2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

3,ഉത്തേചനശീലതയിൽ നിന്ന് മാനസികപ്രവർത്തനത്തിലേക്ക്.


ഒരു ജീവ വസ്തുവിന്റെ സവിശേഷത മറ്റെല്ലാറ്റിലുമുപരിയായി അതിന്റെ ചയാപചയപ്രക്രിയയാണ്;അതായത് ചുറ്റുപാടുകളുമായി പദാർത്ഥത്തെ അനുസ്യൂതമായി പരസ്പരം കൈമാറൽ.“അതിജീവനശക്തി”യാണ് അതിന്റെ മറ്റൊരു സവിശേഷത.
എന്നുപറഞ്ഞാൽ,സ്വന്തം അതിജീവനത്തിനുള്ള സാദ്ധ്യത വർദ്ധിക്കുമാറ് ബാഹ്യസ്വാധീനങ്ങളോട് പ്രതികരണം നടത്താൻ ഒരു ജീവവസ്തുവിനുള്ള കഴിവാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവസാനമായി,എല്ലാ ജീവ വസ്തുക്കൾക്കും വളർച്ചയും പ്രത്യു ല്പാദനശേഷിയുമുണ്ട്.

എല്ലാ ഭൗതികവ്യവസ്ഥകളും സങ്കീർണ്ണരൂപങ്ങളോടുകൂടിയ ചലനത്തിൽ നിന്ന്
കണികകളുടെ ലളിതവും അവ്യവസ്ഥിതവുമായ താപചലനത്തിലേക്ക് വികസിച്ചുകൊണ്ട്
കൂടുതൽ അവ്യവസ്ഥയിലേക്ക് നീങ്ങുന്ന പ്രവണതയുടെ നിയമത്തേപറ്റി
ഇവിടെ ഇതിനുമുമ്പ് പരാമർശിച്ചിട്ടുണ്ടല്ലോ.
അതേസമയം തന്നെ വ്യവസ്ഥ നിലനില്ക്കുകയോ മെച്ചപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ്
ജീവല്പ്രക്രിയകൾ തെളിയിക്കുന്നത്.
വളർച്ചപ്രാപിച്ച ഒരു ജന്തുവിന്റെ പ്രതികരണം ഈയിടെ പിറന്ന ഒന്നിനേക്കാൾ കൂടുതൽ വ്യവസ്ഥാപിതമാണ്.
വളരെക്കാലം മുമ്പ് നാമാവശേഷമായിട്ടുള്ള ജീവികളെ അപേക്ഷിച്ച് പില്കാല ജന്തുജാതികൾ സാധാരണഗതിയിൽ കൂടുതൽ സംഘടിതമായിട്ടുള്ളതാണ്.
പ്രതിഫലനത്തെ സംബന്ധിച്ചിടത്തോളം ജീവവസ്തുക്കളുടെ അതിജീവനശേഷി വളരെ പ്രാധാന്യമുള്ള ഒന്നാണ്.
എല്ലാത്തരം ജീവികൾക്കും ആവശ്യമായ ഒരു പ്രധാന ഉപാധി ഇതാണ്.
ഇരുളടഞ്ഞ ഒരു നിലവറയുടെ ഭിത്തിയിലുള്ള സുഷിരത്തിലൂടെ ഒരു പ്രകാശരശ്മി ആ നിലവറയിൽ മുളച്ചു വരുന്ന ഒരു ചെടിയിൽ പതിയുമ്പോൾ അതിന്റെ തണ്ട് പ്രകാശരശ്മി കടന്നു വരുന്ന ഭാഗത്തേക്ക് വളരും:
കാരണം, ആ രശ്മി യാണ് അതിന്റെ വളർച്ചക്കു വേണ്ടുന്ന കാരബൺ നേടാൻ അതിനെ സഹായിക്കുന്നത്.
വേരുകൾക്ക് പ്രതിബന്ധത്തെ നേരിടേണ്ടി വരുമ്പോൾ, അതിനെ മറികടക്കാൻ അവ ചുരുണ്ടു കൂടുന്നു.
ബാഹ്യമായ സ്വാധീനങ്ങളോടുള്ള സസ്യങ്ങളുടെ പ്രതികരണം വളരെ സാവധാനത്തിലാണ്.
എന്നാൽ ഇത് എല്ലായ്പോഴും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല.
ഉദാഹരണത്തിന്ന്,ഒരു മത്തച്ചെടിയുടെ വള്ളി എവിടെയെങ്കിലും മുട്ടിയാൽ അഞ്ചുമിനിറ്റിനകം അതു ചുരുളാൻ തുടങ്ങും ;ഇരുപതുമിനിറ്റിനകം അതു പൂർണ്ണമായും ചുരുണ്ടിരിക്കും.
കീടഭോജികളായ ചെടികളുടെ പ്രതികരണം ഇതിലും വേഗത്തിലാണ്.
അമീബ,ഇൻഫ്യുസോറിയ തുടങ്ങിയ ഏറ്റവും താഴെക്കിടയിലുള്ള ഏകകോശജീവികൾ ചില ബാഹ്യ ഉദ്ദീപനങ്ങളോട് വളരെ വേഗത്തിലുള്ള പ്രതികരണം കാണിക്കുന്നുണ്ട്.

ഉത്തേജനശീലത - ജീവനുള്ളതും മരിച്ചതുമായ വസ്തുക്കളെ തമ്മിൽ വേർതിരിക്കുന്ന ഒരു ഗുണവിശേഷമാണിത്;
ഒരു വസ്തുവിനെ അതിന്റെ അതിജീവനത്തിന്ന് സഹായിക്കുന്ന തരത്തിൽ ചുറ്റുപാടുകളോട് പ്രതികരണം നടത്താനുള്ള
ഒരു വസ്തുവിന്റെ കഴിവാണിത് - ജീവ വസ്തുവിന്റെ ശരീര ഘടനയെ ആശ്രയിച്ചിരിക്കുന്നു . ഉത്തേജിക്കപ്പെടുമ്പോൾ 1)ജീവനോടെ നിലനില്കാനുള്ള സാദ്ധ്യത കൂട്ടുകയോ കുറക്കുകയോ ചെയ്യുന്ന ബാഹ്യപ്രതിഭാസങ്ങളുടെ സ്വഭാവ സവിശേഷതകൾ പ്രതിഫലിക്കുകയും
2)ആത്മരക്ഷക്ക് അത്യാവശ്യമായ പ്രതികരണം നടത്താൻ സഹായിക്കുന്ന വിധത്തിൽ
പ്രതിഫലനങ്ങളെ ആന്തരിക ഊർജ്ജ - രാസപ്രക്രിയകളാക്കി മാറ്റുകയും ചെയ്യാൻ പറ്റുന്ന തരത്തിലുള്ളതാണ് ഈ ശരീരഘടന. പ്രാകൃതികനിർധാരണപ്രക്രിയക്കിടയിലാണ് ജീവവസ്തുക്കളുടെ ഈ സ്വഭാവഗുണം ഉരുത്തിരിഞ്ഞത്.
ചുറ്റുപാടുകളോടുള്ള പ്രതികരണം അവയുടെ പരിരക്ഷണത്തിന്ന് ഉതകുന്ന രീതിയിൽ ശരീരം ഘടിപ്പിക്കപ്പെട്ട ജീവികൾ ജീവിക്കുകയും വംശാഭിവൃദ്ധി നടത്തുകയും ചെയ്തു.
അങ്ങിനെയുള്ള പ്രതികരണം സാദ്ധ്യമല്ലാത്തവയെല്ലാം ചത്തു മണ്ണടിയുകയും ചെയ്തു.
ഈ വിധത്തിൽ നോക്കുമ്പോൾ ഒരു ജീവവസ്തുവിന്റെ ശരീരഘടന ഒരുവിധത്തിൽ അത് ജീവിക്കുന്ന സാഹചര്യങ്ങളുടെ പ്രതിഫലനമാണ്.

വ്യത്യസ്ത ഉദ്ദീപനങ്ങളാൽ ജീവികളിൽ ഉണ്ടാക്കപ്പെടുന്ന രാസക്രിയകളാണ്
സസ്യങ്ങളിലും ഏറ്റവും താഴേക്കിടയിലുള്ള ജന്തുക്കളിലുമുള്ള ബാഹ്യമായ ഉദ്ദീപനങ്ങളെ പ്രതിചേഷ്ടകളാക്കി മാറ്റുന്ന ക്രിയാവിധി (ഉത്തേജനശീലത) ക്ക് അടിസ്ഥാനം.
ഉദാഹരണത്തിന്ന്,ഈച്ചക്കെണി (Dionaea muscipula
) എന്നചെടിയിൽ കുറേ ഉദ്ദീപനങ്ങൾ ഏല്പിച്ചാൽ
അതിലുണ്ടാകുന്ന രാസക്രിയകളും തദനുസൃതമായ അംഗചലനങ്ങളും എന്തെന്ന് നമുക്ക് പരിശോധിക്കാം.
ഈ ചെടിയുടെ ഏതെങ്കിലുമൊരു ഇലയിൽ ഒരു ഈച്ച വന്നിരുന്നാൽ ഉടൻ അതിൽ ഒരു രാസക്രിയ ആരംഭിക്കുന്നു.
തല്ഫ്അലമായി ഈ ഇല ചുരുണ്ടുകൂടുന്നു.
അപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന ഈച്ച കാണിക്കുന്ന വെപ്രാളങ്ങൾക്കനുസരിച്ച്
ചെടിയിൽ മറ്റൊരു രാസക്രിയ തുടങ്ങുന്നു.
തല്ഫലമായി ഇലയുടെ രണ്ടു അരികുകൾ കൂടിയോജിച്ച് ഈച്ചയെ അതിലിട്ട് ഞെരുക്കുന്നു.
ഈച്ചയുടെ പ്രാണവെപ്രാളങ്ങൾ വർദ്ധിക്കുമ്പോൾ
ഇലയുടെ മേല്ഭാഗത്തുള്ള കൊച്ചു കൊച്ചു മുള്ളുകളിൽ നിന്ന് ഒരു തരം ദഹനദ്രവം സ്രവിക്കാൻ തുടങ്ങുന്നു.
ആ ഈച്ച അപ്പോൾ അതിൽ അരഞ്ഞുപോവുകയും അതിന്റെ പോഷക വസ്തുക്കൾ ഇല വലിച്ചെടുക്കുകയും ചെയ്യുന്നു.
രണ്ടു സംഭവപരമ്പരകളാണ് ഇതിൽ അന്തർഭവിച്ചിട്ടുള്ളത്.
ഉദ്ദീപനങ്ങളുടെ ഒരു പരമ്പരയും തദനുസൃതമായ രാസക്രിയകളുടെ ഒരു പരമ്പരയും.
കോടാനുകോടി പ്രാവശ്യം ആവർത്തിക്കപ്പെട്ടു കഴിയുന്നതോടെ,പ്രസ്തുത ക്രിയകൾക്ക് കാരണഭൂതമായിട്ടുള്ള ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഈ രണ്ട് സംഭവ പരമ്പരകളും തമ്മിൽ ഒരു കെട്ടുപാട് ഉണ്ടാകുന്നു.
ഇല ചുരുണ്ടുകൂടുന്നതുന്ന് കാരണമായ രാസക്രിയതന്നെ, ഇലയുടെ രണ്ടു അരികുകളിലും തമ്മിൽ കൂട്ടി മുട്ടി ഈച്ചയെ കുടുക്കുന്ന രാസക്രിയയെ പ്രേരിപ്പിക്കുന്നു;
ഇത് ദഹനദ്രവത്തെ സ്രവിപ്പിക്കുന്ന രാസക്രിയക്കും തുടക്കമിടുന്നു.
എൻസൈമുകളാൽ(പ്രോട്ടീനുകളാൽ) ഈ ക്രിയകൾ കൂടുതൽ ത്വരിതമാകുന്നതിനാൽ ഉദ്ദീപനങ്ങളേക്കാൾ എത്രയോ കൂടുതൽ വേഗത്തിൽ ഇവ ഒന്നിനു പുറകെ ഒന്നായി സംഭവിക്കുന്നു.
തല്ഫലമായി,ആദ്യത്തെ ഉദ്ദീപനത്തെ തുടർന്നുതന്നെ (ഈച്ച ഇലയിൽ വന്നിരിക്കുന്നത്)സസ്യത്തിന്റെ മൂന്ന് പ്രതിചേഷ്ടകളും(ഇല ചുരുണ്ടു കൂടുകയും,അരിക്കുകൾ തമ്മിൽ ചേരുകയും ദഹനദ്രവം സ്രവിക്കുകയും) ഒന്നായി നടക്കുന്നു,
ആദ്യത്തെ ഉദ്ദീപനം പുറകെ വരാനിരിക്കുന്ന രണ്ടെണ്ണത്തിന്റെ ഒരു സിഗ്നൽ പോലെയാണ്.
അത് മനസ്സിലാക്കുന്ന ചെടി മുൻ കൂട്ടിതന്നെ രണ്ട് പ്രതിചേഷ്ടകളും നടത്തുന്നു..
ഒരു അമീബയുടെ അടുക്കൽ നിന്ന് അതിന്റെ ഇര രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ
അതിന്റെ പെരുമാറ്റവും ഏതണ്ടിതുപോലെ തന്നെയാണ്.

ഉല്പ്രേരകങ്ങ (catalysts) ളായി വർത്തിക്കുന്ന പല പ്രോട്ടീനുകളും ജീവ വസ്തുക്കളിലെ രാസക്രിയകളെ കോടാനുകോടിമടങ്ങ് ത്വരിതപ്പെടുത്തുന്നതിനാൽ,
ജീവവസ്തുക്കളിൽ രാസക്രിയാപരമ്പരകൾ ഉണ്ടാകുന്നതിന്റെ വേഗതയും ചുറ്റുപാടുകളിൽ മാറ്റങ്ങൾ - ഈ ക്രിയകളിൽ പ്രതിഫലിക്കുന്ന മാറ്റങ്ങൾ - ഉണ്ടാക്കുന്നതിന്റെ വേഗതയും തമ്മിലുള്ള ഭീമമായ വ്യത്യാസം സസ്യങ്ങളുടേയും ജന്തുക്കളുടേയും ജീവിതത്തിൽ വ്ളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്ന് സ്പഷ്ടമാണ്.
ഉയർന്ന ജൈവഘടനയുള്ള ജന്തുക്കളിൽ ബാഹ്യപ്രതിഭാസങ്ങളെ കൂടുതൽ കൂടുതൽ മുൻ കൂട്ടികാണാൻ സഹായിക്കുന്ന ഒരു വിശേഷാൽ ടിഷ്യു വളർച്ചപ്രാപിക്കുന്നു.
ഇതിനേയാണ് നാഡീവ്യൂഹം (nervous system) എന്നു പറയുന്നത്.
നാഡീവ്യൂഹത്തിലൂടെ മുൻ കൂട്ടി കണ്ടുകൊണ്ടുള്ള പ്രതിഫലനത്തെ പ്രതിവർത്തം (reflex) എന്നും പറയുന്നു.
ഇതേപ്പറ്റി കൂടുതലായി പിന്നാലെ പ്രതിപാദിക്കുന്നതാണ്.
ഇവിടെ ഒരു സംഗതിമാത്രമേ രേഖപ്പെടുത്താനുദ്ദേശമുള്ളു.
മനുഷ്യനു മാത്രമല്ല ,(മുമ്പ് പ്രസ്താവിച്ചത് പോലെ)ഏറ്റവും താണ നിലവാരത്തിലുള്ള ജന്തുക്കൾക്കും സസ്യങ്ങൾക്കും കൂടി ,
ഉള്ള വസ്തുക്കളുമായി ബന്ധപ്പെട്ട വരാനിരിക്കുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്നതിന്ന്
ആധുനികശാസ്ത്രം വേണ്ടത്ര തെളിവുകൾ നല്കിയുട്ടുണ്ടെന്നതാണ് ഈ സംഗതി.

ഇപ്രകാരം ആവിർഭവിക്കുകയും പ്രേക്ഷണം ചെയ്യപ്പെടുകയും സംഭരിക്കപ്പെടുകയും സംസ്കരിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുന്ന പ്രതിഫലനങ്ങളെയാണ് സംസൂചന എന്നു പറയുന്നത്.
പ്രതിബിംബിതമായ വസ്തുവിലുള്ള ക്രമ (order) ത്തിന്റെ അളവിനെ പകർത്തുന്ന പ്രതിഫലകവസ്തുവിലുള്ള ക്രമത്തിന്റെ അളവാണ് സംസൂചന ഇതില്‍ രണ്ടാമത് പറഞ്ഞത് സം സൂചനാ വാഹകനും ആദ്യത്തേത് സംസൂചനയുടെ ഉറവിടവും ആണ്.
ഈ സംസൂചനയാണ് നിയന്ത്രണപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്നതും.
ഓരോ ജീവവസ്തുവും ഒരു സ്വയം നിയന്ത്രകവ്യവസ്ഥ ആയതിനാൽ ഇവിടെ പ്രതിഫലനം എന്നു പറയുന്നത്
സംസൂചനയെ പ്രതിനിധീകരിക്കുന്നു.
സ്വയം നിയന്ത്രണ മില്ലാത്ത അജൈവ വ്യവസ്തകളെപ്പറ്റി ഇങ്ങണെ പറയാനാവില്ല.
ഒരു ജീവവസ്തുവിന്റെ നിയന്ത്രിതമായ ഭാഗത്തുനിന്ന് - ചുറ്റുപാടുകളുമായി ഏറ്റവുമടുത്ത സമ്പർക്കമുള്ളതും ചുറ്റുപാടുകളിൽ നിന്ന് ഉദ്ദീപനങ്ങൾ ലഭിക്കുന്നതും
ഈ ഭാഗത്തിനാണ്-നിയന്ത്രിതഭാഗത്തേക്ക്-സംസൂചന സംഭരിക്കപ്പെടുന്നതും അതിജീവിക്കണമെങ്കിൽ ബാഹ്യമായ ഉദ്ദീപനത്തോട് ഏതുതരത്തിലുള്ള പ്രതിചേഷ്ട കാണിക്കണമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മാറ്റമായി ഈ സംസൂചന രൂപാന്തരപ്പെടുന്നതും ഇവിടേയാണ്-സംസൂചന പ്രേക്ഷണം ചെയ്യപ്പെടുന്നു.
അപ്പോൾ ഈ പുതിയ സംസൂചന നിയന്ത്രിതഭാഗത്തു നിന്ന് നിയന്ത്രിതഭാഗത്തേക്ക് പ്രേക്ഷണം ചെയ്യപ്പെടുന്നു.
ചുറ്റുപാടുകളുമായി നേരിട്ട് സമ്പർക്കം ഈ ഭാഗത്തിനായതിനാൽ അത് ഉദ്ദീപനത്തിനു നേരെ പ്രതികരണം നടത്തുന്നു.
സംസൂചന ഒരു ജീവവസ്തുവിനുള്ളിൽ ചംക്രമണം നടത്തുന്നു വെന്ന് മാത്രമല്ല,
തലമുറയിൽ നിന്ന് തലമുറയിലേക്ക് അത് കൈമാറ്റംചെയ്യപ്പെടുകയും
ഈ വിധത്തിൽ ഗുണവിശേഷങ്ങളുടെ പരമ്പരാഗതമായ കൈമാറ്റത്തിന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.

വംശപാരമ്പര്യം (ആനുവംശീകത) തന്മാത്രകളിലൂടെ - അവചേർന്നുള്ളതാണല്ലോ ജീവകോശങ്ങൾ - പ്രാവർത്തികമാകുന്നു എന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ കണ്ടുപിടുത്തം.

പ്രാകൃതികനിർദ്ധാരണ കൂടാതെ,അങ്ങിനെ ആനുവംശീകത കൂടാതെ - ഇതാകട്ടെ സംസൂചനാപ്രേക്ഷണത്തെ (പ്രതിഫലനത്തെ) ആശ്രയിച്ചാണിരിക്കുന്നത് - സസ്യങ്ങളുടേയും ജന്തുക്കളുടേയും ആവിർഭാവമോ വികാസമോ സാദ്ധ്യമല്ലെന്നിരിക്കെ ,സ്പീഷിസിന്റെ വികാസം ജീവസാസ്ത്രപരമായ പ്രതിഫലനപ്രക്രിയയെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.

സസ്യങ്ങളിലും വൈറസുകളിലും ഏറ്റവും താഴത്തെ തട്ടിലുള്ള ഏകകോശജീവികളിലും പ്രതിഫലനത്തിന്റെ കൂടെ സംവേദനം ഉണ്ടാകുമെന്ന് - അപ്പോൾപ്പിന്നെ വികാരത്തിന്റെ കാര്യം പറയുകയേ വേണ്ടല്ലൊ - സങ്കല്പ്പിക്കാൻ യാതൊരു ന്യായവും കാണുന്നില്ല.
അവയിൽ കാണുന്നത് ഉത്തേജനശീലതമാത്രമാണ്.
ഏറ്റവും പ്രാകൃതമായ തരത്തിലുള്ള മാനസികപ്രവർത്തനം പോലും അവയിലില്ല.
കൂടുതൽ വളർച്ച പ്രാപിച്ച,നട്ടെല്ലില്ലാത്ത ബഹുകോശജീവികളിൽ ഇതിന്റെ ഏറ്റവും പ്രാഥമികമായ രൂപങ്ങൾ കാണാം .ഇവയിൽ മിക്കതിനും (പ്രാണികൾ,കവചമത്സ്യങ്ങൾ,മണ്ണിരകൾ) കേന്ദ്രീകൃതമായ ഒരു നാഡീവ്യൂഹമുണ്ട്.
ഉദ്ദീപനങ്ങളോടുള്ളാ അവയുടെ പ്രതിചേഷ്ടകളെ നിയന്ത്രിക്കുന്നതും അവയുടെ അംഗചലനങ്ങളെ കോർത്തിണക്കുന്നതും ഈ നാഡീവ്യൂഹമാണ്.
ഇത്തരം ജീവികളിൽ ചിലപ്പോൾ ഒരുസോപാധിക പ്രതിവർത്തം ഉണ്ടാക്കാൻ കഴിഞ്ഞേക്കാമെങ്കിലും
മൊത്തത്തിൽ അവയുടെ പ്രവർത്തനം സ്വയമേവയുള്ളതാണ്.
സോപാധികമല്ലാത്ത പ്രതിവർത്തങ്ങളെ,അതായത് നിശ്ചിത ഉദ്ദീപനങ്ങളോടുള്ള പാരമ്പര്യസിദ്ധമായ പ്രതിചേഷ്ടകളെ,ആശ്രയിച്ചുള്ളതാണ് അവയുടെ പ്രവൃത്തികൾ.
ഉദാഹരണത്തിന് പെൺജാതിയിൽ പെട്ട ഒരു എട്ടുകാലി കൊക്കൂൺ സഞ്ചിയിൽ മുട്ടയിട്ടശേഷം,15-20 ദിവസങ്ങളോളം പോകുന്നേടെത്തല്ലാം അതു ചുമന്നുകൊണ്ട് നടക്കുക പതിവാണ്.
ഏതെങ്കിലും കാരണവശാൽ സഞ്ചിക്കുള്ളിലെ മുട്ടകൾ നിർജ്ജീവങ്ങളായിട്ടുണ്ടെങ്കിൽ പോലും അത് ഈ സഞ്ചി കാത്തുസൂക്ഷിച്ച് കൊണ്ടു നടക്കുന്നു.
ഇനി മുട്ടയിടുന്നില്ലെങ്കിൽ പോലും അത് മുട്ടയിടാൻ എത്രനേരം കിടക്കേണമോ അത്രയും നേരം മുട്ടയിടുന്ന രീതിയിൽ കിടക്കുകയും ഒഴിഞ്ഞ കൊക്കൂൺ സഞ്ചിയുടെ നാലറ്റങ്ങളും ഭദ്രമായി ചേർത്തുറപ്പിക്കുകയും,അത്രയും ദിവസം അത് ചുമന്നു കൊണ്ട് നടക്കുകയും ചെയ്യും.
തേനീച്ചകൾക്കും കടന്നലുകൾക്കുമിടയിലും ഇത്തരം പെരുമാറ്റം കണ്ടുവരാറുണ്ട്.

ഉത്തേജനശീലതയിൽ നിന്ന് സാരാംശത്തിൽ ഇതിന് എന്ത് വ്യത്യാസമാണുള്ളത്?

ജീവന്റെ ആവിർഭാവത്തോടെ എല്ലാ പ്രതിഭാസങ്ങളും ജീവന്റെ പരിരക്ഷണത്തിൽ അവയ്കൂള്ള സ്വാധീനം - അത് നല്ലതോ ചീത്തയോ ആകാം - അനുസരിച്ച് തരം തിരിക്കപ്പെടുമെന്ന് നാം ഇതിനകം കണ്ടുകഴിഞ്ഞു വല്ലോ.
മാനസികപ്രവർത്തനം ഇല്ലാത്ത ജീവ വസ്തുക്കളിൽ പ്രതിഫലനം എന്നു പറയുന്നത് പ്രതിഭാസങ്ങളെ ജീവിതത്തിന് അനുകൂലവും പ്രതികൂലവും എന്ന് രണ്ടായി വേർതിരിക്കുകയും അതിന്നാവശ്യമായ പ്രതിചേഷ്ടകൾ ക്രമീകരിക്കുകയും ചെയ്യലാണ്.
കോടാനുകോടി സംവത്സരങ്ങളായുള്ള പ്രാകൃതിക നിർദ്ധാരണത്തിന്റെ ഫലമായിട്ടാണ് ബോധപൂർവ്വകമായ അനുഭവം ഉണ്ടായിട്ടുള്ളത്.
ഇത് ഭാഹ്യലോകത്ത് നടക്കുന്നതിന്റെ സവിശേഷതകളുടെ പ്രതിഫലനങ്ങളാണ്;അതായത് സംവേദനങ്ങൾ ഒരു വശത്തും അഭിലഷണീയമായതിനെ കൊള്ളാനും അനഭിലഷണീയമായതിനെ തള്ളാനുമുള്ള അഭിപ്രേണകൾ മറുവശത്തുമായി നില്കുന്ന സ്ഥിതിവിശേഷമാണ്.

സംവേദനങ്ങളും അഭിപ്രേരണകളും രണ്ടും മാനസികപ്രവർത്തനം എന്ന തരത്തിൽ പെട്ട ആത്മനിഷ്ടാപരമായ അനുഭവങ്ങളാണ്.
ഒരു സംവേദനം,വികാരം ഒരു നിശ്ചിതവ്യക്തിക്ക് (കർത്താവിന്) മാത്രം അനുഭവപ്പെടുന്നതാണ്.
അതിലാണ് അനുഭവത്തിൽ (മാനസികപ്രവർത്തനത്തിന്റെ) ആത്മനിഷ്ട സ്വഭാവം കുടികൊള്ളുന്നത്.
“എല്ലാവർക്കും പരിചയമുള്ള സാധാരണ മാനുഷിക സംവേദനങ്ങൾ മാത്രമേ നിലവിലുള്ളു”
എന്നു പറഞ്ഞുകൊണ്ട് “കാല്പനികസംവേദനങ്ങൾ,ആർടേയുമല്ലാത്ത സംവേദനങ്ങൾ”എന്ന ധാരണയെ ആക്ഷേപിക്കുമ്പോൾ ലെനിൻ ഇക്കാര്യം രേഖപ്പെടുത്തുകയുണ്ടായി(ലെനിൻ,സമാഹൃത കൃതികൾ,വാല്യം 14,പേജ്227).
ഓരോ സംവേദനവും ആരുടേയെങ്കിലും സംവേദനം ആയിരിക്കണമെന്ന വസ്തുതയാണ് ഇവിടെ ഊനുന്നത്.
ഇത് ജന്തുക്കൾക്കും ബാധകമാണ്.
അവയെ സംബന്ധിച്ചിടത്തോളവും സംവേദനം എന്നു പറയുന്നത് ഒരു പ്രത്യേക ജീവിക്കുണ്ടായർതാണ്,ആജീവിക്ക് പുറത്ത് ആ സംവേദനം ഇല്ല.
സംവേദനങ്ങൾ ബാഹ്യപ്രതിഭാസങ്ങളുടെ പ്രതിഫലനങ്ങളാണെന്ന് നാം കണ്ടുകഴിഞ്ഞുവല്ലോ.
ആ സ്ഥിതിക്ക് ഒരേ ജാതി (സ്പീഷീസ്) യിൽ പെട്ട ജീവവസ്തുക്കൾ ഒരേ ബാഹ്യപ്രതിഭാസത്തിന്റെ സ്വധീനത്തിന്ന് വിധേയമാക്കപ്പെടുമ്പോൾ അവയ്ക് സദൃശ്യങ്ങളായ സംവേദനങ്ങൾ ഉണ്ടാകുമെന്ന് പറയേണ്ടിയിരിക്കുന്നു.
ഒരു ചിത്രകാരൻ ഏതെങ്കിലും വസ്തു തന്റെ ഭാവനയനുസരിച്ച് ചിത്രീകരിക്കുമ്പോൾ സാധാരണഗതിയിൽ മറ്റാളുകൾ അതിൽ തങ്ങളുടേതന്നെ അവബോധങ്ങൾ ദർശിക്കാറുണ്ടല്ലൊ.
സംവേദനങ്ങളുടേയും ധാരണകളുടേയും ഉള്ളടക്കം ഇതിൽ നിന്ന് വെളിപ്പെടുന്നുണ്ടല്ലൊ.
ഈ ഉള്ളടക്കം പ്രതിഫലനം നടത്തുന്ന കർത്താവിനെ(മനുഷ്യനെ)യല്ല,പ്രത്യുത പ്രതിഫലിക്കപ്പെടുന്ന ബാഹ്യവസ്തുക്കളേയാണ് ആശ്രയിച്ചിരിക്കുന്നത്.
പക്ഷെ,നിർദ്ദിഷ്ട പ്രതിഭാസങ്ങൾ നിരൂപിക്കുന്നതിന്ന് ഒരേപോലത്തെ ബോദേന്ദ്രിയങ്ങൾ ഉള്ള ജീവികൾക്ക് മാത്രമേ ഒരേപോലുള്ള സംവേദനങ്ങളും ഉണ്ടാകൂ.

മാനസികപ്രവർത്തനത്തിൽ ബാഹ്യപ്രതിഭാസങ്ങളുടെ ഗുണവിശേഷങ്ങളുടെ പ്രതിഫലനം മാത്രമല്ല,
കർത്താവിനു അവയോടുള്ള സമീപനം കൂടി,അടങ്ങിയിട്ടുണ്ടെന്നതും ഇത് ആത്മനിഷ്ടമാണെന്ന് പറയുന്നതിന്ന് ഒരു കാരണമാണ്.
വളര്‍ച്ചപ്രാപിക്കാത്ത താഴേക്കിടയിലുള്ള ജന്തുക്കളിൽ ഇത് സുഖം അഥവാ വേദനയായി ,ആകർഷണം അഥവാ വികർഷണമായി ,ചുരുങ്ങിയിരിക്കുന്നു; വളർച്ച പ്രാപിച്ച ജന്തുക്കളിലാവട്ടെ വിപുലമായ തോതിലുള്ള ആവശ്യങ്ങളും വികാരങ്ങളും അതിൽ ഉൾകൊള്ളുന്നുണ്ട്.

എന്നാൽ,ഒരു തേനീച്ചയുടെ ഏറ്റവും ലളിതമായിട്ടുള്ള അഭിപ്രേരണകളായാലും ശരി,
ഒരു മനുഷ്യന്റെ ഏറ്റവും സങ്കീർണ്ണമായിട്ടുള്ള ആവശ്യങ്ങളും വികാരങ്ങളുമായാലും ശരി,
രണ്ടും തികച്ചും ആത്മനിഷ്ടമായിട്ടുള്ളതല്ലെന്ന് ഓർക്കണം .
അഭിപ്രേരണ ഏതു സംഗതിയെ ലക്ഷ്യമാകിയിട്ടുള്ളതാണോ,അഥവാ ഏത് സംഗതിക്കെതിരായുള്ളതാണോ
ആ സംഗതിക്ക് കല്പിക്കപ്പെടുന്ന വസ്തുനിഷ്ടമായ പ്രാധാന്യത്തിന്റെ പ്രതിഫലനങ്ങളാണ്
നിർദ്ദിഷ്ട ജീവികളെ സംബന്ധിച്ചിടത്തോളം ഈ അഭിപ്രേരണകൾ.സംവേദനങ്ങളെ പ്പോലെതന്നെ,
ഈ മാനസികപ്രതിഭാസങ്ങൾക്കും കർത്താവിൽ നിന്ന് സ്വതന്ത്രമായി കൂറച്ചൊരു വസ്തു നിഷ്ടമായ ഉള്ളടക്കമുണ്ട്.
ഇക്കാരണത്താൽ ,വ്യത്യസ്ത സാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് എന്തു തോന്നാം എന്നതിനേപ്പറ്റി നമുക്ക് ഒരു ഏകദേശധാരണ ഉണ്ടാക്കാൻ സാധിക്കും.

ജീവിയും ചുറ്റുപാടും തമ്മിലുള്ള കെട്ടുപാടിൽ ,അന്വയത്തിൽ, സംവേദനങ്ങളും അഭിപ്രേരണകളും കൊണ്ട് യാതേരുമാറ്റവും ഉണ്ടാകുന്നില്ലെങ്കിൽ,ഉപയോഗശൂന്യമെന്ന നിലയിൽ അവ പ്രാകൃതിക നിർദ്ധാരണത്തിന്നിടയിൽ പുറന്തള്ളപ്പെടുമായിരുന്നു.
ജീവവസ്തുക്കളെ സംബന്ധിച്ചിടത്തോളം സംവേദനത്തിന്ന് ഇരട്ട പ്രാധാന്യമാണുള്ളതെന്ന് റഷ്യൻ ശരീരശാസ്ത്രജ്ഞനായ ഐ.എം സേച്ചണോവ് (1829-1905) കണ്ടെത്തുകയുണ്ടായി.
ഒരു പ്രവർത്തിയുടെ സാഹചര്യങ്ങൾ വേർതിരിച്ചറിയാനും ഈ സാഹചര്യങ്ങൾക്ക് അനുഗുണമായി (കാര്യസാധകമായോ ക്രമീകരിക്കേണ്ടരീതിയിലോ) പ്രവൃത്തികളെ നയിക്കാനും അത് ഉപകരിക്കുന്നു.
ജീവവസ്തുക്കളുടെ പെരുമാറ്റത്തേയും ക്രമീകരണത്തേയും സംബന്ധിച്ചിടത്തോളം സംവേദനത്തിനും അഭിപ്രേരണയ്കുമുള്ള വമ്പിച്ച പ്രാധാന്യം എത്രയെന്ന് സേച്ചനൊവിന്റെ ശിഷ്യനായ ഐ പി പാവ്ലോവും (1849-1936) ഊന്നിപ്പറയുകയുണ്ടായി.

ഒരു ചുറ്റുപാടിൽ ജീവിക്കുന്ന ജന്തുക്കളുടെ ജീവൽ പ്രധാനമായ പ്രവർത്തനങ്ങൾ മൂലം ആ ചുറ്റുപാടിലുണ്ടാകുന്ന മാറ്റങ്ങൾ ആ ജന്തുക്കളുടെ പ്രത്യേകതകളെ മാത്രമല്ല,ചുറ്റുപാടുകളുടെ പ്രത്യേകതകളേയും ആശ്രയിച്ചിരിക്കുന്നു.
ചുറ്റുപാടുകളുടെ സ്വാധീനത്താൽ ഈ ജന്തുക്കളിലുണ്ടാകുന്ന മാറ്റത്തിൽ അവയുടെ ആന്തരികഘടനയുടെ മുദ്രയും തെളിഞ്ഞുകാണാൻ കഴിയും
പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടോസാന്റൊ എന്ന കൊച്ചു അറ്റ്ലാന്റിക്ക് ദ്വീപിലേക്ക് കൊണ്ടുവന്ന ഒരിനം മുയലുകൾ
അവയെ കൊന്നു തിന്നുന്ന ഹിസ്രജന്തുക്കളില്ലാത്ത സാഹചര്യത്തിൽ വളരെയേറെ മാറ്റത്തിന് വിധേയമാവുകയുണ്ടായി.
വളരെയേറെ എന്നു പറഞ്ഞാൽ ,പഴയതിന്റെ പകുതിമാത്രം വലിപ്പവും വ്യത്യസ്തമായ നിറവും ശീലവുമുള്ള
പുതിയൊരുജാതി മുയൽ തന്നെ അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നു.
എന്നാൽ,ഈ മുയലിന്റെ സ്ഥാനത്ത് കുറുനരി, ചെന്നായി തുടങ്ങിയവയിൽ ഏതിനേയെങ്കിലുമാണ് അവിടേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അവയിലുണ്ടാകുന്ന മാറ്റം തികച്ചും വിഭിന്നമാകുമായിരുന്നു.

ഒരു ജന്തുവിന്റെ ആന്തരികഘടനയിലൂടെ മാത്രമാണ് ചുറ്റുപാടുകൾ അതിന്റെ മേൽ സ്വധീനം ചെലുത്തുന്നത്.
മാനസികപ്രവർത്തനത്തിന്ന് കഴിവില്ലാത്ത ജന്തുക്കളും അവയുടെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പരബന്ധത്തിൽ,ചുറ്റുപാടുകളെ അപെക്ഷിച്ച് അവയുടെ ആന്തരികഘടനയ്ക്ക് താരതമ്യേന വളരെ ചെറിയൊരു പങ്കേയുള്ളു.
ഇതിൽ ഒരു പുതിയ ഘടകം,അതായത് മാനസികപ്രവർത്തനം,ചേരുന്നതോടെ (ആദ്യം സംവേദനങ്ങളും ഏറ്റവും ലളിതമായ അഭിപ്രേരണകളും,പിന്നീട് കൂടുതൽ വളർച്ച പ്രാപിച്ച ജന്തുക്കളിൽ അവബോധങ്ങളും സങ്കല്പങ്ങളും വികാരങ്ങളും) ഒരു ജന്തുവും അതിന്റെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പരബന്ധത്തിൽ സാരമായ വ്യത്യാസം വരുന്നു.
ജന്തുക്കളുടെ മാനസികത (mentality) കൂടുതൽ സങ്കീർണ്ണമാകുന്നതോടെ കൂടുതൽ സങ്കീർണ്ണമായ രീതിയിൽ അവ തങ്ങളുടെ ചുറ്റുപാടുകളെ സ്വാധീനിക്കാൻ തുടങ്ങുന്നു.
ജന്തുക്കളിൽ അഭിവിന്യാസപ്രതിവർത്തം -(orientation reflex) ഉണ്ടെന്ന് ആദ്യമായി സ്ഥാപിച്ചത് പാവ്‘ലോവ്വ് ആണ്.
ഇതനുസരിച്ച്,ഒരു ആപല്ഘട്ടത്തിലൊരു ജന്തുവിന്റെ പ്രവൃത്തികൾ ആ പ്രത്യേകസാഹചര്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും;
മറ്റെല്ലാ തരത്തിലുമുള്ള പെരുമാറ്റവും താല്കാലികമായി നിലക്കും. ആവശ്യമായ ഫലപ്രാപ്തി നല്കുന്ന പ്രവൃത്തി കണ്ടെത്തുന്നതോടെ ,ഈ പെരുമാറ്റ രൂപം സ്ഥായിയാവുകയും,സോപാതികപ്രതിവർത്തം (conditioned reflex) രൂപം കൊള്ളുകയും ചെയ്യും.

കൂടുതൽ കൂടുതൽ വളര്‍ച്ചപ്രാപിച്ച ജന്തു ജീവികൾ രംഗത്ത് വരുന്നതോടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു ഘടകമെന്ന നിലയിൽ മാനസിക പ്രവർത്തനത്തിനുള്ള പ്രാധാന്യവും,അതേപോലെതന്നെ പാരമ്പര്യസിദ്ധമല്ലാത്ത പെരുമാറ്റരൂപങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ പ്രാധാന്യവും വർദ്ധിക്കുന്നു.
പ്രമസ്തിഷ്ക (cerebral) ഗോളാർദ്ധങ്ങൾ ച്ഛേദിച്ചു മാറ്റിയശേഷവും ഒരു തവള പഴയ രീതിയിൽ തന്നെ പെരുമാറിക്കൊണ്ടിരിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ അതുപോലോരു ശസ്ത്രക്രിയക്ക്ശേഷം ഒരു പ്രാവിന് പറക്കാനും ബാലൻസ് തെറ്റാതെ സൂക്ഷിക്കാനും കഴിയുന്നുണ്ടെങ്കിലും, ഉദ്ദീപനങ്ങളോട് ശരിയായ പ്രതികരണം നടത്താൻ അതിനു കഴിയുന്നില്ല; അതിന് തീറ്റ തിന്നാൻ പോലും കഴിയുന്നില്ല.
ഒരു പട്ടിയുടെ കാര്യത്തിലാണെങ്കിൽ,അത്തരമൊരു ശസ്ത്രക്രിയകൊണ്ട് അത് തീർത്തും നിരാലംബനാകുന്നു,
ജന്തുജീവികളുടെ ആന്തരികഘടന കൂടുതൽ സങ്കീർണ്ണമാകുന്നതിനനുസരിച്ച് മസ്തിഷ്കം കൂടുതൽ കൂടുതൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാൻ തുടങ്ങുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

(അടുത്തത് ഇതിന്റെ നാലാം ഭാഗമായ“അദ്ധ്വാനവും ഭാഷയും ചിന്തയും”.
വിവർത്തനം:-എം എസ് രാജേന്ദ്രൻ.

അഭിപ്രായങ്ങളൊന്നുമില്ല: