2010, ഡിസംബർ 29, ബുധനാഴ്‌ച

ഭൂമിയുടെ ഭൂതകാലത്തേക്കുറിച്ചുള്ള ശാസ്ത്രവും തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും

അചേതന വസ്തുക്കളിൽ സംവേദനത്തിന്റേയോ ചിന്തയുടേയോ യാതോരു ലക്ഷണവും കണ്ടെത്തിയിട്ടില്ല.

ഈ സ്ഥിതിയിൽ ബോധത്തിന്റെ പ്രഥമോപാധിയായി ശാസ്ത്രം കാണുന്നത് ജീവനാണ്‌.

എന്നാണ്‌ ഭൂമുഖത്ത് ജീവൻ ആർജ്ജിച്ചത്?

ഈ ചോദ്യത്തിന്ന് മറുപടി കണ്ടുപിടിക്കാൻ പലേ ശാസ്ത്രങ്ങളും സഹായിച്ചിട്ടുണ്ട് .ഉദാഹരണത്തിന്ന്,ധാതുക്കളിലും പാറകളിലുമുള്ള യൂറേനിയം ,ആക്ടിനോ യൂറേനിയം ,തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് പരമ്പരകളിലെ ആദ്യത്തേയും അവസാനത്തേയും അംഗങ്ങളുടെ സംഖ്യ കണക്കാക്കികൊണ്ട് ഭൂഗർഭനിക്ഷേങ്ങളുടെവയസ്സ് ഏറെക്കുറേ കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുമെന്ന് ഊർജ്ജതന്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്.

ഈ സമ്പ്രദായം ഉപയോഗപ്പെടുത്തിക്കൊണ്ട് ഭൂമിയുടെ പുറം പോളക്ക് എത്രവയസ്സുണ്ടെന്ന് (400കോടി വർഷത്തെ പഴക്കമുണ്ടതിന്ന്) മാത്രമല്ല ,ഓരോരോ ഭൂഗർഭശാസ്ത്രയുഗം എത്രകാലം നീണ്ടു നിന്നിട്ടുണ്ടെന്ന് കൂടി ഭൂഗർഭശാസ്ത്രജ്ഞന്മാർ സ്ഥാപിച്ചിട്ടുണ്ട് .

ഈ പുറം പോളയുടെ വിവിധപാളികൾ പരിശോധിച്ച്കൊണ്ട് മുന്നൂറ് കോടി സംവത്സരങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് യാതോരുവിധത്തിലുള്ള ജീവിധവും,ഏറ്റവും ലളിതമായത് പോലും,ഉണ്ടായിരുന്നില്ലെന്ന് ഭൂഗർഭശാസ്ത്രജ്ഞരും പ്രാചീനജന്തുശാസ്ത്രജ്ഞരും ചേർന്ന് തെളിയിച്ചിട്ടുണ്ട് .

ഭൂമുഖത്ത് ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ആദ്യത്തെ ജീവികളെന്ന് കരുതപ്പെടുന്ന സൂഷ്മാണുജീവികൾക്ക് സംവേദനത്തിന്ന് കഴിവില്ലെന്ന് ,അപ്പോൾ ചിന്തയുടെ കാര്യവും പറയുകയും വേണ്ടല്ലോ .സൂഷ്മജീവശാസ്ത്രപരമായ ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് .

അവക്ക് ഉത്തേജനശീലത (irritability) മാത്രമേയുള്ളൂ .

ഒടുവിൽ തൃതീയകാലഘട്ടത്തിൽ (690-10 ലക്ഷം വർഷങ്ങൾക്ക് മുമ്പ്) സംവേദനത്തിന്ന് പുറമേ ഇന്ദ്രിയാവബോധത്തിന്നും സങ്കല്പ്പത്തിന്നും ത്രാണിയുള്ള ഉയർന്ന തരങ്ങൾ ഉൾപ്പെടേയുള്ള സസ്തനജീവികൾ ആവിർഭവിക്കുന്നതു വരേയുള്ള കഴിഞ്ഞകോടാനുകോടി വർഷങ്ങൾക്കിടയിൽ ജന്തു ജീവിതം കൂടുതൽ കൂടുതൽ സങ്കീർണ്ണമായി വരികയായിരുന്നു എന്ന് ശീലീഭൂതജന്തുക്കളെ പഠനം ( പ്രാചീനജന്തു ശാസ്ത്രം ) വെളിവാക്കുന്നുണ്ട്.

എന്നു വരികിലും മനുഷ്യനിൽ മാത്രമേ ബോധം ,ചിന്തിക്കാനുള്ള കഴിവ് കണ്ടുവന്നിട്ടുള്ളൂ.

ജന്തുക്കളിൽനിന്ന് വ്യതിരിക്തമായി മനുഷ്യർ ആവിർഭവിച്ചത് പത്തുലക്ഷത്തിന്നും അൻപത് ലക്ഷത്തിന്നും ഇടക്കുള്ള സംവത്സരങ്ങൾക്ക് മുമ്പായിരിക്കണമെന്നതിന്ന് ഭൂമിയുടെ പുറം പോളകളുടെ പാളികളിലെ റേഡിയോ ആക്ടീവ് ക്ഷയോല്പ്പന്നങ്ങളേപ്പറ്റിയുള്ള - മനുഷ്യന്റെ തൊട്ടുമുമ്പത്തെ പൂർവ്വികരായ ഹൊമിനിഡ് എന്ന വിഭാഗത്തിൽ പെടുന്നവയുടെ ശീലീഭൂത അസ്ഥികളും അതിലടങ്ങിയിട്ടുണ്ട്-അപഗ്രഥനം സാക്ഷ്യം വഹിക്കുന്നുണ്ട്.

ഭൂമിയും അതിലുള്ള സർവ്വചരാചരങ്ങളും സംവേദനങ്ങളുടേയും ആശയങ്ങളുടേയും ഉക്പന്നമാണെങ്കിൽ ,ഭൂമുഖത്ത് ജീവിതത്തിന്റെ കണികപോലും ഇല്ലാതിരുന്ന നൂറ്കോടി വർഷക്കാലത്ത് അതെല്ലാം ആരുടെ സംവേദനങ്ങളും ആശയങ്ങളുമായിരുന്നു?

വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഈ ചോദ്യത്തിന്ന് മറുപടി നല്കാൻ ആശയവാദികൾക്ക് കഴിയുന്നില്ല.

ഒരു കാലത്ത് മനുഷ്യനോ മറ്റേതെങ്കിലും ജീവിയോ ഇല്ലാതിരുന്ന ,ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്ത ,സ്ഥിതിയിലായിരുന്നു ഭൂമിയെന്ന് പ്രകൃതിശാസ്ത്രം സംശയത്തിന്നിടയില്ലാത്ത വിധം സ്ഥാപിക്കുന്നുണ്ട് .

ലെനിൻ എഴുതുകയുണ്ടായി “ജൈവപദാർത്ഥം ഒരു പില്ക്കാലപ്രതിഭാസമാണ്‌,

സുദീർഘമായ ഒരു പരിണാമത്തിന്റെപരിണിതഫലമാണ്‌,

പദാർത്ഥമാണ്‌പ്രാഥമികമായിട്ടുള്ളതെന്നും,

ചിന്ത,ബോധം,സംവേദനം എന്നിവ വളരെ ഉച്ചകോടിയിലുള്ള വികാസത്തിന്റെ ഉല്പ്പന്നമാണെന്നും ...ഇതിൽനിന്ന് സിദ്ധിക്കുന്നു”.(ലെനിൻ ,സമാഹൃത കൃതികൾ,വാല്യം 14,പേജ്75)

അങ്ങിനെ ഒന്നുകിൽ ആധുനികശാസ്ത്രവും അതിൽ നിന്ന് സ്വാഭാവികമായി ഉദ്ഭൂതമാകുന്ന ഭൗതികവാദവും അംഗീകരിക്കുക

അല്ലെങ്കിൽ ആശയവാദവും തദ്വാരാ ശാസ്ത്രവും കൃത്യമായി തെളിച്ചിട്ടുള്ള പ്രാഥമിക സത്യങ്ങളുടെ നിഷേധവും സ്വീകരിക്കുക

എന്നത് മാത്രമാണ്‌ നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി...

ഇനി നമുക്ക് മസ്തിഷ്കത്തിന്റെ ശരീരക്രിയാശാസ്ത്രവും

തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നവും എന്താണ്‌ എന്ന് പരിശോധിക്കാം .

അഭിപ്രായങ്ങളൊന്നുമില്ല: