2010, ഡിസംബർ 29, ബുധനാഴ്‌ച

ഭൗതികവാദവും വസ്തുനിഷ്ഠ ആശയവാദവും തമ്മിലുള്ള വിവാദം

പൗരാണിക ഗ്രീസിൽ പ്ലാറ്റോ(428-/427-345BC) യുടെയും ജർമ്മനിയിൽ ഹെഗലിന്റേയും(1770-1831) ബോധനങ്ങളിൽ
ആശയവാദത്തിന്റെ മറ്റൊരു രൂപം നമുക്ക് കാണാം .
ആശയവാദത്തിന്റെ ക്ളാസിക്കൽ വ്യാഖ്യാതാക്കളും അവർ തന്നെയായിരുന്നല്ലോ,
പ്രകൃതിക്ക് മനസ്സിൽ നിന്ന് സ്വതന്ത്രമായ നിലനില്പ്പുണ്ട് എന്നകാര്യം ഈ തത്വചിന്തകർ അംഗീകരിക്കുന്നുണ്ട്.
അവരുടെ യുക്തിവാദം അനുസരിച്ച് ജ്ഞാനേന്ദ്രിയങ്ങൾ മുഖേന നാം ഓരോ വസ്തുക്കളെ- ഈ വസ്തുക്കൾ ചേർന്നുള്ളതാണ്‌ ലോകം-ഗ്രഹിക്കുന്നു;
പക്ഷെ,ഇന്ദ്രിയങ്ങൾ മുഖേനയുള്ള അനുഭവം ചെറിയ കുട്ടികൾക്ക് പോലും ഉണ്ടാകാവുന്ന തരത്തിലുള്ള ഉപരിപ്ലവമായ അറിവുകൾ മാത്രമേ പ്രദാനം ചെയ്യുന്നുള്ളു.
ഇന്ദ്രിയാനുഭവങ്ങൾ പരമമായ അറിവ്,അതായത് വസ്തുക്കളുടെ സത്തയേപ്പറ്റിയുള്ള അറിവ് ,പ്രദാനം ചെയ്യുന്നില്ല.
നിറം,മണം,രുചി തുടങ്ങിയതിനേപ്പറ്റി മനുഷ്യന് ഇന്ദ്രിയാനുഭവം ലഭിക്കും.
ഇപ്രകാരം ഗ്രഹിച്ചിട്ടുള്ള സംഗതികളുടെ ഓർമ്മ അവന്റെ മനസ്സിൽ ഓരോ വസ്തുവിന്റേയും ചിത്രം വരച്ചുകാട്ടും .
എന്നാൽ അവയ്ക്കെല്ലാം പൊതുവായിട്ടുള്ളതും അവയെ അവയാക്കിത്തീർക്കുന്നതുമായ സംഗതി,അതായത് അവയുടെ സത്ത ,
ജ്ഞാനേന്ദ്രിയങ്ങൾ മുഖേന ഗ്രഹിക്കാനോ സങ്കല്പ്പിക്കാനോ സാധിക്കുകയില്ല.
പ്ലാറ്റോയുടെ കാലത്ത് പോലും ശാസ്ത്രം സംവേദനവിവരങ്ങളുടെ നാലതിർത്തിക്കുള്ളിൽ ഒതുങ്ങിനിന്നിരുന്നില്ല.
ഒറ്റപ്പെട്ട,അസ്ഥിരങ്ങളായ വസ്തുക്കൾ എങ്ങിനേയിരിക്കുമെന്ന് മാത്രമാണല്ലോ ഇന്ദ്രിയാനുഭവങ്ങളും ധാരണകളും നമുക്ക് പറഞ്ഞുതരുന്നത്.
എന്നാൽ അവയുടെ കാതലായ ഭാഗം,സത്ത,എന്തെന്ന് മനസ്സിലാക്കാനാണ് ശാസ്ത്രം ശ്രമിക്കുന്നത്.
ഒറ്റപ്പെട്ടതും യാദൃശ്ചികവുമായ വസ്തുതകളിലും വസ്തുക്കളിലും പ്രകടമാവുന്നതും അവയ്കാധാരമായിട്ടുള്ളതുമായ പൊതുവും സ്ഥിരവും ശാശ്വതവുമായ ഗുണദോഷങ്ങളേപ്പറ്റി നാം അറിഞ്ഞിരിക്കേണ്ടത് ഇതിന്നാവശ്യമാണ്‌.
ചുരുക്കിപ്പറഞ്ഞാൽ,ലോകം എന്തെല്ലാം സംഗതികൾ ചേർന്നുള്ളതാണെന്ന് ധരിക്കണമെങ്കിൽ നമുക്ക് അവയേപ്പറ്റി ഒരു ധാരണ ഉണ്ടായിരിക്കണം.
ഇന്ദ്രിയഗ്രാഹ്യത്തിന്ന്,അഥവാ ചിത്രീകരണത്തിന്ന് നിദാനമായത് ഒരു പ്രത്യേക വസ്തുവാണ്. ഉദാഹരണത്തിന്ന് എന്റെ നോട്ട്പുസ്തകത്തിൽ വരച്ചിട്ടുള്ള സമദ്വിഭുജത്രികോണം (isosceles triangle)നേരേമറിച്ച് ചിന്തക്ക് നിദാനമായിട്ടുള്ളത്
“ത്രികോണം ”എന്നധാരണകൊണ്ട് നിർവ്വചിക്കപ്പെട്ടിട്ടുള്ളതും ഇന്നുവരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാൻ പോകുന്നതുമായ എല്ലാ ത്രികോണങ്ങളുടേയും സത്ത (കാതലായിട്ടുള്ള പ്രധാന ഗുണങ്ങൾ)യാണ്‌.
ഒരു ത്രികോണം എന്തുസാധനംകൊണ്ട് ഉണ്ടാക്കിയിരിക്കുന്നുവെന്നതോഅതിന്റെ നിറവും എന്താണന്നതോ ,അതിന്റെ സ്വഭാവത്തെ യാതേരുതരത്തിലും ബാധിക്കുന്നില്ല.
നിലവിലുള്ള എണ്ണമറ്റ ത്രികോണങ്ങളെ തമ്മിൽ വേർതിരിക്കുന്ന പ്രത്യേകസവിശേഷതകൾക്കും ഇവിടെ യാതോരു പ്രാധാന്യവുമില്ല.
എങ്കിലു, ഓരോ ത്രികോണത്തിന്നും ഒരു ത്രികോണത്തിന്റെ സത്തക്ക്-അതിന്റെ എണ്ണമറ്റ ഭാവരൂപങ്ങൾക്കെന്തു സംഭവിച്ചാലും ഈ സത്തക്ക് മാറ്റം വരുന്നില്ല-
രൂപം നല്കുന്ന സവിശേഷതകൾ ഉണ്ടായിരിക്കണം.
അങ്ങിനെ ബോധേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന എല്ലാഭൗതികവസ്തുക്കളും ആ വസ്തുക്കളുടെ സത്തയുടെ ബാഹ്യരൂപരേഖകളാണ്‌;
അതേസമയം അവയുടെ സത്തയാണ്‌ പ്രതിഭാസത്തിന്റെകാതലായിട്ടുള്ളത്.
അതിന്റെ ആന്തരിക ഉറവിടമായിട്ടുള്ളത് ;അവയുടെ നിലനില്പ്പ് തന്നെ അതിനെ ആശ്രയിച്ചാണിരിക്കുന്നത്.
ഇന്ദ്രിയഗോചരമായിട്ടുള്ള ഭൗതിക വസ്തുക്കൾ വസ്തുനിഷ്ടമായി,ബോധമനസ്സിന്ന് പുറത്ത് നിലനില്ക്കുന്നു എങ്കിലും
അത് യാഥാർത്ഥ്യത്തിന്റെ ബാഹ്യവശം മാത്രമാണ് .
പ്രപഞ്ചത്തിലടങ്ങിയിട്ടുള്ള ഭൗതിക പ്രതിഭാസങ്ങളുടെ അടിത്തറ ഒറ്റയൊറ്റയായ ബാഹ്യപ്രതിഭാസങ്ങളുടെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ ആവാത്ത,ശാശ്വത സത്തകളാണ്.
ഹെഗലിന്റെ വീക്ഷണത്തിൽ ഈ സത്തകൾ എന്താണ്?
ഒരു ത്രികോണത്തിന്റെ സത്ത അതുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്ന സാധനത്തേയോ അതിന്റെ വലിപ്പത്തേയോ നിറത്തേയോ ആശ്രയിച്ചല്ല ഇരിക്കുന്നത്,
ഏതൊരു ത്രികോണത്തിന്റേയും സത്ത ത്രികോണങ്ങൾക്ക് പൊതുവായിട്ടുള്ളതാണ്‌;
അതായത്, ഓരോ ത്രികോണവും മൂന്ന് കോണങ്ങൾക്ക് രൂപം നല്കിക്കൊണ്ടറ്റങ്ങൾ
കൂട്ടിമുട്ടിയിട്ടുള്ള നേർവരകളുടെ ചിത്രമാണ്‌.
ഒരു ത്രികോണത്തിന്റെ സത്ത ദർശിക്കാനോ സങ്കല്പ്പിക്കാനോ സാദ്ധ്യമല്ല;
കാരണം,ബോധേന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാൻ കഴിയുന്ന സംഗതികൾ മാത്രമല്ലേ നമുക്ക് സങ്കല്പ്പിക്കാൻ കഴിയൂ.
എനിക്ക് സങ്കല്പ്പിക്കാൻ കഴിയുന്ന ത്രികോണം ചോക്ക്കൊണ്ട് ബ്ളാക്ക്ബോർഡിലോ,പെൻസിൽ കൊണ്ട് കടലാസ്സിലോ വരച്ചതാകാം ;
പക്ഷെ ആർക്കും “പൊതുവിൽ ത്രികോണം ”സങ്കല്പ്പിക്കാൻ സാദ്ധ്യമല്ല.
അതൊരു ഭൗതികവസ്തു അല്ലെന്നതോ പോകട്ടെ ,ഒരു ദൃശ്യചിത്രീകരണം പോലുമല്ല.
പിന്നേയോ,അത് അമൂർത്തമായ ഒരു ആശയം മാത്രമാണ്‌,അതായത് ഒരു ധാരണ മാത്രമാണ്.
സത്ത(താപം,സസ്യം,ശീഘ്രത തുടങ്ങിയവ പൊതുവായി എടുത്താൽ )ചിന്തയിൽ കൂടി മാത്രമേ ഗോചരമാകുന്നുള്ളു.
എല്ലാ യാഥാർത്ഥ്യങ്ങൾക്കും അടിസ്ഥാനമായിട്ടുള്ളത് ചിന്തയാണന്നതല്ലേ ഇത് സൂചിപ്പിക്കുന്നത്? ഈ ചിന്തയാകട്ടെ ഒരുവന് മനസ്സിൽ ഗ്രഹിക്കാൻ കഴിയാത്തത് ആണെങ്കിലും ഒരിക്കലും തെളിയുകയോ മായുകയോ ചെയ്യാതെ- അത് മനസ്സിലാക്കപ്പെട്ടാലും ഇല്ലെങ്കിലും- നിലനില്ക്കുന്നതാണ്‌.
ഇതിൽ നിന്ന് ഹെഗൽ എത്തിച്ചേർന്ന നിഗമനം എന്തെന്നാൽ,
ബോധമനസ്സിന്ന് പുറത്ത് നിലനില്ക്കുന്നതും നാം പഠനവിഷയമാക്കിയിട്ടുള്ളതുമായ,
ഈ ലോകത്തിന്റെ യഥാർത്ഥ അടിത്തറ ധാരണകൾ അഥവാ ആശയങ്ങൾ ആണെന്നും,
അതേ സമയം ഭൗതികവസ്തുക്കളും വസ്തുതകളും എല്ലാം ആശയങ്ങളുടെ ഉല്പ്പന്നങ്ങളും ബഹിർസ്ഫുരണങ്ങൾ ആണെന്നുമാണ്‌.
പക്ഷെ ,ആരുടെ ആശയങ്ങൾ എന്നതാണ്‌ ചോദ്യം.
ലോകത്തെയാകെ സംബന്ധിക്കുന്നതാകയാൽ അവ വ്യക്തമായും ഏതെങ്കിലും ആത്മാവിന്റെ -ഹെഗൽ അതിനെ “ലോകാത്മാവ്”അഥവാ“കേവലാശയം”എന്ന് വിളിക്കുന്നു-ആശയങ്ങളായിരിക്കണമല്ലോ.
ഹെഗലിന്റെ അഭിപ്രായത്തിൽ “കേവലാശയ”വും ലോകവും അഭിന്നങ്ങളാണ്.
പ്രകൃതി എന്നത്“കേവലാശയ”ത്തിന്റെ “അപരസൃഷ്ടിയാണ്‌”,
ആകയാൽ “പ്രകൃതിയേ ഒരു അബോധചിന്താക്രമം അഥവാ ശീലീഭൂതബുദ്ധി”ആയും വേണം മനുഷ്യനെ(മൃഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായി-അപ്പോൾപിന്നെ സസ്യജാലങ്ങളുടേയും ധാതുക്കളുടേയും കാര്യം പറയുകയും വേണ്ടല്ലോ)“ബോധ ആശയം”ആയും വേണം കരുതാൻ (Georg Wilhelm Friedrich Hegel's "Werkeവാല്യം6ബർലിൻ1843പേജ്45-46)
മറ്റേതൊരു ഭൗതികവസ്തുവിനേയും പോലെ,മനുഷ്യനുംലോകത്തിന്റെ അടിത്തറയായിട്ടുള്ള അപരിമേയമായ ആത്മാവിന്റെ ഒരു ബഹിർസ്ഫുരണമാണ്‌;
പക്ഷെ,ബോധമനസ്സും“പരിമേയമായ ആത്മാവും”ഉള്ളതും,ചിന്തിക്കാനും വസ്തുക്കളുടെ സത്തയെ അഥവാ ധാരണകളെ മനസ്സിലാക്കാനും
ലോകത്തെ ലോകാത്മാവിന്റെ ചിന്താപ്രക്രിയയായി ധരിക്കാനും കഴിവുള്ളതുമായ
ഒരു ബഹിർസ്ഫുരണമാണ്‌ ഇതെന്ന് മാത്രം.
എന്ന്പറഞ്ഞാൽ മനുഷ്യനിൽ കൂടി ലോകാത്മാവ് സ്വയം മനസ്സിലാക്കുകയും
ലോകാശയം സ്വയം തന്നെചിന്തിക്കുകയും ചെയ്യുന്നു.
തന്റെ തത്വചിന്ത“പ്രകൃതിയുടേയും പരിമേയമായ മനസ്സിന്റേയും സൃഷ്ടിക്ക് മുൻപുള്ള
ദൈവത്തിന്റെ അനശ്വരരൂപത്തിന്റെ ചിത്രീകരണമാണ്‌”എന്ന് ഹെഗൽ തന്നെ എഴുതിയിട്ടുണ്ട്.(അതേ കൃതി വാല്യം-3പേജ് 33) .

ലോകം നിർവൈയക്തികമായ ആത്മാവിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്ന്,

മനുഷ്യന്റെ വ്യക്തിപരമായ ബോധത്തെയല്ല,പിന്നേയോ കേവലമായ ആശയത്തെ അടിസ്ഥാനമാക്ക്യിട്ടുള്ളതാണെന്ന്,കരുതുന്ന വസ്തുനിഷ്ട ആശയവാദത്തിന്റെ സാരാംശം ഇതാണ്‌.

ചിന്തയിലൂടെ ,വസ്തുക്കളുടെ സത്തയേപ്പറ്റിയുള്ള ധാരണകൾ രൂപീകരിച്ചുകൊണ്ട്

നാം ഭൗതികലോകത്തെ അറിയുന്നു എന്ന് പറഞ്ഞുകൊണ്ടാണ്‌ വസ്തുനിഷ്ട ആശയവാദം മുന്നോട്ട് നീങ്ങുന്നത്.

അതിനാൽ വസ്തുക്കളുടെ സത്ത മനസ്സിലാക്കുന്നതെങ്കിൽ,മനസ്സിന്ന് പുറത്തുള്ള ലോകം വസ്തുക്കളേകൊണ്ടുള്ളതല്ല ധാരണകളേക്കൊണ്ടു ഉണ്ടാക്കിയതായിരിക്കണം-എന്നതാണ്‌ വസ്തുനിഷ്ട ആശയവാദികൾ പറയുന്നത്.

പക്ഷെ,ഇത് യുക്തിസഹജമാണോ?

വസ്തുക്കളുടെ സത്തയെപ്പറ്റിയുള്ള അറിവ്,ഒരു ധാരണയാണ്‌ എന്ന് പറഞ്ഞത് കൊണ്ട് വസ്തുക്കളുടെ സത്ത ഒരു ധാരണയാണ്‌ എന്ന് സിദ്ധിക്കുന്നില്ല.

ധാരണകൾ നമ്മുടെ മനസ്സിൽ നിലനില്ക്കുമ്പോൾ സാധനങ്ങളുടെ സത്തയും സാധനങ്ങളും അതിൽനിന്ന് സ്വതന്ത്രമായിത്തന്നെ നിലനില്ക്കുന്നു.

അതിനാൽ ധാരണകളിൽ നിന്നു വ്യത്യസ്ഥമായി, സാധനങ്ങളുടെ സത്തയും സാധനങ്ങൾ തന്നേയും ഭൗതികമായിട്ടുള്ളതാണ്‌.

ഒരു ത്രികോണത്തേപ്പറ്റി മനുഷ്യന്ന് യാതൊന്നും അറിയില്ലാതിരുന്നപ്പോഴും ,എന്തിന്ന് മനുഷ്യൻ തന്നെ നിലവിലില്ലാതിരുന്നപ്പോഴും ത്രികോണത്തിന്റെ സത്ത നിലവിലുണ്ടായിരുന്നു.

ത്രികോണത്തേക്കുറിച്ചുള്ള ധാരണയേപ്പറ്റി പറഞ്ഞാൽ ,മനുഷ്യന്റെ വിജ്ഞാനം സാമാന്യം ഉയർന്ന നിലവാരത്തിൽ എത്തിയപ്പോൾ മാത്രമാണ്‌ അത് ആവിർഭവിച്ചത് .

അപ്പോൾ സാധനങ്ങളുടെഭൗതികമായ സത്തയാണ്‌ പ്രാധമികമായിട്ടുള്ളത് എന്നും,അതേപ്പറ്റിയുള്ള ആശയത്തിന്ന് അഥവാ ധാരണക്ക് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ എന്നും സ്പഷ്ടമാണല്ലോ.

അങ്ങിനെ നോക്കുമ്പോൾ ഭൗതികവാദമെത്രശരിയാണെന്നും വസ്തുനിഷ്ഠ ആശയവാദം എത്രകെട്ടുറപ്പില്ലാത്തതാണേന്നും ശാസ്ത്രം സമർത്ഥിക്കുന്നത് കാണാം .

ഭൗതികലോകം ആദ്യാവസാനത്തോട് കൂടിയ ഒറ്റപ്പെട്ട വസ്തുക്കളെക്കൊണ്ട് ഉള്ളതാണെന്ന് വസ്തുനിഷ്ട ആശയവാദികൾ പറയുന്നു

എന്നാൽ ,ആത്മീയലോകമാകട്ടെ ആദിമദ്ധ്യാന്തങ്ങളില്ലാത്ത ,അതായത് ശാശ്വതങ്ങളായ,അമൂർത്തധാരണകളെക്കൊണ്ടുള്ളതാണ്‌.

ഓരോസാധനവും അന്തമുള്ള ഒന്നാണെങ്കിലും,മൊത്തത്തിൽ യഥാർത്ഥലോകത്തെക്കുറിച്ചാകെ ആവിധത്തിൽ പറയാനാവില്ല .

ഓരോ ഭൗതികവസ്തുവും മറ്റൊന്നിൽ നിന്നാണ്‌ ജന്മം കൊള്ളുന്നത്.(അല്ലെങ്കിൽ ഒന്നുമില്ലായ്മയിൽ നിന്ന് അത് ഉണ്ടാകേണ്ടിവരും).

അതിന് അപ്പാടെ മാഞ്ഞുമറയാൻ സാദ്ധ്യമല്ല.;എന്തെന്നാൽ ,സ്വയം മറയുന്നതിന്നിടയിൽ അത് മറ്റു ഭൗതുകവസ്തുക്കൾക്ക് ജന്മം നല്കുന്നു,അങ്ങിനെ, യഥാർത്ഥലോകത്തിന്ന് ആദ്യവും അവസാനവും ഇല്ല ;

അത് ശാശ്വതമാണ്.ധാരണകൾക്ക് രൂപം നല്കുകയും അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മാനവരാശിയുടെ ഭാഗധേയം തന്നെയായിരിക്കണമല്ലൊ ധാരണകളുടെ ലോകത്തിന്നും .

എന്നാൽ മനുഷ്യൻ ഒരു പ്രത്യേകകാലഘട്ടത്തിലാണ് ജന്മം കൊണ്ടത് ഹെഗൽ പോലും മനുഷ്യൻ ശാശ്വത നിലനില്പ്പുണ്ടെന്ന് പറഞ്ഞിട്ടില്ല.

“പ്രഭു”“ഇടവക”“ഫാക്ടറി”“ഇലക്ട്രോൺ” തുടങ്ങിയ ധാരണകൾ എന്ന് ആവിർഭവിച്ചു എന്നും ,‘ഉപഗ്രഹായനം(epicycle)“അഗ്നിതത്വം”(phlogiston)തുടങ്ങിയവ എന്ന് ഉപേക്ഷിക്കപ്പെട്ടു എന്നും നമുക്കറിയാം.

ധാരണകൾ മാറ്റമുള്ളതും താല്ക്കാലികവുമാണ്.മനുഷ്യന്റെ വിജ്ഞാനപുരോഗതിയുടെ പ്രത്യേക ഘട്ടങ്ങളിൽ അവരൂപംകൊള്ളുകയും,പരിഷ്കരിക്കുകയും ചെയ്യുന്നു. അപരിമേയമായ,അനന്തമായ,പ്രകൃതിയാണ്‌ പ്രാഥമികമായിട്ടുള്ളത്,അതിന്റെ പ്രബുദ്ധമായ പ്രതിഫലനത്തിന്ന്-പരിമേയമായ ധാരണകളുടെ ലോകത്തിന്ന്-രണ്ടാം സ്ഥാനം മാത്രമേയുള്ളൂ.

പ്രകൃതിയോ ഏതെങ്കിലും “പരിമേയമനസ്സോ”, അതായത് മനുഷ്യനോ,ഉണ്ടാകുന്നതിന്ന് മുമ്പ് നിലവിൽ വന്ന “അപരിമേയലോകാത്മാവിന്റെ” ബോധമാണ്‌ വസ്തുനിഷ്ട ആശയവാദത്തിൽ ലോകത്തിന്റെ അടിത്തറയായി കരുതിവരുന്നത്.

എന്നാൽ ബോധമില്ലാത്ത ആളുകളെ(ബോധക്ഷയം ബാധിച്ചവരും ,ക്ളോറോഫോം കൊടുത്ത് ബോധം കെടുത്തപ്പെട്ടവരും)പലപ്പോഴും കാണാൻ കഴിയുമെങ്കിലും,ഒരു ആളെകൂടാതെബോധത്തെ ആരും എവിടേയും കണ്ടുമുട്ടിയിട്ടില്ല.

ഇനി ബോധത്തിന്ന് അതിന്റെ ഭൗതിക ഉറവിടത്തിൽ നിന്ന് വ്യതിരിക്തമായി സ്വയം നിലനില്ക്കാൻ സാധിക്കുമെന്ന അസാദ്ധ്യമായ സംഗതി സമ്മതിച്ചുകൊടുത്താൽ തന്നേയും ,പ്രകൃതി ഈ ബോധത്തിന്റെ ഉല്പ്പന്നമാണെന്ന് വകവെച്ചുകൊടുക്കാൻ കഴിയുമോ?

ഒരു ആശയത്തിന്റെ സാക്ഷാല്ക്കാരത്തിന് ചില നിശ്ചിത ഭൗതികപ്രതിഭാസങ്ങൾ ഉണ്ടാകേണ്ടത്(സാക്ഷാല്ക്കാരത്തിന്ന് മുമ്പ് തന്നെ) ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്.

അടിസ്ഥാനപരമായി,ഭൗതികപ്രതിഭാസങ്ങളെ ആ പ്രക്രിയക്കിടയിൽ ആവിർഭവിക്കുന്ന മറ്റുപ്രതിഭാസങ്ങളായി രൂപാന്തരപ്പെടുത്തിക്കൊണ്ടാണ്‌ ഇത് പുരോഗമിക്കുന്നത്.

ഒന്നുമില്ലായ്മയുടെ ഉല്പ്പന്നമായി ഭൗതികപ്രതിഭാസം ഉണ്ടാകുന്നില്ല.ശാസ്ത്രവും അനുഭവവും തെളിയിച്ചിട്ടുള്ള വസ്തുതകളാണ്‌ ഇതെല്ലാം.

മറിച്ച് തെളിയിക്കാനോ,അശരീരിയായ ഏതെങ്കിലുമൊരു ആത്മാവ് ഒന്നുമില്ലായ്മയിൽ നിന്ന് സൃഷ്ടിച്ചിട്ടുള്ളതാണ്‌ പ്രകൃതി എന്നതിന്ന് എന്തെങ്കിലും തെളിവ് ഹാജരാക്കാനോ ഒരു വസ്തുനിഷ്ട ആശയവാദിക്കും ഒരിക്കലും കഴിഞ്ഞിട്ടില്ല.

യുക്തിയേയുംശാസ്ത്രത്തേയും കാറ്റിൽ പറത്തുന്ന ഒരുവൻ മാത്രമെ ഇത്തരം സംഗതികൾ വിശ്വസിക്കാൻ കഴിയൂ.

“തത്വചിന്തയെ ശാസ്ത്രത്തോട് അടുപ്പിക്കാൻ സഹായിക്കുക”അതിനെ“യഥാർത്ത വിജ്ഞാനമാക്കുക”-അതാണ്‌ ഞാൻ എന്റെ മുമ്പിൽ വെച്ചിട്ടുല്ല കടമ.“(ഹെഗൽ-മനസ്സിന്റെ പ്രതിഭാശാസ്ത്രം.ലണ്ടൻ,1931.പേജ്70)ഹെഗൽ എഴുതുകയുണ്ടായി.

സത്യത്തിൽ,പക്ഷെ,ബർക്കിലിയേപ്പോലേ തന്നെ ശാസ്ത്രത്തിന്ന് പുറം തിരിഞ്ഞ് നിന്ന് കൊണ്ട് ഹെഗലും മതത്തെ ആലിംഗനം ചെയ്യുന്നതാണ്‌ നാം കാണുന്നത്.

ദൈവത്തിൽവിശ്വ്വാസിക്കാത്ത ആത്മനിഷ്ട ആശയവാദികൾ ഉള്ളത്പോലെതന്നെ ,വാക്കിൽ മാത്രം ഇല്ലെന്ന് പറയുന്ന വസ്തുനിഷ്ട ആശയവാദികളും ഉണ്ട് .

എന്നാൽ ”ദൈവം“ എന്നപദം ഒരു തത്വചിന്താപ്രമാണത്തിൽ നിന്ന് വിട്ടുകളഞ്ഞാൽ മാത്രം ആശയവാദം മതത്തിൽ ചെന്നെത്തുന്നതിനേ തടയാൻ പറ്റുമോ ?

ലെനിൻ ഈ ചോദ്യത്തിന്ന് മറുപടി നല്കുന്നത് ഇപ്രകാരമാണ്;

എല്ലാതരത്തിലുള്ള ആശയവാദം പ്രകൃതിക്ക് രണ്ടാം സ്ഥാനമേ കല്പ്പിക്കുന്നുള്ളു.

പ്രകൃതി ബുദ്ധിയിൽനിന്ന് ഉളവാകുന്നതാണെന്ന് അത് കരുതുന്നു.

എന്നാൽ പ്രകൃതിയേ സൃഷ്ടിക്കണമെങ്കിൽ ഒരുവൻ അതിൽ നിന്ന് സ്വതന്ത്രമായി നിലനിന്നേപറ്റൂ.

”പ്രകൃതിക്ക് പുറത്ത് എന്തോ ഒന്ന് ,അതും പ്രകൃതിയേ സൃഷ്ടിക്കുന്ന എന്തോ ഒന്ന്,നിലവിൽ ഉണ്ടെന്നാണല്ലോ ഇതിന്റെ അർത്ഥം.

വളച്ച്കെട്ടാതെ പറഞ്ഞാൽ ഇതിനേയാണ്‌ ദൈവം എന്ന് വിളിക്കുന്നത് .

ആശയവാദികളായ തത്വശാസ്ത്രജ്ഞന്മാർ ഈ രണ്ടാമത് പറഞ്ഞപേരു മാറ്റാൻ ,

അതിനെ കൂടുതൽ അരൂപവും അവ്യക്തവുമാക്കാൻ, എല്ലായ്പ്പോഴും ശ്രമിച്ചുവന്നിട്ടുണ്ട്....“(ലെനിൻ,സമാഹൃതകൃതികൾ വാല്യം14,പേജ്229)

പക്ഷേ, അതുകൊണ്ട് യാതോരുമാറ്റവും ഉണ്ടാവുന്നില്ല.

തത്വശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ പ്രശ്നത്തിനുള്ള ആശയവാദികളുടെ പരിഹാരം ശാസ്ത്രവിജ്ഞാനവുമായി,മനുഷ്യന്റെ യുക്തിയും അനുഭവവുമായി,ഏറ്റുമുട്ടുന്നു.

അതിനാൽ ഏത് ആശയവാദപ്രമാണവും,അതിനെ അനുകൂലിക്കുന്നവർ മതത്തെ നിരാകരിക്കുന്നവരാണെങ്കിൽ കൂടിയും,വസ്തുനിഷ്ടമായി മതത്തിന്ന് വഴിതെളിക്കുകയാണ്‌ ചെയ്യുന്നത്.

ആത്മനിഷ്ട-വസ്തുനിഷ്ട ആശയവാദങ്ങൾക്ക് പൊതുവായുള്ളമറ്റൊരു സംഗതികൂടിയുണ്ട് .പ്രകൃതിയായാലും(”ശീലീകൃതമായ“അബോധ ചിന്ത) മനുഷ്യന്റെ ബോധമായാലും(സ്വയം ചിന്തയെന്നുപറയുന്ന ചിന്ത)എല്ലാവിധത്തിലുള്ള നിലനില്പ്പും ചിന്തയാണെന്ന് ഹെഗൽ പഠിപ്പിക്കുകയുണ്ടായി,

അസ്തിത്വവും ചിന്തയും ഒന്നായി കാണുന്നതാണ്‌ വസ്തുനിഷ്ട ആശയവാദത്തിന്റെ സാരാംശം. എല്ലാതരത്തിലുമുള്ള നില നില്പ്പ് -പ്രകൃതിയിലായാലും മനുഷ്യന്റെ ബോധത്തിലായാലും-മനുഷ്യാത്മാവിന്റെ നേരിട്ടുള്ള അനുഭവങ്ങളാണെന്ന് ആത്മനിഷ്ട ആശയവാദികളും പറയുന്നു,

അതിനാൽ എല്ലാവിധത്തിലുമുള്ള നിലനില്പ്പിനെ -ഭൗതികമെന്ന് പൊതുവായി പറയപ്പെടുന്നതിനേയും ആശയമെന്ന് പൊതുവായി പറയപ്പെടുന്നതിനേയും - ബോധം എന്നാക്കി ചുരുക്കുന്നതിൽ ,

പദാർത്ഥത്തേയും ബോധത്തേയും ഒന്നായികാണുന്നതിൽ ,വസ്തുനിഷ്ട്-ആത്മനിഷ്ട ആശയവാദികൾ ഏകാഭിപ്രായക്കാരാണ്‌ എന്ന് പറയാം .

തല്ഫലംആയി ആശയവാദം,അത് ഏത് രൂപത്തിലുള്ളതായാലും പകൽ പോലെ സ്പഷ്ടമായ വസ്തുതകളെ ചോദ്യം ചെയ്യുന്നു..

ഉദാഹരണത്തിന്ന്,

ഒരു കലാപരിപാടിക്കുള്ള ടിക്കറ്റിനേപ്പറ്റിയ്ള്ള എന്റെ ചിന്തയും യഥാർത്ഥ ടിക്കറ്റും ,

രണ്ടും രണ്ടാണെന്ന സംഗതി, ടിക്കറ്റിനേപ്പട്ടിയുള്ള ചിന്തയും ടിക്കറ്റും ഒന്നുതന്നേയാണെന്ന് ടിക്കറ്റ് പരിശോധകനെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ എത്രതന്നെ ശ്രമിച്ചാലും ശരി,

ടിക്കറ്റിനേപ്പറ്റി ചിന്തിച്ചു എന്നതുകൊണ്ട്മാത്രം അയാൾ ഏന്നേ അകത്തേക്ക് കടത്തിവിടുകയില്ല. സാധനങ്ങളേപ്പറ്റിയുള്ള തങ്ങളുടെ ഗ്രാഹ്യവും സങ്കല്പ്പങ്ങളും ആശയങ്ങളും ധാരണകളും

എല്ലാം ആ സാധനങ്ങളെത്തന്നെ ആശ്രയിച്ചിരിക്കുകയാണെന്നും അല്ലാതെ മറിച്ചല്ലെന്നുമുള്ള വിശ്വാസത്തോടേയാണ്‌ ആളുകൾ തങ്ങളുടെ നിത്യ ജീവിതത്തിൽ മുന്നോട്ട് പോകുന്നത്.

സാധനങ്ങളേപ്പറ്റി നമുക്ക് യാതോരു ധാരണയും ഇല്ലാത്തപ്പോഴും അവ നിലനില്ക്കുന്നു എന്നതാണല്ലൊ വാസ്തവം .

അതിനാൽ ,ആളുകൾ അവരുടെ നിത്യ ജീവിതത്തിൽ ഭൗതികവീക്ഷണത്തോട് യോജിക്കുന്നു എന്ന് പറയാം .

എന്നാൽ എന്തിന് അതുമായി യോജിക്കണമെന്നതിനേപ്പറ്റി ചിന്തിക്കാൻ അവർ സാധാരണ മെനക്കെടുന്നില്ല;

അവർ അത് വെറും സ്വാഭാവികമായി മാത്രം കരുതുന്നു.

അപ്പോൾ ഈ പ്രായോഗികഭൗതികവാദവും തത്വശാസ്ത്രപരമായ ഭൗതികവാദവും തമ്മിൽ എന്താണ്‌ വ്യത്യാസം?

തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തിനുള്ള ഭൗതിക വാദപരമായ മറുപടി ,

ആലോചിക്കാതേയുള്ള ഒരു മുൻ വിധിയല്ലെന്നും ,മറിച്ച് പ്രകൃതിയേപ്പറ്റിയും,മനുഷ്യരേപ്പറ്റിയുംഅവരുടെ ശാസ്ത്രം കണ്ടുപിടിച്ച എല്ലാറ്റിലും നിന്ന് ,

ഒറ്റവാക്കിൽ പറഞ്ഞാൽ,

മനുഷ്യരാശിയുടെ ആകേയുള്ള അനുഭവത്തിൽ നിന്ന്,സ്വാഭാവികമായി ഉണ്ടാവുന്ന ഒരു നിഗമനം ആണ്‌ അതെന്നും

തത്വശാസ്ത്രപരമായ ഭൗതികവാദത്തിന്ന് അനുകൂലവും, എതിരുമായ വാദമുഖങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് നാം മനസ്സിലാക്കിയിട്ടുണ്ട് .

അടുത്തതായി നമുക്ക് തത്വശാസ്ത്രത്തിന്റെ മൗലികപ്രശനത്തിന്ന് ഭൗതികവാദം നല്കുന്ന മറുപടിക്കുള്ള ശാസ്ത്രീയമായ രണ്ട് പ്രധാന തെളിവുകൾ പരിശോധിക്കാം.


















അഭിപ്രായങ്ങളൊന്നുമില്ല: