2011, ജനുവരി 16, ഞായറാഴ്‌ച

പദാർത്ഥവും ചലനവും

1,ചലനം കൂടാതെ പദാര്‍ത്ഥം ഉണ്ടോ?

ഈ ചോദ്യത്തിന്ന് മറുപടി പറയുന്നതിന്ന് ആദ്യമായി പദാര്‍ത്ഥം എന്തെന്നും ചലനം എന്തെന്നും മനസ്സിലാക്കേണ്ടതുണ്ട് .പദാര്‍ത്ഥത്തിന്റെ സ്വഭാവത്തെപ്പറ്റി നാം കഴിഞ്ഞപോസ്റ്റില്‍ ചര്‍ച്ചചെയ്തിട്ടുണ്ടല്ലൊ. ചലനത്തെ സംബന്ധിച്ച് പറഞ്ഞാല്‍ യന്ത്രികചലനം പദാര്‍
ത്ഥ ചലനത്തിന്റെ ഒരു രൂപം മാത്രമാനെന്ന്, പരസ്പരം ബന്ധപ്പെട്ടതെങ്കിലും പലേ രൂപങ്ങളും അതിനുണ്ടെന്ന് ,19-ആം നൂറ്റാണ്ടില്‍ തന്നെ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.പദാര്‍ത്ഥത്തിന്റെ ചലന രൂപങ്ങളേപ്പറ്റിയുള്ള മാര്‍ക്സിസ്റ്റ് ധാരണയുടെ മൗലികതത്വങ്ങള്‍ താഴെപ്പറയും പ്രകാരമാണ്‌ എംഗല്‍സ് ആവിഷ്കരിച്ചിട്ടുള്ളത്.

ഒന്നാമതായി,പദാര്‍ത്ഥചലനരൂപങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്ത
മായിട്ടുള്ളതാണ്‌; ഒന്നു മറ്റൊന്നായി ചുരുക്കാന്‍ പറ്റുന്ന തരത്തിലുള്ളതല്ല അവ.ഉദാഹരണത്തിന്ന്,ഒരു ജന്തുവിന്റെ ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രക്രിയകളിലും ജന്തുലോകത്തില്‍ ഒരു പ്രത്യേകജാതിയുടെ ഉരുത്തിരിയലിലും രാസക്രിയകള്‍ മുഖ്യമായെരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ജന്തുജീവിതത്തെ ചലനത്തിന്റെ ഒരു രാസരൂപം ആക്കിചുരുക്കുന്നത് വളരെ തെറ്റായിരിക്കും.ജീവന്റെ ആവിര്‍ഭാവത്തോടെ, അചേതനപ്രകൃതിയില്‍ കാണാനാവാത്ത ജീവശാസ്ത്രനിയമങ്ങള്‍ ആ രംഗത്ത് പ്രബലമാകുന്നു;ജീവന്‍ ചലനത്തിന്റെ ഒരു രൂപമാണ്‌;മറ്റേതൊരു രൂപത്തില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ്‌ ഇത് (മറ്റു ചലനരൂപങ്ങളുമായി പരസ്പരബന്ധമുള്ളതാണെങ്കില്‍പ്പോലും).
രണ്ടാമതായി,ചില സാഹചര്യങ്ങളില്‍ ചില ചലനരൂപങ്ങള്‍ മറ്റുരൂപങ്ങളായി പരിണമിക്കുന്നു.അങ്ങിനെ,പദാര്‍ത്ഥവികാസത്തിന്റേയും രാസപ്രക്രിയകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിന്റേയും ഒരു ഘട്ടത്തില്‍ ജീവന്‍ പദാര്‍ത്ഥചലനത്തിന്റെ ഒരു പുതിയ രൂപം ആയിപ്രത്യക്ഷപ്പെടുകയാണുണ്ടായത്.അതുപോലെ ജന്തുലോകത്തിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മനുഷ്യനും അതില്‍നിന്ന് ഒറ്റതിരിക്കപ്പെട്ടു.പദാര്‍ത്ഥചലനത്തിന്റെ ഒരു പുതിയ രൂപം,അതായത് സാമൂഹ്യപ്രക്രിയകള്‍,അതോടെ ആവിര്‍ഭവിച്ചു.
മൂന്നാമതായി,പദാര്‍ത്ഥചലനത്തിന്റെ സങ്കീര്‍ണ്ണരൂപങ്ങള്‍ താരതമ്യേന ലളിതമായ രൂപങ്ങളും ഉള്‍ക്കൊള്ളുന്നു;എന്നാല്‍ അത് അവയുടെ ആകെത്തുകയല്ല.രാസക്രിയകളില്‍ നിര്‍ണ്ണായകമായ പങ്ക് രസതന്ത്രനിയമങ്ങള്‍ക്കാണെങ്കിലും വിദ്യുത്കാന്തികവും മറ്റുമായ ഭൗതികപ്രക്രിയകള്‍ ഇതില്‍ സ്വഭാവികമായും അന്തര്‍ഭവിച്ചിട്ടുണ്ട്.അതുപോലെ സസ്യങ്ങളിലും ജന്തുജീവികളിലും നടക്കുന്ന എല്ലാ ജീവത്തായ പ്രക്രിയകളിലും നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നത് ജീവശാസ്ത്രനിയമങ്ങളാണെങ്കിലും അവയിലെല്ലാം അസംഖ്യം രാസക്രിയകളും നടക്കുന്നുണ്ട്.മനുഷ്യനില്‍ നടക്കുന്ന ജീവശാസ്ത്രപ്രക്രിയകള്‍ സ്വാഭാവികമായും സാമൂഹ്യപ്രക്രിയകളിലെല്ലാം ഉണ്ടാകും .പക്ഷെ,സമൂഹ(സമുദായ) വികാസനിയമങ്ങളാണ് സാമൂഹ്യപ്രക്രിയയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നതെന്ന് തീര്‍ത്ത് പറയാം.

ശാസ്ത്രങ്ങളുടെ തരംതിരിവിന്‌ നിദാനമായിട്ടുള്ളത് പദാര്‍ത്ഥചലനരൂപങ്ങളുടെ തരംതിരിവാണെന്ന പ്രധാനപ്പെട്ട ആശയവും എംഗല്‍സ് മുമ്പോട്ട് വെക്കുകയുണ്ടായി.ശാസ്ത്രത്തിന്റെ പിന്നീടുള്ള പുരോഗതി ഈ ആശയങ്ങളെ പൂര്‍ണ്ണമായും ശരിവെച്ചിട്ടുണ്ട്.

ആധുനികശാസ്ത്രീയസങ്കല്പങ്ങളുടെ വെളിച്ചത്തില്‍ പദാര്‍ത്ഥചലനത്തിന്റെ രൂപങ്ങളെ താഴെപറയുന്ന ഗ്രൂപ്പുകളായി വേര്‍തിരിക്കാം:1) ഭൗതികരൂപങ്ങള്‍ ,അഥവാ സ്ഥലം (apace),പ്രവേഗം,ദ്രവ്യമാനം,ഊര്‍ജ്ജം,വൈദ്യുതചാര്‍ജ്ജ്,താപം,വ്യാപ്തം(volume) തുടങ്ങി യഥാര്‍ത്ഥവസ്തുക്കളുടെ ഗുണവിശേഷങ്ങളില്‍ വരുന്ന മാറ്റം;
2)രാസരൂപങ്ങള്‍ ,അഥവാ വസ്തുദ്രവ്യങ്ങളുടെ രൂപാന്തരീകരണം,പരമാണുക്കളുടെ സംയോഗം - പുനസംയോഗം;
3) ജീവശാസ്ത്രരൂപങ്ങള്‍,അഥവാ സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവിതവും മാറ്റങ്ങളും;
4 )സാമൂഹ്യരൂപങ്ങള്‍ ,അഥവാ മനുഷ്യസമുദായത്തില്‍ നടക്കുന്ന, ഈ സമുദായത്തില്‍ മാത്രം ഉണ്ടാകുന്ന ,മാറ്റങ്ങള്‍.

ഈ ചലനരൂപങ്ങളില്‍ ഓരോന്നും വസ്തുനിഷ്ടമായി,മനസ്സിന്ന് പുറത്ത് നിലനില്ക്കുന്നതാണ്;അവയിലോരോന്നും ഓരോ ഭൗതികപ്രക്രിയയുമാണ്‌.നേരേമറിച്ച്,മനുഷ്യന്റെ വികാരങ്ങളുടേയും ഭാവങ്ങളുടേയും ആശയങ്ങളുടേയും ചലനം മനുഷ്യമനസ്സില്‍ മാത്രം നിലനില്ക്കുന്നതാണ്‌. വികാരങ്ങള്‍ക്കും ആശയങ്ങള്‍ക്കും അവയുടെ ഭൗതികാസ്ഥാനമായ മസ്തിഷ്ക്കത്തെക്കൂടാതേയുള്ള ഒരു നിലനില്പ് ഇല്ലതന്നെ.“ എന്നാല്‍,ചിന്ത ഭൗതികമാണെന്നു പറയുന്നത്”ലെനിന്‍ എഴുതി“ തെറ്റായ ഒരു ചുവടുവെപ്പായിരിക്കും,ഭൗതികവാദത്തേയും ആശയവാദത്തേയും തമ്മില്‍ കൂട്ടിക്കുഴക്കുന്ന ഒരു ചുവടുവെപ്പായിരിക്കും” (ലെനിന്‍ സമാഹൃതകൃതികള്‍,വാല്യം 14 പേജ് 244)വികാരങ്ങളും ആശയങ്ങളും ഒരു സാമൂഹ്യപ്രതിഭാസം തന്നെയാണ്‌.അതേസമയംതന്നെ ആ
ധ്യാത്മികപ്രക്രിയകളുമാണവ..ഇവയെ മറ്റെല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും -ഭൗതികപ്രക്രിയകളാണവയെല്ലാം - നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന സംഗതി ഇതാണ്‌.

ബലതന്ത്ര (യാന്ത്രിക) ഭൗതികവാദികളുടെ വീക്ഷണത്തിന്റെ ഏകപക്ഷീയതയെ ഇത് വെളിപ്പെടുത്തുന്നു.ചലനം എന്നു പറയുന്നത് സ്ഥലപരിമിതിക്കുള്ളിലെ സാധനങ്ങളുടെ നീക്കമായി അവര്‍ കരുതുന്നു.ഈ നീക്കമാകട്ടെ ബലതന്ത്രനിയമങ്ങളിലൂടെ പൂര്‍ണ്ണമായി വിശദീകരിക്കാവുന്നതാണെന്നും അവര്‍ കരുതുന്നു. ഈ പ്രക്രിയക്കിടയില്‍ സാധനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ പഴയ രൂപത്തില്‍ തന്നെ ഇരിക്കുമത്രെ.ഈ സങ്കല്പമനുസരിച്ച് പദാര്‍ത്ഥം മാറ്റമില്ലാത്തതും ചലനരഹിതവുമാണ്‌.എന്നുവരികിലും,പ്രകൃതി ശാസ്ത്രം പ്രകൃതിരഹസ്യങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലിറങ്ങിച്ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ സ്പഷ്ടമായി വരുന്നത് പ്രകൃതിയില്‍ മാറ്റമില്ലാത്ത യാതൊരു വസ്തുക്കളുമില്ലെന്നും, പദാര്‍ത്ഥചലനം ഒരൊറ്റ ചലനരൂപമായി ചുരുങ്ങിയിട്ടുള്ളതല്ലെന്നും, മറിച്ച് ഏത് രൂപത്തിലുള്ള മാറ്റത്തേയും അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നുമാണ്‌..

അപ്പോള്‍ ഈ പ്രപഞ്ചത്തില്‍ നിശ്ചലമായ യാതൊന്നുമില്ലെന്നാണോ പറയുന്നത്?
അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവാപ്രവാഹം ഘനീഭവിച്ച് പാറയായിത്തീരുമ്പോള്‍ അത് നിശ്ചലമാണെന്ന് തോന്നും .എന്നു വരികിലുംതാപനിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ,മഴ,കാറ്റ്,തിരമാല,വിദ്യുത്കാന്തികപ്രക്രിയകള്‍ എന്നിവമൂലം ഇങ്ങനെ ഉറച്ച പാറക്കെട്ടുകളിലും നിരന്തരമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. തന്മൂലം ഇന്നല്ലെങ്കില്‍ നാളെ ഈ പാറക്കെട്ടുകളും തകര്‍ന്നുതുടങ്ങും.പാറയുടെ നിശ്ചലാവസ്ഥ സുദീര്‍ഘമാണെന്ന് വന്നേക്കാമെങ്കിലും മാറ്റമുള്ളതാണ്‌ അതും.അവസാനമായി,ഭൂമിയേപ്പോലെ പാറയുടേയും നീക്കം സൂര്യനെ അപേക്ഷിച്ചിരിക്കുന്നതാണ്‌.ബലതന്ത്രമനുസരിച്ച് പരസ്പരം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയിലിരിക്കുന്ന രണ്ട് വസ്തുക്കള്‍ മൂന്നാമതൊരു വസ്തുവിനെ അപേക്ഷിച്ച് താദൃശങ്ങളായ ചലനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌.ഇതിനാല്‍ നിശ്ചലമായിരിക്കുന്ന ഏതൊരു വസ്തുവിനും നീക്കമുണ്ട്.ഏതെങ്കിലും നിശ്ചിതബന്ധത്തിന്റെ കാര്യത്തില്‍ മാത്രമാണ്‌ അതിന്റെ നിശ്ചലത. ഇതില്‍നിന്ന് നിശ്ചലതയും ചലനത്തിന്റെ ഒരുതരം ഉദാഹരണമാണെന്ന് സിദ്ധിക്കുന്നുണ്ടല്ലോ.

നിശ്ചലത താല്ക്കാലികവും സാപേക്ഷികവുമാണെങ്കില്‍,ചലനം ശാശ്വതവും കേവലവുമായിട്ടുള്ളതാണ്‌.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അത് സൃഷ്ടിക്കാനാവാത്തതും നാശമില്ലാത്തതുമാണ്‌.

ഇക്കാരണത്താല്‍, ചലനം പദാര്‍ത്ഥത്തെ സംബന്ധിടത്തോളം അനുപേക്ഷണീയമല്ലെന്നും,ചലനംകൂടാതേയുള്ള പദാര്‍ത്ഥം സാദ്ധ്യമാണെന്നും തെളിയിക്കാന്‍ പറ്റുന്ന തരത്തില്‍ പ്രകൃതിനിയമങ്ങളെ ദുര്‍വ്യാഖ്യാനിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കയാണ്‌.താപഗതികതന്ത്രത്തിലെ(thermodynamics)രണ്ടാമത്തെ നിയമം ഇതിന്നൊരുദാഹരണമാണ്‌.പുറമേ നിന്ന് യാതൊരു വിധത്തിലും ഊര്‍ജ്ജം ലഭിക്കുകയോ പുറമേക്ക് അത് നഷ്ടപ്പെടുകയോ ചെയ്യാനാവാത്തവിധം അടച്ച്പൂട്ടിയ ഒരു
വ്യവസ്ഥ(system)യില്‍ എല്ലാ രൂപത്തിലുമുള്ള ഊര്‍ജ്ജം താപമായി രൂപാന്തരം ചെയ്യപ്പെടുമെന്ന് ഈ നിയമം പറയുന്നു.ചൂടുള്ള വസ്തുവില്‍നിന്ന് ചൂടില്ലാത്ത വസ്തുവിലേക്ക്മാത്രമേ താപം പകരാന്‍ സാധിക്കൂ എന്നതിനാല്‍ ഇപ്രകാരമൊരു വ്യവസ്ഥയുടെ എല്ലാ ഭാഗങ്ങള്‍ക്കും ഒടുവില്‍ ഒരേ ചൂടുള്ള ഒരു അവസ്ഥ സംജാതമാവുകയും,വ്യവസ്തക്കാകെ തന്നെ താപസന്തുലനം ഉണ്ടാവുകയും ചെയ്യണം. ഈ അവസ്ഥയില്‍ ഒരു രൂപത്തിലുള്ള ഊര്‍ജ്ജം മറ്റൊരു രൂപത്തിലുള്ളതാകുന്നില്ല. പ്രപഞ്ചത്തെ മുഴുവന്‍ അപ്രകാരമൊരു അടച്ചുപൂട്ടിയ വ്യവസ്ഥയായി കണക്കാക്കിക്കൊണ്ട് ഊര്‍ജ്ജതന്ത്രജ്ഞരായ ക്ലൗസിയസ്സും, കെല്‍ വിനും പറയുന്നത് ഒരുകാലത്ത് താപത്തിന്റേതൊഴിച്ചുള്ള എല്ല ചലനരൂപങ്ങളും തിരോഭവിക്കുകയും ,പ്രപഞ്ചത്തിന്റെ താപസന്തുലനത്തിന്റെ അഥവാ“താപവിനാശ”ത്തിന്റെ ഒരു ഘട്ടം ഉണ്ടാവുകയും ചെയ്യുമെന്നാണ്‌.

എന്നാല്‍ ഗുണാത്മകമായി പറഞ്ഞാലും ശരി പരിണാമാത്മകമായി പറഞ്ഞാലും ശരി, ചലനം നാശരഹിതമായിട്ടുള്ളതാണ്.ഒരു താപസന്തുലനം ഉണ്ടാവുകയാണെന്ന് വന്നാല്‍തന്നെയും ,ഒരു രൂപത്തില്‍നിന്ന് മറ്റൊരു രൂപത്തിലേക്കുള്ള മാറ്റം അസാദ്ധ്യമാകുന്നതോടെ,ആ വശത്തെ സബന്ധിച്ചിടത്തോളം മാത്രമേ ചലനം നിലയ്കുന്നുള്ളൂ.പ്രപഞ്ചത്തിന്റെ “താപവിനാശ”ത്തില്‍ വിശ്വസിക്കുക എന്നുപറഞ്ഞാല്‍ ചലനം നാശരഹിതമല്ലെന്ന് വിശ്വസിക്കുക എന്നാണര്‍ത്ഥമെന്ന് എംഗല്‍സ് എഴുതുകയുണ്ടായി.എന്നുതന്നെയല്ല,പ്രപഞ്ചത്തിന്റെ“താപവിനാശം” എന്നു പറയുമ്പോള്‍ ചലനത്തിന്ന് ഒരു ആദിയും ഒരു അവസാനവുണ്ടെന്നും അര്‍ത്ഥമാക്കുന്നുണ്ട്. ചലനത്തിന്ന് വ്യത്യസ്തരൂപങ്ങളായി മാറുന്നതിനുള്ള കഴിവ് ഇല്ലാതാക്കുന്ന ഒരു സമയം ഉണ്ടെങ്കില്‍ അതിന്ന് ആ കഴിവ് കൈവന്ന ഒരു സമയവും ഉണ്ടായിരുന്നിരിക്കണമല്ലൊ.പ്രപഞ്ചം താപസന്തുലനത്തിന്റെ അവസ്ഥയില്‍ എത്തുമെന്നു വിശ്വസിക്കുന്നവര്‍“ലോകനാഴികമണിക്ക് ചാവികൊടുക്കേണ്ടതുണ്ടെന്നും” വിശ്വസിക്കേണ്ടിവരും.അപ്പോള്‍ അത് സന്തുലിതാവസ്ഥയില്‍ എത്തുന്നതുവരെ ഓടിക്കൊള്ളും ഒരു മഹാത്ഭുതത്തിന്ന് മാത്രമേ പിന്നീടതിനെ നടത്തിക്കാന്‍ കഴിയൂ“(എംഗല്‍സ്,”പ്രകൃതിയിലെ വൈരുദ്ധ്യാത്മകത“പേജ്285)

ബാഹ്യമായ ഒരു ശക്തിക്ക്,പ്രകൃത്യാതീതമായ ഒരു ശക്തിക്ക് ,അതായത് ഒരു മഹാത്ഭുതത്തിന്ന്,മാത്രമേ പ്രപഞ്ചത്തെ നേരിടാന്‍ പോകുന്ന സന്തുലിതാവസ്ഥയില്‍ നിന്ന് അതിനെ കരകയറ്റാന്‍ പറ്റൂ എന്ന് വന്നാല്‍ ,ആ ശക്തി അതിനെ അതിന്റെ ഇന്നത്തെ അനിശ്ചിതാവസ്ഥയില്‍ എത്തിച്ച് മഹാത്ഭുതത്തില്‍ നിന്ന് വ്യത്യസ്ഥമാകാന്‍ തരമില്ലല്ലൊ. അങ്ങിനെ ചലനം നാശമുള്ളതാണെന്ന ആശയം - താപവിനാശ സിദ്ധാന്തത്തിന്റെപിന്നില്‍ അതാണല്ലോ ഒളിഞ്ഞ് കിട
ക്കുന്നത് - തീര്‍ച്ചയായും മതത്തിലേക്കായിരിക്കും നമ്മെ എത്തിക്കുന്നത്.,എംഗല്‍സ് അഭിപ്രായപ്പെട്ടു.അതെ,അതുതന്നെയാണ് പയസ്സ് പന്ത്രാണ്ടാമന്‍ എന്ന മാര്‍പ്പാപ്പ പറഞ്ഞത്;”നാം എത്രകൂടുതല്‍ പുറകോട്ട് നോക്കുന്നുവോ അത്രയും കൂടുതല്‍ സ്വതന്ത്ര ഊര്‍ജ്ജം പദാര്‍ത്ഥത്തിലുള്ളതായി നമുക്ക് കാണാന്‍ കഴിയും...അങ്ങിനെ ഈ ഭൗതിക പ്രപഞ്ചത്തിന്ന് കാലത്തിന്റെ ഒരു പ്രത്യേകബിന്ദുവില്‍ ശക്തിയേറിയ ഒരു ആവേഗവും അവിശ്വസനീയമാംവണ്ണം അളവറ്റ ഊര്‍ജ്ജസമ്പത്തും ലഭിക്കുകയുണ്ടായെന്നാണ് എല്ലാം തന്നെ സൂചിപ്പിക്കുന്നത്...അതിനാല്‍ സൃഷ്ടി ഒരു കാലത്തുണ്ടായതാണ്; അതുകൊണ്ട് തന്നെ ഒരു സ്രഷ്ടാവുണ്ട് .അതാണ്‌ ഈശ്വരന്‍“ (പോള്‍ ലബരോന്‍,"L'origine des Mondes"(പ്രപഞ്ചത്തിന്റെ ഉല്പത്തി)പാരീസ്,1953പേജ്161)

ശാസ്ത്രത്തിന്റെ പുരോഗതി ”താപവിനാശ“സിദ്ധാന്തത്തെ ചോദ്യം ചെയ്തുകൊള്ളുമെന്ന് ആ സിന്താത്തെ വിമര്‍ശിക്കുമ്പോള്‍ എംഗല്‍സ് പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.അടച്ചുപൂട്ടിയ ഒരു വ്യസ്ഥയില്‍ എല്ലാ രൂപത്തികുമുള്ള ചലനവും താപമായി മാറുന്ന പ്രവണത,കുറച്ചു സംഭവ്യമായ ഒരവസ്ഥയില്‍ നിന്ന് കൂടുതല്‍ സംഭവ്യമായ ഒരവസ്ഥയിലേക്ക് ഈ വ്യവസ്ഥ മാറുന്ന പ്രവണതയാണെന്ന് 19-ആം നൂറ്റാണ്ടില്‍ തന്നെ ഊര്‍ജ്ജതന്ത്രജ്ഞനായ ലുഡ് വിഗ് ബോള്‍ട്ട്സ്മാന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ തെളിയിക്കപ്പെട്ടപോലെ എണ്ണമറ്റ കണികകളോടുകൂടിയ ഒരു വ്യവസ്ഥയിലെ എല്ലാ അവസ്ഥകളും ഒരേ പോലെ സഭവ്യങ്ങളാണ് നമ്മുടെ ഈ പ്രപഞ്ചം എണ്ണമറ്റ കണികകളോടുകൂടിയ ഒരു വ്യ്വസ്ഥയാണെന്ന് സങ്കല്പ്പിച്ചാലും, താപസന്തുലനം ഒരിക്കലും അതിന്റെ ഏറ്റവും സംഭവ്യതകൂടിയ അവസ്ഥ ആയിരിക്കില്ലെന്ന് സമ്മതിക്കേണ്ടിവരും.എന്നാല്‍, ആപേക്ഷികതാ സിദ്ധാന്ത പ്രകാരം പ്രപഞ്ച അസ്തിത്വത്തിന്റെ സാഹചര്യങ്ങള്‍ മാറ്റമില്ലാത്തതാകുന്നില്ല അതിനാല്‍, പ്രപഞ്ചം അടച്ചുപൂട്ടിയ ഒരു വ്യവസ്ഥയല്ല. ഇനി അത് എണ്ണിതിട്ടപ്പെടുത്താവുന്നത്ര കണികകളോടുകൂടിയതാണെങ്കിലും,അത് താപസന്തുലനാവസ്ഥയില്‍ എത്തുകയില്ല,

ചലനം പദാര്‍ത്ഥത്തിന്റെ ജന്മസിദ്ധമായ ഒരു ഗുണമാണെന്ന, അതിന്റെ അസ്തിത്വത്തിന്റെ രൂപമാണെന്ന വൈരുദ്ധ്യാധിഷ്ടിതഭൗതികവാദതത്വം ശരിയാണെന്നതിന്ന് ആധുനികപ്രകൃതിശാസ്ത്രം സാക്ഷ്യം വഹിക്കുന്നുണ്ട്.

2,) പദാര്‍ത്ഥം കൂടാതെചലനം ഉണ്ടോ?.

.പത്തൊന്‍പതാം ശതകത്തില്‍ ഉരുത്തിരിഞ്ഞതും പലേ പ്രകൃതിപ്രതിഭാസങ്ങളേയും കൈകാര്യം ചെയ്തിരുന്നതുമായ താപഗതികതന്ത്രവും വിദ്യുത് കാന്തികസിദ്ധാന്തവും പരമാണുക്കളെ (atoms) ഒട്ടും കണക്കിലെടുത്തിരുന്നില്ല (വിദ്യുത് കാന്തികപ്രതിഭാസങ്ങളുമായുള്ള അവയുടെ കെട്ടുപാട് ഇനിയും തെളിയിക്കപ്പെട്ടിരുന്നില്ല).പരമാണുക്കളടങ്ങിയതാണ്‌ പദാര്‍ത്ഥമെന്നും, ബാക്കിയുള്ളതെല്ലാം “ഊര്‍ജ്ജ”മാണ്‌.പദാര്‍ത്ഥമല്ലെന്നും ഒട്ടുമിക്കവാറും ശാസ്ത്രജ്ഞര്‍ ഏകകണ്ഠമായി വിശ്വസിച്ചിരുന്നു. താപഗതിക തന്ത്രവും വിദ്യുത് കന്തികതന്ത്രവും പരമാണുക്കളുടെ നിലനില്പ്പിനെ അവഗണിച്ചുകൊണ്ട് ഊര്‍ജ്ജതന്ത്രത്തിന്റേയും രസതന്ത്രത്തിന്റേയും പലേപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുള്ളസ്ഥിതിക്ക് പ്രകൃതിശാസ്ത്രത്തിന്റെമറ്റുപ്രശ്നങ്ങളും പരമാണുക്കള്‍ നിലനില്പ്പുണ്ടെന്ന് സങ്കല്പിക്കാതെ തന്നെ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നതില്‍ തെറ്റില്ലെന്ന് ജര്‍മ്മന്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ വില്‍ ഹെം ഓസ്റ്റ്വാള്‍ഡ് വാദിച്ചു.അതിനാല്‍ ആ സങ്കല്പം തെറ്റാണ്‌,പരമാണുക്കള്‍ നിലനില്പ്പില്ല.പരമാണുക്കള്‍ മാത്രമേ പദാര്‍ത്ഥമായുള്ളുവെന്നതിനേപ്പറ്റി ഒട്ടും ശങ്കിക്കാതെ ആ അനുമാനത്തില്‍ നിന്നുകൊണ്ട് ഓസ്റ്റ്വാള്‍ഡ് തീരുമാനിച്ചു.പ്രകൃതിയുടെ “പരമമായ” നിലവാരം പദാര്‍ത്ഥം - അത് ഏതായാലും നില വിലില്ലാത്തതാണല്ലോ - അല്ല,മറിച്ച് ചലനം ആണെന്ന്.ലോകത്തിലുള്ള സര്‍വതും “വെറും ചലനം” മാത്രം അടങ്ങിയിട്ടുള്ളതാണ്‌. ഇത് “ഊര്‍ജ്ജവാദ”ത്തിന് ജന്മം നല്കി.ഈ സങ്കല്പം അനുസരിച്ച് ലോകത്തിന് നിദാനം പദാര്‍ത്ഥമോ ആത്മാവോ അല്ല,പ്രത്യുത ഊര്‍ജ്ജമാണ്. ഇതും ചലനവും ഒന്നു തന്നെയുമാണ്. ഭൗതികവാദവും ആശയവാദവും ഉപേക്ഷിച്ച് ഊര്‍ജ്ജവാദം സ്വീകരിക്കണമെന്ന് ശഠിച്ചുകൊണ്ട് ഓസ്റ്റ്വാള്‍ഡ് ഇപ്രകാരം എഴുതി;“പദര്‍ത്ഥത്തേയും ആത്മാവിനേയും കുറിച്ചുള്ള ധാരണകളെ ഊര്‍ജ്ജധാരണക്ക് വിധേയമാക്കിക്കൊണ്ട് ഈ രണ്ട് ധാരണകള്‍ തമ്മിലുള്ള വൈരുദ്ധ്യം എളുപ്പത്തിലും സ്വാഭാവികമായും നീക്കുന്നത് ഒരു പടി മുന്നോട്ട് പോകലാണെന്ന് ഞാന്‍ കരുതുന്നു...”(“വില്‍ ഹെം ഓസ്റ്റ്വാല്‍ഡ് നടത്തിയ പ്രകൃതിതത്വശാസ്ത്രത്തേക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍”രണ്ടാം പതിപ്പ്,ലൈപ്സിഗ്,1902,പേജ്8)

ലെനിന്‍ തന്റെ “ഭൗതികവാദവും എമ്പീരിയോക്രിട്ടിസസവും” എന്നഗ്രന്ഥത്തില്‍ ഈ സിദ്ധാന്തത്തെ ശരിക്കും തുറന്നുകാട്ടി.പദാര്‍ത്ഥം ,ആത്മാവ് എന്നിവ രണ്ടും ഊര്‍ജ്ജമാണെന്ന് പറയുന്നത് പദാര്‍ത്ഥമോ മനസ്സോ ഇല്ലെന്നും, ഉള്ളത് ചലനം മാത്രമാണെന്നും സമര്‍ത്ഥിക്കലാണ്‌.എന്നാല്‍ ഒരു ശാസ്ത്രജ്ഞനും ആശയത്തിന്റെ നിലനില്പിനെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. അതില്‍ അത്ഭുതവുമില്ല,എന്തെന്നാല്‍,ആശയങ്ങള്‍ ഇല്ലെന്ന് ശഠിച്ചുകൊണ്ട് ആശയങ്ങള്‍ എങ്ങിനേയാണ്പ്രകടിപ്പിക്കാന്‍ സാധിക്കുന്നത്? എന്നു മാത്രവുമല്ല, ആശയങ്ങള്‍ നിലവിലുണ്ടെന്നും നിലവിലില്ലാത്തത് പദാര്‍ത്ഥമാണെന്നുമുള്ള വിശ്വാസം ഒരു ആശയവാദവീക്ഷണമാണ്‌. അതില്‍ യാതൊരുപുതുമയുമില്ല.ഊര്‍ജ്ജവാദത്തിന്ന് എതിരായ ലെനിന്റെ ആദ്യത്തെവാദം ഈ വിധത്തിലാണ്‌.ലെനിന്റെ രണ്ടാമത്തെ വാദമുഖം സംഷിപ്തമായി ഇപ്രകാരം വിവരിക്കാം.“”ഊര്‍ജ്ജം‘എന്നവാക്ക് അനിശ്ചിതമായ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തത്വചിന്തയിലെ ഒഴിച്ചുകൂടാനാവാത്ത ഈ വികല്പം(ഭൗതികവാദമോ ആശയവാദമോ എന്നത്) ഒഴിവാക്കാന്‍ ഓസ്റ്റ്വാള്‍ഡ് പ്രയത്നിക്കുകയും “ ഈ വിധത്തില്‍ ഭൗതികവാദവും ആശയവാദവും തമ്മിലുള്ള വൈരുദ്ധ്യം താന്‍ പരിഹരിച്ചുവെന്ന് കരുതുകയും ചെയ്തു. ബോധത്തിന്ന് പുറമേക്കുള്ള ചലനത്തിനെന്നപോലെ (ഭൗതികവും രാസനീയകവും ജീവശാസ്ത്രപരവും മറ്റുമായ പ്രക്രിയകള്‍)ബോധത്തിന്നകമേയ്ക്കുള്ള ചലനത്തിനും(മാറിവരുന്ന സംവേദനങ്ങളും ആഗ്രഹങ്ങളും ആശയയങ്ങളും),രണ്ടിനും ഊര്‍ജ്ജം എന്ന് പേരു നല്കിയാല്‍ ,”...പദാര്‍ത്ഥത്തേയും മനസ്സിനേയും രണ്ടിനേയും, ഈ ധാരണക്ക് വിധേയമാക്കിയാല്‍, വൈരുദ്ധ്യം വാക്കാല്‍ തീര്‍ത്തുവെന്ന് സശയംകൂടാതെ പറയാം...“(ലെനിന്‍,സമാഹൃതകൃതികള്‍,വാല്യം14പേജ്270-271)എന്നാല്‍ പദാര്‍ത്ഥം മനസ്സിനെ ആശ്രയിച്ചിരിക്കുന്നോ അതോ മനസ്സ് പദാര്‍ത്ഥത്തെ ആശ്രയിച്ചിരിക്കുന്നോ എന്നപ്രശ്നം വാസ്തവത്തില്‍ അവശേഷിക്കുന്നതേയുള്ളൂ. ഈ ചോദ്യത്തിന്ന് എതിര്‍ മറുപടികള്‍ നല്കുന്ന ഭൗതികവാദവും ആശയവാദവും തമ്മിലുള്ള സന്ധിപ്പിക്കാന്‍ കഴിയാത്ത വൈരുദ്ധ്യവും അതുപോലെ അവശേഷിക്കുന്നതേയുള്ളു.

പരമാണുക്കളുടെ വിദ്യുത്കാന്തികസ്വഭാവത്തേപ്പറ്റിയുള്ള കണ്ടുപിടിത്തം ഓസ്റ്റ്വാള്‍ഡിന്റെ വാദം തെറ്റാണെന്ന് തെളിയിച്ചു. പരമാണു നിലവിലുണ്ടെന്ന സംഗതി ചോദ്യം ചെയ്യാനാവാത്തതാണെന്ന് 1908-ല്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.ഇരുപതാം നൂറ്റണ്ടിന്റെ മദ്ധ്യത്തില്‍ ഇലക്ട്രോണിക്ക് മൈക്രോസ്കോപ്പിലൂടെ പരമാണുവിന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതോടെ ശാസ്ത്രജ്ഞര്‍ക്ക് സ്വന്തം കണ്മുന്നില്‍ ആറ്റത്തെ കാണാന്‍ കഴിയുമെന്നും വന്നു.

എങ്കില്‍ പോലും ഓസ്റ്റ്വാള്‍ഡ് സ്വയം ഉപേക്ഷിച്ചിരുന്ന ആ വാദം പുനരുജ്ജീവിപ്പിക്കാന്‍ വളരെ അടുത്തകാലത്തും ശ്രമം നടക്കുകയുണ്ടായി.ബര്‍ട്രാന്റ് റസ്സല്‍ 1945-ല്‍ ഇപ്രകാരം എഴുതി;ഊര്‍ജ്ജതന്ത്രത്തില്‍ മൗലികമായിട്ടുള്ളത് പദാര്‍ത്ഥമല്ല, ഊര്‍ജ്ജമാണ്‌” എന്തുകൊണ്ടെന്നാല്‍ “ആപേക്ഷികതാ - ക്വാണ്ടം സിദ്ധാന്തങ്ങള്‍ ഫലത്തില്‍ ’ദ്രവ്യമാന ‘ ത്തെക്കുറിച്ചുള്ള പഴയ ധാരണയുടെ സ്ഥാനത്ത് ’ഊര്‍ജ്ജ‘ത്തെ അവരോധിക്കുകയാണ്‌ ചെയ്തത്(ബര്‍ട്രാന്റ് ര്‍സ്സല്‍ ”മാനവ വിജ്ഞാനം,അതിന്റെ സാദ്ധ്യതകളുംപരിമിതികളും“പേജ്309.39) അപ്പോള്‍ ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനം ഏറ്റിട്ടുണ്ടെങ്കില്‍ അത് പദാര്‍ത്ഥത്തിന്റെ സ്ഥാനം ഏറ്റിട്ടുണ്ടെന്നും പറയേണ്ടിവരുമല്ലോ .കാരണം ദ്രവ്യമാനം എന്നുപറയുന്നത് പദാര്‍ത്ഥമല്ലാതെ മറ്റൊന്നുമല്ലല്ലൊ.ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചുള്ള റസ്സലിന്റെ പരാമര്‍ശനം ഐന്‍സ് റ്റൈന്‍ കണ്ടുപിടിച്ച ഊര്‍ജ്ജ - ദ്രവ്യമാനബന്ധത്തെ സബന്ധിക്കുന്നതാണ്‌.

ഐന്‍സ് റ്റൈന്റെ കണ്ടുപിടിത്തത്തിന്റെ അര്‍ത്ഥം ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനമേറ്റെടുത്തുവെന്നാണെന്ന് സങ്കല്പിച്ചാല്‍ തന്നെയും,പദാര്‍ത്ഥം നിലനില്ക്കുന്നില്ലെന്നും അതിന്റെ സ്ഥാനം ഊര്‍ജ്ജം ഏറ്റിട്ടുണ്ടെന്നും ഇതില്‍ നിന്ന് സിദ്ധിക്കുന്നില്ല.ആശയങ്ങള്‍ക്കും വികാരങ്ങള്‍ക്കും സംവേദനങ്ങള്‍ക്കും പുറമെ ലോകത്തില്‍ മറ്റു വല്ലതു കൂടി അടങ്ങിയിട്ടുണ്ടൊ എന്ന പ്രശ്നമാണ്‌ വാസ്തവത്തില്‍ പദാര്‍ത്ഥത്തിന്റെ നിലനില്പില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്.യഥാര്‍ത്ഥവസ്തുക്കള്‍ക്ക് ജഡത്വത്തിന്റേയും ഗുരുത്വാകര്‍ഷണത്തിന്റേയും ഗുണങ്ങള്‍,അതായത് ദ്രവ്യമാനം,ഉണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നതല്ല ഈ ചോദ്യത്തിനുള്ള മറുപടി.

എന്നു മാത്രവുമല്ല,ഊര്‍ജ്ജം ദ്രവ്യമാനത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നുവെന്ന്
ഐന്‍സ് റ്റൈന്‍ സിദ്ധാന്തം ഒരിടത്തും പറയുന്നില്ല.ഒരു ഇരുമ്പു കഷണം ചൂളയില്‍ വെച്ചാല്‍,ചൂളയില്‍നിന്നുള്ള ഊര്‍ജ്ജം പകരുന്നതിന്നനുസരിച്ച് ഇരുമ്പ്കഷണത്തിന്ന് ചൂട് കൂടിക്കൊണ്ടിരിക്കും.ചൂളയ്ക്ക് അത്രയും ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്യും .ക്ലാസിക്കല്‍ ബലതന്ത്രമനുസരിച്ച് ഇരുമ്പ്കഷണത്തിന്റേയും ചൂളയുടേയും തൂക്കത്തിന്‌ മാറ്റം സംഭവിക്കുന്നില്ല - അവയുടെ ദ്രവ്യമാനം പഴയപടി തന്നെ അവശേഷിക്കും.എന്നാല്‍,ഐന്‍സ് റ്റൈന്‍ന്റെ കണ്ടുപിടുത്തം ഈ അഭിപ്രായത്തെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്. ഒരു വസ്തു അതിന്റെ ഊര്‍ജ്ജം മറ്റൊന്നിലേക്ക് പകരുമ്പോള്‍ അതോടൊപ്പം ഒരു നിശ്ചിത അളവിലുള്ള ദ്രവ്യമാനവും അത് അ ങ്ങൊട്ട് പകരുന്നുണ്ടെന്നാണ്‌ ഈ സിദ്ധാന്തം പറയുന്നത്. അതുപോലെ ഒരു വസ്തു അതിന്റെ ദ്രവ്യമാനം മറ്റൊന്നിലേക്ക് പകരുമ്പോള്‍ ,അതോടൊപ്പം കുറേ ഊര്‍ജ്ജവും പകരുന്നുണ്ടെന്നും ഈ സിദ്ധാന്തം പറയുന്നു.ഐന്‍സ് റ്റൈന്‍ എഴുതിയത് ഇപ്രകാരമാണ്‌;“...ഒരു ഇരുമ്പ് കഷണം ചുട്ടു പഴുപ്പിക്കുമ്പോള്‍ മുമ്പുള്ള വസ്ഥയേക്കാള്‍ അതിന്ന് ഭാരം കൂടുതലുണ്ട്;...സൂര്യനില്‍ നിന്നുള്ള വികിരണത്തില്‍ ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്,അതുകൊണ്ട് അതിന്ന് ദ്രവ്യമാനവുമുണ്ട്.സൂര്യനും വികിരണം നടത്തുന്ന നക്ഷത്രങ്ങള്‍ക്കാകെയും വികിരണം കാരണം ദ്രവ്യമാനം നഷ്ടമാകുന്നുണ്ട്.”(ആല്ബര്‍ട്ട് ഐന്‍ഷ്ടൈന്‍,ഊര്‍ജ്ജതന്ത്രത്തിന്റെ പരിണാമം,കൊംബ്രിഡ്ജ്,1938,പേജ്207-208) ഒരു ഇരുമ്പ് കഷണം ചൂളയിലിരുന്ന് ചൂട് പിടിക്കുമ്പോള്‍ ചൂളയില്‍ നിന്ന് അതിന്ന് കൈവരുന്ന ദ്രവ്യമാനം നിസ്സാരമാണ്‌ പക്ഷെ,ഭാരിച്ച തോതില്‍ ഊര്‍ജ്ജം വികിരണം ചെയ്യുന്ന സൂര്യന്ന് സെക്കന്റിന് 4,000,000 ടണ്‍ എന്ന നിരക്കില്‍ ദ്രവ്യമാനം നഷ്ടമാകുന്നുണ്ട്.
അങ്ങിനെ ഊര്‍ജ്ജവാദത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും പരാജയപ്പെട്ടു.
അപ്പോള്‍ മറ്റൊരു ചോദ്യം ഇവിടെ ഉദിക്കുന്നു.ആശയങ്ങളും സംവേദനങ്ങളും അഭിലാഷങ്ങളും ഒന്നും പദാര്‍ത്ഥീയവസ്തുക്കളല്ലല്ലോ.അങ്ങിനെയാണെങ്കില്‍, സംവേദനങ്ങളുടേയും ആശയങ്ങളുടേയും മറ്റും മറ്റുമുള്ള ആവര്‍ത്തനം പദാര്‍ത്ഥം കൂടാതേയുള്ള ചലനമാണെന്ന് ഇതില്‍ നിന്ന് തെളിയുന്നില്ലേ?
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ,ഊര്‍ജ്ജവാദികള്‍ ചെയ്യുന്നതുപോലെ ,ഏതു തരത്തിലുള്ള ഗതിയും പദാര്‍ത്ഥം കൂടാതേയുള്ള ചലനമാണെന്ന് കരുതുന്നത് തെറ്റാണെങ്കിലും ,ചിലസാഹചര്യങ്ങളില്‍,അതായത് മാനസികപ്രക്രിയകളില്‍ പദാര്‍ത്ഥം കൂടാതെയുള്ള ചലനമാണ്‌ ഉണ്ടാകുന്നത് എന്നു പറഞ്ഞാല്‍ അത് ശരിയായിരിക്കില്ലേ?

ധാരണകളും സംവേദനങ്ങളുമഭിലാഷങ്ങളും പദാര്‍ത്ഥീയവസ്തുക്കളല്ലെന്നുള്ളത് ശരിയാണ്‌.എങ്കിലും അവ ആരുടേയെങ്കിലും ധാരണകളും സംവേദങ്ങളും അഭിലാഷങ്ങളും ആയിരിക്കണമല്ലൊ. മനുഷ്യനെകൂടാതെ അവയ്ക്ക് നിലനില്ക്കാനാവില്ലല്ലൊ മനുഷ്യന്‍ പദാര്‍ത്ഥരഹിതനുമല്ലല്ലൊ.അതിനാല്‍ ആശയങ്ങളുടേയും വികാരങ്ങളുടേയും മറ്റുമുള്ള ആവര്‍ത്തനം പദാര്‍ത്ഥം കൂടാതേയുള്ള ചലനം ആകുന്നതേയില്ല; ഒരു ഭൗതിക ജീവിയായ മനുഷ്യനില്‍ ഉണ്ടാകുന്നതാണ്‌ ഈ ആശയങ്ങളും വികാരങ്ങളും.ശാസ്ത്രീയവും പ്രായോഗികവുമായ എന്തെല്ലാം തെളിവുകളുണ്ടേങ്കിലും ഭൗതികനായ ഒരു വ്യാഖ്യാതാവിനെ കൂടാ
തെആശയങ്ങള്‍ക്ക് നിലനില്ക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ ആശയവാദികള്‍ക്ക് മാത്രമേ കഴിയുകയുള്ളു.പക്ഷെ, മനസ്സിന്നകമേക്കായാലും പുറമേക്കായാലും പദാര്‍ത്ഥം കൂടാതേയുള്ള ചലനം അസാദ്ധ്യമാണെന്നതാണ്‌ വാസ്തവം (വിവർത്തനം:എം എസ്സ് രാജേന്ദ്രൻ )

അഭിപ്രായങ്ങളൊന്നുമില്ല: