2012, ജൂൺ 7, വ്യാഴാഴ്‌ച

സോഷ്യല്‍ ഡെമോക്രസി ക്കെതിരായ പോരാട്ടത്തിന്റെ പ്രസക്തി

സോഷ്യൽ ഡെമോക്രസി എന്ന പദത്തിന്ന് ഇന്നുള്ള അർത്ഥത്തിൽ നിന്ന് വ്യത്യസ്ഥമായ ഒന്നായിരുന്നു ഒന്നാം ലോകയുദ്ധത്തിൻ മുമ്പ്‌ രണ്ടാം ഇന്റർന്നാഷണലിന്റെ കാലത്ത്‌ അതിന്ന് ഉണ്ടായിരുന്നത്‌.

പാരീസ്കമ്യൂണിന്റെ അനുഭവങ്ങൾക്ക്‌ ശേഷം പുനർ നിർമിക്കപ്പെട്ട തൊഴിലാളി വർഗ്ഗ സംഘടനകൾ പൊതുവേ അംഗീകരിച്ച പേരായിരുന്നു അത്‌. മുതലാളിത്ത വ്യവസ്ഥിതിയെ തൂത്തെറിയുന്നതിന്ന് വേണ്ടി തൊഴിലാളി വർഗ്ഗത്തെ അണി നിരത്തുകയും ഈ ഉദ്ദേശത്തിന്ന് വേണ്ടി തൊഴിലാളി വർഗ്ഗ നേതൃത്വത്തിൻ കീഴിൽ എല്ലാ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും അണിനിരത്തുകയും പാർലമന്ററി പ്രക്ഷോഭങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ശക്തമായ ജനാധിപത്യ പ്രസ്ഥാനങ്ങൾ വികസിപ്പിച്ച്‌ കൊണ്ട്‌ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു അന്നത്തെ സോഷ്യൽ ഡെമോക്രാറ്റിക്ക്‌ പാർട്ടികളുടെ ദൗത്യം . അക്കാലങ്ങളിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രഥാനത്തെ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നതിൽ നിർണ്ണായകമായ പങ്കാണ്‌ വിപ്ലവകരമായി സോഷ്യൽ ഡെമോക്രസി നിർവ്വഹിച്ചത്‌.

എന്നാൽ മത്സരാധിഷ്ടിത മുതലാളിത്തത്തിന്ന് പകരം കുത്തകമുതലാളിത്തവും സാമ്രജ്യത്വവും സ്ഥാനം പിടിക്കുകയും അവ ദിനം പ്രതി പ്രതിസന്ധിയിലായിത്തീരുകയും അവയ്ക്ക്‌ അതിന്ന് പരിഹാരം കണ്ടെത്തേണ്ട കഠിനതരമായ ശ്രമങ്ങളുടെ ആവശ്യകത ഉയർന്നു വരികയും അതേസമയം തന്നെ മറു വശത്ത്ഗ്‌ മുതലാളിത്തത്തിന്റെ ചൂഷണോന്മുഖവ്യവസ്ഥിതിക്കെതിരേ തൊഴിലാളിവർഗ്ഗ പ്രക്ഷോഭങ്ങൾ നിരന്തരം ഉയർന്നുവരികയും ചെയ്തതിന്റെ ഫലമായി പുതിയ വെല്ലുവിളികളുയർന്നു വന്നു.വ്യവസായ മൂലധനവും ബാങ്ക്‌ മൂലധനവും തമ്മിൽ ലയിച്ച്‌ ഫൈനാൻസ്‌ മൂലധനമായി മാറുകയും അതിന്ന് ഊഹാധിഷ്ടിതവും പരാദവുമായ സ്വഭാവം കൂടുതൽ ശക്തമാവുകയും കോളനിരാജ്യങ്ങളിലും അർദ്ധകോളനീ രാജ്യങ്ങളിലും ആശ്രിതരാജ്യങ്ങളിലും സാമ്രാജ്യത്വം നടത്തിക്കൊണ്ടിരിക്കുന്ന കൊള്ള ഫൈനാൻസ്‌ മൂലധനത്തിന്റെ കയറ്റുമതിയിലൂടെ ആയിത്തീരുകയും ഇപ്രകാരം കൊള്ളടിക്കപ്പെട്ട സ്വത്തിന്റെ ഒരു ഭാഗം അഴിമതിക്കാരായ തൊഴിലാളി നേതൃത്വങ്ങൾക്കായി സാമ്രാജ്വത്വബൂർഷ്വാസി നീക്കിവെക്കുകയും അവരെ കുലീനമായ തൊഴിലാളിനേതാക്കന്മാരായി ഇപ്രകാരം മാറ്റിയെടുക്കുകയും ചെയ്തത്‌ സമൂർത്ത സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ സുപ്രധാന മാറ്റങ്ങൾക്ക്‌ വഴിവെച്ചതിനാൽ പുതിയ സാഹചര്യങ്ങളെ സമൂർത്തമായി വിലയിരുത്തേണ്ട ആവശ്യകത ഇവ വിളിച്ചോതുന്നുണ്ട്‌.രണ്ടാം ഇന്റർനാഷണലിന്റെ നേതൃത്വം ഈ സാഹചര്യങ്ങളെ കുറിച്ച്‌ വിശകലനം നടത്തിയെങ്കിലും വളരെ അവസരവാദപരമായ രീതിയിലായിരുന്നു അത്‌ നിർവ്വഹിച്ചത്‌.സാമ്രാജ്യത്വത്തിന്റെ ചൂഷണത്മകമായ സ്വഭാവ സവിശേഷതകൾക്ക്‌ പകരം സാമ്രാജ്യത്തിനപ്പുറമുള്ള ഒരു സങ്കൽപ്പമാണ്‌ അവർ അവതരിപ്പിച്ചത്‌.കോളനീ വൽക്കരണമെന്നാൽ കോളണിവൽകരണത്തിന്ന് വിധേയമാകുന്ന പുരോഗമന നടപടിയായാണ്‌ അവർ വ്യാഖ്യാനിച്ചത്‌. ഇവയെ അടിസ്ഥാനപ്പെടുത്തി അവർ വർഗ്ഗസഹകരണത്തിന്റേതായ പാത അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ലോകയുദ്ധം പൊട്ടിപുറപ്പെട്ട വേളയിൽ സോഷ്യൽ ഡെമൊക്രാറ്റുകൾ സാമ്രാജ്യത്വവുമായി അവരുടെ രാജ്യങ്ങളിൽ സഹകരിക്കാനാരംഭിക്കുകയും ചെയ്തത്‌ നേരത്തെ എടുത്ത തീരുമാനങ്ങൾക്ക്‌ വിരുദ്ധമായി.
തങ്ങളുടെ രാജ്യങ്ങളിലുള്ള സാമ്രാജ്യത്വ ശക്തികൾക്ക്‌ വേണ്ടി മറ്റ്‌ മുതലാളിത്ത രാജ്യങ്ങൾക്കെതിരേ യുദ്ധം ചെയ്യാൻ അവർ തൊഴിലാളി വർഗ്ഗത്തോട്‌ ആവശ്യപ്പെട്ടു. ഇത്തരം യുദ്ധങ്ങളെ ആഭ്യന്തരയുദ്ധങ്ങളാക്കി മാറ്റിക്കൊണ്ട്‌ അധികാരം പിടിച്ചെടുക്കാനുള്ള മാർഗ്ഗത്തെ ഇപ്രകാരം അവർ അട്ടിമറിച്ചു. സോഷ്യലിസം വാക്കുകളിൽ മാത്രം ഒതുക്കി വർഗ്ഗ സഹകരണത്തിന്റേയും മുതലാളിത്തത്തിന്റേയും പാതയിലേക്ക്‌ അവർ മറുകണ്ടം ചാടി. ഇപ്രകാരം സോഷ്യൽ ഡെമോക്രാറ്റുകൾ വർഗ്ഗവഞ്ചകരായി തീർന്നതിനെതുടർന്ന് രണ്ടാം ഇന്റർനേഷണൽ തകർന്നു.

പ്രത്യശാസ്ത്ര-രാഷ്ട്രീയ മണ്ഡലങ്ങളിൽ ലെനിൻ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളാണ്‌ സോഷ്യൽ ഡെമോക്രസിയുടെ വർഗ്ഗ വഞ്ചന തുറന്നു കാട്ടിയത്‌. സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം എന്ന രചനയിലൂടെ ആദ്ദേഹം സാമ്രാജ്വത്വ വ്യവസ്ഥയുടെ സമൂർത്ത വിശകലനം അവതരിപ്പിച്ചു. മുതലാളിത്വ സാമ്രാജ്വത്ത്വ രാജ്യങ്ങളിൽ തൊഴിലാളി വർഗ്ഗ വിപ്ലവങ്ങളെ ദുർബ്ബലപ്പെടുത്തുന്ന തൊഴിൽ കുലീനതയുടെ ആവിര്‍ഭാവത്തെ അദ്ദേഹം വിശകലനം ചെയ്തു. സാറിസ്റ്റ്‌ റഷ്യയും കൊളോണിയലിസത്തിന്ന് കീഴ്പ്പെട്ടിരിക്കുന്ന രാജ്യങ്ങളുമടക്കം സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കണ്ണികൾ ഏറ്റവും ദുർബ്ബലമായിടങ്ങളിലാണ് തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ബോൾഷേവിക്ക്‌ പാർട്ടിയെ ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിലേക്കും സോവിയറ്റ്‌ യൂണിയന്റെ രൂപീകരണത്തിലേക്കും മൂന്നാം ഇന്റർനാഷണൽ അഥവാ (കോമിന്റേൺ)ന്റെ സ്ഥാപനത്തിലേക്ക്‌ നയിച്ചു.

ലെനിന്റേയും അദ്ദേഹത്തിന് ശേഷം സ്റ്റാലിന്റേയുംകീഴിൽ കോമിന്റേൺ സോഷ്യൽ ഡെമോക്രസിയെ തുറന്നു കാട്ടുകയും അപലപിക്കുകയും നല്ലൊരു പരിധിവരെ പരാജയപ്പെടുത്തുകയും ചെയ്തു.ലോകമെമ്പാടും തൊഴിലാളി വർഗ്ഗ -കമ്യൂണിസ്റ്റ്‌ പാർട്ടികൾക്ക്‌ ഇത്‌ ജന്മം നൽകി. ലോകതൊഴിലാളി വർഗ്ഗ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ രണ്ടുധാരകളായി കൊളോണിയലിസത്തിന്ന് കീഴ്പ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നടക്കുന്ന ജനകീയ ജനാധിപത്യ വിപ്ലവവും സാമ്രാജ്യത്വ-മുതലാളിഥ രാജ്യങ്ങളിൽ നടക്കുന്ന സോഷ്യലിസ്റ്റ്‌ വിപ്ലവവും ഉൾക്കൊള്ളിച്ചുകൊണ്ട്‌ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് അത്‌ ഒരു പൊതു പാത മുന്നോട്ട്‌ വെച്ചു. സോഷ്യൽ ഡെമോക്രാറ്റുകളുടെ ഗൂഢാലോചനകളേയും മറ്റും മറികടന്നുകൊണ്ട്‌ കോമിന്റേണിനേയും സോവിയറ്റ്‌ യൂണിയന്റേയും നേതൃത്ത്വത്തിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം മുന്നോട്ട്‌ പോയി.

1930 കളിൽ ഉണ്ടായ മഹാമാന്ദ്യത്തെ സാമ്രാജ്യത്വം അഭിമുഖീകരിച്ചപ്പോള്‍ ലോകത്തെ പുനർ വിഭജിക്കാനായി രണ്ടാം ലോക യുദ്ധത്തിലേക്ക്‌ നയിച്ച അന്തർസാമ്രാജ്യത്വ വൈരുദ്ധ്യങ്ങളെ മൂർച്ഛിപ്പിച്ചുകൊണ്ട്‌ സാമ്രാജ്യത്വ രാജ്യങ്ങളിൽ ചിലയിടത്ത്‌ ഫാസിസ്റ്റ്‌ പ്രവണതകൾ തലപൊക്കിയപ്പോഴും സോഷ്യൽഡെമോക്രാറ്റുകൾ തങ്ങളുടെ രാജ്യങ്ങളിൽ സാമ്രാജ്യത്വ ബൂർഷ്വാസിയുമായി ഒരിക്കൽ കൂടി സഹകരിക്കുകയായിരുന്നു. എന്നാൽ സാമ്രാർജ്യത്വ സഖ്യങ്ങൾ നടത്തിയ ഗൂഢപരിപാടികളെ അതിജീവിച്ചുകൊണ്ട്‌ സോവിയറ്റ്‌ യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്‌ ശക്തികൾ ഫാസിസ്റ്റ്‌ അച്ചുതണ്ട്‌ ശക്തികൾക്കെതിരെ വൻ ചെറുത്ത്‌ നിൽപ്പാണ്‌ നടത്തിയത്‌. സോവിയറ്റ്‌ യൂണിയൻ ഫാസിസത്തിനെതിരേ നേടിയ വിജയം ലോകത്തെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങൾക്ക്‌ കൂടുതൽ ധൈര്യം പകർന്നുകൊടുത്തു. ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്ക്‌ അവർ പുത്തൻ ആവേശമായി.1950 കളായപ്പോഴേക്കും 13 രാജ്യങ്ങളടങ്ങുന്ന സോഷ്യലിസ്റ്റ്‌ ചേരി വൻ ശക്തിയായിത്തീർന്നു.ഇത്‌ ദേശീയ വിമോചനപ്രസ്ഥാനങ്ങളുമായി കൈകോർത്തപ്പോൾ കിഴക്കുനിന്നുള്ള സോഷ്യലിസ്റ്റ്‌ കാറ്റ്‌ പടിഞ്ഞാറുള്ള സാമ്രാജ്യത്വക്കാറ്റിനെ കീഴടക്കുന്ന പ്രതീതി സൃഷ്ടിച്ചു.

എന്നാൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുണ്ടായിരുന്ന റിവിഷണിസമെന്ന മഹാ ആപത്ത്‌ കമ്യൂണിസ്റ്റ്‌ പാർട്ടികളിൽ വിനാശം വിതക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ്‌ പാർട്ടിക്കുള്ളിൽ മുതലാളിത്ത ചിന്താഗതിയുടെ ആവിർഭാവവും വളർച്ചയുമാണ്‌ റിവിഷണിസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ പാർട്ടികളെ വീണ്ടും സോഷ്യൽ ഡെമോക്രസിയിലേക്ക്‌ നയിച്ചു. അന്നത്തെ സാർവ്വദേശീയ സാഹചര്യങ്ങൾ സമൂർത്തമായി വിലയിരുത്താൻ വിപ്ലവപ്രസ്ഥാനം ഒരിക്കൽ കൂടി പരാജയപ്പെട്ടതിന്റെ ഭാഗമായി ഒന്നാം ലോകയുദ്ധത്തിന്ന് മുമ്പുണ്ടായിരുന്ന വർഷങ്ങളിൽ സംഭവിച്ചതു പോലെ സോഷ്യൽ ഡെമോക്രസി വീണ്ടും ഉയിർത്തൊഴുന്നേറ്റു. അതേസമയം നടന്ന വിശകലനങ്ങൾ അബദ്ധം നിറഞ്ഞതും വർഗ്ഗ സഹകരണാധിഷ്ടിതവുമായിരുന്നു.

ഒന്നാം ലോകയുദ്ധത്തിന്ന് മുമ്പുള്ള വർഷങ്ങളിൽ രണ്ടാം ഇന്റർനാഷണലിന്റെ ഭാഗമായി ഉണ്ടായിരുന്ന സോഷ്യൽ ഡെമോക്രാറ്റിക്ക്‌ പാർട്ടികളിൽ ഉയർന്നു വന്ന പരിഷ്കരണ വാദ-വർഗ്ഗ സഹകരണ പാതകൾക്ക്‌ കാരണം കൗട്സ്കി പോലുള്ള നേതാക്കൾക്ക്‌ പറ്റിയ അബദ്ധമായി മാത്രം ചുരുക്കികാണുന്നത്‌ ആത്മനിഷ്ടാപരമായ നിലപാടാണ്‌.അതുപോലെ തന്നെ രണ്ടാം ലോകയുദ്ധത്തിന്‌ ശേഷമുള്ള വർഷങ്ങളിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ വളർന്നു വന്ന സോഷ്യൽ ഡെമോക്രസിക്ക്‌ കാരണം അന്താരാഷ്ട്രതലത്തിൽ ക്രൂഷ്ചേവ്‌,ബഷ്ണേവ്‌,ഗോർബച്ചോവ്‌,ഡെങ്ങ്സിയാവോപിംഗ്‌ തുടങ്ങിയ നേതാക്കളും ദേശീയതലത്തിൽ പി സി ജോഷി,എസ്‌ എ ഡാങ്കേ,അജയ്ഘോഷ്‌,ഇ എം എസ്‌,ജ്യോതിബസു,ഹർക്കിഷൻസിംഗ്സുർജിത്‌ തുടങ്ങിയ നേതാക്കളുമായിരുന്നു എന്ന് ലളിതവൽക്കരിക്കുന്നതും ആത്മനിഷ്ടമായിരിക്കും.പ്രസ്താനത്തിന്റെ നേതാക്കന്മാരെന്ന നിലക്ക്‌ അവരുടെ പങ്ക്‌ തീർച്ചയായും നിക്ഷേധിക്കാനാവില്ല. പക്ഷേ അത്തരം ഒരു അവസ്ഥയിലേക്ക്‌ നയിച്ച വസ്തുനിഷ്ട സാഹചര്യങ്ങളെന്തൊക്കെയായിരുന്നു? ഒന്നാം ലോകയുദ്ധത്തിന്ന് മുമ്പുള്ള വർഷങ്ങളിൽ സംഭവിച്ചതുപോലെ തന്നെ, രണ്ടാം ലോകയുദ്ധത്തിന്ന് ശേഷമുള്ള കാലഘട്ടങ്ങളിലുണ്ടായ സാഹചര്യങ്ങളെ സമൂർത്തമായി വിശകലനം ചെയ്യുന്നതിൽ വന്ന വീഴ്ചയുടെ ഫലമായാണ്‌ സോഷ്യൽഡെമോക്രസിയുടെ വളർച്ചക്കും തൽഫലമായി സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തകർച്ചക്കും വഴിതെളിച്ചത്‌.

സാമ്രാജ്യത്വ രാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന ശാക്തിക സന്തുലനം രണ്ടാം ലോകയുദ്ധകാലത്ത്‌ തന്നെ മാറുകയുണ്ടായി. അമേരിക്ക സാമ്രാജ്യത്വ ക്യാമ്പിന്റെ നേതൃത്വമായി ഉയർന്നു വന്നു. അതുപോലെ തന്നെ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ട്‌ സോഷ്യലിസ്റ്റ്‌ ശക്തികളും ദേശീയ വിമോചന പ്രസ്ഥാനങ്ങളും ശക്തികളായി വളർന്നു വന്നു. അമേരിക്കൻ സാമ്രാജ്യത്വം കൊളോണിയൽ ഘട്ടത്തിൽ തെക്കേ അമേരിക്കയിൽ പ്രയോഗിച്ച വിദ്യകൾ വികസിപ്പിച്ചുകൊണ്ട്‌ കൊളോണിയൽ കൊള്ള ഒരു പുതിയ രൂപത്തിലേക്ക്‌,പുത്തൻ കൊളോണിയൽ തലത്തിലേക്ക്‌ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ബുദ്ധികേന്ദ്രങ്ങൾ വികസിപ്പിച്ചത്‌ ഈ സാഹചര്യത്തിലാണ്‌ ഇതിനുവേണ്ടി ഐ എം എഫ്‌-ലോകബാങ്കുകളുടെ രൂപീകരണം 1944-ലെ ബ്രെട്ടൻവുഡ്സ്‌ യോഗത്തിൽ അംഗീകരിക്കപ്പെട്ടു. കാർട്ടലുകൾ ബഹുരാഷ്ട്രകുത്തകകളായി മാറി .ഗാട്ട്‌ സ്ഥാപിക്കപ്പെട്ടു. അപകോളണീകരണത്തിലൂടെ ഭൂപരമായ നിയന്ത്രണത്തിന്‌ അറുതി വരികയും പല സാമ്രാജ്യത്വ രാജ്യങ്ങളും ഫൈനാൻസ്‌ മൂലധനത്തിലൂടെ പുത്തൻ കോളണി വൽക്കരണം നടത്തുന്ന അവസ്ഥ സംജാതമാകുകയും ചെയ്തു.സാമ്രാജ്യത്വകൊള്ള കൊളോണിയൽ തലത്തിലേക്ക്‌ മാറിയപ്പോൾ അത്‌ എല്ലാ രാജ്യങ്ങളുടേയും ദേശീയ സാഹചര്യങ്ങളിലും സാർവ്വദേശീയ സാഹചര്യങ്ങളിലും നിരവധിമാറ്റങ്ങൾ സൃഷ്ടിച്ചു.പ്രധാനപ്പെട്ട ഈ മാറ്റങ്ങൾ വിശകലനം ചെയ്യുന്നതിൽ സ്റ്റാലിനു ശേഷമുണ്ടായിരുന്ന സിപിഎസ്‌യു നേതൃത്വത്തിനും മറ്റു സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ നേതൃത്വങ്ങൾക്കും കമ്യുണിസ്റ്റ്‌ പാർട്ടി നേതൃത്വങ്ങൾക്കും ഗുരുതരമായ അബദ്ധങ്ങൾ സംഭവിച്ചു.

സാമ്രാജ്യത്വത്തിന്റെ അപകോളണീകരണ പദ്ധതികളും കെയ്‌നീഷ്യൻ പദ്ധതികളും സാമ്രാജ്യത്വം ദുർബലമാകുന്നതിന്റെ ലക്ഷണങ്ങളായാണ്‌ മേൽപ്പറഞ്ഞ നേതൃത്വങ്ങൾ വിലയിരുത്തിയത്‌.സാമ്രാജ്യത്വവുമായി സമാധാനപരമായി സഹവർത്തിക്കാനും സോഷ്യലിസത്തിലേക്ക്‌ സമാധാനപരമായി മത്സരിക്കാനും സോഷ്യലിസത്തിലേക്ക്‌ സമാധാനപരമായി പരിവർത്തനം ചെയ്യാനും ക്രൂഷ്ചേവൈറ്റുകൾ ആഹ്വാനം ചെയ്തത്‌ അതുകൊണ്ടാണ്‌ .വർഗ്ഗസമര സിദ്ധാന്തവും സാമ്രാജ്യത്വ ശക്തികളേയും അവയുടെ ശിങ്കിടികളേയും ബലം പ്രയോഗിച്ച്‌ തൂത്തെറിയുന്ന കാഴ്ചപ്പാടും ഉപേക്ഷിക്കപ്പെട്ടു..വർഗ്ഗസഹകരണപാതക്ക്‌ മേധാവിത്വം കൈ വന്നു. ഈ പാത നടപ്പാക്കിയതിന്റെ ഫലമായി സോഷ്യൽ ഡെമോക്രസി ശക്തിപ്രാപിക്കുകയും സോഷ്യലിസ്റ്റ്‌ രാജ്യങ്ങളും കമ്യൂണിസ്റ്റ്‌ പാർട്ടികളും മുതലാളിത്ത പാതയിലേക്ക്‌ വ്യതിചലിക്കുകയും ചെയ്തു.സോഷ്യൽസാമ്രാജ്യത്വ രാജ്യ (വാക്കിൽ സോഷ്യലിസവും പ്രവൃത്തിയിൽ സാമാരാജ്യത്വവും ) മായി മാറിയ ചൈനയെ സോഷ്യലിസ്റ്റ്‌ രാജ്യമെന്ന് വിളിക്കുകയും അധികാരമുള്ളിടത്തെല്ലാം മുതലാളിത്തപാത നടപ്പാക്കികൊണ്ടിരിക്കുകയുമാണ്‌ സോഷ്യൽഡെമോക്രസിക്ക്‌ ആധിപത്യം നേടിയ ഇടങ്ങളിൽ ചെയ്തുകൊണ്ടിരിക്കുന്നത്‌. സോഷ്യലിസ്റ്റ്‌ ഡെമോക്രസിയുടെ ഇത്തരത്തിലുള്ള വർഗ്ഗ വഞ്ചന നടത്തിയ ഇന്ത്യയിലെ പാർട്ടികൾക്കുള്ള ഉത്തമ ഉദാഹരണങ്ങളാണ്‌ സിപിഐ യും, സിപിഐ(എം)-ഉം.

ഇന്നും സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് മുഖ്യ അപകടം സോഷ്യൽ ഡെമോക്രസിയാണ്‌.കാരണം,അത്‌ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും പ്രത്യശാസ്ത്രപരമായി നിരായുധരാക്കുകയും ചെയ്തുകൊണ്ട്‌ അവയെ പരിഷ്കരണവാദത്തിലേക്കും കീഴടങ്ങലിലേക്കും നയിക്കുന്നു. ചെങ്കൊടി ഉയർത്തിപ്പിടിക്കുകയും കമ്യൂണിസ്റ്റ്‌ പാർട്ടിയെന്ന് സ്വയം അഭിസംബോധന ചെയ്യുകയും ബോൾഷേവിക്ക്പാർട്ടിയുടെ ഘടന ഉൾക്കൊള്ളുകയും ചെയ്യുന്ന ഇത്തരം പാർട്ടികളെ തുറന്നുകാട്ടുകയും ഈ പ്രതിവിപ്ലവപ്രവണതെക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യാതെ വിപ്ലവപ്രസ്ഥാനത്തിന്‌ മുന്നോട്ട്‌ പോകാൻ കഴിയില്ല.

സോഷ്യൽ ഡെമോക്രസിക്കെതിരേയുള്ള പോരാട്ട സമയത്ത്‌ ഇടത്‌ വിഭാഗീയതക്കെതിരേ മാർക്ക്സിസ്റ്റ്‌ ലെനിസ്റ്റുകൾ നടത്തേണ്ട ചെറുത്തു നിൽപ്പുകളെ അവഗണിക്കാൻ പാടുള്ളതല്ല. മെൻഷേവിക്കുകളും നരോദ്നിക്കുകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് ലെനിൻ അവരെ കൈകാര്യം ചെയ്യുന്ന വേളയിൽ പറഞ്ഞിട്ടുണ്ട്‌. വ്യവസ്ഥാപിത ചരിത്രമനുസരിച്ച്‌ ഈ രണ്ട്‌ വിഭാഗങ്ങളും വ്യത്യസ്ഥങ്ങളായി തോന്നിക്കുന്നെണ്ടെങ്കിലും രണ്ടും സാമ്രാജ്യത്വ വ്യവസ്ഥിതിയേയും പുത്തൻ കോളനീകരണം നടന്ന രാജ്യങ്ങളിലെ ദല്ലാൾ ഭരണകൂടങ്ങളേയും സേവിക്കുന്നവയാണ്‌. അതുകൊണ്ട്‌ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് ഭീഷണിയായ റിവിഷണിസത്തിന്റെ പ്രവർത്തനരൂപമായ സോഷ്യൽ ഡെമോക്രസിക്കെതിരേ പോരാടുമ്പോഴും ഇടതു വിഭാഗീയ പ്രവണതക്കെതിരെയുള്ള പോരാട്ട്ങ്ങളിൽ അയവുവരുത്തിയാൽ അത്‌ വിപ്ലവ പ്രസ്ഥാനങ്ങളെദോഷകരമായി ബാധിക്കും. സോഷ്യൽ ഡെമോക്രസിക്കെതിരേയുള്ള പോരാട്ടത്തെ ഊന്നിപ്പറയുമ്പോഴും ഇടതു വിഭാഗീയതക്കെതിരേയുള്ള പോരാട്ട മുപേക്ഷിക്കുന്ന നിലപാടുകളുള്ള പെറ്റിബൂർഷ്വാ വിഭാഗത്തിന്റെ ശക്തമായ സ്വാധീനം ഇന്ത്യയിലും ലോകത്തെമ്പാടുമുണ്ട്‌ എന്നിരിക്കെ ഇക്കാര്യം ആവർത്തിച്ച്‌ പറയേണ്ടത്‌ വളരെ പ്രധാനമാണ്‌.വലത്‌ അവസരവാദവും ഇടത്‌ വ്യതിയാനവും തമ്മിലുള്ള ബന്ധമാണ്‌ പെറ്റിബൂർഷ്വാവിഭാഗം ഇത്തരത്തിൽ അവഗണിക്കുന്നത്‌. ഈ പാതയിലൂടെ അവർ വിവിധ തരത്തിലുള്ള അരാജകത്വ പ്രവണതകളെ പിന്തുണക്കുകയാണ്‌ ചെയ്യുന്നത്‌. മേൽപ്പറഞ്ഞ രണ്ട്‌ വ്യതിയാനങ്ങളും ഭരണവ്യവസ്ഥിതിയെ സേവിക്കുകയാണ്‌ ചെയ്യുന്നത്‌ എന്നകാര്യം ഇവർ കാണാൻ മടിക്കുന്നു.ഇടത്‌ വിഭാഗീയ,അരാജക പ്രവണതകൾ ഇടതുപക്ഷമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഫലത്തിൽ അവ വലത്‌ പക്ഷം തന്നെയാണ്‌. അതുകൊണ്ട്‌ ഇവക്കെതിരായ സമരം ശക്തിപ്പെടുത്തിക്കൊണ്ട്മാത്രമേ മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റുകൾക്ക്‌ സോഷ്യൽ ഡെമോക്രസിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ കഴിയൂ.

സാമ്രജ്യത്വം,വിശേഷിച്ച്‌ അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ കൊളോണിയൽ കൊള്ള ദിനം പ്രതി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഏറ്റവുമൊടുവിൽ അതിനു സംഭവിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി അത്‌ പുത്തൻ കൊളോണിയൽ രാജ്യങ്ങളിലെ ജനങ്ങളുടെ ചുമലിൽ കെട്ടിവെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.ഇത്തരമൊരു സാഹചര്യത്തിൽ മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റുകൾ വർത്തമാന സാഹചര്യങ്ങളെ കുറിച്ച്‌ സമൂർത്തമായി വിശകലനം നടത്തുകയും അതിന്റെ സിദ്ധാന്തം വികസിപ്പിക്കുകയും നമ്മുടെ രാജ്യത്ത്‌ നിന്ന് സാമ്രാജ്യത്വ വ്യവസ്ഥിതിയേയും അതിന്റെ കൂട്ടാളികളേയും തൂത്തെറിയാനുള്ള വിപ്ലവ പ്രവർത്തനം വികസിപ്പിക്കുകയും ലോക തൊഴിലാളി വർഗ്ഗ സോഷ്യലിസ്റ്റ്‌ വിപ്ലവത്തെ മുന്നോട്ട്‌ കൊണ്ടു പോകാൻ ലോകത്തെമ്പാടുമുള്ള മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റുകളുമായി ഐക്യപ്പെടുകയും ചെയ്യേണ്ടതുണ്ട്‌. ഇതിലൂടെ മാത്രമേ എല്ലാ തരത്തിലുമുള്ള റിവിഷനിസത്തിനും അതിന്റെ പ്രവർത്തനരൂപമായ സോഷ്യൽ ഡെമോക്രസിക്കും അതിനോടൊപ്പം ഇടത്‌ വിഭാഗീയ പ്രവണതകൾക്കും എതിരേയുള്ള പോരാട്ടം ഫലപ്രദമായി നടത്താൻ സാധിക്കൂ. വസ്തുതകളിൽ നിന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ട്‌ കൊണ്ട്‌ വിപ്ലവസിദ്ധാന്തത്തെ പ്രവർത്തനവുമായി ബന്ധിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. വിപ്ലവ പ്രവർത്തനങ്ങളിൽ നിന്ന് അന്യമായതും സംഗ്രഹിക്കപ്പെട്ടതുമായ മാർക്ക്സിസ്റ്റ്‌ രൂപങ്ങൾ കപടമാണ്‌. ദല്ലാൾ ഭരണ വ്യവസ്ഥയെ തൂത്തെറിയുന്നതിനും ജനകീയ ജനാധിപത്യത്തിന്റേയും സോഷ്യലിസത്തിന്റേയും പാതയിലൂടെ മുന്നേറുന്നതിനും വേണ്ടിയുള്ള വിപ്ലവ പ്രവർത്തനങ്ങൾ സത്വരം വികസിപ്പിക്കുന്നതിനായി മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ നിലപാടുകളെ സമൂർത്തമായി വികസിപ്പിക്കാനുള്ള ഒരു സമൂർത്ത ശ്രമമായി ഓരോ സെമിനാറിനേയും സംവാദത്തേയും ചർച്ചയേയും മാറ്റിതീർക്കാൻ നമുക്ക്ശ്രമിക്കാം.
(സ:കെ എൻ രാമചന്ദ്രൻ 2009 മാർച്ച്‌ 28-ന്‌ ചണ്ഡിഗഢിൽ സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ച പേപ്പർ) സോഷ്യല്‍ ഡെമോക്രസി ക്കെതിരായ  പോരാട്ടത്തിന്റെ പ്രസക്തി

അഭിപ്രായങ്ങളൊന്നുമില്ല: