2011, ജനുവരി 3, തിങ്കളാഴ്‌ച

തത്വശാസ്ത്രത്തിലെ വിപ്ലവം

ലക്ഷലക്ഷം കർഷകരെ കൂലിവേലക്കാരാക്കി മാറ്റിക്കൊണ്ട് - എല്ലുനുറുകെ പണിചെയ്താലും ദാരിദ്ര്യത്തിൽ ആണ്ടതായിരുന്നു അവരുടെജീവിതം -മുതലാളിത്തം പശ്ചിമയൂറോപ്പിൽ വേരൂന്നിയപ്പോൾ പല തൊഴിലാളികളും വിചാരിച്ചത് അവരുടെ കഷ്ടപ്പാടിന്ന് കാരണം കായികാദ്ധ്വാനത്തിന്റെ സ്ഥാനം ഏറ്റെടുത്തിരുന്ന യന്ത്രങ്ങളും യന്ത്രവല്കൃത ഉല്പ്പാദനവും ആണെന്നായിരുന്നു.
ഇതിനെതിരായി 19 ആം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ യന്ത്രങ്ങൾ തല്ലിയുടക്കുന്ന ഒരു ബഹുജന പ്രസ്ഥാനം ( ലുഡെറ്റ്പ്രസ്ഥാനം എന്നറിയപ്പെടുന്നു അത് )പണിയാളർക്കിടയിൽ സ്വയമേവ പടർന്ന്പിടിച്ചു.
എന്നാൽ ,ഏറെത്താമസിയാതെ തൊഴിലാളികൾ കാര്യങ്ങളേപ്പറ്റി കൂടുതൽ മൻസ്സിലാക്കിയതോടെ അവരും അവരുടെ ചൂഷകരും തമ്മിലുള്ള ആദ്യത്തെ വഗ്ഗസമരം ആരംഭിച്ചു.
1830-കളിലും 1840 -കളിലും ഇംഗ്ലണ്ടിൽ ഉണ്ടായ ചാർട്ടിസ്റ്റ്പ്രസ്ഥാനം,1831-ലും 1834-ലും ഫ്രാൻസിലെ തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങൾ ,1844-ൽ സൈലീഷ്യ (ജർമ്മനി)യിലെ നെയ്ത്തുകാർ നടത്തിയ പോരാട്ടം,തുടർന്നുള്ള പണിമുടക്കുകൾ എന്നിവയെല്ലാം വ്യക്തമാക്കിയ ഒരു സംഗതി മുതലാളിത്തത്തെ തുടച്ചുമാറ്റാനും മനുഷ്യൻ മനുഷ്യന്റെ മേൽ നടത്തുന്ന ചൂഷണത്തിന്റേതായ യുഗം അവസാനിപ്പിക്കാനും നിയതമായിട്ടുള്ള ഒരു വർഗ്ഗം രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്നതാണ്.
ഈ വമ്പിച്ചമാറ്റം വരുത്താൻ തൊഴിലാളി വർഗ്ഗത്തിന്ന് ഇത്ര ഭാരിച്ചതല്ലാത്ത സാമുഹ്യ പരിവർത്തനങ്ങൾ നടപ്പിലാക്കിയ മറ്റു വിപ്ലവ വർഗ്ഗങ്ങളെ അപേക്ഷിച്ച് സമുദായത്തിന്റെ വികാസനിയമങ്ങൾ എത്രയോ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കുകയും ആ നിയമങ്ങൾ എങ്ങിനെ പ്രയോഗിക്കാമെന്ന് എത്രയോ കൂടുതൽ നന്നായി പഠിക്കേണ്ടതുണ്ടായിരുന്നു.
ചരിത്രം മുമ്പൊരിക്കലും ദർശിച്ചിട്ടില്ലാത്തത്ര അഭൂതപൂർവ്വമായ ഈ കടമകൾ നിറവേറ്റുന്നതിന്ന് പ്രത്യയശാസ്ത്രപരമായ പുതിയ ആയുധങ്ങൾ ,ഒരു പുതിയ ലോക വീക്ഷണം ,ആവശ്യമായിരുന്നു.
മാർക്സിസ്റ്റ് തത്വശാസ്ത്രത്തിന്റെ ഭൗതികവും സാമൂഹ്യചരിത്രപരവുമായ മുന്നുപാധികൾ അത്തരത്തിലുള്ളതായിരുന്നു.
അതിന്ന് തൊട്ടുമുമ്പത്തെ തത്വചിന്തയും പ്രകൃതിശാസ്ത്രവും - കാറൽ മാർക്സ്(1818-1883.ഫ്രെഡറിക്ക് എംഗൽസ് (1820-1895)എന്നിവർ അവിടേനിന്നാണ്‌മുന്നോട്ട് നീങ്ങിയത്-അതിന്റെ ആവിർഭാവത്തിന്ന് പ്രത്യയശാസ്ത്രപരമായ കളമൊരുക്കിയിരുന്നു.,,
2-പുരാതനവൈരുദ്ധ്യവാദവും ആധുനിക ആത്മീയവാദവും...
മാർക്സിസത്തിന്റെ ആവിർഭാവത്തിന്ന് മുമ്പുള്ള തത്വശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഹെഗലിന്റെ വൈരുദ്ധ്യവാദമായിരുന്നു.
എന്താണ്‌ ഈ വൈരുദ്ധ്യവാദം?
രണ്ടായിരത്തി അഞ്ഞൂറ്സംവത്സരങ്ങൾക്ക്മുമ്പ് ഊർജ്ജതന്ത്രം ,ഭൂമിശാസ്ത്രം ,ജീവശാസ്ത്രം തുടങ്ങിയ പ്രത്യേക ശാസ്ത്രങ്ങളോന്നും നിലവിലുണ്ടായിരുന്നില്ല. സർവ്വതിനേയും ഉൾക്കൊണ്ടിരുന്ന തത്വ ശാസ്ത്രം (യവനഭാഷയിൽ “വിവേകത്തോടുള്ള സ്നേഹം ” എന്നർത്ഥം വരും ഫിലോസഫി എന്നവാക്കിന്ന്) എന്ന ഒരു വിജ്ഞാനശാഖയേ ഉണ്ടായിരുന്നുള്ളൂ.
എല്ലാം ഒറ്റയടിക്ക് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് തത്വശാസ്ത്രജ്ഞർ ഭൂമിയേയും ആകാശത്തേയും പറ്റിയും വസ്തുക്കളേയും ജീവികളേയും പറ്റിയും സമുദായത്തേയും മനസ്സിനേയും പറ്റിയും പഠിച്ചു.ഈ രീതിയിൽ മുന്നോട്ട് നീങ്ങിയപ്പോൾ എല്ലാ വസ്തുക്കളും നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലാണെന്നും അവ തെളിയുകയും മറയുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നും ,ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ അവയ്ക്ക് പരസ്പര ബന്ധമുണ്ടെന്നും ,ആന്തരികവൈരുദ്ധ്യങ്ങൾ അവയുടെ വിശേഷതയാണെന്നുമുള്ള സംഗതി കാണാതിരിക്കാൻ ഈ തത്വചിന്തകർക്ക് കഴിഞ്ഞില്ല.
“പ്രാകൃതവും ബാലിശവുമെങ്കിലും ആന്തരാർത്ഥത്തിൽ ശരിയായിട്ടുള്ള ലോകത്തെപ്പറ്റിയുള്ള ഈ വീക്ഷണത്തേയാണ്” സാധാരണരീതിയിൽ വൈരുദ്ധ്യത്മക ചിന്താഗതി അഥവാ പൗരാണികരുടെ വൈരുദ്ധ്യവാദം എന്നുപറയുന്നത്. “
ഈ വീക്ഷണം പ്രത്യക്ഷമായിട്ടുള്ളവയുടെ ചിത്രത്തിന്റെ പൊതു സ്വഭാവം ശരിയായി പ്രകടമാക്കുന്നുണ്ടെങ്കിലും,ഈ ചിത്രത്തിന്റെ വിശദാംശങ്ങളെ വിവരിക്കാൻ അത് പര്യാപ്തമല്ല.
അവയെ മനസ്സിലാക്കാനാവാത്ത കാലത്തോളം നമുക്ക് ചിത്രത്തിന്റെയാകേക്കൂടിയുള്ള വ്യക്തമായ രൂപം ലഭിക്കുന്നില്ല, ഈ വിശദാംശങ്ങൾ മനസ്സിലാക്കുന്നതിന് അവയെ അവയുടെ പ്രകൃത്യായുള്ളതോ ചരിത്രപരമായുള്ളതോ ആയ ബന്ധത്തിൽ നിന്ന് വേർപെടുത്തിയിട്ട് ഓരോ വിശദാംശവും പ്രത്യേകം പ്രത്യേകമായി പരിശോധിക്കണം (Frederick Engels,"Anti Duhring മോസ്ക്കോ,1964,പേജ്30)
ജ്യേതിർ ഗോളങ്ങൾ ,ഭൂമി,ധാതുക്കൾ,എന്നിവയുടെ ഘടനയേയും സ്വഭാവവിശേഷങ്ങളേയും പറ്റി പഠിക്കുന്നത് പ്രത്യേകശാസ്ത്രങ്ങളാണ്‌.പുരാതനകാലത്ത് അത്തരം ശാസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല ;അന്നൊന്നും വിജ്ഞാനത്തിന്റെ വിശേഷവല്ക്കരണവും ഉണ്ടായിരുന്നില്ല.പരീക്ഷണ ശേഷമുള്ള തെളിവുകളോന്നും കൂടാതെ ലളിതമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലിള്ള വെറും ഊഹാപോഹം മാത്രമാണ്‌ അന്നുണ്ടായിരുന്നത്.
പുരാതന വൈരുദ്ധ്യവാദത്തിന്റെ ദൗർബ്ബല്യം കുടികൊള്ളുന്നത് ഇതിലാണ്‌.
കാലക്രമത്തിൽ ഓരോരോ പ്രത്യേക ശാസ്ത്രങ്ങൾ ജന്മംകൊണ്ടു. എന്നുവരികിലും രണ്ട് സഹസ്രാബ്ദത്തിലേറെയായി പ്രകൃതിയിലെ പ്രതിഭാസങ്ങളെ സംബന്ധിച്ച സത്യം കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങൾ പരീക്ഷണ ഗവേഷണത്തേക്കാളേറേ വെറും ഊഹാപോഹം മാത്രമാണ്‌ പരീക്ഷണാധിഷ്ടിത പ്രകൃതിശാസ്ത്രം രൂപം കൊള്ളുന്നത്.
ആ കാലഘട്ടം ക്ലാസിക്കൽ ബലതന്ത്രം എന്നശാഖയുടെ ആവിർഭാവത്തിന്ന് സാക്ഷ്യം വഹിച്ചു.ഭൗതികവും ജ്യോതിശാസ്ത്രപരവുമായ പലേ പ്രതിഭാസങ്ങളും അസാമാന്യമായ കണിശതയോടെ വിശദീകർക്കാൻ ഈ ശാഖക്ക് കഴിഞ്ഞു.അത് വൻ തോതിൽ വ്യവസായത്തിൽ പ്രയോഗിക്കപ്പെടുകയും ചെയ്തു.
താപം,പ്രകാശം,മാഗ്നറ്റിസം,വൈദ്യുതി എന്നിവയേപ്പറ്റി ഊർജ്ജതന്ത്രത്തിനുള്ള അറിവ് എത്രയോ വിപുലമായി ആധുനിക ജ്യോതിശസ്ത്രത്തിന്റെ അടിത്തറ പാകപ്പെട്ടു.
അക്കാലത്തെ ആഗോളകപ്പൽ യാത്രകളും ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങളും ഭൂഖണ്ഡങ്ങൾ,മഹാസമുദ്രങ്ങൾ,കടലുകൾ,പർവ്വതങ്ങൾ ,മരുഭൂമികൾ,നദികൾ ,തടാകങ്ങൾ എന്നിവയേപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് എത്രയോ അധികം വർദ്ധിപ്പിച്ചു.
പതിനെട്ടാം ശതകത്തിന്റെ അവസാനമായപ്പോഴേക്ക് ബഹുസഹസ്രം സസ്യജാതികളേയും ഏതാണ്ട് ഇരുപതിനായിരത്തോളം ജന്തു ജാതികളേയും പറ്റി പഠിച്ചു വിവരിക്കാൻ സസ്യശാസ്ത്രജ്ഞർക്കുംജന്തുശാസ്ത്രജ്ഞർക്കും കഴിഞ്ഞിരുന്നു.
മനുഷ്യന്റെ ശരീരഘടനയും ആദ്യമായി പഠനവിധേയമാക്കപ്പെട്ടു.എന്നാൽ മെക്കാനിക്സ് ( ബലതന്ത്രം ) മറ്റെല്ലാശാസ്ത്രങ്ങളേയും കവച്ചുവെച്ചു.നനാമേഖലകളിൽ അതിന്നുണ്ടായ വിജയവും അതിന്റെ പരീക്ഷണ ശേഷമുള്ള സ്ഥിരീകരണവും ഗണിതശാസ്ത്രസമമായ അതിന്റെ കൃത്യതയും എല്ലാം അചേതനപ്രകൃതിയിലെന്നപോലെ സചേതനപ്രകൃതിയിലുള്ള എല്ലാ പ്രതിഭാസങ്ങളേയും ബലതന്ത്രത്തിന്റെ നിയമങ്ങളുടെ സഹായത്തോടെ വിശദീകരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ ശാസ്ത്രജ്ഞർക്ക് ആവേശം നല്കി.
പതിനേഴും പതിനെട്ടും ശതകങ്ങളിൽ ശാസ്ത്രജ്ഞർക്കിടയിൽ ഈ ബലതന്ത്ര (മെക്കാനിക്സ്) വീക്ഷണത്തിന്ന് വളരെ സ്വാധീനമുണ്ടായിരുന്നു.“ എല്ലാ വസ്തുക്കളും ഒരു നിശ്ചലാവസ്ഥയിലോ ഒരു നേർവരയിൽ ഒരേ രീതിയിലുള്ള ചലനത്തിന്റെ അവസ്ഥയിലോ ആണെന്നും ബാഹ്യശക്തികളുടെ പ്രേരണയാൽ മാത്രമേ ആ അവസ്ഥക്ക് മാറ്റമുണ്ടാകുന്നുള്ളു”വെന്നും ബലതന്ത്രത്തിൽ ഒരു തത്വമുണ്ടല്ലൊ.അതിനെ ആധാരമാക്കിക്കൊണ്ട് ,എല്ലാ വിധത്തിലുള്ള ചലനവും ഒരു വസ്തുവിന്റെ അവസ്ഥാന്തരത്തിന്ന് പ്രേരിപ്പിക്കുന്ന ഒരു ബാഹ്യശക്തിയുടെ പ്രയോഗത്താലാണെന്ന നിഗമനത്തിൽ ആളുകൾ എത്തിച്ചേർന്നു..
പതിനെട്ടാം നൂറ്റാണ്ടിലെ ഭൗതികവാദികളായ തത്വചിന്തകരും പ്രകൃതിശാസ്ത്രജ്ഞരുടെ ഈ ബലതന്ത്ര വീക്ഷണത്തോട് പൂർണ്ണമായും യോചിച്ചിരുന്നു.
16-17 ശതകങ്ങളിലെ ജ്യോതിശാസ്ത്ര കണ്ടുപിടിത്തങ്ങളെപ്പറ്റി പറയുമ്പോൾ ഓർക്കേണ്ട ഒരു സംഗതിയുണ്ട്.അതായത്,സൗരമണ്ഡലം എന്നെങ്കിലും തങ്ങൾ കണ്ടിരുന്നതിൽ നിന്ന് വ്യത്യസ്ഥമായിരുന്നുവോ എന്നറിയാൻ ജ്യോതിശാസ്ത്രജ്ഞർക്ക് യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.നേരെമറിച്ച് ഗ്രഹങ്ങൾ എക്കാലത്തും ഒരേ ഭ്രമണപഥങ്ങളിലൂടേയാണ് ചലിച്ചിരുന്നതെന്നും ഇനിയും എക്കാലത്തും ഒരേ ഭ്രമണ പഥത്തിലൂടേയാണ്‌ അതങ്ങിനേതന്നെ ആയിരിക്കുമെന്നാണ്‌ ക്ലാസിക്കൽ മെക്കാനിക്സിന്റെ നിയമങ്ങളിൽ വ്യക്തമാക്കിയിരുന്നത്,
ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾ പുതിയ പലേ അറിവുകളും പ്രദാനം ചെയ്തിരുന്നു എങ്കിലും ഭൂമിയുടെ ഉപരിതലത്തിലെ സ്ഥിതിഗതികൾ വേറൊരു രൂപത്തിലായിരുന്നുവെന്നുള്ളതിന്ന് യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല.
ഇതിൽ നിന്ന് സിദ്ധിച്ചിരുന്നത് ഭൂഖണ്ഡങ്ങളും മഹാ സമുദ്രങ്ങളും പർവ്വതങ്ങളും നദികളും മരുഭൂമികളും ഇന്നത്തെ അതേ സ്ഥാനങ്ങളിലാണ്‌ പണ്ടും സ്ഥിതിചെയ്തിരുന്നത് എന്നാണല്ലോ.
എന്ന്പറഞ്ഞാൽ,ഭൂമിയുടെ ഉപരിതലം എന്നും ആദിമകാലത്തെപ്പോലെയായിരിക്കുമെന്ന് സാരം.
പതിനായിരക്കണക്കിന്ന് സസ്യജാതികളേയും ജന്തുജാതികളേയും കുറിച്ച് ലഭിച്ചിരുന്ന സസ്യ ശാസ്ത്രപഠനവും ജന്തു ശാസ്ത്രപരവുമായ വിവരങ്ങളിൽ നിന്ന് ഇവയൊന്നും നിലവിലില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നതിന്ന് യാതൊരു സൂചനയും കിട്ടിയിരുന്നില്ല.
മറിച്ച്,ഓരോരോ സസ്യത്തിനും ജന്തുവിനും ജനനമരണങ്ങൾ ഉണ്ടെങ്കിലും ആ ജാതികൾ അനന്തമായി നിലനിന്ന്പോന്നുവെന്നാണ്‌ കിട്ടിയ സൂചനകളേല്ലാം ചൂണ്ടിക്കാട്ടിയത്.പ്രകൃതിയിലുള്ളതെല്ലാം ചലനാത്മകമായ ഒരു അവസ്ഥയിലാണെങ്കില്പ്പോലും,ആ ചലനം ഓരേ പരമ്പരകളുടേയും രൂപങ്ങളുടേയും ആവർത്തനം മാത്രമാണെന്നാണ്‌ ലഭ്യമായ ശാസ്ത്രീയവിവരങ്ങൾ സൂചിപ്പിച്ചിരുന്നത്.
പ്രകൃതിയുടെ ഏത് ഭാഗത്തെ സംബത്തിച്ചിടത്തോളവും കാതലായിട്ടുള്ള ഈ രൂപങ്ങൾ മാറ്റമില്ലാത്തവ ആയതിനാൽ ചലനംകൊണ്ട് പുതുതായി ഒന്നും ഉണ്ടാകുന്നില്ല;അതേ സമയം കാതലായ ഒന്നും അപ്രത്യക്ഷമാകുന്നില്ല.അന്നത്തെ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അപ്രകാരമൊരു നിഗമനം തികച്ചും സ്വാഭാവികമായിരുന്നു.വസ്തുക്കൾ തമ്മിലുള്ള ബന്ധവും,അവയ്ക്പരസ്പരമുള്ള കരണപ്രതികരണവും,അങ്ങിനെ അവയിൽ നടക്കുന്നപ്രക്രിയകളും അവയിൽ സംഭവിക്കുന്ന മാറ്റങ്ങളും പരിശോധിക്കുന്നതിന്ന് ശാസ്ത്രജ്ഞരുടെ പക്കൽ വസ്തുക്കളുടെ ഘടനയേപ്പറ്റി വേണ്ടത്രവിവരങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു,
ഈ വിവരമാകട്ടെ വസ്തുക്കൾക്ക് വാസ്തവത്തിൽ എന്തു സംഭവിക്കുന്നു. എന്ന് നോക്കിയശേഷം(അവയുടെ ബന്ധങ്ങളും കരണപ്രതികരണവും മാറ്റവും നോക്കിയശേഷം ) അതിൽ നിന്ന് ഏകദേശം ഊഹിക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞിരുന്നുള്ളൂ ആ രീതിയിൽ നോക്കുമ്പോൾ പരിശോധനാവിഷയമായിട്ടുള്ള പ്രതിഭാസങ്ങൾ മാറ്റമില്ലാത്ത, നിത്യമായിട്ടുള്ള ,നിശ്ചിത വസ്തുക്കളുടെ ആകത്തുകയായി മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളു.
വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും പുറമേയ്ക്ക് കാണപ്പെട്ടിരുന്നെങ്കിലും,ഓരോരോ വസ്തുക്കൾ തമ്മിലുള്ളതായിട്ടാണ്‌ അവയെ വീക്ഷിച്ചിരുന്നത്; അല്ലാതെ ഉള്ളിൽനിന്ന് തന്നെ ഉണ്ടാകുന്നതായി അവയെ ഒരിക്കലും കണ്ടിരുന്നില്ലെന്ന് മാത്രമല്ല,അത് അസാദ്ധ്യമാണെന്നും കരുതിയിരുന്നു.
തുടക്കത്തിൽ ആവശ്യവും ഫലപ്രദമായിരുന്ന ഈ സമീപനം കാലക്രമത്തിൽ ഒരു ആചാരം പോലെ ആയി. താല്കാലികമായി അവഗണിക്കപ്പെട്ടിരുന്ന ബന്ധങ്ങളും മാറ്റങ്ങളും ആദ്യമാദ്യം തീരെ അപ്രദാനവും പിന്നീട് ഇല്ലാത്തതുമായി തോന്നിത്തുടങ്ങി.തല്ഫലമായി തന്റെ പ്രത്യേകമേഖലയിൽ മുഴുകിയിരുന്ന ഒരു ശാസ്ത്രജ്ഞൻ ആ മേഖലയിൽ അസംഖ്യം സവിശേഷതകൾ കണ്ടെത്തി.
മറ്റൊരു മേഖലയുമായും അതിന്ന് യാതൊരു സാമ്യവും ബന്ധവും ഇല്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ സവിശേഷതകൾ.
ഈ വിധത്തിൽ ഒരേരൂപങ്ങളുടേ ,എല്ലായ്പ്പോഴും സദൃശങ്ങളും സ്ഥിരവുമായ രൂപങ്ങളുടെ ,ആവർത്തനം മാത്രമാണ്‌ ചലനം എന്നും ,ഒരിക്കലും പരസ്പര വിരുദ്ധമാകാൻ പറ്റാത്ത തയ്യാർ ചെയ്ത (റെഡി-മെഡ്) വസ്തുക്കൾ അടങ്ങിയിട്ടുള്ളതാണ്‌ ഈ ലോകം എന്നും, പ്രതിഭാസങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഉപരിപ്ലവവും അപ്രധാനവുമാണ്‌ എന്നും ഒരു അഭിപ്രായം പരക്കെ വ്യാപിച്ചു.
ലോകത്തിന്റെ ഒരു വശത്തെപ്പറ്റി മാത്രമേ ,ചലനത്തിന്റെസ്വതേയുള്ള ആവർത്തന സ്വഭാവത്തേയും ഭൗതികവസ്തുക്കളുടെ സ്വതേയുള്ള സ്ഥിരതയേയും പറ്റിയും വസ്തുക്കൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളേപ്പറ്റിയും മാത്രമേ, ഈ വീക്ഷണം നമ്മുടെ ശ്രദ്ധയെ ഊന്നുന്നുള്ളു,വൈരുദ്ധ്യവാദത്തിന്ന് കടകവിരുദ്ധമായി,ലോകത്തെക്കുറിച്ചുള്ള ഏകപക്ഷീയമായ ഈ ധാരണയെ ആത്മീയചിന്താരീതി അഥവാ ആത്മീയവാദം(അതിഭൗതികവാദം) എന്നുപറയുന്നു .

ആനുകാലികശാസ്ത്രീയ വിജ്ഞാനത്തെ ആധാരമാക്കി നിന്ന പതിനെട്ടാം ശതകത്തിലെ ഭൗതികവാദം അന്ന് പ്രാബല്യത്തിലിരുന്ന ആത്മീയവാദ സമ്പ്രദായത്തെ മുറുകെപ്പിടിച്ചു.ബലതന്ത്രവാദത്തെ പോലെ തന്നെ,ആത്മീയവാദവും അതിന്റെ കാലത്ത് പുരോഗമനപരമായ ഒരു പങ്ക് വഹിക്കുകയുണ്ടായി.ഈ സമ്പ്രദായത്തെ പിന്തുടർന്ന് കൊണ്ട് ശാസ്ത്രജ്ഞർക്ക് ലോകത്തെപറ്റി വമ്പിച്ച വിജ്ഞാനസമ്പത്ത് ആർജ്ജിക്കാൻ കഴിഞ്ഞു.
എങ്കിലും പുരാതനവൈരുദ്ധ്യ വാദത്തെ അപേക്ഷിച്ച്,ചലനത്തേയും പരസ്പരബന്ധത്തേയും വൈരുദ്ധ്യത്തേയും കുറിച്ചുള്ള ആത്മീയവാദധാരണ പിന്നോട്ടുള്ള ഒരു ചുവട് വെയ്പ്പാണ്.
..ഹെഗലും ഫോയർബാഹും..

..ആശയവാദികൾ 18 ആം നൂറ്റാണ്ടിലെ ഭൗതികവാദത്തിന്റെ ദുർബ്ബല കണ്ണികളെ കയറിപ്പിടിച്ചുകൊണ്ട് അതിന്റെ ബലതന്ത്രപരവും ആത്മീയവാദപരവുമായ സമീപനത്തെ വിമർശ്ശനവിധേയമായി.

പക്ഷെ,പ്രകൃതിശാസ്ത്രത്തിന്ന് പകരം വെറും ഊഹാപോഹത്തെ ആധാരമാക്കിയിരുന്ന ആശയവാദികൾക്ക് വികാസത്തിന്ന് ശാസ്ത്രീയമായി കൂടുതൽ ശരിയായൊരുവ്യാഖ്യാനം നല്കാൻ കഴിഞ്ഞില്ല.കാരണം,അവരുടെ ന്യായവാദവും വലിയൊരതിരുവരെ ആത്മീയവാദപരമായ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. ഹെഗലിന്റെ തത്വസംഹിതയുടെ ആവിർഭാവത്തോടുകൂടി ഇതിന്നൊരുമാറ്റം വന്നു.വൈരുദ്ധ്യവാദത്തിന്റെ ചരിത്രത്തിൽ ഇതൊരു മാറ്റത്തെക്കുറിച്ചു.“ അതിന്റെ (വൈരുദ്ധ്യ വാദത്തിന്റെ )സാമാന്യമായ ഒരു പ്രവർത്തനരൂപം സമഗ്രമായും ബോധപൂർവ്വമായും ആദ്യമായി അവതരിപ്പിച്ചത്” ഹെഗൽ ആയിരുന്നു എന്ന് മാർക്സ് എഴുതുകയുണ്ടായി ( മാർക്സ്,മൂലധനം,വാല്യം1,പേജ്29.)
ഹെഗലിന്റെ തത്വചിന്താ അദ്ദേഹത്തിന്റെ സമകാലികരെ വളരെയേറെ സ്വാധീനിക്കുകയുണ്ടായി.
1848-ലെ വിപ്ലവത്തിന്ന് തൊട്ട്മുമ്പ് ജർമ്മനിയിൽ വളർന്നുവന്ന പ്രത്യായശാസ്ത്രപരമായ സമരത്തിൽ രാജവാഴ്ചക്കും മതത്തിന്നും എതിരായി നിന്നവരും അനുകൂലമായി നിന്നവരും -(രണ്ടുകൂട്ടരും(ഹെഗൽ വാദികളുടെ ഇളമുറക്കാരും പഴമുറക്കാരും-)വൈരുദ്ധ്യാത്മക ആശയവാദത്തെയാണ്‌ മുറുകെപ്പിടിച്ചത്.
എന്നാൽ പില്ക്കാലത്ത് അവർ അവരുടെ വ്യത്യസ്തപാതകൾ പിന്തുടരുകയാണ്‌ ചെയ്തത്.
ഹെഗൽ വാദികളുടെ ഇളമുറക്കാരിൽ പെട്ട ലുഡ് വിഗ് ഫോയർ ബാഹ് (1804-1872) ഹെഗലിന്റെ തത്വകിന്തയെ എതിർത്തു.മറ്റേതൊരു ആശയവാദസിദ്ധാന്തയും പോലെ അതും വാസ്തവത്തിൽ മതത്തിന്ന് വേണ്ടിയുള്ള തത്വശാസ്ത്രപരമായ ഒരു സാധൂകരണം മാത്രമാണെന്ന് ഫോയർബാഗ് വാദിച്ചു.
.മതവും ആശയവാദവും കപടമാണെന്നും,മാത്രമല്ല സമുദായജീവിതത്തിൽ അവക്ക് ഒരു പിന്തിരിപ്പൻ പങ്കാണ്‌ ഉള്ളതെന്നും കാണിച്ചുകൊണ്ട് അദ്ദേഹം ഭൗതികവാദപരമായ ഉറച്ച നിലപാട് കൈക്കൊണ്ടു. ഭൗതികവാദത്തിന്നും നാസ്തികത്വത്തിന്നും വേണ്ടി അദ്ദേഹം നടത്തിയ വാദം ഒട്ടേറെ പേരെ ആകർഷിച്ചു.ഈ പുതിയ അഭിപ്രായഗതിയെ മാർക്സ് എത്ര ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും അദ്ദേഹത്തെ അത് എത്ര സ്വാധീനിക്കുകയും ചെയ്തു എന്ന് വിശദീകരിച്ചുകൊണ്ട് എംഗൽസ് എഴുതി:
“പൊതുവിൽ വലിയ ആവേശമായിരുന്നു;ഞങ്ങളേല്ലാം ക്ഷണം തന്നെ ഫോയർ ബാഹ് പക്ഷക്കാരായി ”(മാർക്സ്,എംഗൽസ്,മതത്തേപ്പറ്റി,മോസ്കോ,1972,പേജ് 200)
1839-ൽ ഫോയർ ബാഹ് ഒരു ഭൗതികവാദിയായപ്പോൾ മാർക്സിന്ന് ഇരുപത്തി ഒന്നും എംഗൽസിന്ന് പത്തൊമ്പതും വയസ്സ് പ്രായമായിരുന്നു.രണ്ടുപേരും ഹെഗൽ പക്ഷകാരായിരുന്നു.
പക്ഷെ,അവരുടെ കറകളഞ്ഞ നാസ്തികത്വവും വിപ്ലവാത്മക ജനാധിപത്യ വീക്ഷണവും കാരണം താമസിയാതെ തന്നെ ആശയവാദം പരിത്ത്യജിച്ചു ഒരു ഭൗതികവാദനിലപാട് സ്വീകരിക്കാതിരിക്കാനാവാത്ത സ്ഥിതി സംജാതമായി.
ഫോയർ ബാഹിന്റെ കൃതികൾ ഈ മാറ്റത്തിന്ന് വലിയൊരു പ്രോൽസാഹനവും ആയിരുന്നു.ഹെഗലിന്ന് ശേഷമുള്ള തത്വചിന്തകരിൽ മാർക്സിന്റേയും തന്റേയും മേൽ ഫോയർ ബാഹിന്റത്ര സ്വാധീനം ചെലുത്തിയ മറ്റാരും ഉണ്ടായിരുന്നില്ല എന്ന് എംഗൽസ് എഴുതി.
എന്നാൽ ഹെഗലിന്റ് തത്വചിന്തയെ തച്ചുടക്കുന്ന അതേ അവസരത്തിൽ തന്നെ ഫോയർ ബാഹ് അതിന്റെ യുക്തിവാദപരമായ ഉള്ളടക്കവും ,വൈരുദ്ധ്യവാദവും,വലിച്ചെറിഞ്ഞുകളഞ്ഞുവെന്ന് അവർക്ക് ഏറെത്താമസിയാതെ ബോദ്ധ്യമായി.
ഇപ്രകാരം 18- ആം നൂറ്റാണ്ടിലെഭൗതികവാദത്തേക്കാൾ വളരെ മുമ്പോട്ട് പോകാൻ കഴിഞ്ഞെങ്കിലും അതിന്റെ ഏറ്റവും വലിയ കുറവുകൾ നികത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.
അപ്പോൾ ഫോയർ ബാഹ് അവഗണിച്ചതും,മാർക്സും എംഗൽസും വളരെ വിലമതിച്ചതും ,വൈരുദ്ധ്യാതിഷ്ടിതവും ചരിത്രപരവുമായ ഭൗതികവാദത്തിന്ന് രൂപം നല്കുന്നതിൽ അവർ ഉപയോഗപ്പെടുത്തിയതുമായ ഹെഗലിയൻ വൈരുദ്ധ്യവാദത്തിന്റെ പ്രാധാന്യം എന്താണ്‌?
ചലനത്തിൽ ആവർത്തനം ഉണ്ടെങ്കിലും യാതൊന്നും തന്നെ പൂർണ്ണമായി ആവർത്തിക്കപ്പെടുന്നില്ല എന്നതാണ്‌-(പ്രത്യേകവസ്തുക്കളെ എന്നപോലെ തന്നെ വികാസത്തിന്റെ ഘട്ടങ്ങളേയും രൂപങ്ങളേയും സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്‌)-ഇതിന്റെ ഒന്നാമത്തെ പ്രാധാന്യം ശാശ്വതമായി ആവർത്തിക്കപ്പെടുന്നതും മാറ്റനാവാത്തതുമായ യാതൊരു രൂപവും ലോകത്തിൽ ഇല്ല.
രൂപങ്ങളിൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്ന നിത്യേനയുള്ള മാറ്റവും ഒരു പ്രതിഭാസത്തിന്റെ സ്ഥാനത്ത്മറ്റൊരു പ്രതിഭാസത്തിന്റെ ആവിർഭാവവും മാത്രമേ ശാശ്വതമായിട്ടുള്ളു.ഹെഗലിന്റെ അഭിപ്രായത്തിൽ ഏകമായിട്ടുള്ള ലോകത്തിൽ സർവ്വതും പരസ്പര ബന്ധമുള്ളതാണ്;അതിലോരോ കണികയും എണ്ണമറ്റ പരസ്പരബന്ധങ്ങളാൽ കൂട്ടിയിണക്കപ്പെട്ടിട്ടുള്ളതാണ്‌.ശാസ്ത്രീയഗവേഷണത്തിൽ അവഗണിക്കാൻ പാടില്ലാത്ത വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണിത്.
എന്നാൽ, ഹെഗലിന്റെ വൈരുദ്ധ്യവാദ സമ്പ്രദായം വസ്തുക്കൾ തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും സംഗതിയുടെ ഒരു വശം മാത്രമേ അതുകാണുന്നുള്ളു.മറുവശം അതായത്“എല്ലാ വസ്തുക്കളും സ്വയം തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞുട്ടുള്ളതാണ്‌ എന്നും ”ഏതെങ്കിലുമൊരു വസ്തു വൈരുദ്ധ്യം ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ മാത്രമേ അത് ചലിക്കൂ“.എന്നുള്ള സംഗതി ഇതിലും എത്രയോ പ്രധാനമാണ്‌. ഹെഗലിന്റെ വൈരുദ്ധ്യവാദ സമ്പ്രദായം ആത്മീയവാദവീക്ഷണത്തിന്റെ കെട്ടുറപ്പില്ലായ്മ വെളിപ്പെടുത്തി.
യഥാർത്ഥ പ്രതിഭാസങ്ങളുടേയും അവയെപ്പറ്റിയുള്ള നമ്മുടെ ധാരണകളുടേയും സ്ഥിരതയേ മാത്രമേ ആത്മീയ വാദം കണക്കിലെടുത്തിരുന്നുള്ളു.
അക്കാരണം കൊണ്ടുതന്നെ ലോകത്തെ തയ്യാർ ചെയ്ത (റെഡി-മേഡ്) വസ്തുക്കളുടെ ഒരു കൂമ്പാരമായും ചിന്തയെ തയ്യാർ ചെയ്ത ധാരണകളുടെ കൂമ്പാരമായും അത് കരുതി. ഈ വീക്ഷണം ഏറ്റവും പ്രധാനപ്പെട്ട മറു വശത്തെ -(ലോകത്തിലുള്ള എല്ലാം തന്നെ എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണെന്നും ,ലോകം തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു കൂമ്പാരമല്ല ,മറിച്ച് പ്രക്രിയകളുടേയും കെട്ടുപാടുകളുടേയും ബന്ധങ്ങളുടേയും ആകത്തുകയാണെന്നുള്ളത് )- അവഗണിക്കുകയാണ്‌ ചെയ്യുന്നത് എന്ന് ഹെഗൽ വാദിച്ചു.
ഇപ്രകാരമൊരു സമ്പ്രദായം ആവിഷ്കരിച്ചുകൊണ്ട് ഹെഗലാണ്‌ ആദ്യമായി വൈരുദ്ധ്യവാദത്തിന്റെ പ്രധാന നിയമങ്ങൾ - (എല്ലാവികാസത്തേയും നിയന്ത്രിക്കുന്നത് ഇവയാണല്ലോ )- ആവിഷ്ക്കരിച്ച് മുന്നോട്ട് വെച്ചതും അവയെ വിശദമായി വിവരിച്ചതും .
ശാസ്ത്രത്തിലും പ്രയോഗത്തിലും അതിപ്രധാനമായ ഒരു പങ്കുവഹിക്കുന്ന ഏറ്റവും സാമാന്യങ്ങളായ ധാരണകൾക്ക്(സംവർഗ്ഗങ്ങൾക്ക്)അദ്ദേഹം ഗഹനമായ ഒരു വൈരുദ്ധ്യത്മക വ്യാഖ്യാനം നല്കി.അവസാനമായി,ഹെഗൽ തന്റെ മുൻഗാമികളാരേയുംകാൾ പൂർണ്ണമായും ശരിയായും ,ചിന്തയുടെ എന്നപോലെ വിജ്ഞാനപ്രക്രിയയുടെ ആകെത്തന്നെ സങ്കീർണ്ണവും പരസ്പരവിരുദ്ധവുമായ സ്വഭാവം വ്യക്തമാക്കി.
മാർക്സും എംഗൽസും ഹെഗലിന്റെ വൈരുദ്ധ്യവാദത്തെ എത്രയേറെ വിലമതിച്ചിരുന്നെകിലും തങ്ങളുടെ തത്വസംഹിതയിൽ അത് കൂടി ചേർക്കാൻ അവർക്ക് പറ്റുമായിരുന്നില്ല;
കാരണം,ആശയവാദത്തെ നിദാനമാക്കിയിട്ടുള്ള അതിന്ന് കാര്യമായ പല കുറവുകളും ഉണ്ടായിരുന്നു.ഒന്നാമതായി,ഹെഗൽ യാഥാർത്ഥ്യത്തിൽ നിന്നല്ല,പ്രത്യുത ബോധത്തിൽ നിന്നാണ്‌ തന്റെ വൈരുദ്ധ്യവാദനിയമങ്ങൾ ആവിഷ്കരിച്ചത്. പ്രകൃതിയും മാനവേതിഹാസങ്ങളും ഈ നിയമങ്ങളുടെ കീഴിൽ വരണമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു .
എന്തുകൊണ്ടെന്നാൽ പ്രകൃതിയിലും സമുദായത്തിലും സംഭവിക്കുന്ന എല്ലാം തന്നെ ബോധത്തിന്റെ ,കേവലമായ ആശയത്തിന്റെ പ്രതിഫലനം മാത്രമാണ്‌.
പക്ഷെ,മാർക്സിനേയും എംഗൽസിനേയും സംബന്ധിച്ചിടത്തോളം “പ്രശ്നം വൈരുദ്ധ്യവാദനിയമങ്ങളെ പ്രകൃതിയിലേക്ക് ചേർക്കുന്നതായിരുന്നില്ല,പ്രത്യുത പ്രകൃതിയിൽ ആ നിയമങ്ങളെ കണ്ടെത്തുകയും അതിൽ നിന്ന് അവയെ ആവിഷ്കരിക്കുകയും ചെയ്യുക എന്നതായിരുന്നു”(എംഗൽസ്,ആന്റി ഡ്യൂറിങ്ങ്,പേജ്,17)
മാർക്സും എംഗൽസും കൂടി ഭൗതികവാദപരമായ ഒരു വൈരുദ്ധ്യത്തിന്ന് രൂപം നല്കി.ഇതിലാകട്ടെ ,മറ്റെല്ലാറ്റിലുമുപരി യഥാർത്ഥലോകത്തിന്റെ (പ്രകൃതിയുടേയും സമുദായത്തിന്റേയും) വികാസത്തെ നിയന്ത്രിക്കുന്നവയായിട്ടാണ്‌ വൈരുദ്ധ്യവാദ നിയമങ്ങൾ വിവരിക്കപ്പെടുന്നത്;ചിന്തയുടെ നിയമങ്ങൾ മനുഷ്യന്റെ തലച്ചോറിലുള്ള അവയുടെ സവിശേഷപ്രതിഫലനമായും .
രണ്ടാമതായി,വികാസം അനന്തമാണെന്ന് ഹെഗൽ പ്രസ്ഥാവിച്ചു എങ്കിലും അദ്ദേഹത്തിന്റെ തത്വചിന്താക്രമത്തിലെ കേവലമായ ആശയം അതിന്റെ വികാസത്തെ പൂർത്തീകരിച്ചു.അതിനാൽ തന്റെ തത്വചിന്ത അന്തിമവും എല്ലാം ഉൾക്കൊള്ളുന്നതുമായ വിജ്ഞാനമാണെന്ന് ഹെഗൽ കരുതി ; അതേസമയം സമുദായത്തെ -( അതിൽ നിന്നാണല്ലോ ഈ തത്വ ചിന്ത ആവിഷ്കരിക്കപ്പെട്ടത് )- മാനവരാശിയുടെ വളർച്ചയുടെ അവസാനഘട്ടമായാണ് അദ്ദേഹം കണ്ടത്.
എന്നാൽ “പ്രകൃതിയുടേയും ചരിത്രത്തേയും സംബന്ധിച്ച എല്ലാം ഉൾക്കൊള്ളുന്ന നിത്യമായ ഒരു വിജ്ഞാന ക്രമം വൈരുദ്ധ്യവാദചിന്തയുടെ മൗലിക നിയമത്തിന്ന് തന്നെ വിരുദ്ധമായിട്ടുള്ളതാണ്‌.(മാർക്സ്,അതേകൃതി,പേജ് 35) അതുപോലെ തന്നെയാണ്‌ സമുദായത്തിന്റെ വളർച്ചയുടെ ”അവസാന“ഘട്ടത്തേപ്പറ്റിയുള്ള പ്രസ്ഥാവനയും .
തന്റെ ആശയവാദവ്യവസ്ഥക്ക് വേണ്ടി ഹെഗൽ ഏറ്റവും പ്രധാനപ്പെട്ട വൈരുദ്ധ്യവാദ തത്വത്തെ ,വികാസതത്വത്തെ ബലികഴിച്ചു.
അവ്സാനമായി,കേവലമായ ആശയത്തെ പദാർത്ഥത്തിൽ ,പ്രകൃതിയിൽ,ഉൾക്കൊള്ളിക്കുന്നത് ലജ്ജാകരമായ ഒരു പ്രവർത്തിയാണെന്ന് ആശയവാദിയായ ഹെഗലിന്ന് തോന്നിയിരിക്കണം ;
പുരോഗമനപരമായ വൈരുദ്ധ്യാത്മക വികാസം ”ബോധമുള്ള ആശയത്തിന്റെ“ അതായത് മനുഷ്യരുടെ ,സൃഷ്ടിയായി മാത്രം അദ്ദേഹം വ്യാഖ്യാനിച്ചു.”ബോധമില്ലാത്ത ആശയത്തെ“ അതായത് പ്രകൃതിയെ, സംബന്ധിച്ചാണെങ്കിൽ,ഹെഗലിന്റെ അഭിപ്രായത്തിൽ അത് കാലക്രമത്തിൽ വികസിക്കുന്നില്ല.
ഹെഗലിനെ സംബന്ധിച്ചിടത്തോളം ”വൈരുദ്ധ്യവാദം തലകീഴായി നില്ക്കുകയാണ്“എന്ന് മാർക്സ് എഴുതിയത് ഇക്കാരണത്താലാണ്. ”അതിനെ വീണ്ടും ശരിയായ രീതിയിൽ ,തലമുകളിലാക്കി നിർത്തണം“(മാർക്സ്, മൂലധനം,വാല്യം1,പേജ്29)

അങ്ങിനെ ഹെഗലിന്റെ ആശയവാദപരമായ വൈരുദ്ധ്യവാദത്തിന്ന് കടകവിരുദ്ധമായ വൈരുദ്ധ്യവാദ സമ്പ്രദായം രൂപപ്പെടുത്തിയെടുക്കുക എന്നകടമ മാർക്സും എംഗൽസും കൂടി നിറവേറ്റേണ്ടിവന്നു.

4,പുതിയ ശാസ്ത്രീയകണ്ടുപിടുത്തങ്ങളുടെ തത്വശാസ്ത്രപരമായ സാമാന്യവല്കരണം...

ഫോയർ ബാഹിന്റെ ഭൗതികവാദ ആശയങ്ങളേയും ഹെഗലിന്റെ വൈരുദ്ധ്യ വാദത്തേയും മാർക്സും എംഗൽസും വിവേചനാപൂർവ്വം ഉപയോഗപ്പെടുത്തിയത് തത്വശാസ്ത്രത്തിലെ അവരുടെ മുൻഗാമികളുടെ തത്വസംഹിതകൾക്ക് അവരുടേതുമായി തുടർച്ചയുണ്ടാക്കുന്നതിന്ന് സഹായിച്ചു.
ഇത്,പക്ഷെ,അവരുടെ തത്വശ്സ്ത്രപരമായ പ്രവർത്തനത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു. പുതിയ ശാസ്ത്രീയവിജ്ഞാനത്തെ ആകെ മൊത്തം വിലയിരുത്തിയതായിരുന്നു അവരുടെ സൈദ്ധന്തിക പ്രവർത്തനത്തിന്റെ മറ്റേവശം.
ഊർജ്ജതന്ത്രത്തിന്റെ മേഖലയിൽ പോലും എല്ലാ സംഗതികളും വെറും ബലതന്ത്ര (മെക്കാനിക്കൽ)പ്രതിഭാസങ്ങളാക്കി ചുരുക്കുന്നത് അസംഗത്വമായിരിക്കുമെന്ന് 19 ആം ശതകത്തിൽ താപം, കാന്തത (മാഗ്നറ്റിസം),വൈദ്യുതശക്തി,പ്രകാശം എന്നിവയേപ്പറ്റി നടത്തിയ പഠനം വെളിപ്പെടുത്തി.
അപ്പോൾ പിന്നെ രസതന്ത്രം,ജീവശാസ്ത്രം,ജന്തുശാസ്ത്രം എന്നിവയുടെ കാര്യത്തിൽ അത് അത്രപോലും സാദ്ധ്യമല്ലെന്ന് പറയേണ്ടതില്ലല്ലോ.
പ്രകൃതിശാസ്ത്രത്തിന്റെ പുരോഗതി ബലതന്ത്രവാദത്തിന്റെ അടിത്തറ ഇളക്കിക്കളഞ്ഞു.ബോധത്തിന്റെ ആന്തരികവൈരുദ്ധ്യ സ്വഭാവം ഹെഗൽ വിശ്വസനീയമായ രീതിയിൽ തെളിയിച്ചുവെങ്കിൽ,19-ആം ശതകത്തിൽ പ്രകൃതി-സാമൂഹ്യശാസ്ത്രങ്ങളിൽ നടത്തിയ വിപുലമായ ഗവേഷണങ്ങൾ പ്രകൃതിയിലും സമുദായത്തിലുമുള്ള പലപല പ്രതിഭാസങ്ങളേയും സ്വതവേയുള്ള വൈരുദ്ധ്യസ്വഭാവം അത്രതന്നെ വിശ്വസനീയമായ രീതിയിൽ തെളിയിച്ചു.

1840-കളിൽ കണ്ടുപിടിച്ച ഊർജ്ജസംരക്ഷണത്തിന്റേയും രൂപാന്തരത്തിന്റേയും സാർവ്വത്രിക നിയമം അനുസരിച്ച് ഊർജ്ജം അപ്രത്യക്ഷമാവുകയോ ചെയ്യുന്നില്ല,ബലതന്ത്ര,താപ വൈദ്യുത,രസതന്ത്ര ഊർജ്ജം പരസ്പരം മാറ്റാവുന്നതാണെന്ന് ഈ നിയമം പറയുന്നു.
പ്രപഞ്ചത്തിലെ എല്ലാപ്രതിഭാസങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും,“പ്രകൃതിയിൽ എല്ലാചലനത്തിന്റേയും ഐക്യമെന്നത് വെറുമൊരു തത്വശാസ്ത്രപ്രമാണത്തിന്റെ നിലവിട്ട് പ്രകൃതിയിലേയും ശാസ്ത്രത്തിലേയും ഒരു വസ്തുതയായിക്കഴിഞ്ഞു എന്നു”“(എംഗൽസ്,‘പ്രകൃതിയിലെവൈരുദ്ധ്യത്മകത’പേജ്197)എന്നുമുള്ള നിഗമനത്തിലേക്ക് അത് നമ്മെ എത്തിച്ചു.

ഭൂമിയുടെ ഉപരിതലം പണ്ടുകാലത്തേതിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് 18-ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ തന്നെ എം.ലെമെനൊസെവ്,ജെ.ഹട്ടൺ അന്നിവർ സൂചിപ്പിച്ചു.അതിന്റെ രൂപഭാവങ്ങൾ എത്രഗണ്യമായും ആവർത്തിച്ചും മാറി മാറി വന്നിട്ടുണ്ടെന്നതിന്ന് 19-ആം നൂറ്റാണ്ടിൽ കണക്കറ്റ തെളിവുകൾ ലഭിക്കുകയുണ്ടായി.അതിൽനിന്നാണ്‌ ഭൂവിജ്ഞാനം അഥവാ ഭൂർഗർഭശാസ്ത്രം ഉടലെടുത്തത്.
ഭൂമിയുടെ വികാസത്തിന്റെ ഘട്ടങ്ങളിൽ ഒന്നും തന്നെ
(ആർക്കിയൻ,പ്രോട്ടോറോസ്സോയിക്ക്,പാലിയോസ്സോയിക്ക്,മെസോസ്സോയിക്ക്,കെയിനോസ്സോയിക്ക് ആദിയായവ്) അതിനു മുൻപുള്ള ഘട്ടങ്ങളുടെ ആവർത്തനം ആയിരുന്നില്ലെന്ന് ഭൂഗർഭശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. ഓരോയുഗത്തിന്റേയും ആരംഭത്തിൽ പല ഭൂഖണ്ഡങ്ങളും ദ്വീപുകളും കടലുകളും പർവ്വതങ്ങളും മറ്റും അപ്രത്യക്ഷമാവുകയും തികച്ചും നൂതനമായ ഭൂഗർഭശാസ്ത്രപ്രതിഭാസങ്ങൾ പ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്.
കൂട്ടത്തിൽ കാലാവസ്ഥയിലും ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതായി കണ്ടിട്ടുണ്ട്.സൗരമണ്ഡലം ശാശ്വതമായി നിലനിന്നിരുന്നതല്ലെന്നും ഭൂതകാലത്തിലെന്നോ സ്വഭാവികമായി ആവിർഭവിവ്ഹ്വ്ഹിട്ടുള്ളതാണെന്നും കാന്റ്1755-ല്പറയുകയുണ്ടായി.
അദ്ദേഹം മുന്നോട്ട് വെച്ച പരികല്പന (hypothesis)അനുസരിച്ച് ഒരു നീഹാരി(nebula)യിൽ നിന്നാണ്‌ സൗരമണ്ഡലത്തിന്റെ ഉത്ഭവം ജ്യേതിശാസ്ത്ര പ്രതിഭാസങ്ങൾ വീണ്ടു വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന; മാറ്റമില്ലാത്ത ആവർത്തനക്രങ്ങളായി കരുതുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള ആഹ്വാനത്തെ 18-ആം നൂറ്റാണ്ടിലെ ആത്മീയവാദത്തിൽ മുഴുകിയിരുന്ന ശാസ്ത്രജ്ഞർ ചെവിക്കൊള്ളാൻ കൂട്ടാക്കിയില്ല.
എന്നാൽ 1796-ൽ ലാപ്ലാസ് എന്ന ശാസ്ത്രജ്ഞൻ കാന്റിന്റെ പരികല്പനയെ പിന്താങ്ങുകയും അതിനെ കൂടുതൽ പരിപോഷിപ്പിക്കുകയും ചെയ്തു.പത്തൊമ്പതാം ശതകത്തിന്റെ മദ്ധ്യത്തിൽ അത് ഗണിതശാസ്ത്രപരമായി തെളിയിക്കപ്പെടുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിൽ സൗരമണ്ഡലത്തിന്റെ ഉത്ഭത്തെ സബന്ധിച്ച കാന്റ്-ലാപ്ലാസ പരികല്പനയുടെ സ്ഥാനത്ത് മറ്റു പല പരികല്പനകളും മുന്നോട്ട് വെക്കപ്പെട്ടിട്ടുണ്ട് എങ്കിലും പദാർത്ഥത്തിന്റെ സ്വാഭാവികമായ വികാസത്തിന്റെ പരിണിതഫലമായി ഭൂതകാലത്തിലെപ്പോഴോ ആവിർഭവിച്ചിട്ടുള്ളതാണ്‌ സൗരമണ്ഡലമെന്ന കാര്യം ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പംതന്നെ സസ്യ-ജന്തു വിഭാഗങ്ങളുടെ സാപേക്ഷികശരീരശാസ്ത്രവും ശരീരക്രിയാശാസ്ത്രവും ഉടലെടുക്കുകയും , വളരെ അകന്ന ജാതികൾ തമ്മിൽ പോലും കാതലായ സാദൃശ്യവും കെട്ടുപാടുകളുമുണ്ടെന്ന് തെളിയുകയും ചെയ്തു.എല്ലാ സസ്യങ്ങളും ജന്തുക്കളും സെല്ലുകൾ (കോശങ്ങൾ)കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്ന് 19-ആം നൂറ്റാണ്ടിന്റെ പ്രഥമാർദ്ധത്തിൽ കണ്ടുപിടിക്കപ്പെട്ടു. ഈ സെല്ലുകൾ ഒരു കടൽപ്പായലിന്റേയോ ഒരു വൻ വൃക്ഷത്തിന്റേയോ ആകാം ,അതല്ല ഒരു അദൃശ്യപ്രാണിയുടേയോ(ഇൻഫ്യൂസോറിയൻ) ഒരു മനുഷ്യന്റേയോ ആകാം -ഏതായാലും ശരി അവയെല്ലാം ഏതാണ്ട് ഒരേരീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതും വളർന്ന് പെരുകുന്നതുമാണ്‌.ജീവനുള്ള എല്ലാം തന്നെ പരസ്പരം കെട്ടുപാടുകളോടു കൂടിയതാണെന്ന കാര്യത്തിൽ എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ അതെല്ലാം തന്നെ സുപ്രധാനമായ ഈ കണ്ടുപിടുത്തത്തോടെ അസ്തമിച്ചു.

കോടാനുകോടി വർഷങ്ങൾക്കിടയിൽ പലേ സസ്യ ജാതികളും ജന്തുജാതികളും മാറിമാറി വന്നിരുന്നു എന്ന് ,ചിലവ മണ്ണടിയുമ്പോൾ മറ്റുചിലവ ആ സ്ഥാനം സ്വീകരിച്ചിരുന്നുവെന്ന്,പ്രാചീനപ്രാണിശാസ്ത്രം എന്ന പുതിയ ശാസ്ത്രശാഖ തെളിയിച്ചു,
പ്രകൃതിയിൽ യാതൊന്നും തന്നെ നിത്യമായിട്ടുള്ളതല്ലെന്നും ,വികാസഘട്ടങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടുകയല്ല,ഒന്നിന്ന് പുറകെ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എന്ന് തെളിഞ്ഞു.

19-ആം നുറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലീഷ്ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ പ്രകൃതി നിർദ്ധാരണ (natural selection)നിയമം കണ്ടുപിടിച്ചു.ജീവനുള്ള എല്ലാവസ്തുക്കളും തമ്മിൽ ബന്ധമുണ്ടെന്നും, അവയുടെ വികാസം പഴയതിന്റെ ആവർത്തനമല്ലെന്നും ,പ്രത്യുത പഴയതിന്റെ നാശവും പുതിയതിന്റെ ആവിർഭാവവുമാണെന്നും സ്ഥാപിച്ചുകൊണ്ടാണ്‌ അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തിയത്.
അങ്ങിനെ 19-ആം നൂറ്റാണ്ടിന്റെ പ്രഥമാർദ്ധത്തിൽ തന്നെ പ്രകൃതിശാസ്ത്രം ഒറ്റപ്പെട്ട വസ്തുക്കളെ എടുത്തു പഠിക്കുന്നതിലുപരി വ്സ്തുക്കൾ തമ്മിലുള്ള കെട്ടുപാടുകളേപ്പറ്റിയും അവക്കുള്ളിലും അവ തമ്മിൽ തമ്മിലുണ്ടാകുന്ന മാറ്റങ്ങളേപ്പറ്റിയും,തീർന്നുകഴിഞ്ഞ കാര്യങ്ങളിലുപരി ആ കാര്യങ്ങളിലെത്തിക്കുന്ന പ്രക്രിയകളേപ്പറ്റിയും പഠിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിയിലും സമുദായത്തിലുമുള്ള എല്ലാറ്റിന്റേയും നൈസർഗ്ഗികമായ പരസ്പരവിരോധ സ്വഭാവം കണ്ടുപിടിക്കുന്നതിന് വഴിതെളിച്ചത് ഇതാണ്‌.
അങ്ങിനെ ആത്മീയവാദചിന്താരീതി “എല്ലാറ്റിനും എല്ലാമായുള്ള സാർവ്വത്രികവും സർവ്വതോന്മുഖവും ജീവത്തുമായ ബന്ധത്തിന്ന് ...”( ലെനിൻ,സമാഹൃത കൃതികൾ വാല്യം,38പേജ്106)സാക്ഷ്യം വഹിച്ച ശാസ്ത്രീയവിജ്ഞാനവുമായി ഏറ്റുമുട്ടി,
വികാസഘട്ടങ്ങളുടെ - (ഇവയിലോരോന്നും മൺമറയുകയും സാരാംശത്തിൽ വ്യത്യസ്തമായ മറ്റൊരു ഘട്ടം ആ സ്ഥാനം കൈക്കൊള്ളുകയും,അതു മുമ്പത്തേതിനെപ്പോലെ അടുത്തഘട്ടത്തിന്ന് സ്ഥാനം ഒഴിയുകയും ചെയ്യും) -ശാശ്വതമായ ആവർത്തനക്രമം ഒഴിച്ച് മറ്റൊന്നും തന്നെ പ്രകൃതിയിൽ ശാശ്വതമായില്ലെന്നും,ലോകം സാധനങ്ങളുടെ ഒരു കൂമ്പാരമല്ല ,പ്രത്യുത പ്രക്രിയകളുടേയും കെട്ടുപാടുകളുടേയും ബന്ധങ്ങളുടേയും സാകല്യമാണ്‌ എന്നും ,എല്ലാ പ്രതിഭാസങ്ങളും സഹജമായ വൈരുദ്ധ്യങ്ങളോടു കൂടിയതാണെന്നും പുതുതായി ലഭിച്ചിട്ടുള്ള അറിവ് വ്യക്തമാക്കിയിട്ടുണ്ട്.

അപ്രകാരമുള്ള നിഗമനങ്ങളിൽ എത്തുക എന്ന് പറഞ്ഞാൽ ശാസ്ത്രജ്ഞരേയും തത്വചിന്തകരേയും വശംവദരാക്കിവെച്ചിരുന്ന ബലതന്ത്രപരവും ആത്മീയവാദപരവുമായ അഭിപ്രായങ്ങളുടേയും മുൻ വിധികളേയും - (ഈ അഭിപ്രായങ്ങൾക്കായിരുന്നല്ലോ അന്ന് പ്രാബല്യം )- പുന:പരിശോധിക്കുക എന്നായിരുന്നു അർത്ഥം.
മാർക്സും എംഗൽസും ചെയ്തതുപോലെ തത്വചിന്തയുടെ ഭാഷയിൽ ശാസ്ത്രീയവിജ്ഞാനത്തെ സാമാന്യവല്ക്കരിക്കാനും “അവസാന വിശകലനത്തിൽ ,വൈരുദ്ധ്യത്മകമായ രീതിയിലാണ്‌,ആത്മീയരീതിയിലല്ല പ്രകൃതിയുടെ പ്രവർത്തനം നടക്കുന്നത് ”(എംഗൽസ്,ആന്റി ഡ്യൂറിങ്ങ്,പേജ്33) എന്ന് പ്രഖ്യാപിക്കാനും അസാമാന്യമായ ആത്മവിശ്വാസവും മനോധൈര്യവും ആവശ്യമായിരുന്നു....
5.മനുഷ്യന്റെ നിലനില്പ്പിൽ പ്രയോഗത്തിനുള്ള പങ്ക്...

പ്രകൃതി മനുഷ്യനിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നു; എന്നാൽ അവന്റെ നിലനില്പ്പാകട്ടെ - (ഭൗതികവും ആദ്ധ്യാത്മികവും )-പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത്.ഒരു മനുഷ്യൻ ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നു.ജീവിച്ചിരിക്കുമ്പോൾ അവന്റെ സുഖദു:ഖങ്ങൾ മുഴുവൻ അവന്ന് ചുറ്റുമുള്ള ബാഹ്യലോകത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ആ ലോകം അവന്റെ ബോധേന്ദ്രിയങ്ങളിലൂടെ അവനിൽ സംവേദങ്ങളും വികാരങ്ങളും ആശയങ്ങളും സൃഷ്ടിക്കുന്നു.മാർക്സിന്ന് മുമ്പുള്ള ഭൗതികവാദികൾ ആത്മാവിന്ന് പ്രകൃതിയുടെ മേലുള്ള,ബോധത്തിന്ന് പദാർത്ഥത്തിന്മേലുള്ള,ആശ്രിതത്വത്തെ വിശദീകരിച്ചിരിക്കുന്നത് ഈ വിധത്തിലാണ്‌.ബാഹ്യലോകത്തിന്ന് മാത്രമേ മനുഷ്യനെ സ്വാധീനിക്കാൻ കഴിയൂ എന്നും, തനിക്ക് ചുറ്റുമുള്ള വസ്തുക്കളേയും സംഭവങ്ങളേയും കൈയ്യുംകെട്ടി നോക്കിയിരിക്കാനും ആലോചിക്കാനും മാത്രമാണ്‌ മനുഷ്യൻ കഴിയുക എന്നും അനുശാസിക്കുന്ന ഈ വീക്ഷണഗതിയുടെ ഏകപക്ഷീയതയെ ആദ്യമായി കണ്ടതും തുറന്നു കാട്ടിയതും മാർക്സ് ആണ്‌.
എന്നാൽ ഒരു മനുഷ്യന്ന് വെറുതേ ഓരോന്ന് കണ്ടും കേട്ടും ആലോചിച്ചിരിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് വരുമോ?
കയ്യും കാലും അനക്കാനാവാതെ തളർവാതം പിടിപെട്ടു കിടക്കുന്ന ഒരുവനേപ്പറ്റി മാത്രമേ അങ്ങിനെ പറയാൻ കഴിയൂ.അപ്പോൾ പോലും അയാളെ പരിചരിക്കുന്നവർക്ക് ഉണ്ടാകുന്ന സംവേദനങ്ങളെ തുടർന്ന് അവർക്ക് വെറുതേ കയ്യും കെട്ടി ആലോചിച്ചിരിക്കാൻ മാത്രമല്ലല്ലോ കഴിയുക.ഫോയർബാഹ് വളരെശരിയായി പറഞ്ഞത് പോലെ ജീവിക്കണമെങ്കിൽ ഒരു മനുഷ്യന്ന് അവന്റെ ആവശ്യങ്ങൾ നിറവേറ്റതുണ്ടല്ലോ.
പക്ഷെ,അത്രയും പറഞ്ഞിട്ട് ഫോയർബാഹ് അവിടെത്തന്നെ നിലയുറപ്പിച്ച് കഴിഞ്ഞു.നേരെമറിച്ച് ,മാർക്സ് അവിടെനിന്നും മുമ്പോട്ടുപോയി.
മനുഷ്യന്ന് അവന്റെ ജീവസന്ധാരണത്തിന്ന് അത്യന്താപേക്ഷിതമായ ഭക്ഷണം,വസ്ത്രം,പാർപ്പിടം, ഹിംസ്രജീവികളിൽനിന്ന് ആത്മരക്ഷക്കുള്ള ഉപാധികൾ തുടങ്ങിയവ വേണമെങ്കിൽ തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്ന് പറ്റിയ വിധത്തിൽ തന്റെ ചുറ്റുമുള്ളവയെ പ്രവർത്തിപ്പിക്കാൻ അവൻ യത്നിക്കേണ്ടതാശ്യമാണെന്ന് മാർക്സ് ചൂണ്ടിക്കാട്ടി.
പഴയ ഭൗതികവാദികളുടെ സാങ്കല്പ്പികമനുഷ്യനിൽ നിന്ന് വ്യത്യസ്ഥമായി,യഥാർത്ഥമനുഷ്യൻ വെറുതെ നോക്കിയിരിക്കുക മാത്രമല്ല പ്രർത്തിക്കുകയും ചെയ്യുന്നു.ബാഹ്യലോകത്തിന്റെ സ്വാധീനത്തെ കയ്യും കെട്ടിയിരുന്നു സഹിക്കുന്നതിന്ന്പകരം അവൻ അതിനെ സ്വാധീനിക്കുകയാണ് ചെയ്യുന്നത്.ബാഹ്യലോകം മനുഷ്യനെ മാറ്റുന്നുണ്ട്,ഒപ്പം തന്നെ അവൻ ലോകത്തേയും മാറ്റുന്നുണ്ട് ,ബാഹ്യലോകത്തെ,അതായത് പ്രകൃതിയേയും സമുദായത്തേയും,മാറ്റുന്നതിനുള്ള മനുഷ്യന്റെ പ്രയത്നത്തേയാണ്‌ പ്രയോഗം എന്നുപറയുന്നത്.
പ്രയോഗം എന്ന് പറയുമ്പോൾ ജീവിതമാർഗ്ഗത്തിനു വേണ്ടീ പ്രകൃതിയേ സ്വാധീനിക്കുക (അദ്ധ്വാനം,ഉല്പ്പാദനം ),മറ്റാളുകളെ സ്വാധീനിക്കുക (സാമൂഹ്യപ്രവർത്തനം,അഥവാ പൊതുപ്രവർത്തനം),വിജ്ഞാനം ആർജ്ജിക്കുന്നതിന്ന് വേണ്ടി പ്രകൃതിയെ സ്വാധീനിക്കുക (ശാസ്ത്രീയ പരീക്ഷണം ) എന്നതെല്ലാം അതിൽ അന്തർഭവിക്കുന്നുണ്ട്.
പഴയഭൗതികവാദികൾ അവഗണിച്ച് തള്ളിയിരുന്ന പ്രയോഗം മനുഷ്യനെ സംബന്ധിടത്തോളം വമ്പിച്ച പ്രാധാന്യമുള്ളതാണെന്ന് മാർക്സും എംഗൽസും തെളിയിച്ചു.

1.ഉപജീവനോപാധികളുടെ ഉല്പാദനമാണ്‌ മനുഷ്യജീവിതത്തിന്റെ ഏറ്റവും പ്രാധമികമായ വ്യ്വസ്ഥ.അതില്ലാതെ മനുഷ്യന്റെ നിലനില്പു തന്നെ സാദ്ധ്യമല്ലെന്നതിൽ നിന്നു് അതിന്റെ പ്രാധാന്യം വ്യക്തമാണു്.

2,വിശപ്പ് തീർക്കുക,ഉഷ്ണത്തിലും ശൈത്യത്തിലും നിന്നെന്നപോലെ ശത്രുക്കളിൽ നിന്നും രക്ഷ നേടുക എന്നിതെല്ലാം സാധിക്കുന്നതിന്നതിന്നു് ജന്തുക്കൾക്കെന്നപോലെ മനുഷ്യർക്കും ചുറ്റുമുള്ള പ്രകൃതിയെ സ്വാധീനിക്കേണ്ടതായുണ്ടു്. എന്നാൽ ,മനുഷ്യപ്രയത്നവും ജന്തുക്കളുടെ പെരുമാറ്റവും തമ്മിൽ സാരമായ ഒരു വ്യത്യാസം ഉണ്ടെന്ന് മാത്രം.
സ്വന്തം ജീവസന്താരണത്തിന്ന് ഒരു ജന്തു പല്ലും നഖവും ഉപയോഗിക്കുമ്പോൾ,മനുഷ്യൻ അവൻ സ്വയം നിർമ്മിക്കുന്ന ഉപകരണങ്ങൾ കൊണ്ട് ഇക്കാര്യം സാധിക്കുന്നു.
ഇതിന്നായി അവൻ മറ്റു മനുഷ്യരുമായി ചില ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ബന്ധങ്ങൾ മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിച്ചുകൊണ്ടു് അവനെ ഒരു സാമൂഹ്യജീവിയാക്കുന്നു.
പ്രയത്നം മനുഷ്യന്റെ ബുദ്ധിശക്തിക്ക് ജന്മം നല്കുകയും,പ്രാകൃത നിലയിൽ കഴിഞ്ഞിരുന്ന ഒരു പറ്റത്തെ തനതായ സദാചാര നിയമങ്ങളും ശാസ്ത്രവും കലയും എല്ലാമുള്ള മാനവ സമുദായമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തു. ഒറ്റവാക്കിൽ പറഞ്ഞാൽ,പ്രയത്നമാണു് മനുഷ്യനെ മനുഷ്യനാക്കുന്നത്;അതാണു് മനുഷ്യന്റെ അന്തസത്ത.

3,നാഗരികതയുടെ താഴത്തെ തട്ടിൽ നിന്നു് മുകളിലത്തെ തട്ടിലേക്കുള്ള മനുഷ്യരാശിയുടെ പുരോഗതി നിർണ്ണയിക്കുന്നത് ചരക്കുല്പാദനത്തിന്റെ പുരോഗതിയാണെന്നു്-കാലക്രമത്തിൽ ചരിത്രഗതിയെ ഇതാണു് -ആദ്യമായിചൂണ്ടിക്കാണിച്ചത് മാർക്സ് ആണു്.തല്ഫലമായി പ്രയോഗത്തിനാണു് ചരിത്രത്തിലെ നിർണ്ണായകമായ പങ്ക്.

4,ബാഹ്യലോകത്തിന്മേലുള്ള മനുഷ്യന്റെ ആശ്രിതത്വത്തേപ്പറ്റി പറയുമ്പോൾ സംഗതിയുടെ മറുവശം ,അവന്റെ ചുറ്റുപാടുകൾ അവന്റെ സ്വാധീനത്തെ എത്രകണ്ട് ആശ്രയിക്കുന്നുവെന്ന വസ്തുത,പഴയ ഭൗതികവാദികൾ അവഗണിച്ചുവെന്നതാണു് അവരുടെ തെറ്റ്,മനുഷ്യൻ ഭൂമിയുടെ മുഖച്ഛായ പഴയതിൽ നിന്ന് ആകെ മാറ്റിയിരിക്കുന്നു.
അവൻ വിസ്തൃതങ്ങളായ വനപ്രദേശങ്ങൾ വെട്ടിത്തെളിക്കുകയും,ചതുപ്പ് നിലങ്ങൾ തെളിച്ചെടുക്കുകയും,കൃത്രിമനദികളും സമുദ്രങ്ങളും സൃഷ്ടിക്കുകയും,മണ്ണിലുംശീതോഷ്ണാവസ്ഥയിലും അന്തരീക്ഷത്തിന്റെ ഉള്ളടക്കത്തിലും സാരമായ മാറ്റം വരുത്തുകയും,പുതിയ ഇനം സസ്യങ്ങളെയും ജന്തുക്കളേയും വളർത്തി എടുക്കുകയും ചെയ്തിരിക്കുന്നു.
നാം ഇപ്പോൾ കൃഷിചെയ്യുന്ന വിളകളും നാം വളർത്തുന്ന ജന്തുക്കളുമെല്ലാം മനുഷ്യ പ്രയത്നത്താൽ ഉണ്ടാക്കിയിട്ടുള്ളതാണ്.പ്രകൃതിയിലെ നമ്മുടെ ചുറ്റുപാടുകളിലാകെ തന്നെ മനുഷ്യന്റെ പ്രായോഗികപ്രവർത്തനത്തിന്റെ മുദ്രപതിഞ്ഞിട്ടുണ്ട്.മനുഷ്യർ തന്നെയും ,അവർക്കിടയിൽ സ്ഥാപിതമായിട്ടുള്ള ബന്ധങ്ങളും അവർ സൃഷ്ടിച്ചിട്ടുള്ള സാധനങ്ങളുമെല്ലാം ഈ പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ളതാണ്‌.
അതിനാൽ, ഭൗതികസാഹചര്യങ്ങൾ മനുഷ്യനെ ഒട്ടേറെ സ്വാധീനിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും,ഈ സാഹചര്യങ്ങൾ തന്നെ വലിയൊരതിരുവരെ തലമുറകളായുള്ള മനുഷ്യന്റെ പ്രായോഗികപ്രവർത്തനത്തിന്റെ ഉല്പന്നങ്ങളാണെന്നും ഒരു വസ്തുതയാണ്.

അതുകൊണ്ട് ഈ സാഹചര്യങ്ങൾക്ക് മനുഷ്യന്റെ മേലുള്ള സ്വാധീനം എന്നു പറയുന്നതിൽ അവന്റെ മേൽ മറ്റാളുകളുടെ പ്രായോഗികപ്രവർത്തനത്തിന്റെ സ്വാധീനവും ഉൾപ്പെടുന്നുണ്ട്.
ഈ വിധത്തിൽ ധ്യാനാത്മകഭൗതിക വാദത്തിന്റെ കുറ്റങ്ങളും കുറവുകളും തുറന്നുകാട്ടിയശേഷം മനുഷ്യന്റെ ഭൗതികവും ബുദ്ധിപരവുമായ ജീവിതത്തിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നത് പ്രയോഗം,പ്രായോഗികപ്രവർത്തനം,ആണെന്ന് മാർക്സും എംഗൽസും വ്യക്തമാക്കി.

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മതിയാക്ക് സഹാവേ ഇപ്പോഴത്തെക്കാലം ഇതൊക്കെ ആര് വായിക്കാനാ .. പണിയൊന്നുമില്ലേല്‍ കടല്‍ക്കരക്ക് പോയി തെര എണ്ണരുതോ

kadathanadan:കടത്തനാടൻ പറഞ്ഞു...

ശത്രുവാൽ ആക്രമിക്കപ്പുടുന്നത് ഒരു ചീത്തക്കാര്യമായി ഞാൻ കണക്കാക്കുന്നില്ല.ഒളിഞ്ഞുനോട്ടക്കാരാ.....

chekavan പറഞ്ഞു...

urakkam varaathavarkkitha nalloru marunnu.