നേക്കാം.

പ്രതിഫലിക്കപ്പെടുന്ന വസ്തുവിന്റെ പ്രത്യേക സവിശേഷതകൾ പുനർ സൃഷ്ടിക്കപ്പെടുന്നതാണല്ലോ പ്രതിഫലനം.
ഉദാഹരണത്തിന്ന് ഒരു ഹിമപാതം പർവ്വതപ്രാന്തങ്ങളിൽ സൃഷ്ടിക്കുന്ന മാറ്റൊലി പ്രതിഫലനത്തിന്റെ ഒരു പ്രക്രിയയാണ്,ഹിമപാതത്തിന്റെ ഒച്ചയാണ് പ്രതിബിംബിക്കപ്പെട്ടിട്ടുള്ള സംഗതി.
പർവ്വതമാണ് പ്രതിബിംബംസൃഷ്ടിക്കുന്ന വസ്തു.
മാറ്റൊലിയാണ് പ്രതിഫലനം,ഒച്ചയും മാറ്റൊലിയും ശബ്ദതരംഗങ്ങൾ,അഥവാ അതേരീതിയിലുള്ള വായുവിന്റെ പ്രകമ്പനങ്ങൾ,ചേർന്നുണ്ടായിട്ടുള്ളതാണ്.
ഇവിടെ പ്രതിഫലനവും പ്രതിഫലിതവസ്തുവും ഒരേപോലെ ഭൗതികസ്വഭാവത്തോടുകൂടിയതാണ്.
എന്നാൽ എല്ലായ്പ്പോഴും ഇത് അപ്രകാരമായിക്കൊള്ളണമെന്നില്ല.
ഭൂവിജ്ഞാനീയയുഗങ്ങളിലെ സസ്യങ്ങളേപ്പറ്റി നമുക്ക് പ്രധാനമായും അറിവു ലഭിക്കുന്നത്‌ കേടുകൂടാതെ പാറകളിൽ ഒട്ടിച്ചേർന്നു നിന്നിട്ടുള്ള സസ്യഫോസിലുകളിൽ - ഇലകൾ, വേരുകൾ, പഴങ്ങൾ പൂക്കൾ തുടങ്ങിയവയിൽ - നിന്നാണ്.
ഉദാഹരണത്തിന് ഫോസിൽ ഇലകളില്‍ ഒരു ഇലയുടെ ഉപരിതലത്തിലുള്ള എല്ലാ വിശദാംശങ്ങളുമുണ്ട്.
ഇവിടെ പ്രതിഫലനത്തിന് - ഒരു കഷണം പാറയാണുള്ളത്. - പ്രതിഫലിക്കപ്പെട്ടിട്ടുള്ള വസ്തുവിനോട്
ഭൗതികമായ യാതൊരു സാമ്യവുമില്ല.

ഒരു ഹിമപാതത്തിന്റെ മാറ്റൊലിയെന്നപോലെതന്നെ ശിലീഭൂതസസ്യഫോസിലുകളേയും പ്രതിഫലനങ്ങളായി നാം വിവരിക്കുന്നത് എന്തുകൊണ്ടാണ്?
ഇത്ര ഭിന്നങ്ങളായ ഈ പ്രതിഭാസങ്ങൾക്ക് തമ്മിലുള്ള ബന്ധം എന്താണ്?
പ്രതിഫലനവും പ്രതിഫലിത വസ്തുവും തമ്മിലുള്ള സാദൃശ്യമാണ് ഈ ബന്ധം.“പ്രതിഫലിക്കപ്പെടുന്ന വസ്തുവിന്റെ ചില സവിശേഷതകളുടെ പുനർസൃഷ്ടി”(ലെനിൻ അതേകൃതി,വാല്യം 14,പേജ്69)എന്നതിൽ അന്തർഭവിച്ചിട്ടുള്ളത്
വസ്തുവും അതിന്റെ പ്രതിഫലനവും തമ്മിൽ ഒന്നിന് ഒന്ന് എന്ന തോതിലുള്ള പൊരുത്തമാണ്.
അതായത്,എന്തിനെയെങ്കിലും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തുവിന്റെ ഓരോ അംശവും അഥവാ അവസ്ഥയും അംശങ്ങൾ അഥവാ അവസ്ഥകൾ തമ്മിലുള്ള ഓരോ ബന്ധവും,
പ്രതിഫലിക്കപ്പെട്ടിട്ടുള്ള വസ്തുവിന്റെ ഒരു അംശമോ അവസ്ഥയോ ബന്ധമോ ആയി മാത്രമേ പൊരുത്തപ്പെടുന്നുള്ളുവെന്ന് സാരം.
എന്നു തന്നെയല്ല,ഓരോ പ്രതിഫലനത്തിനും അതിന്റേതായ പരിമിതിയുണ്ട്.
ഉദാഹരണത്തിന്ന് പാറമേൽ പതിഞ്ഞിരിക്കുന്ന ഇലയുടെ അടയാളം ഇലയുടെ സ്ഥാനികരൂപമേ പ്രതിഫലിപ്പിക്കുന്നുള്ളു; ഇലയുടെ കോശ-തന്മാത്രഘടന അതിൽ പ്രതിഫലിക്കുന്നില്ല.

പ്രതിഫലിപ്പിക്കുന്നത് എന്താണെന്നതനുസരിച്ച് പ്രതിച്ഛായകൾ പലേ രൂപങ്ങളിലും ഉണ്ടാകാം.
എന്നാൽ,രൂപങ്ങൾ എത്രതന്നെ വ്യത്യസ്തങ്ങളായാലും ഉള്ളടക്കത്തിൽ അവ സദൃശങ്ങളാണ്;
പ്രതിബിംബപ്രതിഭാസത്തിന്റെ ഘടനതന്നെയായിരിക്കും അവയ്കെല്ലാം.

ജൈവപ്രകൃതിയിലും അജൈവപ്രകൃതിയിലും,രണ്ടിലുമുള്ള പ്രതിഫലനത്തിന്റെ ചില സാമാന്യസവിശേഷതകൾ മേൽ പറഞ്ഞതരത്തിലുള്ളതാണ്.

(വിവർത്തനം :-എം എസ്സ് രാജേന്ദ്രൻ.
അടുത്തപോസ്റ്റിൽ ഇതിന്റെ മൂന്നാം ഭാഗമായ“ഉത്തേജനശീലതയിൽ നിന്ന് മാനസികപ്രവർത്തനത്തിലേക്ക്”)

അഭിപ്രായങ്ങളൊന്നുമില്ല: