2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഇറാനിൽ ഫ്യൂഡൽ ബന്ധങ്ങളുടെ ആവിർഭാവം

                                                              ഇറാനിൽ ഫ്യൂഡൽ ബന്ധങ്ങളുടെ ആവിർഭാവം-
മൂന്നാം നൂറ്റണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെ സസാനിദ്‌ സാമ്രാജ്യം ഇറാനിൽ അധികാരം പുലർത്തിപ്പോന്നു. അതിന്റെ ചരിത്രം ഇറാനിയൻ ജനതയുടേയും അവരുടെ രാഷ്ട്രത്തിന്റേയും ചരിത്രവുമായി നേരിട്ട്‌ ബന്ധപ്പെട്ടതാണ്‌. സാമ്രാജ്യത്തിന്റെ കേന്ദ്ര ബിന്ദുതന്നെ ഈ രാജ്യമായിരുന്നു. ഇവിടെ ഫ്യൂഡൽ ബന്ധങ്ങൾ,ഇന്ത്യയിലേയും യെല്ലോ നദീതടത്തിലേയും പോലെ അടിമ ഉടമസ്ഥതയുടെ പുരാതനപാരമ്പര്യങ്ങളിൽ നിന്നാണ്‌ രൂപം കൊണ്ടത്‌. മറ്റൊരു തരത്തിലും ഇവിടെ ഫ്യൂഡൽ ബന്ധങ്ങളുണ്ടായി.കുലത്തിന്റേയും കമ്യൂണിന്റേയും മാതൃകകളെ അടിസ്ഥാന മാക്കിയുള്ള ഇറാനിയൻ ഗോത്രങ്ങളുടെ ആദ്യസമൂഹത്തിന്റെ തകർച്ചയുടെ ഫലമായിരുന്നു ഇത്‌. ഇവിടെ ഫ്യൂഡൽ ബന്ധത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട സമൂഹവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ വംശപരമായി ഏകജാതീയമായ ഒരു ഘടകത്തിനുള്ളിലാണ്‌(മധ്യ ഇറാനിലും ദക്ഷിണ-പശ്ചിമ ഇറാനിലും) ഉണ്ടായത്‌. ഇത്‌ അറബികാലിഫേറ്റുകളിൽ നിന്നും ചിനാ സാമ്രാജ്യത്തിൽ നിന്നും വിഭിന്നമായി ജപ്പാനിലേയും വിയറ്റ്നാമിലേയും പോലെ ആയിരുന്നു. 

സ്വകാര്യ എസ്റ്റേറ്റുകളിൽ പണിയെടുക്കുന്ന അടിമകൾ അടിയാന്മാരുടെ പദവി ആർജ്ജിക്കുകയും കമ്യൂണുകൾ ക്രമേണ ശിഥിലമാവുകയും ചെയ്തതോടുകൂടി അവരുടെ യജമാനന്മാരുടെ ഭൂമിയോട്‌ കെട്ടുപാടുള്ള ഒരു കർഷക വർഗ്ഗം ആവിർഭവിച്ചു. ഇതിന്റെ ഫലമായി പുതിയൊരു വർഗ്ഗം കൂടി പ്രത്യക്ഷപ്പെട്ടു.അസാത്തുക്കൾ എന്നാണിവരെ വിളിച്ചത്‌. സ്വതന്ത്രരും സമ്പന്നരും അശ്വാരൂഢരുമായ പട്ടാളക്കാരുമായിരുന്നു ഇവർ. നഗരങ്ങളിൽ കൈത്തൊഴിൽ ഗിൽഡുകൾ വളർന്നു വന്നു. എന്നാൽ അവ ആധിമ മധ്യ യുഗങ്ങളിലെ ഇറാനിൽ കാര്യമായ യാതൊരു പങ്കും വഹിച്ചിരുന്നില്ല. ഇന്ത്യയിലും ഇതിനേക്കാൾ കാർക്കശ്യം കുറഞ്ഞ ഒരു ജാതി വ്യവസ്ഥ ഇതിനകം രൂഡമൂലമായിത്തീർന്നിരുന്നു.

മൂന്നും നാലും അഞ്ചും നൂറ്റാണ്ടുകളിൽ പശ്ചിമേഷ്യയിൽ രാഷ്ട്രീയവും സാമ്പത്തികവുമായി ഏറ്റവും ശക്തമായ രാഷ്ട്രം ഇറാനായിരുന്നു. പ്രധാന അധികാരം ഭൂവുടമകളായ കുലീനാധിപത്യത്തിന്റേയും സൊരാഷ്ട്രിയൻ സഭയുടേയും കൈകളിലായിരുന്നു. സഭയ്ക്‌ ധാരാളം ഭൂമിയും അനേകം അടിമകളുമുണ്ടായിരുന്നു. സൊരാഷ്ട്രിയർ സൂര്യനേയും അഗ്നിയേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും ആരാധിച്ചു.നമ്മുടെ കാലഘട്ടത്തിന്റെ ആരംഭത്തിൽ ഇറാനിയൻ ജനതയുടെ ഔദ്യോഗിക മതമായി സൊരാഷ്ട്രീയ മതം സ്വീകരിക്കപ്പെട്ടു. സമ്പത്തും സ്വാധീനവുമുള്ള ഈ മത സ്ഥാപനം ഇറാനിലെ ഒരു സുപ്രധാന സാമൂഹ്യ ശക്തിയായിരുന്നു.

ഇറാനിലെ അടിമത്വ സമൂഹത്തിൽ ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ചൂഷിതരായ ബഹുജനങ്ങളുടെ ഒരു പ്രസ്ഥാനം,മാനിക്കോയിസം,അക്കാലത്താണ്‌ ആവിർഭവിച്ചത്‌.മാനിക്കോയിസ്റ്റുകൾ നിലവിലുള്ള സാമൂഹ്യഘടനയെ അനീതിപരമെന്ന് വിമർശിച്ചു എങ്കിലും അവരുടെ പ്രതിഷേധം സഹന സമരത്തിൽ ഒതുങ്ങി നിൽക്കുകയാണുണ്ടായത്‌.
കാര്യമായ യാതൊരു ആഭ്യന്തരക്കുഴപ്പവുമില്ലാതിരുന്നതു കാരണം സസാനിദുകൾക്ക്‌ അവരുടെ ഭൂപ്രദേശ്‌ പരിധി ട്രാൻസ്‌ കോക്കേഷ്യ,മെസപ്പൊട്ടേമിയ,ഏഷ്യാമൈനർ എന്നിവിടങ്ങളിലേക്ക്‌ വ്യാപിപ്പിക്കുവാനും മധ്യ ഏഷ്യവരെ ചുഴിഞ്ഞു കയറുവാനും കഴിഞ്ഞു. ഈ പിടിച്ചടക്കലുകൾ അടിമയുടമകളായ കുലീനർക്കും സാമ്രാജ്യത്തിന്റെ ഭരണാധികാരികൾക്കും ഗണ്യമായ സമ്പത്ത്‌ കൊണ്ടുവന്നു എങ്കിലും ഇറാനിയൻ അടിമത്ത സമൂഹത്തിലെ വളർന്നുകൊണ്ടിരുന്ന പ്രതിസന്ധിയെ രൂക്ഷമാക്കുവാനാണ്‌ സഹായിച്ചത്‌. നിരാഹാര സമരങ്ങൾ തുടരെ നടക്കുകയുണ്ടായി. അതുപോലെത്തന്നെ ഭൂവുടമകളായ കുലീനർക്കെതിരേയുള്ള ബഹുജനകലാപങ്ങളും നടന്നു. തങ്ങളുടെ പഴയ സ്വാതന്ത്ര്യങ്ങൾ നേടിയെടുക്കാമെന്ന പ്രതീക്ഷകളോടെയാണ്‌ മുൻ കമ്യൂൺ കർഷകർ ഇതിൽ പങ്കെടുത്തത്‌.അസാത്തുക്കളാകട്ടെ ചെറുകിടയും ഇടത്തരവുമായ കൈവശഭൂമികളിൽ അവരുടെ പിടിമുറുക്കാൻ കഴിയുമെന്ന പ്രതീക്ഷകളോടെയും കഴിഞ്ഞു.പ്രമുഖരായ കുലീന കുടുംബങ്ങളുടെ സ്വത്തിൽ ഒരു ഭാഗം പിടിച്ചടക്കാൻ കഴിയുമെന്ന് സാമ്രാജ്യ ഭരണാധികാരികൾ കരുതി.നാലാം നുറ്റാണ്ടിന്റെ അവസാനത്തിലും അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഈ കുലീനർക്കെതിരെ സാമ്രാജ്യ ഭരണാധികാരികൾ ഒരു വിഫല ശ്രമം നടത്തി. ഇതിനിടയിൽ സാമ്രാജ്യത്തിന്റെ കിഴക്കനതിർത്തികളിൽ നാടോടികളായ എഫ്തലൈറ്റുകൾ നടത്തിയ ആക്രമണങ്ങൾ സാമ്രാജ്യത്തിന്റെ കേന്ദ്ര അധികാരം ഉർപ്പിക്കേണ്ടത്‌ അനിവാര്യമാക്കിതീർത്തു(ഹൺഗോത്രക്കാരും കിഴക്കൻ ഇറാനിയൻ ഗോത്രക്കാരും ചേർന്ന് രൂപീകരിച്ച സഖ്യത്തിന്‌ നൽകിയ പേരാണ്‌ എഫ്‌ തലൈറ്റുകൾ എന്നത്‌; അവർ പിന്നീട്‌ ഒരു ഫ്യൂഡൽ രാഷ്ട്രം സ്ഥാപിക്കുകയുണ്ടായി.) 
                                                                                                          മസ്‌ ദാക്കിസം-

ഈ വിവിധഗ്രൂപ്പുകൾ അവരുടെ ശക്തികളെ മസ്‌ ദാക്കൈറ്റ്‌ പ്രസ്ഥാനത്തിൽ(അതിന്റെ നേതാവായ മസ്ദാക്കിറ്റിന്റെ പേരിനെ അവലംഭമാക്കിയാണ്‌ ഈ പേരുണ്ടായത്‌)ഏകോപിപ്പിച്ചു. അവരുടെ മുൻ ഗാമികളായ മാനിക്കേയന്മാരിൽ നിന്ന് വിഭിന്നമായി,മസ്‌ ദാക്കൈറ്റുകൾ സാമൂഹ്യമായ അസമത്വത്തിന്നെതിരെ പരസ്യമായ സമരത്തിന്നാഹ്വാനം ചെയ്തു. കുലീന ജനങ്ങളുടെ കൈവശമുള്ള മിച്ച സ്വത്ത്‌ പിടിച്ചെടുക്കണമെന്ന് അവർ പ്രത്യേകിച്ചും ആവശ്യപ്പെട്ടു. സസാനിയൻ ഭരണാധികാരിയായ കാവാദ്‌ ഒന്നാമൻ മസ്‌ ദാക്കൈറ്റുകളും അസാത്തുക്കളുമായി ഒരു സഖ്യമുണ്ടാക്കുകയും കുലീനരുടെ അധികാര ശക്തി തകർക്കുകയും ജാതി വ്യവസ്ഥ അവസാനിപ്പിക്കുകയും മസ്‌ ദാക്കിസത്തെ രാഷ്ട്രത്തിന്റെ മതമാക്കി മാറ്റുകയും ചെയ്തു. ഈ വിജയത്തിനു ശേഷം ഏറെ താമസിയാതെ കർഷകരും കൈത്തൊഴിലുകാരുമടങ്ങുന്ന വിപുലമായ ബഹുജനങ്ങളുടെ താൽപര്യം ഒരു വശത്തു നിന്നും,ഇവരുടെ താൽപര്യങ്ങളെ അനുകൂലിച്ചവരും എന്നാൽ കലാപകാരികളിലെ മുഖ്യ ഗ്രൂപ്പുമായ അസാത്തുക്കളും രാജപരിവാരങ്ങളും മറുവശത്തും അണിനിരന്നുകൊണ്ടുള്ള ഒരു താൽപര്യ സംഘട്ടനം ഉയർന്നു വന്നു.വീണ്ടും അസാത്തുകളും കവാദും യോജിച്ചു.മതത്തിനകത്തും പുറത്തുമുള്ള കുലീനാധിപത്യത്തിന്റെ അവശേഷിക്കുന്ന പ്രതിനിധികളുമായി ചേർന്നുകൊണ്ട്‌ 529-ലെ കാർഷിക കലാപത്തെ അടിച്ചൊതുക്കുവാനും ഈ കൂട്ട്കെട്ടിന്ന് കഴിഞ്ഞു.
                                                                 ചോസ്‌ റോസ്‌ ഒന്നാമന്റെ കീഴിൽ സസാനിദ്‌ സാമ്രാജ്യം-

ഇറാനിലെ ഫ്യൂഡൽ സമൂഹം അഞ്ചാം നൂറ്റണ്ടിലും ആറാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ്‌(531-579) ആവിർഭവിച്ചത്‌. കുലീനാധിപത്യത്തിനെതിരായ വിജയത്തോട്‌ കൂടി കേന്ദ്ര അധികാരത്തിന്ന് അതി വിപുലമായ പുതിയ ഭൂമികൾ ലഭിക്കുകയും സ്റ്റേറ്റ്‌ ഉടമസ്ഥത പുനസ്ഥാപിക്കുകയും ചെയ്തു.ഈ പുതിയ ഭൂമിയിൽ ഗണ്യമായ ഒരു ഭാഗം അസാത്തുക്കൾക്ക്‌ പതിച്ചു കൊടുത്തു. എല്ലാ അധ്വാനിക്കുന്ന ജനതയും അവരുടെ ഭൂമിയിന്മേൽ ഒരാളോഹരി നികുതി നൽകുവാൻ ബാധ്യസ്ഥരായി.(പലതവണ വസൂലാക്കുന്നതിന്ന് പകരമായിരുന്നു ഇത്‌). ഈ നികുതി,മുൻ നികുതി ഭാരത്തേക്കാൾ ,മൊത്തത്തിൽ കുറവായിരുന്നു. ഗവൺമന്റ്‌ സമ്പദ്ഘടനയിൽ ഭൂമിയുടെ സ്റ്റേറ്റ്‌ ഉടമസ്ഥതയുടെ ഒരു ദൃഡീകരണത്തിനുള്ള പങ്ക്‌ എന്തെന്നും പ്രകടമായിരുന്നു.(കൃഷിക്കാർക്ക്‌ വായ്പ നൽകുക തുടങ്ങിയ).രാജഭരണം മറ്റെല്ലാറ്റിലുമധികം പിൻന്തുണക്ക്‌ വേണ്ടി ആശ്രയിച്ച സാമൂഹ്യ വിഭാഗം അസാത്‌ വർഗ്ഗമായിരുന്നു. ഇവർ ഫ്യൂഡൽ സമൂഹത്തിലെ സൈനിക വിഭാഗമായിരുന്നു.ചക്രവർത്തിയുടെ സ്ഥിരം സൈന്യത്തിലധികവും,അറബിരാഷ്ട്രങ്ങളുടേതിൽ നിന്നു വിഭിന്നമായ കൂലിപ്പട്ടാള മായിരുന്നു.ഈ സൈന്യവും അസാത്‌ സേനാ വിഭാഗവും നാനാശാഖകളോട്‌ കൂടിയതും കേന്ദ്രീകരിച്ചതുമായ അസാത്‌ ഉദ്യോഗസ്ഥ മേധാവിത്വവും കൂടിച്ചേർന്ന് സസാനിത്‌ സാമ്രാജ്യത്തിലെ ഭരണ സംവിധാനത്തിന്റെ അടിത്തറയിട്ടു. ഫ്യൂഡൽ ബന്ധങ്ങളെ ഉറപ്പിക്കുകയും കർഷക അസ്വസ്ഥതകളെ അടിച്ചമർത്തുകയും ചെയ്തതിന്റെ ഫലമായി സസാനിദ്‌ കളുടെ തെക്കോട്ടുള്ള വിപുലീകരണം പുനരാരംഭിക്കുവാനും അവരുടെ കിഴക്കൻ അതിർത്തികളിൽ നിന്നും എഫ്‌ തലൈറ്റുകളെ തുരത്തുവാനും കഴിഞ്ഞു.പടിഞ്ഞാറൻ പ്രദേശത്തുണ്ടായ ചില ആദ്യ വിജയങ്ങൾക്ക്ശേഷം ബൈസാൻതിയവുമായി നീണ്ടതും ധാരാളം നഷ്ടം വന്നതുമായ ഒരു യുദ്ധത്തിൽ ഇറാൻ കുടുങ്ങിപ്പോവുകയും ചെയ്തു.
                                                                              അറേബിയ-ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ-

അറേബിയൻ ഉപദ്വീപിലും ഭൂപ്രദേശങ്ങളിലും ഫ്യൂഡൽ ബന്ധങ്ങളുടെ ആവിർഭാവം എ ഡി ഒന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തിലാണ്‌ നടന്നത്‌.ഉപദ്വീപിന്റെ തെക്കും തെക്ക്പടിഞ്ഞാറും പ്രദേശങ്ങളിൽ അടിമത്ത സമൂഹങ്ങൾ ക്രമേണ തകരാൻ തുടങ്ങി. മറ്റ്‌ പ്രദേശങ്ങളിൽ നാടോടികളുടെ പ്രാകൃത ഗണ വ്യവസ്ഥ ശിഥിലീകരിച്ചു. രണ്ടും കൂടിയായപ്പോൾ അറേബിയ ഫ്യൂഡൽ ബന്ധങ്ങളിലേക്ക്‌ പ്രവേശിച്ചു.

അക്കാലത്ത്‌ കന്നുകാലികളുടേയും മേച്ചിൽ സ്ഥലങ്ങളുടേയും വലിയൊരു ഭാഗം കുലപ്രമാണിമാരുടെ കൈകളിലായിരുന്നു. അതേ അവസരത്തിൽ കൂടുതൽ ദരിദ്രരായ നാടോടി ഗോത്രങ്ങൾക്കിടയിൽ,വിശേഷിച്ചും കന്നുകാലി വളർത്തലിൽ നിന്നും എങ്ങനെയോ ഉപജീവനം നടത്തുന്നവർക്കിടയിൽ ,ഭൂദാഹം വളരെ അധികമായിരുന്നു.വളരുന്ന ജനസംഖ്യയെ പോറ്റാൻ കൂടുതൽ ഭൂമി അവർക്ക്‌ വേണ്ടിയിരുന്നു. ഭൂമിക്ക്‌ വേണ്ടി ഗോത്രങ്ങൾ തമ്മിൽ യുദ്ധം തുടങ്ങി.യുദ്ധ ഗതിക്കിടയിൽ പല സഖ്യങ്ങളുമുണ്ടായി. അയൽ ഗോത്രങ്ങളുടെ ചെലവിൽ പ്രദേശപരമായ വിപുലീകരണം നേടുവാനുള്ള ആഗ്രഹം ശക്തിയായി വളർന്നുകൊണ്ടിരുന്നു.ഏകീകരണത്തിലേക്കുള്ള ഈ നീക്കത്തെ മറ്റൊരു ഘടകം പ്രോത്സാഹിപ്പിച്ചു.ഫ്യൂഡൽ മാതൃകകൾ രൂപം പ്രാപിച്ചു കൊണ്ടിരുന്ന അറേബിയയിലെ കൂടുതൽ വികസിത പ്രദേശങ്ങളുമായുള്ള വർദ്ധമാനമായ സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധങ്ങളായിരുന്നു അത്‌. അതുപോലെ തന്നെ ,ഈ പ്രദേശങ്ങളും നാടോടി ജനതകളും തമ്മിലുള്ള ബന്ധങ്ങളും വളർന്നു.

നാടോടികളും സ്ഥിരവാസികളുമായ ജനതകളുടെ ഫ്യൂഡലീകരണത്തോടൊപ്പം മുഴുവൻ അറബികളുടേയും ഏകോപനത്തിനുവേണ്ടിയുള്ള ഒരു പ്രസ്ഥാനവും ഉണ്ടായി.ഈ പ്രസ്ഥാനത്തിന്‌ ഏറെ താമസിയാതെ മതപരമായ ഒരു സ്വഭാവം കൂടി കൈവന്നു. ഇവർ ഇസ്ലാം എന്ന പുതിയ മതത്തിന്റെ  പ്രചാരകരായി.
                                                                                       ഇസ്ലാമിന്റെ ആദ്യകാലങ്ങൾ 

ഇസ്ലാം ഒരു ഏകദൈവമതമാണ്‌.ഏകദൈവമായ അല്ലാഹുവിനെ മാത്രമാണ്‌ അത്‌ അംഗീകരിക്കുന്നത്‌.ഭൂമിയിൽ അല്ലാഹുവിനെ പ്രധിനിധീകരിച്ചത്‌ പ്രവാചകരും അവരുടെ പ്രതിനിധികളുമായ കാലിഫ്‌ മാരുമായിരുന്നു.ഈ മതം അതിന്റെ വിശ്വാസികളിൽ നിനും ദൈവത്തോടും അദ്ദേഹത്തിന്റെ സേവകന്മാരോടുമുള്ള ചോദ്യം ചെയ്യപ്പെടാത്ത അനുസരണ ആവശ്യപ്പെട്ടു. മുസ്ലിം മതസംഘടനകൾക്ക്‌ ഭരണകൂടവുമായി പലതിലും സാദൃശ്യമുണ്ടായിരുന്നു. ഇസ്ലാമിന്റെ പ്രചാരണം പ്രവാചകനായ മുഹമ്മദിന്റെ(570-632)പേരുമായി ബന്ധപ്പെട്ടതായിരുന്നു. അറബിജനതകൾക്കിടയിലെ മതപരമായ ഐക്യത്തിനുവേണ്ടിയുള്ള ഒരു പ്രസ്ഥാനമെന്ന നിലക്കും അടിമസമ്പ്രദായതേപ്പറ്റി അത്‌ നടത്തിയ വിമർശനവും വിവിധ സാമൂഹ്യ വിഭാഗങ്ങളിൽ നിന്ന് ഇസ്ലാമിന്ന് ധാരാളം അനുയായികളെ നേടിക്കൊടുത്തു. ആദിമ ഫ്യൂഡൽ സമൂഹത്തിലെ അറബി ജനതകൾക്കിടയിൽ(അവരുടെ പ്രധാന ജീവിതോപാധി കന്നുകാലികളായിരുന്നു.) ദൃശ്യമായിരുന്ന ഏകോപനത്തിനു വേണ്ടിയുള്ള നീക്കവും കൂടുതൽ സ്ഥലം കിട്ടാനുള്ള ആഗ്രഹവും ഇതിന്റെ ഒരു പ്രധാന വശമായിരുന്നു."പ്രവാചകന്റെ വിശ്വാസം"ബലപ്രയോഗത്തിലൂടെ സമീപ പ്രദേശങ്ങളിൽ പ്രചരിപ്പിക്കുവാനുള്ള പ്രവണത ,പുതിയ മതത്തിന്റെ ഒരു പ്രതിഫലനമായിരുന്നു. 

                                                                         അറബികളുടെ ഏകീകരണവും കാലിഫേറ്റിന്റെ ആവിർഭാവവും-

ഏഴാം നുറ്റാണ്ടിന്റെ ആദ്യപകുതിയിൽ പ്രത്യക്ഷപ്പെട്ട മെദീനയിലെ മുഹമ്മദീയ രാഷ്ട്രം ഏറെത്താമസിയാതെ അതിന്റെ അതിർത്തികൾ വിപുലപ്പെടുത്തി തുടങ്ങി. ഭൂപ്രദേശ പരമായ ഈ വിപുലീകരണത്തെ ഇസ്ലാമിന്റെ വ്യാപനം സഹായിച്ചു.ഇസ്ലാമിന്റെ ഏറ്റവും ജീവശക്തി നൽകിയ വശം ശക്തമായ രാഷ്ട്രീയാധികാരം നേടാൻ വേണ്ടിയുള്ള സമരമായിരുന്നു.മുഹമ്മദ്‌ സ്ഥാപിച്ച കേന്ദ്രീകൃത ദൈവാധിപത്യത്തിന്ന്‌ പിൻതുണ ലഭിച്ചത്‌ പട്ടാളക്കാരിൽ നിന്നാണ്‌.അവർക്കാകട്ടെ ഭൂമിയായിരുന്നില്ല പ്രതിഫലമായി നൽകിയത്‌.;മറിച്ച്‌,യുദ്ധത്തിൽ പിടിച്ചെടുക്കുന്ന കൊള്ളയുടെ ഓഹരിയായിരുന്നു.ഈ വ്യവസ്ഥക്ക്‌ (ഭൂവുടമകളെ യോദ്ധാക്കളും സേനാനികളും ആകുന്നത്‌ അത്‌ തടഞ്ഞില്ല) ആദ്യ കാലിഫുകളിൽ നിന്ന് (പ്രവാചകന്റെ അനന്തരാവകാശികൾ) എല്ലാ പിൻതുണയും കിട്ടി.മാത്രമല്ല,ആപേക്ഷികമായി ഒരു ദീർഘകാലത്തേക്ക്‌ പട്ടാളത്തിന്റെ സ്ഥിരമായ സമരശേഷി ഉറപ്പാക്കുവാനും കഴിഞ്ഞു.കേന്ദ്ര അധികാരത്തിനെ ഉറപ്പിക്കാൻ സഹായിച്ച മറ്റൊരു ഘടകം,എല്ലാ ഭൂവുടമകളിൽ നിന്നും പിരിച്ചെടുത്ത നികുതിയായിരുന്നു. ഫ്യൂഡൽ പ്രഭുക്കളിൽ നിന്നുള്ള നികുതി നിരക്കുകൾ കുറവായിരുന്നു എങ്കിൽ പോലും ഭൂമിയുടെ ഒരു ചെറിയ അംശം മാത്രമേ സ്റ്റേറ്റിന്റെ ഉടമയിൽ ഉണ്ടായിരുന്നുള്ളു.(ഒന്നുകിൽ പൊതു ഭൂമി അല്ലെങ്കിൽ കൃഷിയിറക്കാത്ത ഭൂമി).അതേ അവസരത്തിൽ,ഭൂമിയിൽ ഏറിയ പങ്കും ഒന്നുകിൽ സ്വകാര്യ സ്വത്തായിരുന്നു;അല്ലെങ്കിൽ കുലസ്വത്തായിരുന്നു. 

 ഗവൺമന്റ്‌ ഭൂമിയിൽ നിന്നാണ്‌ കാലിഫ്‌ മാർ സൈനിക ഉദ്യോഗസ്ഥന്മാർക്കും ഭരണ ഉദ്യോഗസ്ഥന്മാർക്കും ഭൂമി പതിച്ചു കൊടുത്തത്‌. അവർ ജോലിയിലിരിക്കുന്ന കാലത്തേക്ക്‌ മാത്രമായിരുന്നു ഇത്‌. ഭൂവുടമകളുടേയും ശക്തരായ കുലീനരുടേയും ഒരു പുതിയ വർഗ്ഗം അങ്ങനെ ആവിർഭവിച്ചു. ഇവരുടെ ഭൂഎസ്റ്റേറ്റുകൾ അവരുടെ ഗവൺമന്റ്‌ സേവനത്തെ ആശ്രയിച്ചാണിരുന്നത്‌. പുതിയ ഉടമകൾ അയാൾ ചെയ്യാൻ ചുമലപ്പെട്ട കടമകൾ നിറവേറ്റാതിരുന്നാൽ ഈ ഭൂമികൾ അത്തരക്കാരിൽ നിന്നും തിരികെ എടുക്കാവുന്നതു മായിരുന്നു.ഭൂമി പതിച്ചുകൊടുത്ത ഈ വ്യവസ്ഥ വളരെ വേഗത്തിൽ ഏഷ്യ മൈനറിലേക്കും വടക്കനാഫ്രിക്കയിലേക്കും വ്യാപിച്ചു.ഇത്‌ വിദൂരപൂർവ്വ പ്രദേശത്തും ഇന്ത്യയിലും നാം കണ്ടതിൽ നിന്നും മൗലികമായും വിഭിന്നമായിരുന്നു.

ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അറേബിയ ഏകോപിതമായെങ്കിലു സ്ഥായിയായ ഭദ്രത സംബന്ധിച്ച്‌ യാതൊരു പ്രത്യാശയുമുണ്ടായിരുന്നില്ല.കാരണം ,ഈ ഐക്യം ഭൂവിതരണ പ്രശ്നത്തിന്‌ പരിഹാരമൊന്നും നൽകിയില്ല. അറേബിയയിൽ പ്രബലമായ ഭൂ എസ്റ്റേറ്റുകൾ സ്ഥാപിച്ചതിന്നു ശേഷം അറബി മുഖ്യന്മാർ അയൽ ജനതകളെ ആക്രമിച്ചു തങ്ങളുടെ ഭൂപ്രദേശം വിപുലപ്പെടുത്താൻ മോഹിച്ചു. 

അതേ അവസരത്തിൽ ഫ്യൂഡൽ അറേബിയയിൽ യാതെരു സ്ഥാനവുമില്ലാതിരുന്ന നാടോടികൾ നിരവധിയുദ്ധങ്ങളിലൂടെ വിദഗ്ദരായ യോദ്ധാക്കളായിത്തീരുകയും അവർ പിടിച്ചടുക്കിയ വിവിധരാജ്യങ്ങളിലെ ഭൂവുടമകളായിത്തീരുകയും ചെയ്തു.ഫ്യൂഡൽ സാമൂഹ്യ മാതൃക കൂടുതൽ ഉറപ്പിക്കാൻ ഇതുപകരിച്ചു.കാലിഫുകളുടെ നിയന്ത്രണത്തിൽ വിശ്വസ്ഥരായ പട്ടാളമുണ്ടെന്നും ഇത്‌ തെളിയിച്ചു.ഈ പട്ടാളമാകട്ടെ പൊതു വിശ്വാസം കൊണ്ടും പൊതു വംശപശ്ചാത്തലം കൊണ്ടും ഒരുമിക്കപ്പെട്ടവരായിരുന്നു.കീഴടക്കിയ പ്രദേശങ്ങൾ കൊള്ളയടിച്ചാണ്‌ ഇവർ ജീവിച്ചത്‌.

ഏഴാം നൂറ്റാണ്ടിൽ അറബികൾ ബൈസാൻതിയത്തിനും ഇറാനും എതിരെ ഒരു വമ്പിച്ച യുദ്ധം ആരംഭിച്ചു.ഈ രണ്ട്‌ രാജ്യങ്ങളും പരസ്പര കലഹങ്ങളും ആഭ്യന്തര കലാപങ്ങളും കാരണം ദുർബലപ്പെട്ട ഒരു സാഹചര്യമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്‌. 

636-ൽ സിറിയയിൽ നിന്നും പാലസ്തൈനിൽ നിന്നും ബൈസാൻത്യം പുറത്താക്കപ്പെട്ടു.651-ൽ അറബികൾ ഇറാൻ കൈവശമാക്കി.ഈ പുതിയ ജേതാക്കളുടെ വിജയത്തിനു സഹായിച്ച ഒരു സുപ്രധാന ഘടകം മതപരമായ അവരുടെ സഹിഷ്ണതയായിരുന്നു.(ഇസ്ലാമിലേക്കുള്ള മത പരിവർത്തനം പ്രോത്സാഹിപ്പിക്കുവാൻ അവർ സാമ്പത്തികോപാതികൾ മാത്രമാണുപയോഗിച്ചത്‌.) മറ്റൊരു കാരണം ,യാതൊരു ചെറുത്ത്‌ നിൽപും കൂടാതെ തങ്ങൾ കീഴടക്കിയവരുടെ സ്വത്തുക്കൾ പാലിച്ചു എന്നതാണ്‌.കീഴടക്കിയ രാജ്യങ്ങളിലെ ജനങ്ങളിൽ ഗണ്യമായ വിഭാഗങ്ങളെ നിഷ്പക്ഷമാക്കുവാൻ ഈ സമീപനം വളരെയേറെ സഹായിച്ചു.അക്കാലത്ത്‌ കാലിഫുകൾ നികുതികൾ പിരിച്ചെടുക്കുന്നതിൽ ഒതുങ്ങി നിൽക്കുകയാണ്‌ ചെയ്തത്‌;അവർ പട്ടാളത്തെ ഇതിനുപയോഗിച്ചില്ല. തദ്ദേശ കുലീനരുടെ പ്രത്യേക അവകാശങ്ങൾ അവർ എടുത്തുകളഞ്ഞതുമില്ല. മാത്രമല്ല,കീഴടക്കപ്പെട്ട പ്രദേശങ്ങൾ സ്റ്റേറ്റ്‌ സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു.തദ്ദേശ വാശികളുടെ മേൽ നികുതി ചുമത്തിയെങ്കിലും പ്രാദേശിക നായകന്മാർ നികുതിഭാരം ഗണ്യമായികുറയ്ക്കുകയാണ്‌ ചെയ്തത്‌.ഇസ്ലാമിലേക്ക്‌ മതപരിവർത്തനം ചെയ്തവർ അവിശ്വാസികൾ നൽകേണ്ടിയിരുന്ന പ്രത്യേക നികുതി കൊടുക്കേണ്ടെന്നും വ്യവസ്ഥ ചെയ്തു.

കാലിഫ്‌ ഭരണത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം സോപാധികമായ ഭൂവുടമസ്ഥതയായിരുന്നു.സേവനം ,നികുതികൾ,സൈനിക സേവനം ,ഉടമസ്ഥതയുള്ള ഭൂമിയിൽ നിർബന്ധിതമായും കൃഷി നടത്തൽ,(ഭൂമി കൈമാറ്റത്തിനുള്ള അവകാശവും നൽകിയിരുന്നു) എന്നിവയായിരുന്നു ഈ വ്യവസ്ഥകൾ. കാലിഫുകൾ അവരുടെ ശത്രുക്കളിൽ നിന്നും പിടിച്ചെടുത്ത ഭൂമി കൂട്ടമായി പുനർ വിതരണം നടത്തിയതിന്ന് ശേഷം ഇത്തരത്തിലുള്ള ഭൂവുടമസ്ഥതയ്കായിരുന്നു പ്രാമുഖ്യം .സ്വകാര്യ ഭൂവുടമസ്ഥതയ്ക്കും അത്ര പ്രചാരമില്ലായിരുന്നു.കരുത്തരായ നാട്ടുമുഖ്യന്മാരുടെ ഭൂമി സാധാരണ ഗതിയിൽ അടിയാളരായ കർഷകരാണ്‌ കൃഷി ചെയ്തത്‌.

കാലിഫേറ്റുകളിൽ പുതിയ പ്രദേശങ്ങൾ ചേർത്തു.സാമ്പത്തിക സ്വാതന്ത്ര്യമുള്ള വ്യത്യസ്ഥ വർഗ്ഗക്കാർ അവിടെ ജീവിച്ചു.ഈ ജനതകൽക്ക്‌ സ്വന്തം ചരിത്രവും പാര്യമ്പര്യവുമുണ്ടായിരുന്നു.ഈ കാരണങ്ങൾ രാജ്യത്തിനകത്ത്‌ കുഴപ്പങ്ങൾ ഉണ്ടാക്കി.എല്ലാ ആദ്യകാല ഫ്യൂഡൽ രാജ്യങ്ങളിലും ദൃശ്യമായതുപോലുള്ള കുഴപ്പങ്ങൾ.

സൈനിക കൊള്ളയിലെ ഓഹരി കുതിരപ്പട്ടാളങ്ങൾക്ക്‌ മാത്രമാണ്‌നൽകിയത്‌. ഇവർ അലിയുടെ നേതൃത്വത്തിൽ(602-661) വമ്പ്ച്ച ഭൂപ്രദേശങ്ങൾ സ്വന്തമാക്കിവെച്ചിരുന്ന അറബി കുലീനാധിപത്യത്തിനെതിരെ കലാപമുയർത്തി.656-ൽ അലി കാലിഫയായീ സ്വയം വാഴിക്കപ്പെട്ടു. എന്നാൽ കുലീനർ മൊയാദുകളുടെ തലവനായ മൊയാവിയയുടെ നേതൃത്വത്തിൽ അണിനിരക്കുകയും ഒരു ചെറുത്ത്‌ നിൽപ്പ്‌ പ്രസ്ഥാനം സംഘടിപ്പിക്കുകയും ചെയ്തു. മൊയാദുകളുടെ ശക്തികേന്ദ്രം പുതുതായി കീഴടക്കപ്പെട്ട പ്രദേശങ്ങളിൽ ഏറ്റവും വികസിതരാജ്യങ്ങളിലൊന്നായ സിറിയയായിരുന്നു.

കുതിരപ്പടയും കുലീന ജനതയും തമ്മിലുള്ള സമരഗതിയിലെ സാമൂഹ്യ വൈരുദ്ധ്യങ്ങളേറെ താമസിയാതെ സൈദ്ധാന്തികമായ തർക്കങ്ങളിലും പ്രകടമായി. അലിയുടെ പിൻതുണക്കാർ'ഷിയാത്‌' വിഭാഗം സ്ഥാപിച്ചു.(ഷിയാ വിഭാഗത്തിലെ അംഗങ്ങൾ കാലിഫായ അലിയുടെ അനന്തര ഗാമികളെ മാത്രമേ ആത്മീയ നേതാക്കളായി അംഗീകരിച്ചുള്ളു; ഈ വിഭാഗം ഏറെ താമസിയാതെ,ഇറാനിലെങ്ങും വേരു പിടിക്കുകയും ചെയ്തു).അതേ അവസരത്തിൽ ,മൊയാവിയുടെ പിൻതുണക്കാർ 'സുന്നി' എന്ന വിഭാഗം സ്ഥാപിച്ചു. സുന്നി വിഭാഗത്തിന്റെ വിജയത്തിനുശേഷം അത്‌ ഇസ്ലാമിന്റെ യാഥാസ്ഥിതിക വിഭാഗമായി തീർന്നു. സുന്നി സിദ്ധാന്തം മുസ്ലിം ഐതിഹ്യങ്ങളെ(സുൻ-ന) അടിസ്ഥാനമാക്കിയുള്ളതാണ്‌.അറബി സമൂഹത്തിൽ ദൃശ്യമായ പുതിയ സംഭവ വികാസങ്ങളേയും പിന്നീടുണ്ടായ വർഗ്ഗ തരം തിരിവിനേയും ,പ്രതിഫലിപ്പിക്കുന്ന സിദ്ധാന്തമാണിത്‌.കുതിരപ്പട്ടാളത്തിലെ മറ്റൊരു ചേരിക്കാർ ഖവാരിജ്‌ വിഭാഗം സ്ഥാപിച്ചു. എല്ലാ വിശ്വാസികളുടേയും സമത്വം അത്‌ പ്രചരിപ്പിച്ചു. 

ഈ കലഹങ്ങളിൽ സിറിയൻ മനുഷ്യ ശക്തിയേയും ഭൗതിക വിഭവങ്ങളേയും ആശ്രയിച്ചും കരുത്തരായ തന്റെ മുഖ്യന്മാരുടെ പിൻ ബലത്തോടുകൂടിയും മൊയാവിയ വിജയശ്രീലാളിതനായിത്തീർന്നു. സിറിയ തന്റെ ഭരണ കേന്ദ്രമായി അദ്ദേഹം തുടർന്നും ഉപയോഗിച്ചു. ഇറാക്കിലേയും ഇറാനിലേയും ജനതകളുടെ മേൽ ക്രൂരമായ ചൂഷണം നടത്താനും അയാൾ തുടങ്ങി. മൊയാദുകൾ (മൊയാവിയുടെ പിൻ ഗാമികൾ) ബൈസാൻതിയത്തിനെതിരെ ഏഷ്യാമൈനറിൽ നിരവധി യുദ്ധങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. എന്നാൽ അവരുടെ പട്ടാളങ്ങൾ വടക്കനാഫ്രിക്കയിലൂടെ കുതിച്ചു കയറി അവിടത്തെ ബൈസാൻതിയൻ ഭരണം അവസാനിപ്പിച്ചു.തദ്ദേശത്തെ ബർബർ നായകന്മാർ അറബികളുടെ പക്ഷം ചേർന്നു.ഇവർ വടക്കനാഫ്രിക്കയിൽ നാടോടികളുമായി തഫീക്കിന്റെ നേതൃത്വത്തിലുള്ള അറബി സേന ഐബീരിയൻ ഉപദ്വീപ്‌ പിടിച്ചടക്കുകയും പിന്നീട്‌ ഫ്രാൻസിലേക്ക്‌ കടക്കുകയും ചെയ്തു.പോയ്തേഴ്സ്‌ യുദ്ധത്തിലുണ്ടായ പരാജയത്തെ തുടർന്ന് (732) അറബികൾ പിറണീസിനപ്പുറത്തേക്ക്‌ പിന്മാറാൻ നിർബന്ധിതമായി. അങ്ങനെ അത്‌ അറബി സാമ്രാജ്യത്തിന്റെ അതിരായി തീരുകയും ചെയ്തു.

ഈ കാലഘട്ടത്തിൽ അറബിപ്പട ഭരണ കാലത്ത്‌ (661-750) അറബികളും തദ്ദേശ ഭരണാധികാരികളും തമ്മിൽ അടുത്ത ബന്ധങ്ങൾ അതിവേഗത്തിൽ വളരുകയുണ്ടായി(രാഷ്ട്രഭാഷ,അധ്വാന ചൂഷണത്തിന്റേയും നികുതി സംഭരണത്തിന്റേയും രീതികൾ,മതം,ധനപരവും നിയമ പരവുമായ വ്യ്‌വസ്ഥകൾ എന്നിവയിൽ) അറബി ഘടകങ്ങൾക്കാണ്‌ ഇതിൽ മേധാവിത്വ മുണ്ടായിരുന്നത്‌.എന്നാൽ എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇസ്ലാമിലേക്ക്‌ കൂട്ടത്തോടെ ഒരു മത പരിവർത്തനം ഉണ്ടായി. മുസ്ലിം അല്ലാത്തവരിൽ നിന്ന് പിരിച്ചിരുന്ന നികുതി ഇടിയാൻ ഇത്‌ കാരണമാക്കി. ഇത്‌ കാലിഫ്‌ ഭരണത്തിന്റെ സാമ്പത്തിക ശക്തിയേത്തന്നെ ക്ഷയിപ്പിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ അറബിപ്പട ട്രാൻസ്കോക്കേഷ്യയിലേക്കും വടക്ക്‌ പടിഞ്ഞാരൻ ഇന്ത്യിലേക്കും മധ്യ ഏഷ്യ വരേയും എത്തി.അങ്ങനെ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി ബൃഹത്തായ മൊയാദ്‌ സാമ്രാജ്യം സ്ഥാപിതമായി. ഇതിന്റെ വിജയത്തിനു ഒരു കാരണം അതിശക്തമായ ഒരു പട്ടാള മായിരുന്നു. തദ്ദേശ ഗവൺമന്റ്‌ സംവിധാനത്തിൽ വരുത്തിയ ചെറിയ മാറ്റങ്ങളും തദ്ദേശീയ നായകന്മാർക്കു അനുവദിച്ചു കൊടുത്ത പ്രത്യേക അവകാശങ്ങളും മറ്റുമായിരുന്നു വിജയത്തിനുള്ള ചില കാരണങ്ങൾ.പിടിച്ചടക്കപ്പെട്ട രാജ്യങ്ങളിൽ,പാരിതോഷികമെന്ന നിലയിൽ അറബികളുടെ സംഖ്യ വർദ്ധിപ്പിക്കാനും സഹായിച്ചു.

                                                                                             ഒമയാദ്‌ സാമ്രാജ്യം- 

ഒമയാദ്‌ വംശത്തിന്റെ ഭരണ കാലത്ത്‌(661-750) അറബികളും തദ്ദേശഭരണാധികാരികളും തമ്മിൽ അടുത്ത ബന്ധങ്ങൾ അതിവേഗത്തിൽ വളരുകയുണ്ടായി(രാഷ്ട്ര ഭാഷ,അധ്വാന ചൂഷണത്തിന്റേയും, നികുതി സംഭരണത്തിന്റേയും രീതികൾ,മതം,ധനപരവും നിയമപരവുമായ വ്യവസ്ഥകൾ  എന്നിവയിൽ).അറബിഘടകങ്ങൾക്കാണ്‌ ഇതിൽ മേധാവിത്വമുണ്ടായിരുന്നത്‌.എന്നാൽ എട്ടാം നൂറ്റണ്ടിന്റെ ആരംഭത്തിൽ ഇസ്ലാമിലേക്ക്‌ കൂട്ടത്തോടെ ഒരു മത പരിവർത്തനം ഉണ്ടായി. മുസ്ലിം അല്ലാത്തവരിൽ നിന്ന് പിരിച്ചെടുത്ത നികുതി ഇടിയാൻ ഇത്‌ കാരണമാക്കി.ഇത്‌ കാലിഫ്‌ ഭരണത്തിന്റെ സാമ്പത്തിക ശക്തിയെ തന്നെ ക്ഷയിപ്പിക്കുകയും ചെയ്തു. 

പിൽക്കാല മൊയാദ്‌ കാലിഫുകൾ നികുതികളിൽ വമ്പിച്ച വർദ്ധനവ്‌ ഏർപ്പെടുത്തി. അതിബൃഹത്തായ സാമ്രാജ്യത്തിന്റെ ഐക്യം നിലനിർത്തുവാൻ വേണ്ടിവന്ന സൈനിക ചിലവുകൾ പിടിച്ചെടുക്കപ്പെട്ട പ്രദേശങ്ങളിലെ ചൂഷണം കൊണ്ട്‌ മാത്രം നിറവേറ്റാൻ കഴിയാത്ത നിലവന്നു.എട്ടാം ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പിടിച്ചടക്കപ്പെട്ട പ്രദേശങ്ങളിൽ കലാപങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അത്‌ ആദ്യന്തികമായി സിറിയയിലേക്കും വ്യാപിച്ചു.മധ്യ ഏഷ്യയിലാരംഭിച്ച ഒരു വമ്പിച്ച കലാപം പിന്നീട്‌ ഇറാനിലേക്കും വ്യാപിക്കുകയും ചെയ്തു.അത്‌ ഒമയാദുകളുടെ പതനത്തിന്ന്‌ വഴിയൊരുക്കുകയും ചെയ്തു.പക്ഷെ കലാപകാരികളല്ല അധികാരമേറ്റെടുത്തത്‌.മറിച്ച്‌,അബ്ബാസിദ്‌ കുടുംബത്തിലെ അംഗങ്ങളായിരുന്നു..അവരാകട്ടെ,പ്രക്ഷുബ്ദമായ പരിതസ്ഥിതി തങ്ങൾക്കനുകൂലമായി ഉപയോഗിക്കുകയാണുണ്ടായത്‌. ഈ വംശത്തിലെ കാലിഫുകൾ സാമ്രാജ്യത്തിലെ ഇറാക്കി പ്രവിശ്യയിൽ നിന്നുമാണ്‌ അവരുടെ പിൻതുണ പ്രധാനമായും നേടിയത്‌.ഇറാക്കാകട്ടെ അതിശക്തമായ അറബി സ്വാധീനങ്ങൾക്ക്‌ വശപ്പെടുകയും ചെയ്തു.അബ്ബാസിദ്‌ കുടുംബം ബാഗ്‌ദാദ്‌ അവരുടെ തലസ്ഥാനമാക്കി(750-1258). 

                                                                                      അബ്ബാസിദ്‌ കാലിഫേറ്റ്‌- 

ഒമയാദുകളുടെ വമ്പിച്ച സാമ്രാജ്യം അബ്ബാസിദ്‌ കുടുംബം അധികാരത്തിൽ വന്ന് ആറു കൊല്ലം കഴിഞ്ഞപ്പോഴേക്കും തകർന്ന് വീഴാൻ തുടങ്ങി .കാലിഫുകളുടെ എല്ലാ പരിശ്രമങ്ങളേയും പരാജയപ്പെടുത്തികൊണ്ട്‌ പിടിച്ചടക്കിയ പ്രദേശങ്ങളിലെ പട്ടാളം ഭൂവുടമകളുടെ ഒരു വർഗ്ഗമായി തീർന്നു.അവരുടെ സമ്പത്തിനും അധികാരത്തിനും ഏറ്റക്കുറച്ചിലുണ്ടായിരുന്നു എന്നുമാത്രം.കാലിഫേറ്റിന്റെ കേന്ദ്രത്തോടെന്നതിനേക്കാൾ അവർ താമസമാക്കിയ സ്ഥലങ്ങളുമായിട്ടായിരുന്നു അവർ കൂടുതൽ അടുത്തു ബന്ധപ്പെട്ടത്‌.മാത്രമല്ല,കാലിഫേറ്റിന്റെ പിൻതുണ അത്ര ആവശ്യമാണെന്നും അവർക്ക്‌ തോന്നിയില്ല.

അബ്ബാസിദ്‌ വംശത്തിന്റെ ഭരണം കാലിഫേറ്റിന്റെ തുടർച്ചയായ ശിഥിലീകരണത്തിന്ന് സാക്ഷ്യം വഹിച്ചു എങ്കിലും എട്ടും ഒമ്പതും നൂറ്റാണ്ടുകളിൽ അറബിലോകത്തിന്റെ സാമ്പത്തിക-സാംസ്കാരിക മണ്ഡലങ്ങളിൽ മഹത്തായ ഒരു പുരോഗതി ദർശിക്കാൻ കഴിഞ്ഞു.അറബിലോകത്തിന്റെ കേന്ദ്രമായ ഇറാക്കിൽ ഈ വളർച്ച പ്രത്യേകിച്ചും കാണാമായിരുന്നു. ഇവിടെ താരതമ്യേന ഏകരൂപമായ ഒരു ഫ്യൂഡൽ സമൂഹം അതിവിപുലമായ ഒരു പ്രദേശത്ത്‌ വേരൂന്നിയിരുന്നു;മാത്രമല്ല,കൃഷി,കൈത്തൊഴിൽ,വാണിജ്യം എന്നീമണ്ഡലങ്ങളിൽ ശീഘ്രഗതിയിലുണ്ടായ വളർച്ച,സാമൂഹ്യ ദൃഡീകരണത്തെ കൂടുതൽ പുരോഗമിപ്പിക്കുവാനും സഹായിച്ചു.അക്കാലത്ത്‌ ലോകത്തെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളിൽ അറബിരാജ്യങ്ങളും പെട്ടിരുന്നു. അറബി കച്ചവടപ്പാതകൾ യൂറോപ്പിനേയും ഏഷ്യയേയും ആഫ്രിക്കയേയും മുറിച്ച്‌ കടന്നുപോയി.യുദ്ധത്തിലെ കൊള്ളയുടെ വിതരണം സാമ്പത്തിക ചൂഷണത്തിന്റെ ഒരു പ്രമുഖരൂപമല്ലാതായി തീർന്നു.കൃഷിചെയ്യാതെ കിടക്കുന്ന ഭൂമി ഭരണകർത്താക്കൾക്ക്‌ അവർ രാഷ്ട്രത്തിന്ന് നൽകുന്ന സേവനത്തിന്ന് പ്രതിഫലമായി പതിച്ചു കൊടുത്തു. ഇത്‌ ഭൂവിതരണത്തിന്റെ മുഖ്യ രൂപമായിത്തീർന്നു. ഭൂമി കാലിഫുകളുടെ സ്വത്തായിരുന്നു.സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയും കാലിഫിന്റെ ഭൂമിയും ചേർന്നാൽ ഭൂമിയുടെ ഗണ്യമായ ഒരു അംശമാകുമായിരുന്നു.ഗവൺമന്റിൽ നിന്നും ഭൂമി പതിച്ചു കിട്ടിയ ഭൂവുടമകൾ,അവരുടെ സാമൂഹ്യ പശ്ചാത്തലം എന്തായിരുന്നാലും,സൈനിക സേവനത്തിന്ന് വിധേയരുമായിരുന്നു.കാലിഫേറ്റ്‌ ഭരണത്തിന്റെ അവസാനത്തിൽ അവർ അവരോടൊപ്പം സായുധരായ അനുചരന്മാരെക്കൂടി യുദ്ധത്തിന്നു കൊണ്ടുവരാൻ ബാധ്യസ്ഥരുമായിരുന്നു.ഈ ഭൂ എസ്റ്റേറ്റുകളിൽ കൃഷിചെയ്തിരുന്ന കർഷകർ ഗവൺമന്റിന്ന്‌ നികുതിയും അവരുടെ യജമാനന്മാർക്ക്‌ പാട്ടവും നൽകി.സ്റ്റേറ്റ്‌ വരുമാനത്തിന്റെ ഏറിയപങ്കും ഭൂനികുതികളായിരുന്നു.

മറ്റു രാഷ്ട്രങ്ങളിലെന്നപോലെ അറബി സാമ്രാജ്യത്തിലും സേവനത്തിന്റെ പേരിൽ പതിച്ചുകൊടുത്ത ഭൂമി ക്രമേണ സ്വകാര്യ സ്വത്തായി മാറി ഇവിടെ ഈ പ്രക്രിയ നടന്നത്‌ ഒമ്പതാം നൂറ്റാണ്ടിലായിരുന്നു. ഈ പ്രക്രിയയിൽ മുസ്ലിം മതസ്ഥാപനങ്ങളുടെ കൈകളിലെ ഭൂ എസ്റ്റേറ്റുകളുടെ(വക്കഫുകളുടെ) വളർച്ച ഒരു സുപ്രധാന പങ്കു വഹിച്ചു. ഈ ഭൂമികൾ കരമൊഴിവായിരുന്നു. അതിൽ പാർത്തിരുന്നവർ സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ഈ വക്കഫുകളിൽ ഒരു ഭാഗം മതസ്ഥാപനങ്ങളുടെ വകയായിരുന്നത്‌ പേരിന്ന് മാത്രമാണ്‌. പ്രാദേശിക മുഖ്യന്മാർ അവരവരുടെ ആത്മീയഗുരുക്കൾക്ക്‌ സംഭാവനയായിക്കൊടുത്ത ഭൂമിയാണ്‌ ഇതെങ്കിലും പ്രയോഗത്തിൽ അവയിൽ നിന്ന് ലഭിച്ച വരവിൽ ഏറിയ പങ്കും അവർ സ്വയം എടുക്കുകയാണ്‌ ഉണ്ടായത്‌.അത്തരം ഭൂമികളധികമധികം പാരമ്പര്യാവകാശ ഭൂസ്വത്തുക്കളും വക്കഫുകളുമായി തീർന്നതോടു കൂടി കർഷകർ വർദ്ധമാനമായ തോതിൽ യജമാനന്മാർക്ക്‌ ആശ്രിതരായിത്തീരുകയും സ്റ്റേറ്റിന്റെ മേലുള്ള അവരുടെ ആശ്രിതത്വം കുറയുകയും ചെയ്തു.

എങ്കിലും ഭരണകൂടം അവരുടെ വരുമാനത്തിൽ പക്തി തുടർന്നും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അതേ അവസരത്തിൽ,സ്വകാര്യ ഭൂവുടമകളും കർഷകരുടെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തി. ഇതിന്റെ ഫലമായി അവരുടെ സ്ഥിതി പഴയത്തിലും വഷളായി.അറബികളല്ലാത്ത കർഷകരുടെ നില വിശേഷിച്ചും കഠിനമായിരുന്നു. സാധനങ്ങളായുള്ള നികുതിയിൽ നിന്ന് പണമായുള്ള നികുതിയിലേക്കുള്ള ഏറെക്കുറെ സാർവ്വത്രികമായ പരിവർത്തനത്തിന്റേയും അതിന്റെ ഫലമായ അന്യായ പലിശയുടെ വ്യാപനവും മുഴുവൻ കർഷകരേയും കൂടുതൽ കഷ്ടപ്പാടിലാക്കി.

                                                                                           കാലിഫേറ്റിന്റെ അധ:പതനം-

കർഷകർക്കിടയിലെ അസംതൃപ്തി വളർന്നതോടുകൂടി കരുത്തരായ ഭൂവുടമകളും കേന്ദ്ര അധികാരവും തമ്മിൽ ഒരു സമരം തന്നെ പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തിന്റെ വിദൂരത്തുള്ള അറബികൾ അല്ലാത്തവർ ജീവിച്ചിരുന്ന പ്രദേശങ്ങളിലായിരുന്നു ഈ സമരം രൂക്ഷമായത്‌. ഭൂവുടമകൾ അവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യം ഉറപ്പിക്കാൻ വേണ്ടി നടത്തിയ ഒരു നീക്കമായിരുന്നു ഇത്‌ .ഭരണ കൂട സംവിധാനത്തിന്റെ പൊതുവേയുള്ള കാര്യശേഷിരാഹിത്യം കാരണം പ്രവിശ്യാ ഗവർണ്ണർമാർക്ക്‌ വിപുലമായ അധികാരങ്ങൾ അനുവദിച്ചുകൊടുക്കാൻ കാലിഫേറ്റ്‌ നിർബന്ധിതമായി.ക്രമേണ അവരുടെ മേലുള്ള നിയന്ത്രണം തന്നെ കാലിഫേറ്റിന്ന് നഷ്ടപ്പെട്ടു തുടങ്ങി.ഈജിപ്തിൽ സ്വതന്ത്ര'തുളുനീദ്‌' വംശം ആവിർഭവിച്ചു.ഇറാനിൽ'താഹിറിദ്‌' വംശവും. ഇവ രണ്ടുദാഹരണങ്ങൾ മാത്രമാണ്‌.വേറിട്ട്‌ നിൽക്കുന്ന ഈ പ്രവണതയെ നേരിടുവാൻ വേണ്ടി കാലിഫുകൾ ഭരണ കൂട സംവിധാനത്തെ ശക്തിപ്പെടുത്തുവാൻ ശ്രമിക്കുകയും മന്ത്രിമാരെന്ന പുതിയ പദവി സൃഷ്ടിക്കുകയും ചെയ്തു.(ഈ മന്ത്രിമാർ കാലിഫിനേട്‌ നേരിട്ട്‌ ഉത്തരവാദിത്വമുള്ളവരായിരുന്നു) എന്നാൽ ഇത്‌ സാമ്രാജ്യത്തിന്റെ പഴയ ഐക്യം പുനസ്ഥാപിക്കുവാൻ പര്യാപ്തമല്ലെന്ന് തെളിഞ്ഞു.കാലിഫിന്റെ പ്രധാന ശക്തിദുർഘമായ അറബി നാടോടികളുടെ ഏകശിലാനിർമ്മിതമെന്നപോലുള്ള പട്ടാളം അപ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഒരിടത്തും ഉറച്ചു താമസിക്കാതെ യുദ്ധത്തിൽ നിന്നുലഭിച്ച കൊള്ളകൊണ്ടാണ്‌ ഇവർ ജീവിച്ചു പോന്നത്‌. ബർബർ,ഖൊറാസൻ എന്നീ വിഭാഗങ്ങളടങ്ങുന്ന കൂലിപ്പട്ടാളവും പിടിച്ചടക്കപ്പെട്ട മറ്റു ജനതകളിൽനിന്നുള്ള പട്ടാളവും അങ്ങേയറ്റം വിശ്വാസയോഗ്യമല്ലാത്തതായും തീർന്നിരുന്നു.

ഇസ്ലാം മതത്തിന്റെ ആത്മീയനേതാവായി കാലിഫിനെ സാർവ്വത്രികമായി അംഗീകരിച്ചിരുന്നു എന്ന വസ്തുത സാമ്രാജ്യത്തിന്റെ കേന്ദ്രാധികാരം പെട്ടെന്നുതകരാതെ കാത്തുസൂക്ഷിച്ചു എങ്കിലും,ഒമ്പതാം നൂറ്റാണ്ടു മുതൽ ബഹുജനങ്ങളെ നിയന്ത്രണത്തിൽ നിർത്തുക എന്ന അടിസ്ഥന ചുമതല നിർവ്വഹിക്കാൻ കാലിഫേറ്റ്‌ പ്രാപ്തമല്ലെന്ന് തെളിഞ്ഞു.അസർബൈജാനിലേയും വടക്കു പടിഞ്ഞാറൻ ഇറാനിലേയും ബാബക്ക്‌ കലാപം കാലിഫേറ്റിന്റെ അന്ത്യത്തിന്റെ ആരംഭംകുറിച്ചു.ഏറെ താമസിയാതെ ഇറാക്കി കർഷകരുടേയും വടക്കൻ അറേബ്യയിലേയും നാടോടികളുടേയും കലാപങ്ങൾ(869-883) പൊട്ടിപുറപ്പെട്ടു.ഇത്തരം അസ്വസ്ഥതകൾ പത്താം നൂറ്റാണ്ടിലും തുടർന്നു.കാലിഫേറ്റിന്റെ ദുർബല സ്ഥിതി ചൂഷണം ചെയ്തുകൊണ്ട്‌ ഒമ്പതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മധ്യ ഏഷ്യയും ഇറാനും അവരുടെ സ്വാതന്ത്ര്യം പുനസ്ഥാപിക്കുകയും ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ സിറിയ,ഈജിപ്ത്‌,പാലസ്തൈൻ എന്നീ രാജ്യങ്ങളും ആ പാത പിൻതുടരുകയുംചെയ്തു.പത്താംനൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും ബാഗ്‌ദാദും അതിനു ചുറ്റുമുള്ള പ്രദേശവും മാത്രമേ കാലിഫേറ്റിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നുള്ളു.പ്രയോഗത്തിൽ കാലിഫ്‌ മുസ്ലിം ലോകത്തിന്റെ മതനേതാവിൽ കവിഞ്ഞൊന്നുമല്ലാതായി തീർന്നു.1258-ൽ മംഗോളിയർ ബാഗ്‌ദാദ്‌ പിടിച്ചടക്കുകയും കാലിഫിനെ കൊലപ്പെടുത്തുകയും ചെയ്തു.

                                                                                               അറബി സംസ്കാരം-

എട്ടും ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ അറബിരാജ്യങ്ങൾക്കുണ്ടായിരുന്ന രാഷ്ട്രീയ സ്വാധീനത്തോടൊപ്പം വമ്പിച്ച സാംസ്കാരിക നേട്ടങ്ങളുമുണ്ടായി. കാലിഫേറ്റിന്റെ മധ്യ പ്രദേശങ്ങളിലും ഐബീരിയൻ ഉപദ്വീപിലും ഇത്‌ വിശേഷിച്ചും പ്രകടമാണ്‌. ശാസ്ത്രം വമ്പിച്ച പുരോഗതി കൈവരിച്ചു.അത്‌ പുരാതന ലോകത്തിൽ നിന്നും ഓസ്യത്തായി ലഭിച്ച എല്ലാറ്റിനേയും പുഷ്ടിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തു.ഗണിതശാസ്ത്രം,ജ്യോതിശാസ്ത്രം,വൈദ്യശാസ്ത്രം,ഭൂമിശാസ്ത്രം, ചരിത്രം എന്നീ മണ്ഡലങ്ങളിലെ നേട്ടങ്ങൾ വിശേഷിച്ചും മുന്തി നിൽക്കുന്നവയാണ്‌. ചൈനീസ്‌ കണ്ടുപിടുത്തങ്ങൾ പലതും യൂറോപ്പിലേക്ക്‌ കൊണ്ടുവന്നത്‌ അറബികളാണ്‌.വടക്കുനോക്കിയന്ത്രങ്ങൾ,കടലാസ്സ്‌,വെടിമരുന്നു, തുടങ്ങിയവ ഇവയിൽ പെടുന്നു.അറബി ദർശനത്തിൽ ഏറിയപങ്കും ഭൂതകാലത്തിൽ നിന്നും പാരമ്പര്യമായി ലഭിച്ചതായിരുന്നു എങ്കിലും മുസ്ലിം മതസിദ്ധാന്തങ്ങളുടെ സ്വാധീനത്തിന്റെ ഫലമായി ഗണ്യമായ പുതിയത്‌ പലതും കൈവരിച്ചു മുന്നേറാൻ അവർക്കു കഴിഞ്ഞു.അറബി ദർശനത്തിന്ന് മതപരമായ സത്തയുണ്ടെങ്കിൽ തന്നെയും യുക്തിസഹമായ അതിൽ പ്രകാശിക്കുകയുണ്ടായി.കപ്പൽ ഗതാഗതം,സൈനികതന്ത്രം,കരകൗശലകലകൾ ,ശിൽപ വിദ്യ എന്നിത്യാദികളിൽ അറബികൾ വമ്പിച്ച സംഭാവനകൾ നൽകുകയുണ്ടായി.അറബി സാഹിത്യം തളിരണിഞ്ഞു.അതികായന്മാരായ ഇബൻ ഇഷാക്ക്‌,താബാരി എന്നിവരേപ്പോലെയുള്ള എഴുത്തുകാരുണ്ടായി.അതേ അവസരത്തിൽ മധ്യപൂർവ്വദേശത്തേയും മധ്യ ഏഷ്യയിലേയും മുസ്ലിം സാഹിത്യം ഫിർദൗസിനേയും ഒമർ ഖയാമിനേയും പോലെയുള്ള മഹാ കവികളെ ലോകത്തിനു നൽകുകയും ചെയ്തു.
("ലോക ചരിത്ര"ത്തിൽ നിന്നും പകർത്തിയത്‌))