2011, ജനുവരി 1, ശനിയാഴ്‌ച

തത്വശാസ്ത്രം എന്നുപറയുന്നത് എന്താണ്‌ ?

തത്വശാസ്ത്രപരമായ വിജ്ഞാനം മറ്റുതരത്തിലുള്ള ശാസ്ത്രീയ വിജ്ഞാനത്തിൽ നിന്ന് എങ്ങിനേയാണ്‌ വിഭിന്നമായിരിക്കുന്നത്?തത്വചിന്ത പ്രകൃതിയേയും മനുഷ്യരേയും ചിന്തയേയും സംബന്ധിച്ച ഏതാണ്ട് എല്ലാചോദ്യങ്ങൾക്കും സമഗ്രവും അന്തിമവുമായ ഉത്തരങ്ങൾ നല്കുന്നുണ്ടെന്നാണ്‌ മാർക്സിന്‌ മുമ്പ് വരെ സാധാരണമായി വിശ്വസിച്ചിരുന്നത്.

തത്വചിന്ത “മാനവികവിജ്ഞാനത്തിന്റെ എല്ലാ മൗലികതത്വങ്ങളും ഉൾക്കൊള്ളുന്നു..” ജർമൻ ആശയവാദീ തത്വചിന്തകനായ യൊഹാൻ ജി ഫിഹ്റ്റെ (1762-1814) എഴുതുകയുണ്ടായി

“ഓരോ അന്യേഷണവും ഓരോ പ്രശ്നത്തിന്ന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നു” അത്യന്താപേക്ഷിതമായ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലെങ്കിൽ പോലും കാതലായ എല്ലാപ്രശ്നങ്ങൾക്കും അന്തിമപരിഹാരം നിർദ്ദേശിക്കാനുള്ള ശ്രമങ്ങളാണ്‌ ജർമൻ തത്വ ചിന്തകരായ ലൈബ്നിത്,കാന്റ്,ഹെഗൽ എന്നിവരുടെ തത്വചിന്താസംഹിതകളിൽ നാം കാണുന്നത്.

തത്വശാസ്ത്രത്തിന്റേയും അതിന്റെ ലക്ഷ്യങ്ങളേയും പറ്റി മാർക്സിനും എംഗൽസിന്നും വിഭിന്നമായ വീക്ഷണമായിരുന്നു ഉണ്ടായിരുന്നത്.രസതന്ത്രം,സസ്യശാസ്ത്രം,ജീവശാസ്ത്രം,തുടങ്ങിയ ഏതെങ്കിലും ശാസ്ത്രം കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളും നിയമങ്ങളും യാഥാർത്ഥ്യത്തിന്റെ ഒരു മണ്ഡലത്തെ അഥവാ വശത്തെമാത്രം സംബന്ധിക്കുന്നതാണെന്ന് അവർ വാദിച്ചു.

എന്നാൽ, എല്ലാ മണ്ഡലങ്ങളേയും സംബന്ധിക്കുന്ന പൊതുപ്രശ്നങ്ങളും ,പ്രകൃതിയുടേയും സമുദായത്തിന്റേയും ചിന്തയുടേയും ഓരോ മണ്ഡലത്തിന്നും ബാധകമായിട്ടുള്ള പൊതു നിയമങ്ങളും ഉണ്ട്.

രസതന്ത്രമോ, സസ്യശാസ്ത്രമോ ജീവശാസ്ത്രമോ മറ്റേതെങ്കിലും പ്രത്യേക ശാസ്ത്രമോ ഈ പൊതുപ്രശ്നങ്ങളേയും നിയമങ്ങളേയും കൈകാര്യം ചെയ്യുന്നില്ല.തത്വശാസ്ത്രമാണ്‌ അവയേപ്പറ്റി അന്യേഷണം നടത്തുന്നത്.

തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തേപ്പറ്റി ചർച്ച ചെയ്യുന്ന അവസരത്തിൽ ആ പ്രശ്നത്തിന്റെ ശരിയായ പരിഹാരം എല്ലാ ശാസ്ത്രങ്ങളും ചേർന്ന് തേടുന്ന വിജ്ഞാനത്തിൽ നിന്നുള്ള നിഗമനമാണെന്ന് നാം കാണുകയുണ്ടായല്ലോ

മറ്റെല്ലാ തത്വശാസ്ത്രങ്ങളേയും സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്‌,വിഭിന്ന ശാസ്ത്രങ്ങൾ കണ്ടുപിടിക്കുന്ന വസ്തുതകളേയും നിയമങ്ങളേയും പരിശോധിച്ച് താരതമ്യപ്പെടുത്തുകയും,അതെല്ലാം കൂടി സംഗ്രഹിക്കുകയും ,അതിൽനിന്നുള്ള സ്വാഭാവികമായ നിഗമനങ്ങളെ ക്രോഡീകരിക്കുകയുമാണ് തത്വശാസ്ത്രം ചെയ്യുന്നത്.

അങ്ങിനെ നോക്കുമ്പോൾ തത്വശാസ്ത്രം പ്രകൃതിയുടേയും സമുദായത്തിന്റേയുംചിന്തയുടേയും വികാസത്തെ നിയന്ത്രിക്കുന്ന സാമാന്യനിയമങ്ങളുടെ ശാസ്ത്രം ആണെന്ന് പറയാം;മനുഷ്യരാശി സമ്പാദിച്ചു വെച്ചിട്ടുള്ള വിജ്ഞാനത്തിന്റെ ആകത്തുകയാണത്.

പ്രവർത്തിക്കുന്ന മണ്ഡലം ഏതായാലും ഓരോ ശാസ്ത്രജ്ഞനും ഭൗതികവും ആശയപരവും,ചലനവും നിശ്ചലതയും,അവിച്ഛിന്നതയും വിച്ഛിന്നതയും,കാരണവും കാര്യവും,ശരിയും തെറ്റും എന്നിങ്ങനെയുള്ള പൊതുധാരണകൾ എടുത്തു പ്രയോഗിക്കും.

അയാൾ അതിന്ന് നല്കുന്ന അർത്ഥമയാളെ സംബന്ധിച്ചിടത്തോളം സുസ്പഷ്ടവുമായിരിക്കും,പക്ഷെ,വാസ്തവത്തിൽ ഈ ധാരണകളുടെ അർത്ഥം തത്വശാസ്ത്രംകൈകാര്യം ചെയ്യുന്ന സാമാന്യപ്രശ്നങ്ങളേയും നിയമങ്ങളേയും എങ്ങിനെ മനസ്സിലാക്കുന്നുവെന്നതിനെ വളരെ ഏറെ ആശ്രയിച്ചിരിക്കുന്നു.

ധാരണകൾക്ക് ചിലചില അർത്ഥങ്ങൾ കല്പിക്കുമ്പോൾ ഒരു ശാസ്ത്രജ്ഞന്തനെ ഗവേഷണത്തിൽ മുന്നോട്ട് നീങ്ങുന്നത് ചില പൊതുപ്രശ്നങ്ങൾക്ക് പരിഹാരം കണ്ട്കൊണ്ടാണ്‌.പക്ഷെ അയാൾ അതേപ്പറ്റി ബോധവാൻ അല്ലെങ്കിൽ പോലും,സാമാന്യനിയമങ്ങളെ ഒരു നിശ്ചിതരീതിയിൽ മൻസ്സിലാക്കുമ്പോൾ,പൊതുപ്രശ്നങ്ങൾക്ക് ഒരു നിശ്ചിതപരിഹാരംതേടുമ്പോൾ ,ശാസ്ത്രജ്ഞർ അറിഞ്ഞോ അറിയാതേയോ തത്വശാസ്ത്രപരമായ വ്യകതമായ നിലപാട് കൈക്കൊള്ളുന്നുണ്ട്.

എന്നാൽ ,മോള്യേറുടെ എം, ജൂർദേനെ പോലെ -ജീവിതം മുഴുവൻ താൻ ഗദ്യത്തിലാണ് സംസാരിച്ചിരുന്നത് എന്ന് ഈ കഥാപാത്രത്തിന്ന് നിശ്ചയമുണ്ടായിരുന്നില്ല.-തങ്ങളുടെ തത്വങ്ങൾ നിശ്ചിതരൂപത്തിലുള്ള ഒരു തത്വചിന്ത യുടെ ഭാഗമാണെന്നതിനേക്കുറിച്ച് തികച്ചും അജ്ഞരായിരിക്കുന്നതിൽനിന്ന് ഇത് ഈ ശാസ്ത്രജ്ഞരിൽ പലരേയും തടയുന്നില്ല.

ഗവേഷണങ്ങളുടെ തത്വങ്ങൾ അഥവാ സമ്പ്രദായം -അതിൽ നിന്നാണ്‌ ശാസ്ത്രജ്ഞന്റെ തുടക്കം .അതാണ് അയാളുടെ പ്രവർത്തനത്തിന്ന് മാർഗ്ഗദർശ്ശനം നല്കുന്നത്.മുകളിൽ പ്രസ്താവിച്ചതുപോലെ ,അതാണ്‌ വാസ്തവത്തിൽ അയാളുടെ തത്വശാസ്ത്രവും .

അപ്പോൾ തത്വശാസ്ത്രം ശാസ്ത്രങ്ങളുടെ എല്ലാം കൂടിയുള്ള ആകത്തുകയും അവയ്ക്കാധാരമായിട്ടുള്ള അനുഭവവും അതേസമയം എല്ലാശാസ്ത്രങ്ങളുടേയും അനുഭവങ്ങളുടെ സമ്പ്രദായവുമാണ്.ശാസ്ത്രം നിശ്ചലമായി നില്ക്കുകയല്ല ചെയ്യുന്നത്.

സുപ്രധാനങ്ങളായ കണ്ടുപിടുത്തങ്ങൾ പലപ്പോഴും ശാസ്ത്രത്തിൽ വിപ്ളവകരങ്ങളായ മാറ്റിമറിക്കലുകൾ ഉണ്ടാക്കുകയും ,അതിന്ന് മുമ്പുള്ള കണ്ടുപിടുത്തങ്ങളെ കൂടുതൽ സ്പഷ്ടീകരിക്കേണ്ടത്,ചിലപ്പോൾ പുതുക്കുകപോലും ചെയ്യേണ്ടത്,ആവശ്യമാക്കി തീർക്കുകയും ചെയ്യുന്നു.

“..തത്വ ശാസ്ത്ര നിഗമനങ്ങളെ ഒഴിവാക്കാനാവാത്തത്ര വേഗത്തിലാണ്‌ പ്രകൃതിശാസ്ത്രം വളരുകയും എല്ലാ മണ്ഡലങ്ങളിലും ആഴമേറിയ വിപ്ളവകരമായ മാറ്റിമറിക്കലുകൾക്ക് വിധേയമാവുകയും ചെയ്തുകൊണ്ടിരിക്കുന്നത്”.എന്ന് ലെനിൻ എഴുതുകയുണ്ടായി (ലെനിൻ,സമാഹൃതകൃതികൾ,വാല്യം 33പേജ്234)

അതിനാൽ അന്തിമവും എല്ലാം തികഞ്ഞതുമായ ഒരു വിജ്ഞാനക്രമം ഉണ്ടാവുക സാദ്ധ്യമല്ല.വിവിധ ശാസ്ത്രങ്ങൾ സമാർജ്ജിക്കുന്ന വിജ്ഞാനം കൂടുതൽ വ്യാപകമാവുന്നതിനനുസരിച്ച് തത്വശാസ്ത്രത്തേയും വികസിപ്പിച്ച് സ്പുടം ചെയേണ്ടതുണ്ട് .

ഈ വിധത്തിൽ ശാസ്ത്രം തത്വചിന്തയെ മുന്നോട്ട് കൊണ്ട് പോകുന്നു.കൂടുതൽ ഉയർന്ന നിലവാരത്തിലുള്ള ശാസ്ത്രത്തിൽ നിന്ന് ഉരുത്തിരിയുന്ന തത്വശാസ്ത്രം കൂടുതൽ ശരിയും കൃത്യവുമാകുന്നത്പോലെ,അതിനെ,ആ തത്വ ചിന്തയെ ,പിന്തുടരുന്ന ശാസ്ത്രീയവും പ്രായോഗികവുമായപ്രവർത്തനം കൂടുതൽ വിജയകരവും ഫലപ്രദവുമാകുന്നു.

പ്രശസ്ത ഇംഗ്ലീഷ്ശരീരശാസ്ത്രജ്ഞനായ ജെ ബി എസ് ഹാൽഡെയിൻ ഇതേക്കുറിച്ച് എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്‌;“ക്രമാനുഗതമായി വർദ്ധിച്ച്കൊണ്ടിരിക്കുന്ന എന്റെ വൈരുദ്ധ്യാതിഷ്ടിതഭൗതികവാദവിജ്ഞാനമാണ്‌ അടുത്ത കാലത്തായി പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ഗവേഷണങ്ങളിൽ ഒട്ടുമിക്കതിനും പ്രചോദനം നല്കിയുട്ടുള്ളത്..എന്നെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യാതിഷ്ടിതഭൗതികവാദം ഗവേഷണത്തിൽ ഒരു വിലപ്പെട്ട ഉപകരണമാണ്...” ("science and society"ന്യൂയോർക്ക്,വാല്യം2ലക്കം2,1938 വസന്തം,പേജ്239)

ഭൗതികവാദ തത്വശാസ്ത്രം ഈ വിധത്തിൽ ഓരോ ശാസ്ത്രത്തെമുന്നോട്ട് കൊണ്ട്പോകുന്നു.എന്നാൽ ആശയവാദതത്വചിന്ത ശാസ്ത്രത്തിന്ന് ദോഷം ചെയ്യുന്നതേയുള്ളു.

ഏണസ്റ്റ് മാഹ് എന്ന ഊർജ്ജതന്ത്രജ്ഞന്റെ പ്രവർത്തനത്തിന്ന് ആശയവാദവീക്ഷണം വരുത്തിയ ദോഷങ്ങളേപ്പറ്റി പറയവേ,ആല്ബർട്ട് ഐൻസ്റ്റൈൻ എഴുതി;“അദമ്യമായ ആവേശവും മികച്ച വാസനാവൈഭവവുമുള്ള പണ്ഡിതന്മാർക്ക് പോലും തത്വശാസ്ത്രപരമായ മുൻ വിധി കാരണം വസ്തുതകളെ വ്യാഖ്യാനിക്കുന്നതിൽ എത്ര ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിന്ന് ഒന്നാന്തരമൊരു ഉദാഹരണമാണിത്...”(Albert Einstein,"Autobiographical Notes"-പോൾ ആർതർ ഷില്പ് എഡിറ്ററായുള്ള “ആല്ബർട്ട് ഐൻസ്റ്റൈൻ തത്വചിന്തകനായ ശാസ്ത്രജ്ഞൻ” എന്ന കൃതിയിൽ നിന്ന്1949 ഈവൻസ്റ്റൺ ,പേജ്,49)

അതിനാൽ തത്വശാസ്ത്രം മറ്റൊരു ശാസ്ത്രത്തിലും കാണാനാവാത്ത വിജ്ഞാനമാണെന്നു പറയാം.

തത്വചിന്തക്ക് യാഥാർത്ഥ്യത്തിന്റെവിജ്ഞാനവുമായിപുലബന്ധമ്പോലുമില്ലെന്നും,ശാസ്ത്രീയവിജ്ഞാനത്തെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ട് മനുഷ്യൻ ആശ്രയിക്കേണ്ടത് അത്തരം അറിവിനേയല്ല ,പിന്നെയോ അവന്റെ അന്തർലോകത്തെ മാത്രമായിരിക്കണമെന്നും - താൻ എന്തു കാംക്ഷിക്കണമെന്നും എന്തു ആർജ്ജിക്കണമെന്നും പൊതുവിൽ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നും മറ്റുമുള്ള അവന്റെ ജിജ്ഞാസനിറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരം നിസ്സംശയമായും അതിൽ അവൻ കണ്ടെത്തുമത്രെ -മുള്ളവാദത്തെ മാർക്സിസം തള്ളിക്കള്യുന്നു;

പണ്ടുകാലത്ത് ഉണ്ടായിരുന്നതും ഇപ്പോൾ എക്സിസ്റ്റൻഷ്യലിസ്റ്റുകൾ (അസ്തിത്വ വാദികൾ ) ഉയർത്തിപ്പിടിക്കുന്നതുമാണ്‌ ഈ വാദം.

പ്രകൃതിയിലും സമുദായത്തിലും മനസ്സിലും ഉണ്ടാകുന്നതിനേപ്പറ്റിയുള്ള വിജ്ഞാനം ഒഴിച്ച് മറ്റുയാതൊന്നുമായും തത്വചിന്തക്ക് ബന്ധമില്ലെന്ന വേറൊരു പഴകിയ അഭിപ്രായമുണ്ട്.സാധാരണ ഗതിയിൽ“സംഗതികളെ തത്വചിന്താപരമായി വീക്ഷിക്കുക”എന്നുപറഞ്ഞാൽ അങ്ങേയറ്റത്തെ നിസ്സംഗതയോടെ സംഗതികൾ വീക്ഷിക്കുക എന്നതാണ്.

ഒന്നിലും ഒരിക്കലും ഇടപെടാതെ വെറുതെ കയ്യുംകെട്ടി നോക്കിയിരിക്കുക എന്നാണ്‌,അർത്ഥമാക്കുന്നത്.

നേരെമറിച്ച്,ഒരുവൻ തന്റെ ആദർശങ്ങൾ മുറുകെപിടിക്കുകയും തെറ്റെന്ന് തനിക്ക് തോന്നുന്നതിന്നെതിരായി പോരടിക്കുകയുംചെയ്താൽ ആളുകൾ അയാളെപ്പറ്റിപറയും“അയാൾ വേദാന്തിയല്ല,പ്രായോഗിക ചിന്താഗതിക്കാരനാണ്‌;അയാളുടെ ആദർശങ്ങൾക്ക് തത്വചിന്തയുമായി യാതോരു ബന്ധവുമില്ല.


മാർക്സ് തത്വചിന്തയെക്കുറിച്ചുള്ള ഈ വീക്ഷണമപ്പാടെ തള്ളിക്കളഞ്ഞു.അദ്ദേഹം എഴുതി;“ തത്വചിന്തകർ ലോകത്തെ പലവിധത്തിലും വ്യാഖ്യാനിക്കുകമാത്രമാണ്‌ ചെയ്തിട്ടുള്ളത്; പക്ഷെ,അതിനെ മാറ്റിയൊടുക്കുക എന്നതാണ്‌ പ്രദാന സംഗതി,,” (Karl Mmarx and Frederick Engels "Selected Works" in three volumes,വാല്യം1മോസ്കോ 1972,പേജ് 590)

ലോകം എന്താണെന്നചോദ്യത്തിന്ന് മാത്രമല്ല,പിന്നേയോ നാം അതിനോട് എന്ത് സമീപനം കൈക്കോള്ളണമെന്നും അത് എങ്ങിനെ പുനർ നിർമ്മിക്കണമെന്നുള്ള ചോദ്യത്തിന്നും തത്വചിന്ത മറുപടി നല്കുന്നുണ്ട്.

ഉള്ളതിനേപ്പയിയുള്ള അറിവു മാത്രമല്ല അത്,പിന്നെയോ ഉള്ളതിനെ കണ്ടറിയുന്നതിനുള്ള ഒരു മാർഗ്ഗം ,ലോകത്തെ പറ്റിയുള്ള ഒരു വീക്ഷണം,നമ്മുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും നിർണ്ണയിക്കുന്ന ഒരു ലോകവീക്ഷണം കൂടിയാണത്.

തത്വ ചിന്ത യാഥാർത്ഥ്യത്തിന്റെ ശാസ്ത്രീയമായ വിശദീകരണത്തെ അത് മാറ്റുന്നതിനുള്ള ഒരു ഉപാധിയാക്കുന്നു.ഇവിടെ തത്വചിന്തയും മറ്റു ശാസ്ത്രങ്ങളും തമ്മിലുള്ള ഒരു വ്യത്യാസം കൂടി നമ്മെ അഭിമുഖീകരിക്കുന്നു.

ഉദാഹരണത്തിന്ന്“ മുതലാളിത്ത സഞ്ചയം തൊഴിലാളികളുടെ സംഖ്യയും നിരന്തരമായ അതികപ്പറ്റ് വരുത്തിക്കൊണ്ടിരിക്കുന്നു”, (കാറൽ മാർക്സ്“മൂലധനം”വാല്യം 1 മോസ്കോ,1972 പേജ്590) അതായത്,തൊഴിലില്ലായ്മ സൃഷ്ടിച്ച്കൊണ്ടിരിക്കുന്നു എന്ന,നിയമത്തെ ശാസ്ത്രം അംഗീകരിക്കുന്നത് മാർക്സും മറ്റും അതിനെ നീതിയുക്തമായി കരുതുന്നത്കൊണ്ടല്ല ,

പിന്നെയോ അത് മുതലാളിത്തത്തെപ്പറ്റിയുള്ള പ്രാമാണികമായ പരിജ്ഞാനം ആയത്കൊണ്ടാണ്‌.

ഓരോ ശാസ്ത്രവും അതിന്റെ ശരിയായ പരിധിയിൽ പെട്ട വിജ്ഞാനം ശേഖരിക്കുന്നതിൽ സ്വയം ഒതുങ്ങിനില്ക്കുന്നു.വസ്തുനിഷ്ടമായ വിജ്ഞാനം ഒരു ശാസ്ത്രജ്ഞന്റെ ആദർശങ്ങളേയും ഇഷ്ടാനിഷ്ടങ്ങളേയും ആശ്രയിച്ചല്ല ഇരിക്കുന്നത്.

നാം എന്തു കാംക്ഷിക്കണമെന്നും ലോകത്തോട് നാം എന്ത്സമീപനം കൈക്കൊള്ളണമെന്നുമുള്ള ചോദ്യങ്ങൾക്ക് തത്വശാസ്ത്രം മറുപടി നല്കുന്നു.ലോകത്തോടുള്ള മനുഷ്യന്റെ പ്രായോഗിക സമീപനത്തിന്ന്, അവന്റെ ലോകവീക്ഷണത്തിന്‌ അത് രൂപം നല്കുന്നു.

മനുഷ്യൻ ഒരു സാമൂഹ്യജീവി ആണെന്നത്പോലെ,അവന്റെ വീക്ഷണം ഒരു സാമൂഹ്യപ്രതിഭാസമാണ്‌; ഒരു വർഗ്ഗസമുദായത്തിൽ അത് പ്രത്യേക വർഗ്ഗത്തിന്റെ താല്പ്പര്യം പ്രകടിപ്പിക്കുകയുംചെയ്യുന്നു.

തത്വശാസ്ത്രത്തിൽ ഭൗതികവാദം,ആശയവാദം എന്നീ രണ്ട് ധാരകൾ തമ്മിലുള്ള ഏറ്റുമുട്ടൽ മുമ്പെന്നപോലെ ഇപ്പോഴും വർഗ്ഗസമരത്തിന്റെ ഒരു പ്രകടനമാണ്‌.ഈ രണ്ട് എതിർ ധാരകളിൽ ഏതെങ്കിലും ഒന്നിന്റെ കൂടെ നില്ക്കുന്നതിനേയാണ്‌തത്വശാസ്ത്രത്തിലെ പക്ഷപാതമെന്ന് പറയുന്നത്.

മാർക്സിസത്തിന്റെ പ്രതിയോഗികൾ പിന്തുടരുന്ന വാദം ഏതാണ്ടിപ്രകാരമാണ്‌;

തത്വചിന്ത യഥാർത്ഥ്വിജ്ഞാനമാണെന്നും ലോകത്തെപ്പറ്റിയുള്ള സത്യാവസ്ഥ കണ്ടെത്തുന്നതിൽ ഓരോരോ തത്വസംഹിതകളുടെ കർത്താക്കൾ വിജയിച്ചിട്ടുള്ളടത്തോളം

ഈ തത്വസംഹിതകൾ ശരിയാണെന്നും സങ്കല്പ്പിക്കുക,അപ്പോൾ ഈ പ്രമാണങ്ങൾ ആർക്കെങ്കിലും ഗുണമോ ദോഷമോ ചെയ്യുന്നുവെന്നത് അത്ര പ്രധാന സംഗതിയല്ല;

എന്തെന്നാൽ

സത്യത്തിന്റെ മുമ്പിൽ താല്പര്യങ്ങൾക്ക് സ്ഥാനമില്ല .മറിച്ച്,ഒരു പ്രത്യേകവർഗ്ഗത്തിന്ന് പ്രയോജനമുള്ളത് പഠിപ്പിക്കുകയാണ്‌ തത്വ ചിന്തയുടെ ഉദ്ദേശമെങ്കിൽ, അതിന്റെ ബോധനങ്ങൾ ശരിയോ തെറ്റോ പ്രധാനസംഗതിയല്ല; കാരണം, അവ സത്യത്തിന്ന് അനുയോജ്യമായിരിക്കണമെന്നില്ലല്ലോ,ആ വർഗ്ഗത്തിന്റെ താലപ്പര്യത്തിന്ന് അനുയോജ്യമായിരുന്നാൽ മതിയല്ലോ.

അതിനാൽ “തത്വചിന്ത പ്രാമാണികപരിജ്ഞാനം പ്രകടമാകുന്ന്”എന്നും “തത്വചിന്ത വർഗ്ഗതാല്പര്യം പ്രകടമാക്കുന്നു”എന്നുമുള്ള പ്രസ്താവങ്ങൾ പരസ്പരവിരുദ്ധങ്ങളാണെന്ന് അവർ ഉപസംഹരിക്കുന്നു.എന്നാൽ സമുദായം വർഗ്ഗങ്ങളായി തിരിഞ്ഞതു മുതലാണ്‌തത്വശാസ്ത്രത്തിന്റെ ആവിർഭാവം എന്നകാര്യം നാം സ്മരിക്കണം,

വർഗ്ഗസമുദായത്തിൽ ഓരോ കാലഘട്ടത്തിലും തങ്ങളുടെ ജീർണ്ണിച്ച ഭരണക്രമത്തോടൊപ്പം രംഗത്ത് നിന്ന് മാറേണ്ടിവരുന്ന ജീർണ്ണിച്ചവർഗ്ഗങ്ങളെ,പഴയ ഭരണാത്തെ തകർത്ത് സമുദായത്തെ കൂടുതൽ ഉയർന്ന ഘട്ടത്തിലേക്ക് കടക്കാൻ സഹായിക്കുന്നതിന്ന് ബാദ്ധ്യസ്ഥരായ മറ്റുവർഗ്ഗങ്ങൾ എതിർക്കുന്നു.

പിന്തിരിപ്പൻ വർഗ്ഗങ്ങൾ ഭൂതകാലത്തിലെ വ്യ്വസ്ഥകളുടെ അടിസ്ഥാനത്തിലാണ്‌ ചിന്തിക്കുന്നത്,കാരണം നിലവിലുള്ള വ്യ്വസ്ഥ കാലഹരണപ്പെട്ടുകഴിഞ്ഞുവെന്നും അതിനെ ഇനി താങ്ങി നിർത്താനാവില്ലെന്നും അവർക്ക് കാണാൻ കഴിയുന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ സ്ഥിതിഗതികളേപ്പറ്റി അവർക്ക് തലതിരിഞ്ഞ കാഴ്ചപ്പാടാൺ ഉള്ളത്.എന്നുമാത്രവുമല്ല എല്ലാവരും ഈ വീക്ഷണത്തോട് യോജിക്കണമെന്നും പിന്തിരിപ്പൻ വർഗ്ഗങ്ങക്ക് നിർബ്ബന്ധമുണ്ട് .

കാരണം ഈ അഭിപ്രായം സ്ഥായിയായിട്ടുള്ളടത്തോളം കാലം നിലവിലുള്ള വ്യവസ്ഥ മാറ്റാനാവാത്തതാണെന്ന് ബഹുജനങ്ങൾ വിശ്വസിക്കുകയും മിണ്ടാതെ അതിന്ന് കീഴടങ്ങുകയും ചെയ്തുകൊള്ളും.

നേരെമറിച്ച്, സമുദായത്തിലെ കഴിയുന്നത്ര കൂടുതൽ അംഗങ്ങളെ സത്യം മനസ്സിലാക്കുന്നതിലാണ്‌വിപ്ലവബോധമുള്ള വർഗ്ഗങ്ങൾക്ക് വസ്തുനിഷ്ടമായ താല്പര്യം;എന്തുകൊണ്ടെന്നാൽ ,പിന്തിരിപ്പന്മാർ പറയുന്നത് മുഴുവൻ ബഹുജനങ്ങൾ കണ്ണടച്ച് വിശ്വസ്ക്കുന്നിടത്തോളം, നിലവിലുള്ള വ്യവസ്ഥക്കെതിരായ സമരത്തിൽ അവരെ കർമ്മോന്മുഖരാക്കാൻ പ്രയാസമാണ്‌.

സത്യം മനസ്സിലാക്കിയ ശേഷമേ വിപ്ലവപോരാട്ടത്തിൽ അവർക്ക് വിജയിക്കാൻ കഴിയൂ. ഇതിന്നർത്ഥം സമുദായത്തിൽ എന്ത് സംഭവിക്കുമെന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ സത്യവും അസഹ്യവുമായ പ്രസ്താവനകൾക്ക് സമുദായത്തിൽ അപ്രകാരമൊരു പങ്കു ലഭിക്കുമെന്നാണോ? ഇത് അങ്ങിനെയാണോ അല്ലയോ എന്നറിയുന്നതിന്ന്,

നവോത്ഥാനകാലത്ത് കോപ്പർ നിക്കസ്സിന്റേയും അദ്ദേഹത്തെ പിന്തുടർന്ന ഗലീലിയോയുടേയും അനുയായികളും പ്രതിയോഗികളും തമ്മിൽ നടന്ന കടുത്ത സമരത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം .

ഇരുകഷികളുടേയും പ്രത്യായശാസ്ത്രപരമായ നിലപാട് വിരുദ്ധവർഗ്ഗതാല്പ്താല്പ്പര്യങ്ങൾ പ്രകടിപ്പിക്കുന്നതായിരുന്നു.കോപ്പർനിക്കസ്സിന്റേയോ ഗലീലിയോയുടേയോ കൃതികളിൽ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളേപ്പറ്റി ഒന്നുംതന്നെ പറഞ്ഞിരുന്നില്ലെങ്കിൽ പോലും അവരുടെ ആശയങ്ങളെ അനുകൂലിച്ചതിന്ന് പലരും ജീവനോടെ ദഹിപ്പിക്കപ്പെടുകയി.

കോപ്പർനിക്കസ്സിന്റെ“ജോതിർഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി”എന്ന കൃതി 1543-ൽ പുറത്തിറങ്ങുന്നതിന്നു മുമ്പ് അദ്ദേഹം മരണമടയുകയും ,ഗലീലിയോ മാപ്പ് പറയുകയും ചെയ്തില്ലായിരുന്നു എങ്കിൽ അവരുടെ രണ്ട്പേരുടേ വിധിയും വ്യത്യസ്ഥമാകുമായിരുന്നില്ല.

അങ്ങിനെ മാപ്പു പറഞ്ഞിട്ട് പോലും ഗലീലിയോക്ക് തൻന്റെ ജീവിതത്തിന്റെ ബാക്കിയുള്ള ഒമ്പത് വർഷങ്ങൾ കൽത്തുരുങ്കിൽ തന്നെ കഴിയേണ്ടിവന്നു “സൂര്യൻ ഭൂമിയുടെ ഭ്രമണപഥത്തിന്റെ കേന്ദ്രബിന്ദു ആണെന്നും,അത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചലിക്കുന്നില്ലെന്നും, ഭൂമിയാണ്‌ അങ്ങിനെ ചലിക്കുന്നതെന്നും പറഞ്ഞതിന്ന്..”ആണ്‌ മതദ്രോഹ വിചാരണക്കാർ അദ്ദേഹത്തിന്ന് ഈ ശിക്ഷ വിധിച്ചത്.

ഗലീലിയോ ഉയർത്തിപ്പിടിച്ചിരുന്ന ശാസ്ത്രീയ സത്യങ്ങൾ ലോകത്തെപ്പറ്റിയുള്ള നിലവിലിരുന്ന അശാസ്ത്രീയധാരണകളെയാകെ തകിടം മറിച്ചത് കൊണ്ടാണ്‌ അസ്സേഹം കൽത്തുറുങ്കിലടക്കപ്പെട്ടത് .

ശാസ്ത്രീയവും അശാസ്ത്രീയവുമായ വീക്ഷണങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തെപ്പറ്റി മുകളിൽ പ്രതിപാദിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ.

യാഥാർത്ഥ്യം ശാസ്ത്രീയമായി മൻസ്സിലാക്കിയാൽ തങ്ങൾ പഠിക്കുന്ന എല്ലാറ്റിനേയും ആളുകൾ നിരൂപണദൃഷ്ടിയോടുകൂടിയ സമീപനം സ്വീകരിക്കുകയും ,യുക്തിയും അനുഭവവും വെച്ച് അതിനെ തട്ടിച്ച് നോക്കുകയും ചെയ്യും .സമുദായത്തിൽ എന്തു സംഭവിക്കും എന്നതിനേപ്പറ്റിയുള്ള സത്യാവസ്ഥമനസ്സിലാക്കാൻ ഇത് അവരെ സഹായിക്കുന്നു.

ആളുകൾ ശാസ്ത്രത്തേയോ സ്വാനുഭവങ്ങളേയോ സ്വന്തം ബുദ്ധിശക്തിയേയോ ആശ്രയിക്കാതെ നേതാക്കൾ പറയുന്നത് കേട്ട് നടന്ന് കൊള്ളണമെന്നാണ്‌(“നേതാക്കൾ നിങ്ങൾക്ക് വേണ്ടി ചിന്തിക്കുന്നു”) അശാസ്ത്രീയ ലോകവീക്ഷണം ആവ്ശ്യപ്പെടുന്നത്.

അതിനാൽ ശാസ്ത്രജ്ഞർ നിലവിലുള്ള വ്യവസ്ഥക്കെതിരെ ഒന്നും പറയുന്നില്ലെങ്കിൽ കൂടി അവർ വിതരണം ചെയ്യുന്ന വിജ്ഞാനവും ജനഹൃദയങ്ങളിൽ വേരുറക്കുന്ന ശാസ്ത്രീയവീക്ഷണവും സംഗതികളെ അവയുടെ യഥാർത്ഥവെളിച്ചത്തിൽ കാണാൻ അവരെ സഹായിക്കുന്നു; നിലവിലുള്ളവ്യവസ്ഥയെ അതിരുവിട്ട് പാടിപ്പുകഴ്ത്തുന്നവരിൽ അവർക്കുള്ള അന്ധമായ വിശ്വാസം നശിക്കുകയും,പഴയവ്യവസ്ഥയുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നും പുതിയ വ്യവസ്ഥക്ക് അത് വഴിമാറിക്കൊക്കൊടുക്കേണ്ടിവരുന്ന കാലം വിദൂരമല്ലെന്നും അവർ മനസ്സിലാക്കുകയും ചെയ്യുന്നു.

അതിനാൽ ശാസ്ത്രീയ ലോകവീക്ഷണം ജനഹൃദയങ്ങളിൽ രൂഡ്ഡമൂലമാകുന്നതോടെ അത് അവരെ അവരുടെ കടമകളേപ്പറ്റിയും ആ കടമകൾ നിറവേറ്റുന്നതിനുള്ള മാർഗ്ഗത്തേപ്പറ്റി ബോധവാന്മാരാക്കികോണ്ട് അവരുടെ താല്പ്പര്യങ്ങളെ സഹായിക്കുന്നു.

നിലവിലുള്ള വ്യവസ്ഥക്കും അതിനെ കാത്ത് രക്ഷിക്കുന്ന പിന്തിരിപ്പൻ വർഗ്ഗങ്ങൾക്കും എതിരായ സമരത്തിൽ സത്യമാണ്‌ ബഹു ജനങ്ങളുടെ പ്രത്യയശാസ്ത്രപരമായ ആയുധം പിന്തിരിപ്പൻ വർഗ്ഗങ്ങളുടെ നുണപ്രചരണമാകട്ടെ ,ബഹുജനങ്ങളെ നിർവീര്യരും എന്തും സഹിക്കുന്നവരുമായ അടിമകളാക്കി മാറ്റുന്നു.

ഇക്കാരണത്താൽ സത്യത്തിന്നും വിജ്ഞാനത്തിന്നുംശാസ്ത്രത്തിന്നുംവേണ്ടിയുള്ള അന്യേഷണം വർഗ്ഗസമരത്തിന്റെ ആശയപരമായ പ്രതിരൂപമായിത്തീരുന്നു.

തത്വശാസ്ത്രത്തിലെ മൗലിക പ്രശ്നത്തിനുള്ള ഭൗതികവാദത്തിന്റെ മറുപടി യാഥാർത്ഥ്യത്തെ സബന്ധിച്ച് ശരിയായിട്ടുള്ളതും,ആശയവാദത്തിന്റേത് തെറ്റായിട്ടുള്ളതുമാണ്‌.

ആകയാൽ,തത്വശാസ്ത്രരംഗത്തെ ഈ രണ്ട് ചേരികളുടെ ശത്രുത എക്കാലവും വർഗ്ഗ താല്പര്യങ്ങളുടെ വൈരുദ്ധ്യത്തെ പ്രതിഫലിപ്പിച്ച്വന്നിട്ടുണ്ട്. ഇന്നും ഭൈതികവാദം തൊഴിലാളിവർഗ്ഗത്തിന്റേയും മുതലാളി വർഗ്ഗത്തിന്റേയും മറ്റ് ചൂഷക വർഗ്ഗങ്ങളുടേയും താല്പര്യങ്ങളേയാണ്‌ സംരക്ഷിക്കുന്നത്.

എന്നാൽ. ആശയവാദം വർഗ്ഗതാല്പര്യങ്ങളിൽ നിന്ന് മാത്രമല്ല ഉടലെടുക്കുന്നതെന്ന് ലെനിൻ കാണിച്ചു തന്നിട്ടുണ്ട്.സംജ്ഞാനത്തിന്റെ പ്രക്രിയതന്നെ ആശയവാദത്തിന്ന് വളം വെച്ചേക്കാം ,എന്തെന്നാൽ ,..“ഭാവന ജീവിതത്തിൽ നിന്ന് അകന്നകന്ന് പോകുന്നതിലുള്ള സാദ്ധ്യത അടങ്ങിയിട്ടുള്ളതാണ്‌, അതിലുപരി,അരൂപമായ ധാരണ,ആശയം,കപോലകല്പ്പിതമായ ഭാവനയായി മാറുന്നതിനുള്ള (അതും മനുഷ്യന്റെ ശ്രദ്ധക്ക് ഒട്ടും വിഷയീഭവിക്കാത്ത മാറ്റത്തിനുള്ള) സാദ്ധ്യത അടങ്ങിയിട്ടുള്ളതാണ്‌”(ലെനിൻ,സമാഹൃത കൃതികൾ,വാല്യം38,പേജ്372)

ഈ പ്രക്രിയ ,ആശയവാദസിദ്ധാന്തങ്ങളുടെ പൊരുൾ ബോധമാണ്‌ പ്രാഥമികമായിട്ടുള്ളത് എന്നത് മാത്രമായിരുന്നെങ്കിൽ -എന്ന്പറഞ്ഞാൽ അവ നൂറ്‌ശതമാനം അസത്യമായിരുന്നെങ്കിൽ - തികച്ചും പിന്തിരിപ്പനായ ഒരു പങ്ക് മാത്രമേ അവക്കുണ്ടാകുമായിരുന്നുള്ളു; നമുക്ക് തരാൻ അവയുടെ പക്കൽ ഒന്നും ഉണ്ടാകുമായിരുന്നില്ല.

എന്നാൽ, ആശയവാദികളായിരുന്നെങ്കിലും ലൈബ്നിത്‘സ്,കാന്റ്,ഹെഗെൽ തുടങ്ങിയ തത്വചിന്തകർ വാസ്തവത്തിൽ യഥാർത്ഥശാസ്ത്രീയവിജ്ഞാനത്തിന്‌ വേണ്ടിയുള്ള മനുഷ്യപ്രയത്നത്തിന്ന് ഗണ്യമായ സംഭാവനകൾ നല്കിയിട്ടുണ്ട്.

ഹെഗലാണ്‌ വൈരുദ്ധ്യവാദത്തിന്റെ സംമ്പ്രദായം ആവിഷ്കരിച്ചത്.ഹെഗൽ പ്രകൃതിയെ ഒഴിവാക്കികൊണ്ട് ധാരണകളുടെ വികാസത്തിൽ മാത്രമേ അത് പ്രയോഗിച്ചുള്ളു എങ്കിലും അത് വിപ്ലവകരമായ ഒരു സമ്പ്രദായമാണ്‌.

ഒരു തത്വശാസ്ത്രപ്രമാണം ഏത് വർഗ്ഗത്തിന്റെ താല്പര്യത്തിന്ന് ഉതകുമെന്നത് അതിന്റെ കർത്താവിനേയല്ല, ആ പ്രമാണത്തെത്തന്നെ ആശ്രയിച്ചാണിരിക്കുന്നത് .1899-ൽ ജർമൻ ജീവിശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹെക്കൽ "Die Weltsratsel"(“പ്രപഞ്ചത്തിന്റെ കടങ്കഥകൾ”) എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി ,പ്രകൃതിശാസ്ത്രത്തിൽ ഭൗതികവാദ വീക്ഷണം സ്വ​‍ീകരിക്കണമെന്ന് വാദിച്ച്കൊണ്ട് അദ്ദേഹം ആ പുസ്തകത്തിലൂടെ ആശയവാദത്തിന്റെ നാരായവേരുതന്നെ അറുത്തുകളഞ്ഞു,

എന്നാൽ രാഷ്ട്രീയമായി ഹെക്കൽ ഒരു വിപ്ലവകാരി ആയിരുന്നില്ലെങ്കിലും ലോകത്തെമ്പാടുമുള്ള ബൂർഷ്വാസി അദ്ദേഹത്തിന്റെമേൽ ചാടിവീഴുകയുണ്ടായി.റഷ്യയിലാകട്ടെ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ റഷ്യൻ പരിഭാഷ മുഴുവൻ കത്തിച്ചുകളയാൻ കോടതി ഉത്തരവിട്ടു.

ഗ്രന്ഥകർത്താവിന്ന് ബൂർഷ്വാ രാഷ്ട്രീയാഭിപ്രായങ്ങളാണ്‌ ഉണ്ടായിരുന്നതെങ്കിലും “ജനസമ്മതമായ ഈ കൊച്ചു പുസ്തകം വർഗ്ഗസമരത്തിൽ ഒരു ആയുധമായിത്തീർന്നു”(ലെനിൻ അതേകൃതി വാല്യം,14പേജ്348) വെന്ന് ലെനിൻ ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം ,തൊഴിലാളി വർഗ്ഗത്തിന്ന് വേണ്ടി ബൂർഷ്വാസിക്കെതിരായി സമരം ചെയ്യാൻ പുറപ്പെട്ട ബൊഗ്ദാനോ വിന്റെ ( “അതിഭൗതികവാദവും എമ്പീരിയോക്രിട്ടിസിസവും” എന്ന ഗ്രന്ഥത്തിൽ ലെനിൻ ഇദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട് ) തത്വചിന്താലേഖനങ്ങൾ വാസ്ഥവത്തിൽ ബൂർഷ്വാ താല്പര്യങ്ങളെ രക്ഷിക്കാനാണ്‌ ഉദകിയത് .

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വസാസ്ത്രമൊരേ സമയത്ത് തന്നെ പ്രകൃതി,സമുദായം ചിന്ത എന്നിവയുടെ വികാസത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ശാസ്ത്രവും കമ്യൂണിസ്റ്റ് ആദർശങ്ങളേയും നൈതികതത്വങ്ങളേയും ഉറപ്പിക്കുന്ന തൊഴിലാളി വർഗ്ഗ ലോകവീക്ഷണവുമാണ്‌.

അതിൽസത്യത്തിന്റെവിശദീകരണവും വർഗ്ഗതാല്പര്യങ്ങൾക്ക് വേണ്ടിയുള്ള വാദവും അന്യോന്യം ഒഴിവാക്കുന്നവയല്ല ,പിന്നേയോ പരസ്പരം ഉൾക്കൊള്ളുന്നവയാണ്‌.

അതുകോണ്ടാണ്‌ മാർക്സിസ്റ്റ്- ലെനിനിസ്റ്റ് തത്വശാസ്ത്രം സമുദായത്തിന്റെ വിപ്ലവാത്മകമായ പുനർനിർമ്മാണത്തിന്നുള്ള ഒരു ഉപകരണവും സാമൂഹ്യപ്രതിഭാസങ്ങളെ ശാസ്ത്രീയമായി പരിശോധിക്കുന്നതിനുള്ള ഒരു സമ്പ്രദായവും ആകുന്നത്.

തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്രപരമായ ലക്ഷ്യത്തിലേക്കുള്ള ശരിയായ പാത കണ്ടുപിടിക്കാൻ അത് സഹായിക്കുന്നു















അഭിപ്രായങ്ങളൊന്നുമില്ല: