2011, ജനുവരി 19, ബുധനാഴ്‌ച

സ്ഥലവും കാലവും

1,സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് പദാര്‍ത്ഥത്തിന്ന് നിലനില്‍ക്കാനാവുമോ?

ഓരോ ഭൗതികവസ്തുവിനും അതിന്റേതായ ആകൃതിയുണ്ട്;ത്രിമാനാകൃതിയിലുള്ള അതിന്ന് ഇരിക്കാന്‍ കുറേസ്ഥലം വേണം;മറ്റുവസ്തുക്കളില്‍ നിന്ന് ഒരു നിശ്ചിത അകലത്തിലും ,ഒരു നിശ്ചിതകോണത്തിലുമാണ് അതിരിക്കുന്നത്.ഭൗതികവസ്തുക്കളുടെ ഈ സഹവര്‍ത്തിത്വ ബന്ധങ്ങള്‍ സ്ഥാനിക രൂപങ്ങളും ബന്ധങ്ങളും എന്ന പോരിലാണ്‌,അഥവാ സ്ഥലം എന്നപേരിലാണ്‌ അറിയപ്പെടുന്നത്. ഭൗതിക വസ്തുക്കളുടെ ആവര്‍ത്തനം അഥവാ ഏകകാലത്തുള്ള അവയുടെ ആവിര്‍ഭാവം ,ഓരോന്നിന്റേയും കാലയളവ്,സംഭവ പരമ്പരകളുടെ പുറകോട്ടടിക്കാനാവാത്ത സ്വഭാവം -അതിന്നാകട്ടെ ഒരേ ഒരു പരിണാമവും ഭൂതത്തില്‍ നിന്ന് ഭാവിയിലേക്ക് എന്ന ഒരേ ഒരു ഗതിയും മാത്രമേ ഉള്ളു -എന്നീ ഭൗതികപ്രതിഭാസബന്ധങ്ങളെല്ലാം തന്നെ കാലികബന്ധങ്ങള്‍ അഥവാ സാമയികബന്ധങ്ങള്‍ എന്നപേരിലും അറിയപ്പെടുന്നു.

സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ?
പദാര്‍ത്ഥത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നവരുടെ മുമ്പില്‍ മാത്രം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണിത്.മനസ്സ് ഒഴിച്ചാല്‍ പിന്നെ യാതൊന്നും നിലവിലില്ലെന്ന് കരുതുന്ന ആത്മനിഷ്ട ആശയവാദികള്‍ പറയുന്നത് സ്ഥലകാലങ്ങള്‍ മനുഷ്യമനസ്സില്‍ മാത്രം ഉള്ള ഒരു സംഗതിയാണെന്നാണ്‌. എന്നാല്‍ ,പദാര്‍ത്ഥം ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യമായി നിലനില്ക്കുന്നുവെന്ന വസ്തുതയെ ഒരിക്കലും ചോദ്യം ചെയ്യാത്തവര്‍ കരുതുന്നത് പദാര്‍ത്ഥത്തെ പോലെ തന്നെ എല്ലാ ഭൗതികപ്രതിഭാസങ്ങളും മനുഷ്യന്റെ ബോധത്തിന്ന് പുറത്ത് സ്ഥലകാലപരിധിക്കുള്ളില്‍ നിലനില്ക്കുന്നുവെന്നാണ്‌.

സ്ഥലകാലങ്ങള്‍ക്ക് പുറത്ത്, പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ എന്ന പ്രശ്നം ആദ്യമായി ഉന്നയിച്ചത്,18- ആം നൂറ്റാണ്ടില്‍ ,ഇമ്മാനുവല്‍ കാന്റ് (1724-1804) എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്.നമുക്കു ചുറ്റുമുള്ള വസ്തുക്കള്‍ മനസ്സില്‍നിന്ന് വ്യതിരിക്തമായും അതില്‍നിന്ന് സ്വതന്ത്രമായും നിലനില്ക്കുന്നുവെന്നു അദ്ദേഹം അംഗീകരിച്ചു.“ഞാന്‍ നിലനില്ക്കുന്നു എന്നതിനേപ്പറ്റി എനിക്കെത്രബോധ്യമുണ്ടോ,അത്രതന്നെ എനിക്ക് ബോധ്യമുള്ള സംഗതിയാണ്‌ എനിക്കു പുറത്ത് വസ്തുക്കളുണ്ടെന്നത്” ( “കേവലബുദ്ധിയുടെ വിമര്‍ശനം”,ലണ്ടന്‍,1930,പേജ്XL1) അദ്ദേഹം എഴുതുകയുണ്ടായി.

സ്ഥാനികവും കാലികവുമായ ബന്ധങ്ങള്‍ വസ്തുക്കളില്‍ സ്വതസിദ്ധമായിട്ടുള്ളതാണെങ്കിലും,അവയുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ,അനുഭവത്തിലൂടെ മാത്രമേ,നമുക്കതിനേപ്പറ്റി മനസ്സിലാക്കാന്‍ കഴിയു എന്ന് കാന്റ് വാദിച്ചു.ഇതിനിടയില്‍ “....ഇവയെ താരതമ്യപ്പെടുത്തുകയോ അന്വയിക്കുകയോ വേര്‍പെടുത്തുകയോ ചെയ്യുന്നതിനും,അങ്ങിനെ നമ്മുടെ ഇന്ദ്രിയാനുഭൂതികളുടെ.അസംസ്കൃതവിഭവത്തെ സംസ്കരിക്കുന്നതിനുംവേണ്ടി ഈ വസ്തുക്കള്‍ നമ്മുടെ ബോധേന്ദ്രിയങ്ങളെ ബാധിക്കുകയും ഭാഗികമായി സ്വയം തന്നെ പ്രതിച്ചായകള്‍ സൃഷ്ടിക്കുകയും ഭാഗികമായി നമ്മുടെ ഗ്രഹണശക്തിയെ ഉണര്‍ത്തുകയും ചെയ്യുന്നു...” (അതേകൃതി,പേജ്,1)
അനുഭവമാണ്‌ വസ്തുക്കളെപ്പറ്റിയുള്ള നമ്മുടെ സങ്കല്പ്പത്തിന്റെ ഉറവിടം. ഒരു തരത്തില്പെട്ട എല്ലാ വസ്തുക്കളും നിരീക്ഷിക്കാന്‍ അസാദ്ധ്യമാണ്‌ (ഉദാഹരണത്തിന്ന്,ദ്രാവകങ്ങളില്‍ മുങ്ങിക്കിടക്കുന്ന സാധനങ്ങള്‍) അതിനാല്‍ നാം എത്ര വസ്തുക്കള്‍ കണ്ടിട്ടുണ്ടെങ്കിലും ആ അനുഭവത്തില്‍ നിന്ന് യാതൊരു നീക്കുപോക്കുമില്ലാത്ത ഒരു സാര്‍വ്വത്രികനിയമം ഉണ്ടാക്കാന്‍ പറ്റില്ല.ഉദാഹരണത്തിന്ന്, ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്ന എല്ലാ വസ്തുക്കളും സമ്മര്‍ദ്ദത്തിന്ന് വിധേയമാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാവില്ല. ഈ അനുഭവത്തില്‍ നിന്ന് ഭാഗികമായ ഒരു നിഗമനത്തില്‍ എത്താനേ നമുക്ക് കഴിയൂ; സമ്മര്‍ദ്ദത്തിന്ന് വിധേയമാകാത്ത ചില വസ്തുക്കള്‍ കണ്ടെന്ന് വന്നേക്കാം .അതിനാല്‍, “വളരെ കര്‍ശനവും കേവലവുമായ രീതിയില്‍ സാര്‍വ്വത്രികത അവകാശപ്പെടുന്നതാണ്‌ ഒരു തീര്‍പ്പ് എങ്കില്‍, അതായത് അതില്‍ കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലെങ്കില്‍ അത് അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതല്ലെന്ന് പറയേണ്ടി വരും...”( അതേകൃതി,പേജ്,3) സ്ഥലത്തെ സബന്ധിച്ച ജ്യാമീതീയമായ നമ്മുടെ തീര്‍പ്പുകള്‍ (ഉദാഹരണത്തിന്ന് ഒരു ഋജുരേഖയാണ് രണ്ടുബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ വര എന്നത്) യാതൊരു നീക്കുപോക്കിനും അവകാശമില്ലാത്ത സാര്‍വ്വര്‍ത്രികനിയങ്ങളായിട്ടാണ്‌ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത്.കാലത്തെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകളും അത്പോലെതന്നെ നീക്കുപോക്കിന്‌ ഇടമില്ലാത്ത നിയമങ്ങളായിട്ടാണ് കരുതിപ്പോന്നിട്ടുള്ളത്.അതിനാല്‍ ഈ തീര്‍പ്പുകള്‍ അനുഭവത്തി നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് പറയാനാവില്ല. അങ്ങിനെ, സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ അനുഭവത്തെ നിദാനമാക്കിയുള്ളതല്ലെങ്കില്‍, അവയുടെ ഉറവിടം മനസ്സിന്ന് പുറത്തല്ല.അകത്താണ്‌ എന്നത് വളരെ വ്യക്തമാണല്ലോ.അപ്പോള്‍ സ്ഥലകാലങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ ആലോചനയുടെ രൂപത്തില്‍ സ്വതേ മനസ്സിലുള്ളതാണെന്ന് സാരം; യഥാര്‍ത്ഥത്തില്‍ ആലോചനയോ നിരീക്ഷണമോ അനുഭവമോ നടക്കുന്നതിന്ന് മുമ്പ് തന്നെ ഈ രൂപങ്ങള്‍ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും

തന്റെ ആശയം തെളിയിക്കാന്‍ കാന്റ് ഇപ്രകാരം കൂടി പറയുകയുണ്ടായി.സര്‍വ്വതും അപ്രത്യക്ഷമായി എന്ന് സങ്കല്പിക്കുക;അപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത് ശൂന്യത മാത്രമായിരിക്കും. എന്നാല്‍ സാധനങ്ങള്‍ മാത്രമല്ല,അവയിരുന്ന സ്ഥലവും കൂടി അപ്രത്യക്ഷമായി എന്ന് സങ്കല്പ്പിക്കാന്‍ ശ്രമിക്കുക;അത് അസാദ്ധ്യമാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമാകും.സംഭവങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് സങ്കല്പിക്കാന്‍ പറ്റും പക്ഷെ,സമയംതന്നെ തിരോഭവിച്ചുവെന്ന് സങ്കല്പ്പിക്കാന്‍ സാദ്ധ്യമല്ല.അതിനാല്‍,സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മനസ്സില്‍ സ്വതവേ ഉള്ളതും,എത്രതന്നെ ശ്രമിച്ചാലും തുടച്ചുമാറ്റാനാവാത്ത രീതിയില്‍ മനസ്സില്‍ രൂഢമൂലമായിട്ടുള്ളതാണെന്ന് കാണാന്‍ കഴിയും.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്ഥലകാല സങ്കല്പങ്ങള്‍ മനസ്സില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണ്‌,നിരീക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ശരി,നിരീക്ഷണത്തിന്ന് മുമ്പ് അവിടെ സ്ഥാനംപിടിച്ചിട്ടുള്ളവയാണ്‌ അവ.

സ്ഥലകാലങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പ്പങ്ങള്‍ക്ക് സമമായ യാതൊന്നും തന്നെ യഥാര്‍ത്ഥലോകത്തില്‍ ഇല്ലെന്നും ,വാസ്തവത്തില്‍ ,വസ്തുനിഷ്ടമായി നിലനില്ക്കുന്ന ബന്ധങ്ങളേയോ വസ്തുക്കളേയോ അല്ല.പ്രത്യുത മനസ്സില്‍ മാത്രം നിലനില്ക്കുന്ന ആശയപരമായ ബന്ധങ്ങളേയാണ്‌ ഈ സങ്കല്പങ്ങള്‍ വ്യക്തമാക്കുതെന്നുമുള്ള കാന്റിന്റെ വാദം അദ്ദേഹത്തെ ആത്മനിഷ്ട ആശയവാദിയാക്കുകയാണ്‌ ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ ഒരു മൂക്ക്കണ്ണടപോലെയാണ്‌;അതില്‍ കൂടി സാധനങ്ങള്‍ നോക്കികാണുകയാണ് നാം ചെയ്യുന്നത്,നമ്മുടെ ബോധത്തിന്ന് പുറത്ത് സ്ഥലമോ കാലമോ ഇല്ല.ഈ വിധത്തില്‍ ,പദാര്‍ത്ഥം സ്ഥലകാലങ്ങള്‍ക്കതീതമായി നിലനില്ക്കുന്നുവെന്ന നിഗമനത്തിലാണ്‌ കാന്റ് ചെന്നെത്തുന്നത്.

അനുഭവത്തില്‍ നിന്ന്,ആലോചനയില്‍ നിന്ന്,സാര്‍വത്രികമായ തീര്‍പ്പുകളില്‍ എത്താന്‍ പറ്റില്ലെന്ന കാന്റിന്റെ വാദം ശരിയാണ്‌.എങ്കിലും അനുഭവം എന്നു പറയുന്നത് വെറും നിഷ്ക്രിയമായ ആലോചന അല്ല; അത് വസ്തുക്കളെ സജീവമായി സ്വാധീനിക്കുകയും തന്മൂലം സാര്‍വത്രികങ്ങളായ തീര്‍പ്പുകള്‍ സാധൂകരിക്കുന്നതിന്‌ സാദ്ധ്യതയുണ്ടാക്കുകയും ചെയ്യുന്നു.

സ്ഥലകാലങ്ങളെപ്പറ്റിയുള്ള നമ്മുടെ ഗണിതശാസ്ത്രപരമായ തീര്‍പ്പുകള്‍ക്ക് മറ്റു ശാസ്ത്രീയതീര്‍പ്പുകള്‍ക്കില്ലാത്ത - ഇവ അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് കാന്റ് തന്നെ സമ്മതിക്കുന്നുണ്ട് - സാര്‍വ്വത്രികതയുണ്ടെന്നാണ് കാന്റ് പറയുന്നത്.എന്നാല്‍,ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും മറ്റും കണ്ടുപിടിച്ചിട്ടുള്ള നിയമങ്ങളും പൊതുസ്വഭാവമുള്ളവയാണല്ലൊ.കാന്റ് വിശ്വസിച്ചിരുന്നത് പോലെ ജ്യാമിതിയിലേയും (പൊതുവില്‍ ഗണിത ശാസ്ത്രത്തിലെ) മറ്റുശാസ്ത്രങ്ങളിലേയും ധാരണകള്‍ക്കിടയില്‍ യാതൊരുവിടവും ഇല്ല.ഉദാഹരണത്തിന്ന് ,ഒരു ബിന്ദുവിനെ ഒരു കടലാസ്സ് തുണ്ടില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു കുത്ത് ആയും ,ഒരു ഋജുരേഖയെ അറ്റത്ത് ഭാരം തൂക്കിയിട്ട് പിരിമുറുക്കം കൊടുത്ത ഒരു നൂലായും,ഒരു സമതലത്തെ ഒരു കണ്ണാടിയുടെ ഉപരിതല മായും ആയിട്ടാണല്ലൊ നാം സങ്കല്പിക്കുന്നത്.സ്ഥലത്തെ സംബന്ധിച്ച നമ്മുടെ സങ്കല്പങ്ങള്‍ നാം കണ്ടതോ അനുഭവിച്ചതോ ആയ സംഗതികളുടെ ദൃശ്യപ്രതിച്ഛായകളാണ്‌.

സ്ഥല സംബന്ധമായ ധാരണകള്‍ക്ക് രൂപം നല്‍കവേ ജ്യാമിതി ഭൗതികവസ്തുക്കളുടെ ചില ചില ഗുണങ്ങളും ബന്ധങ്ങളും പ്രത്യേകിച്ച് എടുത്ത് കാട്ടുകയും മറ്റു ഗുണ - ബന്ധങ്ങളെയാകെ അവഗണിക്കുകയും ചെയ്തതായി നമുക്ക് കാണാം.ജ്യാമിതീയ ചിത്രങ്ങള്‍ (figures) ക്ക് ഉള്‍ക്കനമോ നിറമോ താപമോ ഇല്ല .ജ്യമിതീയധാരണകളില്‍ സ്ഥാനികസവിശേഷതകള്‍ തന്നെ ഒരു പ്രത്യേക രീതിയിലാണ്‌ പ്രതിഫലിക്കപ്പെട്ടിട്ടുള്ളത്.സുപ്രസിദ്ധ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യുക്ലിഡിന്റെ (ഏതാണ്ട് ബി സി 300) കൃതികളില്‍ ഒരു ബിന്ദുവിനെ സ്ഥാനം മാത്രമുള്ളതും മാനങ്ങള്‍ ഇല്ലാത്തതുമായ ഒന്നായാണ്നിര്‍വചിച്ചിട്ടുള്ളത്; ഒരു വരയെ നീളം എന്ന ഒരു മാനം മാത്രമുള്ളതായും,പരപ്പായ ഉപരിതലത്തെ നീളം ,വീതി എന്നീ രണ്ട് മാനങ്ങളോടുകൂടിയതായും അദ്ദേഹം വിവരിച്ചിരിക്കുന്നു. നമുക്ക് ഇത് ശരിക്കും മനസ്സിലാകുമെങ്കിലും മനസ്സില്‍ ചിത്രീകരിക്കാന്‍ പറ്റില്ല. ഒരു കുത്ത്,നൂല്‍ ചരട്,കണ്ണാടി എന്നിവയിലേതെങ്കിലുമായിട്ടാണ്‌ നാം ഈ ധാരണകളെ മനസ്സില്‍ സങ്കല്പിക്കുന്നത്.എന്നാല്‍ സ്ഥലം (സ്പേസ്) സംബന്ധിച്ച നമ്മുടെ സങ്കല്‍പ്പങ്ങള്‍ വസ്തുക്കളുടെ വാസ്തവിത്തിലുള്ള സ്ഥാനിക ബന്ധങ്ങളും ഗുണങ്ങളുമായി പൊരുത്തപ്പെടുന്നതാണെങ്കിലും, മറ്റെല്ലാ ശാസ്ത്രീയധാരണകളേയും പോലെ ജ്യാമിതിയധാരണകളും നമ്മുടെ സങ്കല്പങ്ങളേക്കാള്‍ സമഗ്രവും കണിശമുള്ളതുമാണെന്നേടത്തോളം,അവയും വ്യതിരിക്തമായിട്ടുള്ളതാണ്‌.

എന്നുവരികിലും ,പൂര്‍വ്വാനുഭവങ്ങളില്‍ നിന്നുള്ള സാമാന്യവല്‍ക്കരണങ്ങളായതിനാല്‍ ജ്യാമിതീയധാരണകളും വാസ്തത്തിലുള്ള സ്ഥാനീയബന്ധങ്ങളുടെ ഏകദേശപ്രതിഫലനങ്ങള്‍മാത്രമാണ്.ജ്യാമിതീയധാരണകള്‍ വസ്തുക്കളുടെ അപൂര്‍വ്വം ചില സ്ഥാനികബന്ധങ്ങളും ഗുണങ്ങളും മാത്രമേ കണക്കിലെടുക്കുന്നുള്ളുവെന്നതിനാല്‍ - മറ്റു ബന്ധങ്ങളേയും ഗുണങ്ങളേയുമാകെ അവ അവഗണിക്കുകയാണ്‌ചെയ്യുന്നത് - നമ്മുടെ മുമ്പിലുള്ള പരികല്പനകളില്‍ നിന്ന് യുക്തിസഹമായ മറ്റു പരികല്പനകളിലേക്ക് നമുക്ക് എത്തിച്ചേരാവുന്നതാണ്‌.പരീക്ഷണാധിഷ്ഠിതങ്ങളായ ശാസ്ത്രങ്ങളില്‍ ഓരോ പരികല്പനയും പുതിയ തെളിവുകള്‍ക്കനുസരിച്ച് കൂടുതല്‍ കണിശവും കുറ്റമറ്റതുമാക്കേണ്ടതാണ്‌. ജ്യാമിതിയെ സംബന്ധിച്ചിടത്തോളവും - ജ്യാമിതിയിലെ പ്രമേയങ്ങള്‍ വസ്തുഗുണങ്ങള്‍ വളരെ വളരെ കണിശമായി വിവരിക്കുന്നില്ല ;ഏകദേശരൂപത്തില്‍ മാത്രമേ അവ വിവരിക്കപ്പെടുന്നുള്ളു -ഇത് ശരിയാണ്‌;മറ്റെല്ലാ ശാസ്ത്രസിദ്ധാന്തങ്ങളേയും പോലെ അവയും പുതിയ വിജ്ഞാനം ആര്‍ജ്ജിക്കപ്പെടുന്നതനുസരിച്ച് സ്പുടം ചെയ്യേണ്ടതാണ്‌.

ജ്യാമിതിയിലെ തീര്‍പ്പുകളും പരിശേധനകള്‍ക്കും തിരുത്തലിനും വിധേയമാണെന്നും സ്ഥലത്തെ (സ്പേസ്) സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ക്ക് “കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലാത്ത സാര്‍വ്വത്രികത ” അവകാശപ്പെടാനാവില്ലെന്നും എന്‍ ഐ ലൊബച്ചൊവിസ്കിയും (1826) ജീ റീമനും (1854)കണ്ടുപിടിച്ച പുതിയ ജ്യാമിതികള്‍ തെളിയിച്ചു.ഒരു തലത്തിലുള്ള ഒരു ബിന്ദുവിലൂടെ അതേ തലത്തിലുള്ള മറ്റൊരു ഋജുരേഖക്ക് സമാന്തരമായി ഒരൊറ്റ ഋജുരേഖയേ വരക്കാന്‍ കഴിയൂ ( മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു നിശ്ചിതബിന്ദുവിലൂടെയുള്ള നിര്‍ദ്ദിഷ്ഠ വരക്ക് സമാന്തരമായി ഒരു വര മാത്രമേയുള്ളു ) എന്ന അഭിഗൃഹീതത്തിന്ന് ( postulate) ലൊബചേവ്സ്കിയുടെ ജ്യാമിതിയില്‍ യാതൊരു വിലയുമില്ല. ഇതിനിടയില്‍ ഈ ജ്യാമിതിയുമായിപൊരുത്തപ്പെടുന്ന യഥാര്‍ത്ഥവസ്തുക്കള്‍ ഊര്‍ജ്ജതന്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ആപേക്ഷികതാസിദ്ധാന്തം സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ ധാരണകളില്‍ ഇതിലും ഗണ്യമായ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.സ്ഥലകാലങ്ങളേക്കുറിച്ചുള്ള നമ്മുടെ ധാരണകളിലും തീര്‍പ്പുകളിലും ഇത്ര മൗലികമായ മാറ്റത്തിന്‍ കാരണം നമ്മുടെ അനുഭവത്തിലുള്ള വര്‍ദ്ധനവാണെന്ന് വ്യക്തമാണല്ലോ.

ഈ ധാരണകള്‍ അനുഭവത്തില്‍ വേരൂന്നിയിട്ടുള്ളതല്ലെന്നുള്ള കാന്റിന്റെ ആശയത്തേയും ,അതുപോലെതന്നെ,മനസ്സില്‍ നിന്നാണ്‌,യഥാര്‍ത്ഥലോകത്തില്‍ നിന്നല്ല അവയുടെ ഉത്ഭവം എന്ന അദ്ദേഹത്തിന്റെ നിഗമനത്തേയും ഖണ്ഡിക്കുന്നതിനുള്ള ഒരു ഉത്തമോദാഹരണമാണിത്. വസ്തുക്കള്‍ നമ്മളില്‍നിന്ന് വ്യതിരിക്തമായി നിലനില്ക്കുന്നു എന്ന ആശയം അവയുടെ വസ്തുനിഷ്ടമായ നിലനില്പിനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കില്‍ -ഈ ആശയം വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌ നമുക്ക് ലഭിക്കുന്നത് -( കാന്റും ഇത് സമ്മതിക്കുന്നുണ്ട്) അതുപോലെ തന്നെ വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നുതന്നെ ലഭിച്ച സ്ഥലകാലങ്ങളേക്കുറിച്ചുള്ള ധാരണകളും ഭൗതികപ്രതിഭാസങ്ങളുടെ വസ്തുനിഷ്ടമായി നിലനില്ക്കുന്ന സ്ഥാനിക-കാലികഗുണങ്ങളേയും ബന്ധങ്ങളേയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പറയാം.

സ്ഥലകാലങ്ങളേക്കുറിച്ചുള്ള ആശയവാദപരമായ ധാരണയെ ഖണ്ഡിക്കുന്ന പ്രായോഗികാനുഭവങ്ങള്‍ അവയെ സബന്ധിച്ച ഭൗതികവാദപരമായ ധാരണയെ ശരിവെക്കുകയാണ് ചെയ്യുന്നത്.ഭൗതികവാദമനുസരിച്ച് ,സ്ഥലകാലങ്ങളെപ്പറ്റിയുള്ള സംവേദനത്തിന്നും സങ്കല്പത്തിനും ധാരണക്കും പുറമെ ,മനുഷ്യന്റെ ബോധമനസ്സിന്‌ വെളിക്ക് നിലനില്ക്കുന്ന സ്ഥാനിക - കാലികഗുണങ്ങളും ബന്ധങ്ങളുമുണ്ടു.എല്ലാ ഭൗതിക പ്രതിഭാസങ്ങളിലും സ്വതവേയുള്ളതാണ്‌ ഈ ബന്ധങ്ങള്‍.സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ അസ്തിത്വത്തിന്റെ സാര്‍വ്വത്രിക രൂപങ്ങളാണ്.

ഭതികവാദപരമായ ഈ വീക്ഷണത്തിന്ന് അടിസ്ഥാനം എന്താണ്‌? ഒന്നാമതായി,മനുഷ്യന്റെ മനസ്സില്‍ നിന്നും ഇച്ഛയില്‍ നിന്നും സ്വതന്ത്രമായിട്ടാണ്‌ അവബോധങ്ങള്‍ നടക്കുന്നത്.ബോധമനസ്സിന്ന് വെളിക്ക് നിലനില്ക്കുന്ന വസ്തുക്കളാണ്‌ അവബോധങ്ങള്‍ ഉണ്ടാക്കുന്നതെന്നകാര്യം അംഗീകരിക്കാന്‍ കാന്റ് ഉള്‍പ്പെടേയുള്ള മിക്ക തത്വചിന്തകരേയും നിര്‍ബ്ബന്ധിതരാക്കുന്ന സംഗതികളില്‍ ഒന്നാണിത്.

രണ്ടാമതായി,സ്ഥലകാലപരിധിക്കുള്ളില്‍ മാത്രം നടക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച ഗവേഷണത്തില്‍ നിന്നാണ്‌ പ്രകൃതിയേപ്പറ്റി നമുക്ക് ഏറ്റവും ആധികാരികമായ വിജ്ഞാനം കൈവരുന്നത്.ഭൂമിയുടെ പുറം തോടിന്റെ പാളികളുടെ സ്ഥാനികനിലയേയും ഭൂഖണ്ഡങ്ങളുടെ കിടപ്പിനേയും മറ്റും പറ്റിയും മാറി മാറി വന്നിട്ടുള്ള ജിയോളജിയ യുഗങ്ങളുടെ ദൗര്‍ഘ്യത്തേപ്പറ്റിയുള്ള വിവരങ്ങള്‍ ഇല്ലായിരുന്നു വെങ്കില്‍ ഭൂഗര്‍ഭശാസ്ത്രത്തിന്റെ ( ജിയോളജിയുടെ )സ്ഥിതി എന്താകുമായിരുന്നു? വിദ്യുത്കാന്തികമേഖലകളുടെ സ്ഥാനിക കിടപ്പിനേപ്പറ്റിയും വിദ്യുത്കാന്തികതരംഗങ്ങള്‍ക്ക് സ്ഥലകാലങ്ങളിലുള്ള ഗതിയേപ്പറ്റിയുള്ള വിവരങ്ങള്‍ തട്ടിക്കഴിച്ചാല്‍ പിന്നെ വിദ്യുത്കാന്തികസിദ്ധാന്തത്തില്‍ എന്താണ്‌ ശേഷിക്കുക.? യഥാര്‍ത്ഥലോകത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന സ്ഥലകാല ധാരണകള്‍ കൂടാതെ പ്രകൃതിശാസ്ത്രത്തിന്ന് നിലനില്ക്കാനാവില്ല.

മൂന്നാമതായി,ജന്തുക്കള്‍ പ്രകൃതിയിലുള്ള സ്ഥാനിക-കാലികബന്ധങ്ങളുമായി തങ്ങളുടെ പ്രവൃത്തികളെ കോര്‍ത്തിണക്കുന്നുണ്ടെന്ന് അവയുടെ പെരുമാറ്റം തെളിയിക്കുന്നുണ്ട്. മനസ്സിന് വെളിക്ക് സ്ഥലകാലങ്ങളില്ലെന്ന് പറഞ്ഞിരുന്ന മാഹ് പോലും അത്രയും കാര്യം സമ്മതിച്ചു. ചുറ്റുപാടുകളനുസരിച്ച് ഒത്തിണങ്ങുന്നതിനു പറ്റിയ ജീവശാസ്ത്രപരമായ പ്രതികരണങ്ങള്‍ പ്രദാനം ചെയ്യുന്ന “..ഗതിനിര്‍ണ്ണയസംവേദനക്രമങ്ങളാണ് സ്ഥലകാലങ്ങള്‍ (”ചരിത്ര-വിമര്‍ശനവീക്ഷണത്തില്‍നിന്ന് ബലതന്ത്ര വികാസത്തേക്കുറിച്ച് ഏണസ്റ്റ് മാഹ് നടത്തിയ നിരൂപണം “ലൈപ്സിഗ്,1897,പേജ്498) എന്ന് അദ്ദേഹം എഴുതി.ഇത് തീര്‍ച്ചയായും മനുഷ്യര്‍ക്കും ബാധകമായിട്ടുള്ളതാണ്‌. ”മനുഷ്യന്‌ ജീവശാസ്ത്രപരമായി സോദ്ദേശകരമായ ഒരു ഗതിനിര്‍ണ്ണയം നല്‍കാന്‍ സ്ഥലകാലസംവേദനങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഈ സംവേദനങ്ങള്‍ മനുഷ്യനു പുറത്തുള്ള ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം, ലെനിന്‍ എഴുതി;“ മനുഷ്യനു അവന്റെ ചുറ്റുപാടുകളേപ്പറ്റി വസ്തുനിഷ്ടമായി ശരിയായ ഒരു ധാരണ നല്‍കാന്‍ അവന്റെ സംവേദനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ ഈ ചുറ്റുപാടുകളുമായി ജീവശാസ്ത്രപരമായി ഇണങ്ങിച്ചേരാന്‍ അവന്‌ സാധിക്കുമായിരുന്നില്ല.” (ലെനിന്‍.സമാഹൃതകൃതികള്‍ വാല്യം 14,പേജ്178)

നാലാമതായി, മനുഷ്യന്‍ ( മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി )ആവശ്യാനുസൃതം ചുറ്റുപാടുകളെ രൂപാന്തരപ്പെടുത്തി എടുക്കുന്നു.അങ്ങിനെ ചെയ്യുമ്പോള്‍ അവന്‍ സ്ഥലകാലങ്ങളേക്കുറിച്ചുള്ള തന്റെ ധാരണകള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. ഈ ധാരണകള്‍ യഥാര്‍ത്ഥവസ്തുക്കള്‍ തമ്മില്‍ വസ്തുനിഷ്ടമായി നിലവിലുള്ള ബന്ധങ്ങളുടെ ശരിയായപ്രതിഫലനം ആയിരുന്നില്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നതിന് അവയെ ആശ്രയിക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടാതിരിക്കാന്‍ തരമില്ലായിരുന്നു.

2,പദാര്‍ത്ഥത്തിന്ന് പുറത്ത് സ്ഥലകാലങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ?


പരമാണുക്കളില്‍ നിന്ന് സ്വതന്ത്രമായി അനന്തമായ ഒരു ശൂന്യത നിലനില്‍ക്കുന്നുണ്ട്,ഈ ശൂന്യതയിലാണ്‌ പരമാണുക്കള്‍ നീങ്ങുന്നത്. പതിനേഴാം ശതകത്തില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ഭൗതികവാദിയായ ഗസ്സേന്ദി ഏഴുതിയത് പോലെ പരമാണുക്കള്‍ക്ക് പുറത്തു കാലം മാത്രമാണുള്ളത്; കാലം വസ്തുക്കളെ ആശ്രയിച്ചല്ല ഇരിക്കുന്നത്. കാരണം വസ്തുക്കള്‍ നിലവിലുണ്ടായാലും ഇല്ലെങ്കിലും, അവ ചലിച്ചാലും ഇല്ലെങ്കിലും കാലം ഒരേപോലെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.അത് യാതൊരു മാറ്റത്തിനും വിധേയമല്ല.സ്ഥലകാലങ്ങള്‍ എന്നത് വസ്തുനിഷ്ടമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന മിക്ക തത്വ ചിന്തകരുടേയും (പ്രാചീനകാലത്തെ തത്വജ്ഞാനികള്‍ മുതല്‍ 18-ആം ശതകത്തിലെ തത്വജ്ഞാനികള്‍ വരെ ) അഭിപ്രായം മേല്പറഞ്ഞ തരത്തിലുള്ളതായിരുന്നു.എങ്കിലും പദാര്‍ത്ഥത്തിന്ന് പുറത്ത് നിലനില്പില്ലാത്ത സ്ഥാനികബന്ധങ്ങളും ഗുണങ്ങളും വസ്തുക്കളില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണെന്നും ശൂന്യത എന്നൊന്ന് നിലവിലില്ലെന്നുമാണ് സമുന്നത ഗ്രീക്ക് തത്വജ്ഞാനിയായ അരിസ്റ്റോട്ടില്‍ (384-322 BC) സമര്‍ത്ഥിച്ചിരുന്നത്

.“പ്രകൃതിക്ക് ശൂന്യതയെ ഭയമാണ് ”എന്നര്‍ത്ഥം വരുന്ന രീതിയിലാണ് മദ്ധ്യകാല യുഗങ്ങളില്‍ അരിസ്റ്റോട്ടിലിന്റെ ഈ ആശയത്തെ വ്യാഖ്യാനിച്ചിരുന്നത്.പതിനേഴാം നൂറ്റാണ്ടുവരെ അവര്‍ ഒരു പമ്പിന്റെ പ്രവര്‍ത്തനം ഇതിന് നിദര്‍ശനമായി കണ്ടിരുന്നു.പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ അതിലുള്ള ദ്രാവകം ശൂന്യത (കുഴലിലുള്ള ദ്രാവകത്തിന്റെ ലെവലിനും പിസ്റ്റനും ഇടക്കുള്ള വിടവ്) ഇല്ലാതാക്കാന്‍ വേണ്ടി അതിന്റെ തന്നെ ഭാരത്തെ തരണം ചെയ്തുകൊണ്ട് മുകളിലേക്ക് ഉയരുന്നു.സ്ഥലം (സ്പേസ്) പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന ആശയത്തെ 17-ആം നൂറ്റാണ്ടിലെ തത്വചിന്തകരായ ഡെക്കാര്‍ട്ടും ലൈബ്നിത് സും അനുകൂലിച്ചിരുന്നു.ശൂന്യത(vacuum) ക്ക് നിലനില്‍ക്കാ നാവില്ലെന്ന് വാദിച്ചുകൊണ്ട് ഡെക്കാര്‍ട്ട് എഴുതി :

“പ്രപഞ്ചത്തിലാകെ പദാര്‍ത്ഥമല്ലാതെ ...മറ്റൊന്നും ഇല്ല ”(Rene Descartes,"Les Principes de la Philosopie"റൂവാന്‍ ,1706,പേജ്92)) തൊട്ടടുത്തുള്ളവസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിച്ചുകൊണ്ട് കൂടുതല്‍ സമ്മര്‍ദ്ദം അഥവാ ആഘാതം പ്രേക്ഷണം ചെയ്യുന്നു. അത് ഞെടിയിടയില്‍ പ്രപഞ്ചത്തിലാകെ വ്യാപിക്കുന്നു. “ഏതെങ്കിലും പദാര്‍ത്ഥം ഇല്ലാത്ത യാതൊരുസ്ഥലവും ഇല്ല...”(GW Leibniz,"തെരഞ്ഞെടുത്ത തത്വശാസ്ത്ര കൃതികള്‍“,വാല്യം2 ലൈപ്സിഗ്,1915,പേജ്173) എന്ന് ലൈബ്നിത് സും എഴുതി.എങ്കിലും ശൂന്യത വാസ്തവത്തിലുള്ളതാണെന്ന് പല ശാസ്ത്രജ്ഞരും കരുതിയിരുന്നു.ക്ലാസിക്കല്‍ ബലതന്ത്രത്തിന്ന് ജന്മം നല്കിയ ഐസക്ക്ന്യൂട്ടന്‍ അവരിലൊരാളായിരുന്നു.കേവലമായ സ്പേസിലും-ജ്യോതിര്‍ഗോളങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടു ചലനമില്ലാത്ത ശൂന്യത - കേവലമായ കാലത്തിലും - പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി നിലനില്‍ക്കുന്നതും ഏതെങ്കിലും ഭൗതികപ്രക്രിയയാലോ സംഭവത്താലോ മാറ്റാനാവാത്തതുമായ തുടര്‍ച്ചയുടെ ഒരു ഒഴുക്ക് - അദ്ദേഹം വിശ്വസിച്ചിരുന്നു. ഇരുപതാം ശതകത്തിന്റെ ആരംഭഘട്ടം വരെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള ഈ ധാരണക്ക് പ്രകൃതിശാസ്ത്രത്തില്‍ വളരെ സ്വാധീനമുണ്ടായിരുന്നു.

പദാര്‍ത്ഥം കൂടാതെ സ്ഥലകാലങ്ങള്‍ക്ക് നിലനില്ക്കാനാവുമോ എന്നതിനേക്കുറിച്ച് കാര്‍ക്സും എംഗല്‍സും സുപ്രധാനങ്ങളായ ചില ആശയങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായും സ്വതന്ത്രമായുള്ള കേവലമായ സ്ഥലകാലങ്ങള്‍ നിലനില്ക്കുന്നുവെന്ന ആശയം ആത്മീയഭൗതികവാദത്തിന്റെ നിലപാടില്‍ നിന്നുകൊണ്ട് അദ്ദേഹം ആ വീ ക്ഷണത്തെ വിമര്‍ശിച്ചു.

എങ്ങിനെയാണ് ഒരു ധാരണ രൂപം കൊള്ളുന്നത്?
വസ്തുക്കളുടെ എണ്ണമറ്റഗുണദോഷങ്ങളും ബന്ധങ്ങളും അവസ്ഥകളും നോക്കിയിട്ട് അവയില്‍ നിന്ന് ഏറ്റവും സാരമായത് മാത്രം സ്വീകരിക്കുകയും ബാക്കിയുള്ളത് തിരസ്കരിക്കുകയാണല്ലോ നാം ചെയ്യുന്നത്.വ്യത്യസ്തവസ്തുക്കളും പ്രതിഭാസങ്ങളും പ്രക്രിയകളും അവയുടെ സാരാംശത്തില്‍ നമ്മുടെ ബോധമനസ്സിലുണ്ടാക്കുന്ന പ്രതിഫലനമാണമല്ലൊ ധാരണകള്‍ വാസ്തവത്തില്‍.പക്ഷെ,ദീര്‍ഘകാലം മുമ്പ് രൂപംകൊണ്ട ധാരണകളുടെ ഉറവിടം വിസ്മരിക്കപ്പെട്ടേക്കാം. അപ്പോള്‍ ഈ ധാരണക്ക് നിദാനമായിട്ടുള്ള യഥാര്‍ത്ഥവസ്തുവിന്റെ സവിശേഷതകള്‍ സ്വതന്ത്രമായി നിലനില്ക്കുന്നുവെന്ന് തോന്നിത്തുടങ്ങുകയും ചെയ്തേക്കാം.യഥാര്‍ത്ഥപ്രതിഭാസങ്ങളില്‍ നിന്ന് അവയുടെ സ്ഥലകാലബന്ധങ്ങളെ വേര്‍പെടുത്തിക്കൊണ്ട് രൂപീകരിക്കുന്ന സ്ഥലകാലധാരണകള്‍ക്ക് സംഭവിക്കുന്നതും അതു തന്നേയാണ്.
യഥാര്‍ത്ഥവസ്തുക്കളുടെ ഉയരം, നീളം,വീതി എന്നിവയും യഥാര്‍ത്ഥപ്രക്രിയകളുടെ സമകാലത,ആവര്‍ത്തനം,കാലയളവ് എന്നിവയും ഈ വസ്തുക്കളില്‍ നിന്നും പ്രക്രിയകളില്‍നിന്നും സ്വതന്ത്രമാണെന്ന് കരുതുന്നത്ശ്യാനത ശ്യാനവസ്തുക്കളില്‍നിന്ന് വേറിട്ടും സ്വതന്ത്രമായും നില്കുന്നുവെന്നും,യുക്തി മനുഷ്യരില്‍നിന്ന് വേറിട്ട് നില്കുന്നുവെന്നും കരുതുന്നത്പോലെയാണ്.“ഇത് പഴയ കഥയാണ്” എംഗല്‍സ് എഴുതി.
“ഒരുവന്‍ ആദ്യം ഇന്ദ്രിയഗോചരമായ വസ്തുക്കളെ അരൂപങ്ങളാക്കി മാറ്റുന്നു,എന്നിട്ട് ഇന്ദ്രിയങ്ങളിലൂടെ അവയെ അറിയുന്നതിന്ന് വേണ്ടി, കാലം(time)നോക്കികാണുകയും സ്ഥലം (space)മണത്തറിയുകയും ചെയ്യാന്‍ ...ശ്രമിക്കുന്നു.പദാര്‍ത്ഥമില്ലെങ്കില്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ ഈ രണ്ട് രൂപങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല,നമ്മുടെ മനസ്സില്‍ മാത്രം നില്‍ക്കുന്ന പൊള്ളയായ ധാരണകള്‍, അരൂപങ്ങള്‍,മാത്രമാണവ ”(എംഗല്‍സ് “പ്രകൃതിയിലെ വൈരുദ്ധ്യാത്മകത ”പേജ്,235),

എന്നാല്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ രൂപങ്ങളാണെന്നത് ശരിയാണെങ്കില്‍ ,പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി അവയ്ക്ക് നിലനില്പില്ലെന്നതും അത്ര തന്നെ സത്യമാണ്‌.

എംഗല്‍സ് നിര്‍ദ്ദേശിച്ച സ്ഥലകാലങ്ങളെ സംബന്ധിച്ച വൈരുദ്ധ്യാത്മകവ്യാഖ്യാനം ഈ പദാര്‍ത്ഥരൂപങ്ങളേക്കുറിച്ചുള്ള ശാസ്ത്രീയന്യേഷണം ഏതു വഴിക്ക് നീങ്ങണമെന്ന് വ്യക്തമായും ചൂണ്ടിക്കാട്ടി. ഇരുപതാം നൂറ്റാണ്ടിലെ ഊര്ജ്ജതന്ത്രം ആ വഴിതന്നെ പിന്തുടര്‍ന്നുവന്നിട്ടുണ്ട് .

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ കണ്ടുപിടിത്തങ്ങളെ,പ്രതേകിച്ചും എല്ലാ പരസ്പരകരണങ്ങളും ഒരു പരിമിതപ്രവേഗത്തിലാണ്‌ നടക്കുന്നതെന്നും പ്രകാശത്തിന്റെപ്രവേഗം പരാമര്‍ശനവ്യവസ്ഥയില്‍നിന്ന് സ്വതന്ത്രമാണെന്നുമുള്ള കണ്ടുപിടുത്തങ്ങളെ,ആധാരമാക്കിക്കൊണ്ട് ആല്ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) ആപേക്ഷികതാസിദ്ധാന്തത്തിന് രൂപം നല്കി.സ്ഥലകാലങ്ങളുടെ ഗുണവിശേഷങ്ങള്‍ സമീപസ്ഥപദാര്‍ത്ഥത്തിന്റെ ചലനങ്ങളില്‍ നിന്ന് സ്വതന്ത്രമാണെന്ന വാദത്തിന്ന് ഈ സിദ്ധാന്തം വിരാമമിട്ടു.അദ്ദേഹത്തിന്റെ സിദ്ധാന്തം സംഷിപ്തമായി വിവരിക്കുവാന്‍ പറഞ്ഞപ്പോള്‍ ഐന്‍സ്റ്റൈന്‍ പ്രസ്താവിച്ചത് ഇപ്രകാരമാണ്‌: “ലോകത്തിലെ എല്ലാവസ്തുക്കളും തിരോഭവിച്ചാലും സ്ഥലകാലങ്ങള്‍ ശേഷിക്കുമെന്നാണ്‌ മുമ്പ് കരുതിയിരുന്നത്.എന്നാല്‍,ആപേക്ഷികതാസിദ്ധാന്തമനുസരിച്ച് വസ്തുക്കളുടെ തിരോധാനത്തോടെ സ്ഥലകാലങ്ങളും തിരോഭവിക്കണം.

” പ്രത്യേക ആപേക്ഷികതാസിദ്ധാന്തപ്രകാരം, എല്ലാഭൗതികവസ്തുക്കളും പ്രക്രിയകളും സ്ഥലകാലങ്ങളുടെ അഭേദ്യരൂപത്തിലാണ് നിലനില്ക്കുന്നത്.സ്ഥകകാലങ്ങള്‍ വ്യത്യസ്തമെങ്കിലും ഇതിന്റെ അഭേദ്യവശങ്ങളാണ്. രണ്ട്സംഭവങ്ങള്‍ക്കിടയില്‍ ഒരു സ്ഥലകാല ഇടവേളയുണ്ട് ;ഇത് പരാമര്‍ശനത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് സ്വതന്ത്രമാണ്.സംഭവങ്ങള്‍ക്കിടക്കുള്ള കാലത്തിന്റേതായ ഇടവേള അവയുടെ സ്ഥലകാലസ്വഭാവവിശേഷത്തിന്റെ ഒരു വശം മാത്രമാണ്.പരാമര്‍ശനവ്യവസ്ഥ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും.സ്ഥാനിക ഇടവേളയെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി.അതിന്റെ ദൗര്‍ഘ്യവും പരാമര്‍ശനവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

സാമാന്യ ആപേക്ഷികതാ സിദ്ധാന്തപ്രകാരം സ്ഥലകാലമാതൃക(പാറ്റേണ്‍) സമീപസ്ഥപദാര്‍ത്ഥത്തിന്റെ നിലനില്പ്പിന്റെ പ്രത്യക്ഷത്തിലുള്ള അനന്തരഫലങ്ങളാണ്.തിരിച്ച് അവയ്ക് ആ പദാര്‍ത്ഥത്തിന്റെ ചലനങ്ങളിന്മേല്‍ കാരണാത്മകമായ ഒരു സ്വാധീനമുണ്ട് .സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ഥലകാലമാതൃകകളില്‍ മാറ്റമുണ്ടാകുമെന്ന് കൂടി ഇവിടെ പ്രസ്ഥാവിച്ച്കൊള്ളട്ടെ.അങ്ങിനെ നോക്കുമ്പോള്‍ സാധാരണ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിട്ടുള്ളതാണ് ബ്രഹ്മാണ്ഡത്തിലെ സ്ഥിതി.

പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ സ്ഥലകാലം എന്ന ഏകകേവലരൂപം വെവ്വേറെയുള്ള ആപേക്ഷികമായ കാലിക - സ്ഥാനികബന്ധങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ കണ്ടുപിടുത്തങ്ങള്‍ തെളിയിച്ചിട്ടുണ്ട് .സ്ഥലവും കാലവും പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന് മാത്രമല്ല ,അവയുടെ മാതൃക പദാര്‍ത്ഥപിണ്ഡങ്ങളുടെ വിതരണം ,ഗതി,പരസ്പരകരണം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും,സ്ഥലകാലങ്ങളുടെ പൊതുവായ സവിശേഷതകള്‍ ഭൗതികപ്രതിഭാസങ്ങളുടെ സ്വഭാവവും വൈപുല്യവുമനുസറിച്ച് വ്യത്യസ്ത സ്ഥലകാല മാതൃകകളിലാണ്‌ പ്രകടമാക്കപ്പെടുന്നതെന്നും തെളിഞ്ഞിട്ടുണ്ട് .

ആശയവാദികള്‍ അവര്‍ക്ക് അനുകൂലമായി ഈ കണ്ടുപിടുത്തങ്ങളെ വ്യാഖ്യാനിക്കാന്‍ നോക്കുന്നു. ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും പരാമര്‍ശനചട്ടക്കൂടിനെ ആശ്രയിച്ചിരിക്കുന്നുവെന്നതിന്റെ അര്‍ത്ഥം സ്ഥലകാലബന്ധങ്ങള്‍ പദാര്‍ത്ഥത്തില്‍ സ്വതവേയുള്ളതല്ല,മറിച്ച് നിരീക്ഷകന്റെ ആത്മനിഷ്ടഗുണങ്ങളേയും അനുഭവങ്ങളേയും മാത്രം ആശ്രയിച്ചിരിക്കുന്നവയാണെന്ന് ആശയവാദികള്‍ തറപ്പിച്ചുപറയുന്നു.അങ്ങിനെ ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും നമ്മുടെ ബോധത്തില്‍ മാത്രം നിലനില്ക്കുന്നതാണെന്ന് ആശയവാദികള്‍ സമര്‍ത്ഥിക്കുന്നു.ആ
പേക്ഷികതാസിദ്ധാന്തത്തില്‍നിന്ന് തെളിയുന്നത് ഇതാണെന്ന്,ഉദാഹരണത്തിന്ന്‍ , ഡിംഗിള്‍ അവകാശപ്പെടുന്നു “ പദാര്‍ത്ഥത്തിന് എന്തെങ്കിലും ഗുണങ്ങള്‍ കല്‍പ്പിക്കാനുള്ള എല്ലാശ്രമങ്ങളില്‍ നിന്നും ഒഴിയുകയാണ്” ഈ സിദ്ധാന്തം ചെയ്യുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.എന്നാല്‍ മാക്സ്ബോണ്‍ നേരെമറിച്ചാണ് പറയുന്നത്. “ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഒരു വളച്ചൊടിക്കലാണിത്.” ബോണ്‍ എഴുതുന്നു:“പദാര്‍ത്ഥത്തിന്ന് ഗുണങ്ങള്‍ കല്പിക്കാനുള്ള ശ്രമം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഈ സിദ്ധാന്തം ചെയ്തിട്ടുള്ളത്..

.” ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ മാക്സ്ബോണ്‍ നിര്‍ദ്ദേശിച്ച ഉദാഹരണം ചുവടേ വിവരിക്കും പ്രകാരമാണ്.; ഏതെങ്കിലും കാരണത്താല്‍ ഒരു കാര്‍ഡ്ബോര്‍ഡ് കൊണ്ടുള്ള ഒരു വൃത്തം നമുക്ക് കാണാന്‍ കഴിയുന്നില്ലെന്ന് സങ്കല്‍പ്പിക്കുക.എന്നാല്‍ അതില്‍നിന്ന് വ്യത്യസ്ത കോണങ്ങളിലായി വെച്ചിട്ടുള്ള സ്ക്രീനുകളില്‍ പതിയുന്ന അതിന്റെ നിഴലുകള്‍ നമുക്ക് കാണാന്‍ കഴിയും ഈ നിഴലുകളെല്ലാം ദീര്‍ഘാകൃതിയില്‍ ഉള്ളതായിരിക്കുമെന്നതൊഴിച്ചാല്‍ അവ വ്യത്യസ്തങ്ങളായിരിക്കും .ദീര്‍ഘവൃത്താകൃതിയിലുള്ള നിഴലുകളുടെ അക്ഷങ്ങള്‍ പരിശോധിച്ചാല്‍ ഈ നിഴലുകള്‍ ഒരു വൃത്തത്തില്‍ നിന്ന് പതിച്ചിട്ടുള്ളതാണെന്ന് നമുക്ക് കാണാന്‍ കഴിയും.ആ വൃത്തത്തിന്റെ വ്യാസാര്‍ദ്ധം എത്രയെന്ന് കണ്ടുപിടിക്കാനും നമുക്ക് സാധിക്കും.
പരാമര്‍ശനവ്യവസ്ഥകളുടെ പങ്കു വഹിക്കുന്ന മറ്റു വസ്തുക്കളുമായി(സ്ക്രീനുകള്‍)ആപേക്ഷികമായി നോക്കുമ്പോള്‍ ബന്ധപ്പെട്ടവസ്തുവിന്റെ(കാര്‍ഡ്ബോര്‍ഡ് വൃത്തം) ഗുണങ്ങളുടെ പ്രക്ഷേപങ്ങള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ,പരിശോധിക്കപ്പെടുന്ന വസ്ത്വിന്റെ(വൃത്തത്തിന്റെ) യഥാര്‍ത്ഥഗുണങ്ങള്‍ ഇതിലെല്ലാറ്റിലും ഒരേ പോലിരിക്കുന്നത് കാണാം .നിഴലുകളുടെ വ്യത്യസ്താകൃതിയും വലിപ്പവും കാര്‍ഡ്ബോര്‍ഡ് വൃത്തത്തിന്റെ കേവലമായ ആകൃതിയുടേയും വലിപ്പത്തിന്റേയും ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്‌.അത്പോലെതന്നെ, വസ്തുക്കളുടെ വ്യത്യസ്തമായ നീളവും വ്യത്യസ്ഥകാല ഇടവേളയും സ്ഥലകാല ഇടവേളകളുടെ കേവലദൗര്‍ഘ്യത്തിന്റെ - ഇത് പരാമര്‍ശനവ്യവസ്ഥയില്‍ നിന്ന് സ്വതന്ത്രവുമാണ്- ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്‌.വൃത്തത്തില്‍ നിന്ന് പതിയുന്ന നിഴലുകള്‍ വൃത്തത്തേയും സ്ക്രീനുകളേയും പോലെതന്നെ യഥാര്‍ത്ഥമായിട്ടുള്ളതാണ്‌.വിഭിന്നപരാമര്‍ശനവ്യവസ്ഥകളിലുള്ള വസ്തുക്കളുടെയും കാലിക ഇടവേളകളുടേയും വ്യത്യസ്ത ദൗര്‍ഘ്യങ്ങള്‍ സ്ഥലകാല ഇടവേളകളേയും(ഇവ അതിന്റെ അഭിവ്യജ്ഞനങ്ങളാണല്ലോ) തദനുസൃതമായ പരാമര്‍ശനവ്യവസ്ഥകളേയും പോലെ തന്നെ യഥാര്‍ത്ഥവും ബോധമനസ്സില്‍ നിന്ന് അത്രതന്നെ സ്വതന്ത്രവുമാണ്

ഈ പുതിയ സിദ്ധാന്തംസ്ഥലകാലങ്ങള്‍ക്ക് നല്‍കുന്ന വ്യാഖ്യാനം വൈരുദ്ധ്യാത്മകം മാത്രമല്ല ഭൗതികവാദപരവുമാണ്.

പ്രകൃതിശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തില്‍ നിന്നുള്ള തത്വശാസ്ത്രപരമായ നിഗമനങ്ങള്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തില്‍നിന്നെന്നപോലെ പരസ്പരവും അഭേദ്യവുമായിട്ടുള്ളതുമാണെന്ന വൈരുദ്ധ്യാത്മകഭൗതികവാദനിലപാടിനെശരിവെച്ചിട്ടുണ്ടെന്ന് മാത്രമല്ല,ആ പ്രസ്താവനയെ കൂടുതല്‍ ശുദ്ധിചെയ്ത് സമ്പുഷ്ടമാക്കുന്നതിനുള്ള സാദ്ധ്യതസൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

(വിവർത്തനം :എം.എസ്.രാജേന്ദ്രൻ)

അഭിപ്രായങ്ങളൊന്നുമില്ല: