2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

5,ബോധത്തിൽ കർത്താവും കർമ്മവും.


ഒരു ജന്തുവിന്റെ ശാരീരികസ്ഥിതിയും മാനസികാനുഭവങ്ങൾക്കും പ്രതികരണങ്ങൾക്കും അവയുടെ ഫലങ്ങൾക്കും ഒരു പൂർണ്ണ വസ്തു എന്ന നിലയിൽ,ഒരു നിശ്ചിതസമയത്ത് നിലനില്ക്കുന്ന ഒരു അസ്തിത്വം എന്നനിലയിൽ,ജന്തുവിന്റെ മേൽ സ്വാധീനമുണ്ടെന്ന് സോവിയറ്റുയൂണിയനിലും മറ്റു രാജ്യങ്ങളിലുമുള്ള ശ്സത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
അന്റി വാലോൻ (ഫ്രാൻസ്) എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ,ഈ അസ്തിത്വത്തിൽ “ആത്മ (കർത്തൃ) നിഷ്ടവും വസ്തു(കർമ്മ) നിഷ്ടവുമായ ഘടകങ്ങൾക്ക് അവിഭക്തമായ ഒരു ഐക്യമുണ്ട്”(Henri Wallon,"del'acte a pensee"- കർമ്മത്തിൽ നിന്ന് ചിന്തയിലേക്ക്-പാരീസ്,1942,പേജ്17)

ആ ജന്തു ഈ സ്ഥിതിയിൽ നിന്ന് ചുറ്റുപാടുകളേയോ തന്നെത്തന്നേയോ ഒറ്റപ്പെടുത്തുന്നില്ലെന്നതിനാൽ, ചുറ്റുപാടുകളും താനുമായുള്ള ബന്ധത്തെ അത് മാനസികമായി പ്രതിഫലിപ്പിക്കുന്നില്ല.
ഈ വിധത്തിൽ “...ജന്തു എന്തെങ്കിലുമായും ഒരു ബന്ധത്തിലും ഏർപ്പെടുന്നില്ല...ആ ജന്തുവിനെസംബന്ധിച്ചിടത്തോളം മറ്റുള്ളവരുമായ തന്റെ ബന്ധം ഒരു ബന്ധം എന്ന നിലയിൽ നിലനില്ക്കുന്നില്ല.” (മാർക്സ്,എംഗൽസ്,“ജർമ്മൻ പ്രത്യായ ശാസ്ത്രം”പേജ് 42)
ജന്തുവിന്റെ അഭിവിന്യാസ (orientation) പ്രവർത്തനവും - ഏറ്റവും പറ്റിയ അടവ് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള താണ് ഇത് - അങ്ങിനെ കണ്ടെത്തിയ സമ്പ്രദായത്തിന്റെ നിലനിർത്തലും,ചുറ്റുപാടുകൾ, ജന്തുവിന്റെ സ്ഥിതി,അതിന്റെ പ്രതിചേഷ്ഠ,ഐക്യത്തെ പ്രതിഫലിക്കുക മാത്രമേ ചെയ്യുന്നുള്ളു.
എന്നാൽ മനുഷ്യനാകട്ടെ , അദ്ധ്വാനപ്രക്രിയക്കിടയിൽ ബാഹ്യലോകത്തിന്റെ ചില അന്വയങ്ങളും, തന്റെ പ്രയത്നവും അദ്ധ്വാനത്തിലെ മറ്റു പങ്കാളികളുടെ പ്രത്നവും തമ്മിലുള്ള ചില അന്വയങ്ങളും കണ്ടെത്തുന്നുണ്ട്.
നമ്മുടെ പൂർവ്വികർ ഈ അന്വയങ്ങൾ കണ്ടെത്താൻ തുടങ്ങിയത് മുതല്ക്ക് അവ മനുഷ്യമനസ്സിൽ കൂടുതൽ കൂടുതലായി പതിഞ്ഞുവന്നിട്ടുണ്ട്. ചുറ്റുപാടുകളുടെ പ്രതിഫലനവും തന്റെ തന്നെ പ്രതിഫലനവും തമ്മിൽ (അങ്ങിനെ താനും ചുറ്റുപാടുകളുമായ ബന്ധത്തെ) വിവേചിച്ചറിയാനുള്ള കഴിവ് ഇത്തരുണത്തിൽ വളരെ പ്രധാനമായിരുന്നു.
ചുറ്റുപാടുകളുടെ ഈ പ്രതിഫലനം വസ്തുക്കളുടേയും ആളുകളുടേയും അവരുടെ ബന്ധങ്ങളുടേയും പ്രവൃത്തികളുടേയും പ്രതിച്ഛായകളുമായി കീറിമുറിക്കപ്പെട്ടു; സ്വന്തം പ്രതിഫലനമാകട്ടെ സ്വന്തം ശരീരത്തിന്റേയും അതിന്റെ ഭാഗങ്ങളുടേയും അവയുടെ പരസ്പര കരണങ്ങളുടേയും പ്രതിച്ഛായകളായി,അവസാനമായി തന്റെ തന്നെ ബോധപൂർവ്വമായ അനുഭവങ്ങളുടെ പ്രതിച്ഛായകളായി,കീറിമുറിക്കപ്പെട്ടു.
ഈ പ്രതിച്ഛായകൾ തമ്മിൽ മനസ്സിൽ പ്രതിഫലിച്ചു നില്ക്കുന്ന ബന്ധങ്ങൾ യഥാർത്ഥത്തിലുള്ള അവയുടെ ആദിരൂപങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയാണ്‌ പ്രതിഫലിപ്പിക്കുന്നത്.ഇത്തരത്തിൽ ജന്തുക്കളുടെ മാനസികത മനുഷ്യന്റെ മാനസികതയായി,ബോധമായി, മാറുന്നു.“ബോധം തുടക്കത്തിൽ തൊട്ടു ചുറ്റുമുള്ള ഇന്ദ്രിയഗോചരമായ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും സ്വാത്മബോധവാനായിക്കൊണ്ടിരിക്കുന്ന വ്യക്തിക്ക് പുറത്തുള്ള മറ്റാളുകളും വസ്തുക്കളുമായുള്ള പരിമിതമായ അന്വയത്തേക്കുറിച്ചുള്ള ബോധവും മാത്രമായിരിക്കും”(മാർക്സ്,എംഗൽസ്“ജർമ്മൻ പ്രത്യശാസ്ത്രം”അതേ പേജ്)

മറ്റെല്ലാറ്റിനുമുപരിയായി സാമൂഹ്യബന്ധങ്ങളാണ് മനുഷ്യന് ചുറ്റുപാടുകളിൽ നിന്ന് വേറിട്ടു നില്ക്കാനുള്ള കഴിവു നല്കുന്നത്. തന്റേത് മാത്രമായ സംഗതികളേയെല്ലാം സ്ഥിതിഗതികളിൽ നിന്ന് വേർപെടുത്തുകയും തന്നെപ്പറ്റിയും ബാഹ്യമായ നിലനില്പ്പിനോടുള്ള തന്റെ നിലപാടിനേപ്പറ്റിയും ബോധവാനാവുകയും ചെയ്യണമെങ്കിൽ മനുഷ്യന് മറ്റു സഹജീവികളുമായി സഹകരിക്കേണ്ടിയിരിക്കുന്നു. അദ്ധ്വാനപ്രക്രിയക്കിടയിലാണ് അവൻ അവരുമായി ബന്ധം സ്ഥാപിക്കുന്നത്.

തന്നെപ്പറ്റിയുള്ള ബോധവും ബാഹ്യലോകത്തോടുള്ള ബോധപൂർവ്വമായ ഒരു സമീപനവുമാണ് മനുഷ്യന്റെ ബുദ്ധിശക്തിയെ മൃഗങ്ങളിൽ നിന്ന് വേര്‍തിരിച്ചു നിർത്തുന്നത് എന്നു പറയുന്നത് ശരിയാണെങ്കിൽ, സ്വന്തം ആശയങ്ങളേയും സംവേദനങ്ങളേയും വികാരങ്ങളേയും അഭിലാഷങ്ങളേയും മറ്റും പറ്റി ചിന്തിക്കാനുള്ള അവന്റെ കഴിവും അത്രതന്നെ പ്രധാനമാണെന്നതും അത്രതന്നെ ശരിയാണ്.
ചുറ്റുപാടുകളിലും മനുഷ്യന്റെ തന്നെ ശരീരത്തിനുള്ളിലും നടക്കുന്ന സംഗതികൾ മാത്രമല്ല. മനസ്സിൽ തന്നെ ഉണ്ടാകുന്ന ആശയപ്രതിഭാസങ്ങളും ബോധത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ബോധത്തിനു സ്വയം സങ്കല്പിക്കാൻ , “ ഒരു പ്രതിഫലനത്തിന്റെ പ്രതിഫലന” മാവാൻ കഴിയും.
ഒരു പർവ്വതത്തിന്റെ മുകൾ ഭാഗം മുഴുവൻ മഞ്ഞുമൂടിയിരിക്കുന്ന കാഴ്ച ദൂരെ നിന്ന് കണ്ടപ്പോഴത്തെ എന്റെ അനുഭൂതിയെപ്പറ്റി ആലോചിക്കുമ്പോൾ ഞാൻ എന്റെ തന്നെ അവബോധത്തെപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇന്നലെ കണ്ട ഒരുവനേപ്പറ്റി എനിക്കുണ്ടായിട്ടുള്ള അഭിപ്രായം അപഗ്രഥിക്കുമ്പോൾ ഞാൻ എന്റെ സ്വന്തം ചിന്തകളേപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇത് ചെയ്യുമ്പോൾ എന്റെ അവബോധം ഒരു ഏകദേശപ്രതിഫലനം മാത്രമാണെന്നും മലമുകളിൽ കണ്ട മഞ്ഞ് ദൂരെ നിന്നപ്പോൾ തോന്നിയത്ര വെളുത്തതല്ലെന്ന് വന്നേക്കുമെന്നുള്ളതിനേപ്പറ്റി ഞാൻ ബോധവാനാണ്; ഇന്നലെ കണ്ട മനുഷ്യനെപ്പറ്റിയുള്ള എന്റെ വിലയിരുത്തൽ വാസ്തവത്തിൽ അയാൾ എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരു ഏകദേശപ്രതിഫലനം മാത്രമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്.
ബാഹ്യലോകത്തിലെ ബന്ധങ്ങളേയും താനും ബാഹ്യലോകവും തമ്മിലുള്ള ബന്ധങ്ങളേയും മാത്രമല്ല ഒരുവന്റെ ബോധം പ്രതിഫലിപ്പിക്കുന്നത്;ഒരു വശത്ത് അവന്റെ തന്നെ സംവേദനങ്ങളും സങ്കല്പങ്ങളും മറു വശത്ത് ഇതെല്ലാം ഏതിന്റെയൊക്കെ പ്രതിഫലനങ്ങളും പകർപ്പുകളുമാണോ അവയും തമ്മിലുള്ള ബന്ധങ്ങളേകൂടി അവന്റെ ബോധം പ്രതിബിംബിപ്പിക്കുന്നുണ്ട്.
തന്റെ മനസ്സിലുള്ള പ്രതിച്ഛായകളേയും അവയുടെ മൂലമാതൃകകളേയും (archetypes) പകർപ്പും മൂലവും പോലെയാണ് മനുഷ്യൻ ബന്ധപ്പെടുത്തി കാണുന്നത്.

സ്വന്തം ആവശ്യങ്ങളുടേയും വൈകാരികപ്രതിചേഷ്ടകളുടേയും സ്വാധീനത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു ജന്തുവിനു രണ്ടാമത് പറഞ്ഞസംഗതിയെപ്പറ്റി ബോധമില്ല ; കാരണം, അതിന്ന് “ ആത്മപ്രതിഫലന” ത്തിനുള്ള കഴിവില്ല.
മനുഷ്യനും അഭിപ്രേരണകൾ (ഉദാ:ആകർഷണവും വികർഷണവും ) ഉണ്ടാകാം ; അവന്റെ പെരുമാറ്റം അവയുടെ ഒട്ടധികം സ്വാധീനത്തിനു വിധേയമാണെങ്കിലും അവൻ അവയേപ്പറ്റി ഒട്ടും തന്നെ ബോധവാനായിരിക്കില്ലെന്ന് മാത്രം.
എങ്കിലും തന്റെ പലേ ആവശ്യങ്ങളും അഭിലാഷങ്ങളും താൻ സ്വയം നിശ്ചയിച്ച് ബോധപൂർവ്വം എത്തിച്ചേരാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങളാണെന്ന് അവന് അറിയാം.
പ്രതിഫലനത്തിനുള്ള കഴിവ് മൃഗങ്ങൾക്കുണ്ടെങ്കിലും,മനുഷ്യനിൽ അത് വളരെ ഉയർന്ന നിലവാരത്തിൽ എത്തിയിട്ടുണ്ട്.

ബാഹ്യവസ്തുവും അവയുടെ ബന്ധങ്ങളും ,ബോധവാനായ വ്യക്തിയും വസ്തുക്കളോടുള്ള അവന്റെ മനോഭാവവും എല്ലാം മനസ്സിൽ പ്രതിഫലിപ്പിച്ച്കൊണ്ട് മൂല്യനിർണ്ണയവും ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള കർമ്മപരിപാടിയുടെ ആവിഷ്കരണവും മേല്പ്പറഞ്ഞ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നത്.
ഈ ആദേശങ്ങളുടെ ഭൗതികമൂലകങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമോ അതേരീതിയിൽ തന്നെ ഈ ആദേശങ്ങളെ (മോഡലുകളെ) മാനസികമായി ഉപയോഗപ്പെടുത്താൻ മനുഷ്യനു കഴിയും
ലക്ഷ്യപ്രാപ്തിയെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്തേക്കാവുന്ന ഏതെങ്കിലും പ്രായോഗികനടപടി സ്വീകരിക്കുന്നതിനുമുമ്പായി മനുഷ്യന് മനസ്സിൽ അവന്റെ പ്രവൃത്തികളുടെ ഒരു റിഹേഴ്സൽ നടത്താനും അതിന്റെ ഫലം എന്തെന്ന് കണ്ട് ഏറ്റവും മെച്ചമായ കർമ്മപദ്ധതി തിരഞ്ഞെടുക്കാനും കഴിയും.

(അടുത്തത് ഈ ലേഖനത്തിന്റെ അവസാന ഭാഗമായ ആറാംഭാഗം “പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം”. വിവർത്തനം:-എം എസ്സ് രാജേന്ദ്രൻ )

അഭിപ്രായങ്ങളൊന്നുമില്ല: