2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ബോധം

ബോധത്തെക്കുറിച്ചുള്ള ഈ അദ്ധ്യായത്തിന്ന് 6 ഭാഗങ്ങളുണ്ട് .
1,ഭൗതികലോകത്തിന്റെ പ്രതിഫലനമാണ്‌ ബോധം.
2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ്‌.
3,ഉത്തേജനശീലതയിൽനിന്ന് മാനസികപ്രവർത്തനത്തിലേക്ക്.
4,അദ്ധ്വാനവും ഭാഷയും ചിന്തയും.
5,ബോധത്തിൽ കർത്താവും കർമ്മവും.
6,പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നിങ്ങനെയാണ്‌.സ്ഥല പരിമിതികൾ കാരണം ഇത് വ്യത്യസ്ത പോസ്റ്റുകളാക്കി ഇടുകയാണ്.
ഗൗരവമാർന്ന വായനക്ക് അസൗകര്യം സൃഷിടിക്കുമെന്നറിയാത്തതുകൊണ്ടല്ല.
പരിമിതികൾ തിരിച്ചറിഞ്ഞ് സഹകരിക്കണം എന്ന് അഭ്യർത്ഥന.
ഒന്നാം ഭാഗത്തിലേക്ക്:-

കേൾവിയും കാഴ്ച്ചയും ഒഴിച്ച് മറ്റെല്ലാ ഇന്ദ്രിയബോധങ്ങളും നഷ്ടപ്പെട്ട ഒരു രോഗിയെ ഒരിക്കൽ ഒരു ആശുപത്രിയിൽ കൊണ്ടുവരികയുണ്ടായി.കണ്ണടക്കുകയും കാതുപൊത്തുകയും ചെയ്യുമ്പോഴെല്ലാം അയാൾക്ക് ബോധക്ഷയം ഉണ്ടാകുന്നത് ഭിഷഗ്വരന്മാർ ശ്രദ്ധിച്ചു.അയാളുടെ കേടുപറ്റാത്ത ബോധേന്ദ്രിയങ്ങൾ പ്രവർത്തിച്ചുതുടങ്ങുമ്പോൾ മാത്രമേ അയാൾക്ക് സ്വബോധം വീണ്ടും കിട്ടിയിരുന്നുള്ളു.

കുറേക്കുടി സാധാരണമായ ഒരു ഉദാഹരണം എടുക്കാം, ക്ഷീണിച്ചു തളർന്ന ഒരുവൻ വെട്ടിയിട്ട മരം പോലെ യാതൊരു സ്വപ്നങ്ങളും കൂടാതെ കിടന്നുറങ്ങുമ്പോൾ അയാൾ ബോധമറ്റവനെപ്പോലെയാണ്‌. അയാൾക്കപ്പോൾ വിചാരങ്ങളോ ഇന്ദ്രിയാനുഭൂതിയോ ഇല്ല. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമായാലും ശബ്ദമായാലും അയാളതറിയുന്നില്ല. പക്ഷെ, ബോധേന്ദ്രിയങ്ങളെ സാധാരണയിൽ കവിഞ്ഞ ശക്തികൂടിയ ഉദ്ദീപനത്തിന്ന് വിധേയമാക്കിയാൽ അയാളിൽ അതിന്ന് പ്രതികരണം ഉണ്ടാകുന്നുണ്ട്. ഉദാഹരണത്തിന്,അയാളുടെ തൊട്ടടുത്തെവിടെയെങ്കിലും ഒരു വെടി പൊട്ടിച്ചാൽ അയാൾ അത് കേൾക്കും. ഈ സംവേദനത്തെ തുടർന്ന് സങ്കല്പങ്ങളും വികാരങ്ങളും,ഒടുവിൽ,വിചാരങ്ങളും ഉണ്ടാകും.യാതൊരു സംവേദനങ്ങളും ഇല്ലാത്ത ഒരുവന് സങ്കല്പങ്ങളോ വിചാരങ്ങളോ ഇല്ലെന്നല്ലേ ഇതിൽ നിന്ന് വ്യക്തമാകുന്നത്. സംവേദനങ്ങളുടേയും അവബോധങ്ങളുടേയും സങ്കല്പങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമേ,അവയുടെ സംസ്കരണത്തിന്റെ ഫലമായി മാത്രമേ വിചാരങ്ങൾ ഉണ്ടാകാൻ വഴിയുള്ളു.

എന്താണ്‌ സംവേദനം ,എന്താണ്‌ ഇന്ദ്രിയബോധം?
ഒരു സാധനം തൊട്ടുനോക്കുമ്പോൾ അതൊരു ഗോളമാണെന്നും,മറ്റൊന്ന് തൊട്ടുനോക്കുമ്പോൾ അതൊരു ക്യൂബ് ആണെന്നും നമുക്ക് മനസ്സിലാവുന്നു. നമ്മുടെ ഇന്ദ്രിയാവബോധങ്ങൾ ഈ വസ്തുക്കളുടെ ആകൃതിയെ പ്രതിഫലിപ്പിക്കുന്നു.ഈ വസ്തുക്കൾ നമ്മളിലുളവാക്കിയ അനുഭൂതിയെന്തെന്ന് ഓർമ്മിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സിൽ അവയെക്കുറിച്ചുള്ള സങ്കല്പങ്ങൾ സംവേദനങ്ങളും ഇന്ദ്രിയാവബോധങ്ങളും പോലെതന്നെ ഭൗതിക വസ്തുക്കളുടെ വിഭിന്ന വശങ്ങളുടേയും ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനങ്ങളെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഈ പുസ്തകത്ത്ന്റെ പേജുകളില്‍ നാം കണ്ടുകഴിഞ്ഞതു പോലെ ആശയങ്ങൾ (ധാരണകൾ ,തീർപ്പുകൾ ,നിഗമനങ്ങൾ ) അവസാന വിശകലനത്തിൽ സംവേദനങ്ങളിലും ഇന്ദ്രിയയാവബോധങ്ങളിലും നിന്നാണ്‌ ഉണ്ടാകുന്നത്. ഇവയാകട്ടെ , ബാഹ്യപ്രപഞ്ചം മനസ്സിലുളവാക്കുന്ന എല്ലാ ആശയങ്ങളും ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിഫലനങ്ങളാണെന്ന് പറയാം .
പ്രതിഫലിപ്പിക്കപ്പെടുന്നത് എന്താണോ അതുകഴിഞ്ഞേ ഒരു പ്രതിഫലനത്തിന്ന്പ്രാധാന്യമുള്ളു.vഅതായത് പ്രതിഫലനത്തിന്ന് രണ്ടാംസ്ഥാനമേയുള്ളു.അതിനാൽ ബോധത്തിന്ന് ,പദാർത്ഥത്തിന്‌ താഴെയുള്ള സ്ഥാനമേയുള്ളു. ഇതു നിഷേധിക്കുന്ന ആശയവാദികൾ ബോധം ,വിശിഷ്യാ ചിന്ത, യഥാർത്ഥലോകത്തിന്റെ പ്രതിഫലനമാണെന്ന ആശയത്തെ ശക്തിയുക്തം എതിർക്കുകയാണ്‌ ചെയ്യുന്നത്. അവർ എങ്ങിനേയാണ് ഇതിന്നുവേണ്ടി വാദിക്കുന്നത്?
തെറ്റുപറ്റുന്നത് മനുഷ്യസഹജമാണെന്ന് നമുക്കറിയാം.യഥാർത്ഥലോകത്തിൽ ഒരുപ്രകാരേണയും ഇല്ലാത്ത ഒരു തെറ്റായ ആശയം എന്താണ്‌ പ്രതിഫലിപ്പിക്കുന്നത്.?

വേതാളങ്ങളും കുട്ടിച്ചാത്തന്മാരും മത്സ്യകന്യകകളും മറ്റും യഥാർത്ഥത്തിലില്ലാത്തതാണെന്ന് നമുക്കറിയാം.എങ്കിലും ഇവയെപ്പറ്റിയെല്ലാമുള്ള ധാരണകൾ നിലനില്ക്കുന്നുണ്ട്.അപ്പോൾ ആശയവാദികൾക്ക് പറയാനുള്ള ന്യായം ഈ ധാരണകൾ ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ,അതുപോലെതന്നെ മറ്റുധാരണകളും സങ്കല്പങ്ങളും യാതൊന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ്. “എട്ട്”, “81 ന്റെ വർഗ്ഗമൂലം (squae root)”, “സമതലം” തുടങ്ങിയ ധാരണകൾ പൊതുവിൽ സത്യമായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും,അപഗ്രഥനം നടത്തുമ്പോൾ യഥാർത്ഥ ജീവിതത്തിൽ “81 ന്റെ വർഗ്ഗമൂലം” എന്ന ഒന്നില്ലാത്തതുപോലെ, അല്ലെങ്കിൽ നീളവും വീതിയും ഉണ്ടെങ്കിലും ഉയരമില്ലാത്ത ഒരു വസ്തു ഇല്ലാത്തതു പോലെ ഭൗതികലോകത്തിൽ “പൊതുവിൽ എട്ട്” എന്ന ഒരു സംഗതിയുമില്ലെന്ന് ആശയവാദികൾ വാദിക്കുന്നു.അതിനാൽ, ഗണിതശാസ്ത്രധാരണകൾക്ക് തത്തുല്യമായ വസ്തുക്കൾ ഇല്ലെന്നും, അപ്പോൾ അവ ഒന്നിന്റേയും പ്രതിഫലനങ്ങളെല്ലെന്നും പറയേണ്ടിവരുമെന്നാണ് അവരുടെ വാദം.

ആളുകൾക്ക് പണ്ടുപണ്ടേ നിലവിലില്ലാതായിക്കഴിഞ്ഞ സംഗതികളെപ്പറ്റി പലേ ധാരണകളുണ്ടെന്നും ആശയവാദികൾ തറപ്പിച്ചു പറയുന്നു.ദീർഘ ദീർഘ കാലങ്ങൾക്കുമുമ്പ് ഉണ്ടാവുകയും മറക്കുകയും ചെയ്ത സംഗതികളെപ്പറ്റിയുള്ള ആശയങ്ങൾ മാത്രം അടങ്ങിയതാണല്ലോ പുരാവസ്തുശാസ്ത്രവും ചരിത്രവും.നേരെമറിച്ച്, ഭാവിയിലേക്ക് എത്തിനോക്കാനും കൂടി കഴിവുള്ളവനാണ് മനുഷ്യൻ. ഉദാഹരണത്തിന്ന്, ബഹിരാകാശയാത്രകളേപ്പറ്റി സ്വപ്നം കാണാൻ മാത്രം കഴിയുമായിരുന്ന ഒരു കാലത്ത് തന്നെ ത്‘സിയല്ക്കോവ്സ്കി അത്തരം യാത്രകൾ സാദ്ധ്യമാണെന്ന് പ്രവചിച്ചിരുന്നു.അപ്പോൾ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എന്തു യാഥാർത്ഥ്യത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്?

ഇതിന് മറുപടിപറയുമ്പോൾ നമുക്ക് ആദ്യമായി “മത്സ്യകന്യക” എന്നതുപോലേയുള്ള അബദ്ധധാരണകൾതന്നെ നോക്കാം.ആട്ടവും പാട്ടും ഇഷ്ടപ്പെടുന്നതും ചെറുപ്പക്കാരെ അവരുടെ നാശത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതുമായ ഒരു അർദ്ധകന്യക-അർദ്ധമത്സ്യരൂപത്തേയാണല്ലൊ ഇവിടെ വിഭാവനം ചെയ്യുന്നത്. കന്യകമാരും മത്സ്യങ്ങളും നർത്തകരും “ക്രൂരമായ മന്ത്രവാദിനികളും” എല്ലാം വാസ്തവത്തിലുള്ളവ തന്നേയാണ്. യഥാർത്ഥത്തിൽ വിഭിന്നങ്ങളായിട്ടുള്ള (കന്യകയും മത്സ്യവും) വസ്തുക്കളെ സംയോചിപ്പിക്കുകയും ഒരു ജീവിയിൽ ഒന്നിച്ചുണ്ടാകാറുള്ള വസ്തുക്കളെ സംയോജിപ്പിക്കുകയും (മനുഷ്യ ശരീരത്തിൽ നിന്ന് കാലുകളും മത്സ്യത്തിൽ നിന്ന് അതിന്റെ വാലും) വിയോജിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ ധാരണ അബദ്ധമാകുന്നത്. അതുകൊണ്ട് മത്സ്യകന്യകയെന്ന ആശയം ഒരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം വികലമാക്കപ്പെട്ടതാണെന്നു മാത്രം .

“പൊതുവിൽ എട്ട്” എന്നതുപോലുള്ള സംഗതികളോ, ദ്വിമാനവസ്തുക്കളോ പ്രകൃതിയിൽ ഇല്ലെന്നത് ശരിയാണ്.പക്ഷെ,തേനീച്ചയുടേയോ പരുന്തിന്റേയോ ആനയുടേയോ സാമാന്യസവിശേഷതകൾ മാത്രം അടങ്ങിയ ജീവികളും ലോകത്തിൽ ഇല്ലല്ലൊ. ഇവയിൽ ഓരോന്നും വ്യക്തമായ രൂപത്തോടുകൂടിയ പ്രത്യേകം പ്രത്യേകം ജന്തുജീവികളാണ്. എന്നാൽ,ഒരു ജന്തുവിനെക്കുറിച്ചുള്ള ധാരണയിൽ ഒരു ആനയുടെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഒരു പഴത്തിനേപ്പറ്റിയുള്ള ധാരണയിൽ ഒരു ആപ്പിളിന്റെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഈ ധാരണ ആനയുടെ ചില ചില സവിശേഷതകൾ (മറ്റു ജന്തുക്കളുടേയും) പ്രതിഫലിപ്പിക്കുന്നില്ലെന്നോ, ആപ്പിളിന്റെ ചില ചില സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നില്ലേന്നോ ഒരു വിധത്തിലും അർത്ഥമാകുന്നതേയില്ല. ഒരു ധാരണയുടെ പ്രത്യേകത തന്നെ അതു ഒരു വസ്തുവിന്റെ എല്ലാ സവിശേഷതകളും പ്രതിഫലിപ്പിക്കുന്നില്ലെന്നതാണ്; ചില ചില സവിശേഷതകൾ മാത്രമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഗണിതശാസ്ത്രധാരണകളുടേയും സ്ഥിതി ഇതു തന്നെയാണ്. “എട്ട്” എന്ന ധാരണ സാധനങ്ങളുടെ പരിമാണാത്മകവശങ്ങൾ മാത്രമാണ് സൂചിപ്പിക്കുന്നത്; മറ്റു വശങ്ങൾ അതു കണക്കാക്കുന്നതേയില്ല. “ഒരു സമതലം” എന്നു പറയുമ്പോൾ ഒരു വസ്തുവിന്റെ മൂന്നാമത്തെ മാനവും മറ്റെല്ലാ വസ്തുതകളും അവഗണിച്ചുകൊണ്ട് അതിന്റെ രണ്ടു മാനങ്ങൾ മാത്രമേ പരിഗണനയിൽ വരുന്നുള്ളു.എങ്കിലും ഗണിതശാസ്ത്രധാരണകളുടെ ഈ “ഏകപക്ഷീയത”- ഒരു വിധത്തിൽ അത് ഏകപക്ഷീയം തന്നെയാണുതാനും - യഥാർത്ഥത്തിൽ നിലവിലുള്ള ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനമാണ് അവയെന്ന വസ്തുതയെ ഒരു വിധത്തിലും ചോദ്യം ചെയ്യുന്നില്ല.

അടുത്തതായി നമുക്ക് നാമാവശേഷമായിക്കഴിഞ്ഞതോ സംഭവിക്കാനിരിക്കുന്നതോ ആയ കാര്യങ്ങളേക്കുറിച്ച് പരിചിന്തിക്കേണ്ടിവരുന്ന സ്ഥിതിഗതികളിലേക്ക് ശ്രദ്ധ തിരിക്കാം .ആത്മീയവാദത്തിന്റെ വീക്ഷണത്തിൽ തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു ആകത്തുകയാണ് ഈ പ്രപഞ്ചം; അതിനാൽ ഇപ്പോഴില്ലാത്ത ഒരു വസ്തു ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല. വൈരുദ്ധ്യവാദത്തിന്റെ വീക്ഷണത്തിലാകട്ടെ,പ്രക്രിയകളുടേയും കെട്ടുപാടുകളുടേയും ബന്ധങ്ങളുടേയും ആകത്തുകയാണ് പ്രപഞ്ചം. അതിനാൽ ആശയങ്ങൾ തയ്യാർ ചെയ്ത വസ്തുക്കളേക്കാൾ കൂടുതലായി പ്രക്രിയകളേയും കെട്ടുപാടുകളേയും ബന്ധങ്ങളേയുമാണ് പ്രതിഫലിപ്പിക്കുന്നത്. പത്തുകോടി സംവത്സരങ്ങൾക്കപ്പുറത്തുണ്ടായിരുന്ന സ്ഥിതിയിൽ നിന്ന് ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള പുരോഗതിക്കിടയിൽ ഭൂമി പല അന്തരാള ഘട്ടങ്ങളിലും കൂടി കടന്നു പോന്നിട്ടുണ്ട്.ഈ ഘട്ടങ്ങൾ തമ്മിലുള്ള അന്വയങ്ങൾ - ഇപ്പോഴും പ്രാബല്യത്തിലുള്ള ഭൂരസതന്ത്രത്തിന്റേയും ഭൗമോർജ്ജതന്ത്രത്തിന്റേയും നിയമങ്ങൾ - മനസ്സിലാക്കികൊണ്ടും ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതിയുടെ അടിസ്ഥാനത്തിലും ശാസ്ത്രജ്ഞർ കോടാനുകോടി വർഷങ്ങൾക്കപ്പുറത്തെ അതിന്റെ സ്ഥിതിയേപ്പറ്റി വിഭാവനം ചെയ്യുന്നു. മറ്റുചില ഉദാഹരണങ്ങൾ കൂടി നമുക്കു ഇവിടെ പരിശോധിക്കാം, വൈരുദ്ധ്യത്മക ബന്ധങ്ങൾ , ഭൗതികനിയമങ്ങൾ , മനസ്സിലാക്കിയതിന്ന് ശേഷം ത്‘സിയല്ക്കോവിസ്കി - അദ്ദേഹത്തിന്റെ കാലത്തും ഈ നിയമങ്ങൾ നിലവിലുണ്ടായിരുന്നു - ബഹിരാകാശയാത്രക്ക് വഴിവെക്കാവുന്ന ,(മനുഷ്യൻ ഈ നിയമങ്ങളെ ഉപയോഗപ്പെടുത്തിയപ്പോൾ) വഴിവെച്ച,സംഭവപരമ്പരകളെ വിഭാവനം ചെയ്തു. മുതലാളിത്തസമുദായ വികാസത്തിന്റെ ചരിത്രപരമായ പ്രക്രിയയിലും - ഇതിന്റെ ഫലമായി മനുഷ്യരാശിയുടെ മൂന്നിലൊരു ഭാഗം സോഷ്യലിസത്തിന്റെ പാത സ്വീകരിച്ചിട്ടുണ്ട് - വ്യക്തമായി ബന്ധപ്പെട്ട ഘട്ടങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ബന്ധങ്ങളേപ്പറ്റി പഠിക്കുകയും ,1860-1880 കാലത്തെ സമുദായത്തിന്റെ അവസ്ഥയിൽ നിന്ന് ആരംഭിക്കുകയും ചെയ്തുകൊണ്ട് അമ്പതോ നൂറോ സംവത്സരങ്ങൾക്ക്ശേഷം നടക്കാനിരിക്കുന്ന സഭവങ്ങളെ മാർക്സ് വിഭാവനം ചെയ്തു. ഭൂതത്തെ സംബന്ധിക്കുന്നതായാലും ശരി ഭാവിയെ സംബന്ധിക്കുന്നതായാലും ശരി, ഇതിലോരോ ഉദാഹരണത്തിലും ആളുകളുടെ ആശയങ്ങൾ മറ്റെല്ലാറ്റിലും ഉപരിയായി അതാത് കാലത്തുള്ള ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാൽ ചിന്ത പ്രതിഫലനമല്ലെന്ന വാദത്തിനും നില്കക്കള്ളിയില്ലാതാകുന്നു.

ഭൗതികപ്രതിഭാസങ്ങൾ നമുക്ക് പുറത്താണ് നിലനില്ക്കുന്നത്.അവയുടെ പ്രതിഫലനങ്ങൾ ,“ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിച്ഛായകൾ, നമുക്കുള്ളിലും നിലനില്ക്കുന്നു” (ലെനിൻ,“സമാഹൃതകൃതികൾ”വാല്യം14,പേജ്69,90) അപ്പോൾ ചിന്തയും മസ്തിഷ്കവുമായുള്ള ബന്ധം എന്താണ്?
കരളും പിത്തരസവും തമ്മിലുള്ള ബന്ധം തന്നെയാണ് മസ്തിഷ്കവും ചിന്തയും തമ്മിലുള്ളതെന്നായിരുന്നു 19 -ആം നൂറ്റാണ്ടിലെ ജർമ്മൻ ശാസ്ത്രജ്ഞനായ കാറൽ ഫോഗ്റ്റ് ഇതിന്ന് നല്കിയ മറുപടി .എന്നാൽ പിത്തരസം അതിന്ന് ജന്മം നല്കുന്ന കരളിനെപ്പോലെതന്നെ പദാർത്ഥീയമാണ്, ഭൗതികമാണ്.ഫോഗ്റ്റ് പറയുന്നതിന്റെ അർത്ഥം.എന്നു പറഞ്ഞാൽ ബോധം പദാർത്ഥത്തിന്റെ ഒരു രൂപഭേദമാണ്; അത് പദാർത്ഥമാണ്.പദാർത്ഥം ബോധത്തിന്ന് പുറത്തുള്ളതാണെന്ന് നമുക്കറിയുകയും ചെയ്യാം.ബോധം പദാർത്ഥമാണെന്ന് സങ്കല്പിച്ചാൽ നമുക്ക് ഈ വിധം കൂടി പ്രസ്താവിക്കേണ്ടിവരും; “മനുഷ്യന്റെ ബോധത്തിന്ന് പുറത്തുള്ളതാണ് ബോധം” ഈ പറയുന്നത് അർത്ഥമില്ലാത്തതാണ്.ഫോഗ്റ്റിന്റെ നിഗമനം എത്ര അസംബന്ധമാണെന്ന് കാണിക്കാൻ ഇതു മാത്രം മതി. ഈ നിഗമനത്തേയാണ് എംഗൽസ് വൈകൃതഭൗതികവാദം എന്ന് വിശേഷിപ്പിച്ചത്.

ആശയവാദികളും ഭൗതികലോകത്തെ ബോധമാക്കി ചുരുക്കുന്നുണ്ട്.അപ്പോൾ അവർ പറയുന്നതും ഫോഗ്റ്റ് പറയുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
“ചിന്ത ഭൗതികമാണെന്ന് പറയുന്നത് ഒരു പിഴച്ച ചുവടുവെപ്പായിരിക്കും ,ഭൗതികവാദത്തേയും ആശയവാദത്തേയും തമ്മിൽ കൂട്ടിക്കുഴുക്കുന്ന ഒരു ചുവടുവെപ്പായിരിക്കും” (ലെനിൻ അതേകൃതി വാല്യം 14, പേജ് 244) എന്ന് ലെനിൻ പറഞ്ഞത് യാദൃശ്ചികമല്ല.ജന്തു ജീവികൾക്ക് മാത്രമല്ല അചേതന വസ്തുക്കൾക്കും ചിന്ത അല്ലെങ്കിൽ കുറഞ്ഞപക്ഷം സംവേദനം ഉണ്ടെന്ന് 17-൧൮ - ആം നൂറ്റാണ്ടിലെ ഭൗതികവാദികളായ പലേ തത്വചിന്തകരും അഭിപ്രായപ്പെട്ടിരുന്നു. ജൈവപ്രകൃതിയും അജൈവപ്രകൃതിയും തമ്മിലുള്ള ,മനുഷ്യനും ജന്തുക്കളും തമ്മിലുള്ള സാരമായ വ്യത്യാസങ്ങളേപ്പറ്റി അന്ന് അവർക്ക് വലിയ അറിവുണ്ടായിരുന്നില്ലെന്നതാണ് സത്യം .കല്ലിന് പോലും സംവേദനമുണ്ടെന്ന് അപ്പോൾ സമ്മതിക്കേണ്ടിവരും. സചേദനവും അചേതനവുമായിട്ടുള്ള വസ്തുക്കൾ തമ്മിൽ ,യാതോരു അതിർത്തി വരമ്പും കാണാതിരിക്കുകയും, അജൈവത്തിൽ നിന്ന് ജൈവപ്രകൃതിയിലേക്കുള്ള മാറ്റത്തെ പുതുതായ എന്തിന്റേയെങ്കിലും ആവിർഭാവമായി കണക്കാക്കാതെ പഴയ എന്തിന്റേയോ ഒരു വകഭേദമായി മാത്രം വീക്ഷിക്കുകയും ചെയ്യുന്ന ഈ തത്വസംഹിത ഭൂതജീവിവാദം (hylozolsm) എന്നപേരിയലറിയപ്പെടുന്നു.

അചേതനത്തിൽ നിന്ന് ചേതനത്തിലേക്കുള്ള മാറ്റത്തിൽ പഴയതിന്റെ വെറുമൊരു വകഭേദമല്ല അന്തർഭവിച്ചിട്ടുള്ളതെന്നും,മറിച്ച് തികച്ചും നൂതനമായ ഒന്നിന്റെ ,സംവേദനത്തിന്റെ -“നിശ്ചിത രീതിയിൽ ഘടിപ്പിക്കപ്പെട്ടിട്ടുള്ള പദാർത്ഥത്തിന്റെ നിശ്ചിത പ്രക്രിയകളുമായി മാത്രമേ അതിന്ന് ബന്ധമുള്ളൂ” (ലെനിൻ അതേകൃതി പേജ് 46) അങ്ങിനെ ഘടിപ്പിക്കപ്പെട്ടിട്ടില്ലാത്ത പദാർത്ഥത്തിന്ന് സംവേദക്ഷമതയില്ല- ആവിർഭാവമാണ് അതിലുൾക്കൊണ്ടിട്ടുള്ളതെന്നും പറയുന്ന വൈരുദ്ധ്യാത്മകവീക്ഷണത്തിലൂടെ ലെനിൻ ഭൂതജീവി വാദികളുടെ ഈ അഭിപ്രായത്തെ ഖണ്ഡിച്ചു.മനസ്സിനേയും പദാർത്ഥത്തേയുമൊന്നായി കാണുന്ന അഭിപ്രായം പോലെ തന്നെ അവ തമ്മിലുള്ള വൈജാത്യത്യത്തെ കുറച്ചുകാണുന്ന അഭിപ്രായവും ലെനിൻ തള്ളിക്കളഞ്ഞു .തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തിന്റെ നാലതിരുകൾക്കുള്ളിൽ മാത്രമേ ഈ വിത്യാസം കേവലമായിട്ടുള്ളുവെന്ന സംഗതി അദ്ദേഹം ഊന്നിപ്പറഞ്ഞു.

പദാർത്ഥവും ബോധവും തമ്മിൽ പൊതുവായ യാതൊന്നും തന്നെയില്ലെന്ന രീതിയിൽ ആത്മീയവാദപരമായ രീതിയിലല്ല ഇതിനെ ധരിക്കേണ്ടത് എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. “പ്രാഥമികമായിട്ടുള്ളതും ദ്വിതീയമായിട്ടുള്ളതും എന്തെന്ന ജ്ഞാനമീമാംസീയപ്രശ്നത്തിന്റെ...നാലതിരുകൾക്കുള്ളിൽ മാത്രമേ പദാർത്ഥവും മനസ്സും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് കേവലമായ പ്രാധാന്യമുള്ളൂ” ലെനിൻ ചൂണ്ടിക്കാട്ടി.“ ഈ അതിരുകൾക്ക് പുറത്ത് ഈ പ്രതിപക്ഷതയുടെ ആപേക്ഷികസ്വഭാവം തർക്കമറ്റ സംഗതിയാണ്” (ലെനിൻ അതേകൃതി,പേജ്,147)
(.അടുത്ത പോസ്റ്റിൽ ഈ ലേഖനത്തിന്റെ തുടർച്ച :- “ 2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ് ”.)

അഭിപ്രായങ്ങളൊന്നുമില്ല: