2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

*4,അദ്ധ്വാനവും ഭാഷയും ചിന്തയും.


മനുഷ്യന്റേയും ജന്തുക്കളുടേയും മാനസികപ്രവർത്തനത്തിനും നാഡീമണ്ഡലപ്രവർത്തനത്തിനും തമ്മിൽ പൊതുവായ
പലേ സംഗതികളുമുണ്ടെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
അവ തമ്മിൽ കാര്യമായ വ്യത്യാസങ്ങളും ഉള്ളതായി കണ്ടിട്ടുണ്ട്.അപ്പോൾ മനുഷ്യന്റെ മാനസിക പ്രവർത്തനത്തിന്റെ,ബോധത്തിന്റെ, വ്യതിരിക്തമായ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

അധ്വാനത്തിന്റെ ഫലമായാണ് മനുഷ്യൻ ബാക്കിയുള്ള ജന്തു ലോകത്തിൽ നിന്ന് സ്വയം ഉയർന്നു വന്നതെന്ന മാർക്സിസ്റ്റ് പ്രസ്താവന എത്ര ശരിയാണെന്ന് 20-ആം നൂറ്റാണ്ടിൽ ലഭിച്ചിട്ടുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ സംശയത്തിനിടയില്ലാത്ത വിധത്തിൽ തെളിയിച്ചിട്ടുണ്ട്.
പ്രാചീനശിലായുഗത്തിൽ, ആൾക്കുരങ്ങ് മനുഷ്യൻ ഉരുത്തിരിഞ്ഞു വന്ന കാലത്തു തന്നെ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് തെളിയിക്കുന്ന വസ്തുതകൾ പുരാവസ്തുഖനനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.കൂട്ടം കൂട്ടമായി നടന്നിരുന്ന മൃഗങ്ങൾ സാമൂഹ്യജീവിതം നയിക്കുന്ന ഒരു വിഭാഗമായി മാറുന്നതിനും ഭാഷയുടെ ആവിർഭാവത്തിനും ഇത് കാരണമായി.
ഒരു ദശലക്ഷം വർഷങ്ങൾക്കു മുമ്പ്,പ്രാചീനശിലായുഗത്തിന്റെ അവസാനത്തിൽ നിയാണ്ടർത്താൾ മനുഷ്യൻ എന്ന പേരിലറിയപ്പെടുന്ന പ്രാകൃതമനുഷ്യൻ രംഗത്തു വന്നു.ഇവർ കല്ലുകൊണ്ടുള്ള മഴുവും തീക്കല്ലിന്റെ പാളികൾകൊണ്ട് കൊച്ചു കൊചു ഉപകരണങ്ങളും നിർമ്മിച്ചിരുന്നതായി ഇവർ നിവസിച്ചിരുന്ന പാറസങ്കേതങ്ങൾ പരിശോധിച്ച അവസരത്തിൽ കാണുകയുണ്ടായിട്ടുണ്ട്.
പിന്നീട്, മദ്ധ്യശിലായുഗത്തിൽ കൂട്ടം കൂട്ടമായി മൃഗങ്ങളെ വേട്ടയാടാൻ തുടങ്ങിയതോടെ തീക്കല്ലുകൊണ്ട് കുന്തത്തിന്റെ അറ്റവും കഠാരയും കത്തിയും ചീവുളിയും അസ്ഥികൊണ്ടുള്ള ഉപകരണവും മറ്റും ഉണ്ടാക്കാൻ അവർ പഠിച്ചു. ഈ ജാതി മനുഷ്യരുടെ ശരീരത്തിന്റെ അനുപാതങ്ങളും തലയോട്ടിയുടെ വലിപ്പവും ഏതാണ്ട് നമ്മുടേതുപോലെ യായിരിക്കും .
പക്ഷെ, തലയോട്ടിയുടെ ഉള്ളറ ഉയരം കുറഞ്ഞതും തുടയെല്ലും കൈമുട്ടിനു മുകളിലേക്കും താഴത്തേക്കുമുള്ള എല്ലുകളും വളവുള്ളതാണ്.പില്ക്കാല പ്രാചീന ശിലായുഗങ്ങളിൽ അദ്ധ്വാനം വികസിക്കുകയും ഉപകരണങ്ങൾ മെച്ചപ്പെടുകയും ചെയ്തതോടെ പ്രാകൃതമായ ഈ നിയാണ്ടർത്താൾ മനുഷ്യരുടേ കൂട്ടം ക്രോമഞ്ഞോൻ (Cro-Magnon) മനുഷ്യരുടെ പ്രാകൃത സമുദായത്തിന്നു വഴിമാറിക്കൊടുത്തു.കായികമായി ഇവർ അടുത്ത കാലത്തെ മനുഷ്യനിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നില്ല;അവർക്ക് ഏറ്റവും ലളിതമായ തരത്തിലുള്ള ബുദ്ധിശക്തിയും ഉണ്ടായിരുന്നു.

ഒരു ജന്തുവിന്റെ ജീവിതക്രമവും ശീലങ്ങളും മാനസികതയും നിർണ്ണയിക്കപ്പെടുന്നത് പ്രകൃതിസാഹചര്യങ്ങളാലാണ്;അതായത് അതിന്റേതന്നെ പ്രകൃതവും അത് ജീവിക്കുന്ന ചുറ്റുപാടുകളുമാണ് ഇത് നിർണ്ണയിക്കുന്നത്.
പക്ഷെ, മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്.അവന്റെ ജീവിതക്രമവും പ്രവർത്തനവും മാനസികതയും ഏതാണ്ട് പൂർണ്ണമായും നിർണ്ണയിക്കപ്പെടുന്നത് അവൻ ജീവിക്കുന്ന സമുദായത്താൽ മാത്രമാണ്. അദ്ധ്വാനത്തിന്റേയും സമുദായത്തുന്റേയും മാനവ മാനസികതയുടേയും(ബോധം) ആവിർഭാവത്തോടൊപ്പംതന്നെ മസ്തിഷ്ലത്തിന്റേയും നാഡീവ്യൂഹത്തിന്റേയും പൊതുവിലുള്ള ഘടനയിലും ധർമ്മത്തിലും സാരമായ മാറ്റങ്ങളും സംഭവിച്ചിരുന്നു.
മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇവ രണ്ടിനും മൃഗങ്ങളിലില്ലാത്ത ചിലപ്രത്യേക ഗുണങ്ങളുണ്ട്. എങ്കിലും ഒരു ശിശുവിന്റെ നാഡീവ്യൂഹം ഒഴിച്ചുകൂടാനാവാത്ത താണെങ്കിൽ കൂടിയും ബോധത്തിനു അത് ഇനിയും പര്യാപ്തമല്ല. മനുഷ്യ സമുദായത്തിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു ശിശുവിന്റെ മാനസികത ഒരു ജന്തുവുന്റേതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കയില്ല;ആ കുട്ടി മറ്റാളുകളുമായി,സമുദായവുമായി ,ഇടപഴകുമ്പോൾ മാത്രമേ ഇത് ബോധമായി വളരുകയുള്ളു.

ഉപകരണങ്ങൾ രൂപപ്പെടുത്തി എടുക്കുകയും വൻ മൃഗങ്ങളെ കൊല്ലാൻ അവ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ കൂട്ടായി പ്രവർത്തിക്കുകയും പുതിയ പുതിയ സംസൂചനകൾ പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പ്രാകൃത മനുഷ്യരെ സംബന്ധിച്ചിടത്തോളം ആവശ്യമായി ത്തീർന്നു.യോജിച്ച പ്രവർത്തനത്തിന്ന് രണ്ടു ഗുണങ്ങളുണ്ടായിരുന്നു
ഒറ്റപ്പെട്ട വ്യക്തികളുടെ കഴിവിനപ്പുറത്തുള്ള സംഗതികളും തന്മൂലം സാദ്ധ്യമായെന്ന് മാത്രമല്ല,വ്യക്തികൾ ഒറ്റക്കൊറ്റയ്ക്ക് ശേഖരിച്ച സംസൂചന എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്തു.എന്നാൽ, എല്ലാവർക്കും ലഭ്യമാകണമെങ്കിൽ ഈ സംസൂചന എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള താകേണ്ടിയിരിക്കുന്നു.
ഈ സംസൂചന വൈവിധ്യമാർന്നതാണെങ്കിൽ,അത് എത്തിക്കുന്നതിനുള്ള സിഗ്നലുകൾ ഈ പ്രതിഭാസങ്ങളുടെ വൈവിധ്യം എല്ലാവരേയും മനസ്സിലാക്കുന്നതോടൊപ്പം,സമുദായത്തിലെ എല്ലാ അംഗങ്ങളിലും ഒരേ പോലുള്ള പ്രതിചേഷ്ടകൾ ഉണ്ടാക്കത്തക്ക വണ്ണം അവയുടെ പൊതു സ്വഭാവങ്ങളും അവരെ ബോദ്ധ്യപ്പെടുത്തുന്ന തരത്തിലുള്ളതാകേണ്ടിയിരിക്കുന്നു. അപ്പോൾ അപ്രകാരമൊരു സിഗ്നൽ കൊണ്ട് അറിയിക്കേണ്ട സംസൂചന എന്തായിരിക്കണം ?
ഒരേപോലുള്ള സംഗതികളേപ്പറ്റി പല ആളുകൾക്ക് ഒരേ പോലുള്ള സംവേദന പ്രതിച്ഛായകളും സങ്കല്പങ്ങളും ഉണ്ടാവണമെങ്കിൽ അവരെല്ലാം ഈ സംഗതികൾ നിരീക്ഷിച്ച സാഹചര്യങ്ങൾ ഒരുപോലുള്ളതായിരിക്കണം. നിരീക്ഷണം നടത്തിയ സാഹചര്യങ്ങൾക്ക് കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഓരോ വ്യക്തികളുടെ സംവേദനപ്രതിച്ഛായകളും വ്യത്യസ്ഥമായിരിക്കും.ഒരേ വർഗ്ഗത്തിലുള്ള സാധനങ്ങൾ സൂചിപ്പിക്കുന്നതിനു ഒരു കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഉപയോഗിക്കുന്ന സിഗ്നൽ ഒന്നു തന്നെയായിരിക്കണമല്ലോ.
അതിനാൽ, ഒരു സിഗ്നലിലൂടെ അയക്കുന്ന സംസൂചന സവേദനപ്രതിച്ഛായ ആയിരിക്കില്ല. പ്രത്യുത ഒരു സാമാന്യ ആശയം ആയിരിക്കും.അപ്പോൾ ഈ സിഗ്നൽ ഒരു ആശയം പ്രകടമാക്കുന്ന വാക്ക് ആയിരിക്കണം .“ഓരോ വാക്കും(സംസാരം)...സാമാന്യവല്കരിക്കുന്നു”ലെനിൻ എഴുതുകയുണ്ടായി(ലെനിൻ ,സമാഹൃതകൃതികൾ,വാല്യം 38, പേജ് 274)

ഉദാഹരണത്തിനു,ഒരു വൃക്ഷത്തേക്കുറിച്ചുള്ള ധാരണയിൽ അതിന്റെ ഉയരം,വണ്ണം ,ആകൃതി ,ചില്ലകൾ കുത്തനെ മേല്പോട്ടോ ചരിഞ്ഞോ ഉള്ള നില്പ് ഇത്യാദികളേപ്പറ്റിയുള്ള യാതൊരു പരാമർശനവും ഉണ്ടാവില്ല.എനാൽ വലിപ്പവും ആകൃതിയും ചായ് വും ഒന്നും ഇല്ലാത്ത ഒരു വൃക്ഷത്തെ വിഭാവനം ചെയ്യാൻ ആവില്ല.
കാരണം ആരും അത് കണ്ടിട്ടുണ്ടാവില്ല.വൃക്ഷങ്ങൾക്ക് പൊതുവിലുള്ള സ്വഭാവ വിശേഷങ്ങൾ സ്പഷടമാക്കുന്ന ഒരു വാക്കിലൂടെയുള്ള സിഗ്നലിനു മാത്രമേ ആ ധാരണ സാദ്ധ്യമാക്കാൻ കഴിയൂ.ഭൗതികപ്രതിഭാസം-സിഗ്നൽ-കൂടാതെ ധാരണകളോ ആശയങ്ങളോ ഉണ്ടാവുക സാദ്ധ്യമായിരുന്നില്ല.
ഇവിടെ ഒരു സിഗ്നൽ എന്നു പറയുന്നത് കുറേ ശബ്ദങ്ങളുടെ സമാഹാരമാണ്,അതായത് ഭാഷയാണ്.“ഭാഷക്ക് ബോധത്തിന്റെത്രതന്നെ പഴക്കമുണ്ട്”(മാർക്സ് എംഗൽസ്“ജർമ്മൻ പ്രത്യായശാസ്ത്രം”പേജ് 41-42)

ഏറ്റവും വളർച്ച പ്രാപിച്ച ആൾക്കുരങ്ങിന് (ആന്ത്രപ്പോയിഡ്) പോലും ധാരണകൾ സാദ്ധ്യമല്ലെന്ന് ഈ ഉദാഹരണത്തിൽ നിന്ന് വ്യക്തമാകും;ഒരിടത്ത് കുറേ വാഴപ്പഴം വെച്ചിട്ടുണ്ട്.അതിനു ചുറ്റും മെഴുകുതിരികൾ കത്തിച്ചു വെച്ചിരിക്കുകയാണ്.ആ മെഴുകുതിരികൾ കെടുത്തിയിട്ട് വാഴപ്പഴം എങ്ങനെ എടുക്കാൻ പറ്റുമെന്ന് ആളുകൾ ചെയ്യുന്നത് കണ്ട് ഒരു ചിമ്പാൻസി പഠിച്ചു.പാത്രമെടുത്തു പൈപ്പു തുറന്ന് അതിൽ വെള്ളം നിറച്ചിട്ട് ആ വെള്ള മൊഴിച്ചാണ് അവൻ മെഴുകുതിരി കെടുത്തിയത്.
ഒരു ചങ്ങാടവും കഴുക്കോലുമുപയോഗിച്ച് ഒരു കുളത്തിന്റെ മറുകര എത്താനും അവൻ പഠിച്ചിരുന്നു.
ഒരു ദിവസം അവനെ കൊണ്ടു ചെന്നപ്പോൾ കരയോട് തൊട്ട് ഒരു ചങ്ങാടവും അതിലൊരു കഴുക്കോലും ഉണ്ടായിരുന്നു.കുളത്തിന്റെ നടുക്ക് മറ്റൊരു ചങ്ങാടത്തിൽ കുറേ വാഴപ്പഴവും വെച്ചിരുന്നു.പഴത്തിനു ചുറ്റും മെഴുകു തിരികൾ കത്തിച്ചു വെച്ചിരുന്നു. തൊട്ടടുത്ത് വെള്ളം എടുക്കാനുള്ള പാത്രവും.ആ ചിമ്പാൻസി ആദ്യത്തെ ചങ്ങാടത്തിൽ കയറി കുളത്തിന്റെ നടുക്കുള്ള മറ്റേ ചങ്ങാടത്തിൽ എത്തി. അതിൽ നിന്ന് വെള്ളം എടുക്കാനുള്ള പാത്രവും കൊണ്ട് അവൻ ഇക്കരയിലേക്ക് മടങ്ങി. തൊട്ടടുത്തുള്ള പൈപ്പിൽ ചെന്ന് പാത്രത്തിൽ വെള്ളവും എടുത്തുകൊണ്ട് വന്നു അവൻ ആ വെള്ളം ഒഴിച്ചു മെഴുകുതിരികൾ കെടുത്താനായി കുളത്തിന്റെ നടുക്കുള്ള ചങ്ങാടത്തിലേക്ക് പാഞ്ഞു.
പൈപ്പിൽ നിന്നു വരുന്ന വെള്ളവും കുളത്തിലെ വെള്ളവും ഒന്നാണെന്നു കാണാൻ, വെള്ളത്തേപ്പറ്റി പൊതുവിൽ ഒരു പ്രതിച്ഛായ മനസ്സിൽ പതിക്കാൻ ,അവനു കഴിവില്ലെന്ന് ഇതിൽ നിന്ന് തെളിയുന്നുണ്ടല്ലോ.എന്നാൽ ,പൈപ്പിൽനിന്നു വരുന്നതും കുളത്തിൽ കിടക്കുന്നതും മാനത്തുനിന്ന് മഴപെയ്തുണ്ടാകുന്നതും എല്ലാം വിവരിക്കുന്നതിനു ഒരൊറ്റ വാക്ക് ഉപയോഗിക്കുമ്പോൾ അഞ്ചുവയസ്സായ ഒരു കൊച്ചു കുട്ടിക്ക്പോലും വെള്ളത്തേപ്പറ്റിയുള്ള ഒരു ധാരണ ഉണ്ടാകുന്നുണ്ട്.

മനുഷ്യന്റെ ബോധവും മൃഗങ്ങളുടെ മാനസികതയും തമ്മിൽ വേർതിരിച്ചു നിർത്തുന്ന ഒരു പ്രധാന സംഗതി മനുഷ്യന്റെ ചിന്താ ശക്തിയാണ്.
സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന എന്തെല്ലാം കാര്യങ്ങൾ ചുറ്റുപാടുകളിലുണ്ടൊ,അതെല്ലാം മാത്രമേ ഒരു ജന്തു ശ്രദ്ധിക്കുന്നുള്ളു.വസ്തുക്കൾ തമ്മിലുള്ള പരസ്പരകരണം മനസ്സിലാക്കാൻ, അതായത്, ഈ പരസ്പരകരണങ്ങൾക്ക് നിദാനമായ നിയമങ്ങൾ മനസ്സിലാക്കാൻ, അതിനു കഴിവില്ല.
മനുഷ്യന്റെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്.ഉടനടി ആഹരിക്കാൻ പറ്റാത്ത (ഉദാഹരണത്തിനു ഒരു കല്ല്) ഒരു വസ്തു വേറൊരു വേറൊരു വസ്തുവിൽ പ്രയോഗിച്ച് മൂന്നാമതോരു വസ്തു,ഒരു ഉപകരണം - അതുകൊണ്ടും ഉടനടി ജീവിതാവശ്യങ്ങൾ ഒന്നും നടത്താൻ പറ്റുമായിരുന്നില്ല - ഉണ്ടാക്കാൻ അവന്റെ മുൻ ഗാമിക്ക് കഴിഞ്ഞിരുന്നു.ഏതെങ്കിലും തരത്തിലുള്ള കല്ലുകൊണ്ട് ഈ ഉപകരണം ഉണ്ടാക്കാനും പറ്റുകയില്ലല്ലോ.
അതിനു നല്ല ഈടുള്ള കല്ലുതന്നെ വേണം.വഴങ്ങുന്ന തരത്തിലുള്ളതായിരിക്കണം അത്,ഏത് കല്ലുകൊണ്ടാണോ ഈ ഉപകരണം നിർമ്മിക്കുന്നത് അതും പ്രത്യേക രീതിയിലുള്ള തായിരിക്കണം.ഉപകരണത്തിനു ഒരു നിശ്ചിത ആകൃതിയും ആവശ്യമാണ്.തോന്നിയതു പോലെ ഉണ്ടാക്കിയതും ഏതെങ്കിലും ആകൃതിയോടുകൂടിയതുമായ ഒരു ഉപകരണം ഒന്നിനും കൊള്ളില്ല.
അതുപോലെ ഒരു ജന്തുവിനെ കൊല്ലണമെങ്കിൽ ആ ഉപകരണം പ്രയോഗിക്കേണ്ട ഒരു രീതിയുമുണ്ട് ഈ വിധത്തിൽ ഈ പ്രവൃത്തികൾ ഓരോന്നും ഒന്നിനോന്നോട് ഒരു നിശ്ചിത രൂപത്തിൽ കൊളുത്തിയിട്ടുള്ള ഒരു ശൃംഖലപോലെയാണ്.നമ്മുടെ മുൻ ഗാമികൾക്ക് അവരുടെ കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിനു ഈ പരസ്പരാന്വയങ്ങളേയും ബന്ധങ്ങളേയും പറ്റി മനസ്സിലാകേണ്ടത് ആവശ്യമായിരുന്നു.
ഇതെല്ലാം മനസ്സിൽ ശരിയായി പ്രതിഫലിപ്പിക്കേണ്ടതും ആവശ്യമായിരുന്നു. കോടാനുകോടി വർഷങ്ങൾക്കിടയിൽ ഫലപ്രദവും അല്ലാത്തതുമായ പ്രവൃത്തികൾ കോടാനുകോടി പ്രാവശ്യം ആവർത്തിക്കപ്പെട്ടു കഴിഞ്ഞപ്പോൾ വസ്തുക്കൾ പ്രകൃതിയിലേതു വിധമാണോ അതേ വിധത്തിൽ അവയുടെ പ്രതിഫലനങ്ങളെ ബന്ധപ്പെടുത്തികാണുന്ന ഒരു ശീലം മനുഷ്യനിൽ ക്രമേണയായി രൂപം കൊള്ളാം തുടങ്ങി.
ഒറ്റപ്പെട്ട പ്രതിഭാസങ്ങളേക്കുറിച്ച് മാത്രമുള്ളതായിരുന്നില്ല ഈ ശീലം .എല്ലായിടത്തും എല്ലായ്പ്പോഴുമുണ്ടാകുന്ന സംഗതികളും ഇതിൽ പെട്ടിരുന്നു.ഉദാഹരണത്തിനു“ഒരു വസ്തു മറ്റൊന്നിനേക്കാൾ കടുപ്പം കൂടിയതാണെന്നും വെക്കുക.അങ്ങിനേ വരുമ്പോൾ ആദ്യത്തേത് മൂന്നാമത്തേതിനേക്കാൾ കടുപ്പം കൂടിയതാണെ”ന്നു സ്പഷ്ടം.അല്ലെങ്കിൽ, “ ഒരു വസ്തു വേറൊന്നിനുള്ളിലാണെന്നും, അത് മൂന്നാമതൊന്നിന്റെ അകത്താണെന്നും വെക്കുക അപ്പോൾ ആദ്യത്തേത് മൂന്നാമത്തേതിന്റേയും ഉള്ളിലാണ് ” അങ്ങിനെ ജ്ഞാതമായതിൽനിന്ന് അജ്ഞാതവും,നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞതിൽ നിന്ന് നിരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതും,ഉള്ളതിൽ നിന്ന് വരാനിരിക്കുന്നതും നിരൂപിച്ച് മനസ്സിലാക്കാൻ മനുഷ്യൻ പഠിച്ചു.
അദ്ധ്വാനത്തിൽ നിന്ന് ഉടലെടുത്ത ഈ കഴിവിൽ നിന്ന് നമ്മുടെ പൂർവ്വികർ ഇപ്രകാരം യുക്തിവാദം നടത്തി;ഒരു തരം കല്ല് മറ്റോരുതരം കല്ലിന്റെ പുറത്ത് പ്രയോഗിച്ചാൽ കിട്ടുന്ന സാധനം ഒരു നിശ്ചിതരീതിയിൽ ഉപയോഗിച്ചാൽ തനിക്ക് ഒരു നിശ്ചിത മൃഗത്തെ കൊല്ലാൻ കഴിയും.

ജന്തുക്കൾക്ക് അവരുടെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി പ്രവർത്തിക്കാൻ കഴിയും. അതുവഴി അവ ഈ സാഹചര്യങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് തീർച്ചയാണ്.
ആസ്ത്രേലിയയുടെ വടക്കു കിഴക്കേതീരത്തുള്ള ഗ്രേറ്റ് ബരിയർ റീഫ് എന്ന പാറക്കെട്ടുകളുടെ 350 ചതു,കിലോമീറ്റർ വരുന്ന ഒരു ഭാഗം മുഴുവൻ 1966-നും 1969-നുമിടയിൽ ഉഡുപ്പുറ്റു (starfish) എന്നു പേരുള്ള ജീവികൾ നശിപ്പിച്ചു കളഞ്ഞത്
ഇതിനൊരു ഉദാഹരണം മാത്രമാണ്. എന്നാൽ ഇത്തരം മാറ്റങ്ങൾ മനപ്പൂർവ്വം ഉണ്ടാക്കിയിട്ടുള്ളതല്ല; പലപ്പോഴും ഈ മാറ്റം വരുത്തിയ ജീവികൾക്ക് തന്നെ അത് ഉപദ്രവമാകുകയും ചെയ്തിട്ടുണ്ട്.
നേരെമറിച്ച് മനുഷ്യന്റെ പ്രവർത്തനം ,അദ്ധ്വാനം.പ്രകൃതിയെ തന്റെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയുക്തമാക്കത്തക്ക വണ്ണം സംഗതികളെയാകെ മാറ്റിമറിച്ചുകൊണ്ട് പ്രകൃതിയെ തനിക്കനുകൂലമാക്കി പുനസംവിധാനം ചെയ്യുന്ന തരത്തിലുള്ളതാണ്.
അവബോധങ്ങളും സങ്കല്പങ്ങളും ഗണ്യമായി പുതുക്കി ,ധാരണകൾക്ക്,നിഗമനങ്ങൾക്ക്, ചുരുക്കത്തിൽ ആശയങ്ങൾക്ക്,രൂപം നല്കികൊണ്ടാണ്,ഇതല്ലാം മനസ്സിൽ പ്രതിഫലിക്കപ്പെട്ടത്.
എന്നുപറഞ്ഞാൽ ,മനുഷ്യന്റെ ബോധത്തെ ജന്തുക്കളുടെ മാനസികയിൽ നിന്ന് വേർതിരിച്ചു നിർത്തുന്ന സംഗതി,അതായത് ചിന്ത, അദ്ധ്വാനത്തിന്റേയുംഭാഷയുടേയും സഹായത്തോടെ ഉടലെടുത്തിട്ടുള്ളതാണ്. ജന്തുക്കളുടെ പ്രവർത്തനത്തിൽ നിന്ന് വിഭിന്നമായി, മനുഷ്യാദ്ധ്വാനത്തിൽ ഒരു പുതിയവസ്തുവിന്റെ ,ഒരു ഉപകരണത്തിന്റെ,സൃഷ്ടിക്ക് മുമ്പായി അവന്റെ മനസ്സിൽ അതിന്റെ ഒരു പ്രതിച്ചായ ഉണ്ടാകുന്നുണ്ട്.
ഇന്ദ്രിയാവബോധങ്ങളുടേയും സങ്കല്പങ്ങളുടേയും പരസ്പരബന്ധത്തെ മാത്രം അടിസ്ഥാനപ്പെടുത്തി അപ്രകാരമൊരു പ്രതിച്ഛായ രൂപീകരിക്കുന്നത് അസാദ്ധ്യവുമാണ്.എന്തെന്നാൽ അത്തരം പ്രതിച്ഛായകൾ മുമ്പ് കണ്ടിട്ടുള്ള വസ്തുക്കളെയല്ലാതെ മറ്റൊന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല.ഒരു പുതിയ ഉപകരണമാകട്ടെ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വസ്തുവുമാണ്.

ജന്തുക്കൾ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ഉപയോഗപ്രദമായ സംസൂചന കൈമാറുന്നത് ജീനെറ്റിക്ക് കോഡിൽ അതുൾപ്പെടുത്തിക്കൊണ്ട്,അതായത് ആനുവംശീകതയിലൂടെ,ജീവശാസ്ത്രപരമായി മാത്രമാണ്. അതുകൊണ്ടാണ് മനുഷ്യനൊഴിച്ചുള്ള ജന്തുജാതികളുടെ പരിണാമത്തിൽ ഇത്രകാലതാമസമുണ്ടായത്.
മാനവസമുദായത്തിലാകട്ടെ,ഭാഷയുടേ സഹായത്തോടെയാണ് തലമുറ തലമുറകളായി സംസൂചന കൈമാറപ്പെടുന്നത്.ഉപകരണങ്ങളിലും ഭൗതികവും ആദ്ധ്യാത്മികവുമായ സംസ്കാരത്തിന്റെ മറ്റു വസ്തുക്കളുമായി ഇതിന് വസ്തു നിഷ്ഠത നല്കപ്പെടുകയും ചെയ്യുന്നു.ഇതെല്ലാം തന്നെ പുരോഗതിയെ വൻ തോതിൽ ത്വരിതമാക്കുന്നു.

( അടുത്ത പോസ്റ്റിൽ ഇതിന്റെ 5 - ആം ഭാഗമായ “ബോധത്തിന്റെ കർത്താവും കർമ്മവും” )

പരിഭാഷ :- എം എസ് രാജേന്ദ്രൻ.

അഭിപ്രായങ്ങളൊന്നുമില്ല: