2010, ഡിസംബർ 27, തിങ്കളാഴ്‌ച

ഭൗതികവാദവും ആത്മനിഷ്ഠ ആശയവാദവും തമ്മിലുള്ള വിവാദം.

ഇപ്പറഞ്ഞതിൽ ഒരു പ്രമാണത്തിന്റെ സാരാംശം താഴെ പറയും പ്രകാരമാണ്:

നമുക്ക് മൂന്ന് തരത്തിലുള്ള അറിവ് മാത്രമേയുള്ളൂ; 1) നാം കേള്‍ക്കുന്നതും കാണുന്നതും സ്പര്‍ശിച്ചറിയുന്നതുമറ്റും,അതായത് നമ്മുടെ സംവേദനങ്ങള്‍;

2)ഓര്‍മ്മശക്തിയിലൂടെ ,അഥവാ ഭാവനയിലൂടെ നാം സങ്കല്പ്പിക്കുന്നത്,അതായത് നമ്മുടെ സങ്കല്പ്പങ്ങള്‍ ;

3) കൂടാതെ നമുക്ക് നമ്മേത്തന്നെ അറിയാം-ഇന്ദ്രിയജ്ഞാനം,ഓര്‍മ്മ, അനുഭവം,ഭാവന എന്നതിനെല്ലാം കഴിവുള്ള നമ്മുടെ “അഹ”ത്തെ, നമ്മുടെ “ആത്മാ”വിനെ,അറിയാം.വസ്തുക്കളെ ദര്‍ശ്ശിക്കാനോ സ്പര്‍ശ്ശിക്കാനോ തൊട്ടറിയുവാനോ കഴിയുന്നത്കൊണ്ട് മാത്രമാണ്,അതായത്,അവ നമുക്ക് ഭൗതികമായി ഗോചരമായിട്ടുള്ളത് കൊണ്ട് മാത്രമാണ്,നമുക്ക് അവയേപ്പറ്റി ഒരു രൂപമുള്ളത്.

ഈ കഴിവ് കൂടാതെ ബാഹ്യ ലോകത്തേപ്പറ്റി നമുക്ക് ഒന്നും അറിയാന്‍ കഴിയുമായിരുന്നില്ല.ഗോളത്തിന്റെ ആകൃതിയോട്കൂടിയതും,ഒരു ഭാഗത്ത് അല്പ്പം മഞ്ഞകലര്‍ന്ന ചുവപ്പും മറു ഭാഗത്ത് കടും ചുവ്പ്പു നിറമുള്ളതും പുറത്ത് നല്ല മിനുസമുള്ളതുമായ ഒരു വസ്തുകാണുകയും ,അതില്‍നിന്ന് ഒരു പ്രത്യേക മണം വീശുകയും ചെയ്യുമ്പോള്‍ ,അത് ആപ്പിള്‍ ആയിരിക്കുമെന്ന് നാം മനസ്സിലാക്കുന്നു.

സംവേദനങ്ങള്‍ മാത്രമാണ് നമുക്ക് അതിനേപ്പറ്റിയുള്ളത്,അങ്ങിനെ ഒരു ആപ്പിള്‍ എന്നുപറയുന്നത് മേല്പ്പറഞ്ഞ സംവേദനങ്ങളുടെ സമാഹാരം മാത്രമാണ്.ഇപ്രകാരം തന്നെ ഒരു മുറിക്കുള്ളിലോ തെരുവിലോ വയലിലോ വനത്തിലോ എല്ലാം നാം ശ്രദ്ധിക്കുന്ന വസ്തുക്കള്‍ക്കൊക്കെത്തന്നെ ,അതായാത് ബാഹ്യമായിട്ടുള്ള എല്ലാ വസ്തുക്കളും,ദര്‍ശനം,സ്പര്‍ശനം തുടങ്ങിയ സംവേദനങ്ങളുടെ സമാഹാരമാണ്.

നമുക്ക് ആകെക്കൂടെ അതേപ്പറ്റിയുള്ള അറിവ് നമ്മുടെ തോന്നലുകളാണ്.ഈ തോന്നലുകളാവട്ടെ മനസ്സില്‍ മാത്രം ഉള്ളതാണ്.ആളുകള്‍,പക്ഷെ,ദര്‍ശനത്തിലൂടേയോ മറ്റോ ഉള്ള സംവേദനത്തെ ഒരു ബാഹ്യവസ്തുവിന്റെ സാദൃശ്യം അഥവാ പ്രതിച്ഛായ ആയി കണക്കാക്കുന്നുവെന്നുമാത്രം.

ഇന്ദ്രിയഗോചരമായിട്ടുള്ള വസ്തുക്കള്‍ പുറത്തുണ്ടെന്ന വസ്തുത നാം അംഗീകരിക്കുന്നില്ലെങ്കില്‍ സംവേദനങ്ങള്‍ എങ്ങിനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കാനാവില്ലെന്നതാണ്‌ അവര്‍ പറയുന്നതിന്ന് അടിസ്ഥാനം.

എങ്കിലും സ്വപ്നത്തില്‍ നാം കാണുന്ന വസ്തുക്കളും സംഭവങ്ങളും നമ്മുടെ മനസ്സില്‍ മാത്രമുള്ളവയാണെങ്കിലും അവ നമുക്ക് സംവേദനം ഉളവാക്കുന്നുണ്ട്.അതിനാല്‍,സംവേദനത്തെ വിശദീകരിക്കാന്‍ വസ്തുക്കള്‍ക്ക് വസ്തുനിഷ്ടമായ നിലനില്പ്പുണ്ടെന്ന് അനുമാനിക്കേണ്ട യാതൊരു ആവശ്യമില്ല.

സ്വപനങ്ങള്‍ വിശദീകരിക്കാന്‍ ഇത് അനുമാനിക്കണ്ടതില്ലാത്തതുപോലെ തന്നെ ഉണര്‍ന്നിരിക്കുമ്പോഴത്തെ സംവേദനത്തെ വിശദീകരിക്കാനും നാം അങ്ങിനൊയൊരു അനുമാനത്തിന്ന് മെനക്കെടേണ്ടതില്ല.

സാധാരണ നാം ഭൗതികവസ്തു എന്നത്കൊണ്ട് വിവക്ഷിക്കുന്നതെല്ലാം കര്‍തൃപുരുഷന്റെ മനസ്സില്‍ മാത്രമുള്ളതാണെന്ന് സിദ്ധാന്തിക്കുന്ന ഈ പ്രമാണത്തെ ആത്മനിഷ്ട ആശയവാദം എന്നു പറയുന്നു.

അസ്തിത്വത്തിന്റെ പ്രാഥമികമായ ഉറവിടം മനുഷ്യന്റെ ബോധമല്ല,പിന്നേയോ മനുഷ്യനെ കൂടാതേയുള്ള ബോധമാണ്‌, മനുഷ്യബോധത്തില്‍ നിന്ന്സ്വതന്ത്രമായ ഏതോ വസ്തുനിഷ്ട ശക്തിയാണ് എന്ന് സിദ്ധാന്തിക്കുന്ന വസ്തുനിഷ്ട ആശയവാദത്തില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണിത്.ആത്മനിഷ്ട ആശയവാദിയായ ജോര്‍ജ്ജ് ബര്‍ക്ക് ലി(1685-1753)ഊടെ വാദമാണ്‌ മേല്പറഞ്ഞത്.അദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി.

“..ലോകത്തിന്റെ ബൃഹത്തായ ചട്ടക്കൂടിന്റെ ഭാഗമായിടുള്ള ഒന്നിനും തന്നെ മനസ്സിന്ന് പുറമേയുള്ള അസ്തിത്വമില്ല...”(ജോര്‍ജ്ജ് ബര്‍ക്കിലിയുടെ കൃതികള്‍;ജോര്‍ജ് സാം പ്സണ്‍ എഡിറ്റ് ചെയ്ത വാല്യം -1പേജ് 181)

അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ രണ്ട് പ്രധാന പോയിന്റുകളാണുള്ളത്; 1) ബോധമനസ്സിന്ന് പുറത്ത് യാതെന്നും നിലനില്ക്കുന്നില്ല; 2) നിലനില്ക്കുകയെന്നു പറഞ്ഞാല്‍ ഗ്രഹിക്കപ്പെടുക എന്നാണ്‌ അര്‍ത്ഥം;ആര്‍ക്കും ഗ്രഹിക്കാനാവാത്തത് നില നില്ക്കുന്നില്ല.ഈ പ്രമാണമാകട്ടെ,1) മനസ്സിനെ കൂടാതെ,അതില്‍ നിന്ന് തികച്ചും സ്വതന്ത്രമായി നമ്മില്‍ സംവേദനം ഉളവാക്കുന്ന വസ്തുക്കള്‍ ഉണ്ടെന്നും 2) ഇന്ദ്രിയങ്ങളാല്‍ ഗ്രഹിക്കപ്പെടാത്തപ്പോഴും സംവേദനമുളവാക്കുന്ന വസ്തുക്കള്‍ നിലനില്ക്കുന്നുണ്ടെന്നും പറയുന്ന ഭൗതികവാദപ്രമേയവുമായി ഏറ്റുമുട്ടുന്നു.

എന്നാല്‍,ആത്മനിഷ്ഠ ആശയവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാഖ്യാതാവായ ബര്‍ക്ക് ലിക്ക് ഇതേപ്പറ്റി കൂടുതലായി ഏന്താണ്‌ പറയാനുള്ളത് എന്ന് നമുക്ക് നോക്കാം.മനുഷ്യന്റെ ഇച്ഛാനുസരണം മാത്രമാണ്‌ സങ്കല്പ്പങ്ങള്‍ വരികയും പോവുകയും ചെയ്യുന്നതെന്ന് തറപ്പിച്ച് പറഞ്ഞുകൊണ്ട് ബര്‍ക്ക് ലി എഴുതി:

“എന്നാല്‍...വാസ്തവത്തില്‍ ഇന്ദ്രിയങ്ങള്‍ മുഖേന ഗ്രഹിക്കുന്ന ആശയങ്ങള്‍ക്ക് എന്റെ ഇച്ഛയുടെ മേല്‍ അതുപോലൊരു ആശ്രിതത്വമില്ല.നല്ല പട്ടാപ്പകല്‍ സമയത്ത് കണ്ണുതുറക്കുമ്പോള്‍ യാതൊന്നും കാണാന്‍ പാടില്ലെന്നോ,അല്ല ഇന്ന പ്രത്യേക വസ്തുക്കള്‍ കാണണമെന്നോ തീരുമാനിക്കാന്‍ എനിക്കാവില്ലല്ലോ;ആ തീരുമാനം എന്നെ ആശ്രയിച്ചല്ല ഇരിക്കുന്നത്.അതുപോലെ തന്നെ ശ്രവണേന്ദ്രിയത്തിലും മറ്റും പതിയുന്ന ആശയങ്ങള്‍ എന്റെ ഇച്ഛയുടെ സൃഷ്ടികളല്ല”.(അതേ കൃതി വാല്യം-1പെജ് 191)

ബര്‍ക്ക് ലി ഈ പറഞ്ഞത് തികച്ചും ശരിയാണ്‌ പക്ഷെ,കണ്ണിലും കാതിലും മറ്റും കൂടി സംവേദനങ്ങള്‍ ഉളവാക്കുന്ന വസ്തുക്കള്‍ മനസ്സിന്ന് പുറത്ത് ഉണ്ടെന്നാണ്‌ ഇതിന്റെ അര്‍ത്ഥം .എന്നുപറഞ്ഞാല്‍ സംവേദങ്ങള്‍ (ബോധത്തിന്റെ പ്രതിഭാസങ്ങളാണവ)അവക്ക് കാരണഭൂതമായിട്ടുള്ളതും മനസ്സില്‍ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നതുമായ വസ്തുക്കളെ ,അതായത് ഭൗതികവസ്തുക്കളെ,മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് സാരം.

അത് അങ്ങിനേതന്നെയാണെന്ന കാര്യം പ്രകൃതിശാസ്ത്രം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.ലെനിന്‍ അതേപ്പറ്റി എഴുതിയത് ഇപ്രകാരമാണ്‌

“..നമുക്ക് പുറത്ത്, നമ്മില്‍നിന്നും നമ്മുടെ മനസ്സില്‍ നിന്നും സ്വതന്ത്രമായി ,പദാര്‍ത്ഥത്തിന്റെ ,നിര്‍ജ്ജീവ വായു (ether)തരംഗങ്ങളുടെ എന്നുവെക്കാം,ഒരു ചലനമുണ്ട് ...ഇവ റെറ്റിന(ദൃഷ്ടിപടലം)യില്‍ തട്ടി മനുഷ്യനില്‍ ഒരു പ്രത്യേക നിറത്തിന്റെ സംവേദനം ഉളവാക്കുന്നു.ഈ തരത്തില്‍ മാത്രമാണ്‌പ്രകൃതിശാസ്ത്രം ഇതിനെ കണക്കാക്കുന്നത്.ഇത് ഭൗതികവാദമാണ്‌;പദാര്‍ത്ഥം ജ്ഞനേന്ദ്രിയങ്ങളിന്മേല്‍ പ്രവര്‍ത്തിച്ചുകൊണ്ട് സംവേദനം ഉളവാക്കുന്നു.(ലെനിന്‍ സമാഹൃതകൃതികള്‍ വാല്യം 14പേജ് 55)

ഈ വിധത്തില്‍ ശാസ്ത്രം നല്കുന്ന തെളിവുകളും ബര്‍ക്ക് ലിക്ക് തന്നെ സമ്മതിക്കേണ്ടി വരുന്ന വസ്തുതകളും ഭൗതികവാദം ശരിയാണെന്ന് തെളിയിക്കുന്നു.പക്ഷെ,സംവേദനങ്ങളുടെ സ്വതന്ത്രമായ നിലനില്പിന്റെ ഉറവിടത്തെ അംഗീകരിച്ചതിന്ന് ശേഷവും ബര്‍ക്ക് ലി ഭൗതികവാദത്തിന്ന് എതിരായി നില്ക്കുന്നു.മതത്തിന്ന് വേണ്ടി വാദിച്ചുകൊണ്ട് അദ്ദേഹം ഭൗതികവാദികളോടായി ഇപ്രകാരം പറയുന്നു;

”..നിങ്ങളേപ്പോലെ ഞാനും പറയുന്നു പുറമേ നിന്നുള്ള ശക്തികള്‍ നമ്മെ ബാധിക്കുന്നുവെന്ന്; അപ്പോള്‍ ആ പുറമേ നിന്നുള്ള ശക്തികളെ പുറത്ത് തന്നെ നില്ക്കാന്‍ ,നമ്മില്‍ നിന്ന് തികച്ചും വ്യതിരിക്തമായ ഒന്നില്‍ നില്ക്കാന്‍ ,നാം അനുവദിക്കണം ..പക്ഷെ ,ഈ കരുത്തേറിയ ഒന്നിന്റെ സ്വഭാവത്തേപ്പറ്റി നാം ഭിന്നാഭിപ്രായക്കാരാണ്‌ .ഞാന്‍ അതിനെ ആത്മാവ് എന്നു വിളിക്കും;നിങ്ങള്‍ പദാര്‍ത്ഥം എന്നും..“(ജോര്‍ജ്ജ് ബര്‍ക്കിലിയുടെ കൃതികള്‍ വാല്യം 1 പേജ് 373)

അങ്ങിനെ ആത്മാവിന്റെ പ്രാഥമികതയിലുള്ള വിശ്വാസത്തെ താങ്ങി നിര്‍ത്താന്‍ ബര്‍ക്കിലിക്ക് യുക്തിയേയും ശാസ്ത്രത്തേയും കൈവെടിഞ്ഞ് ദൈവത്തെ ആശ്രയിക്കേണ്ടി വന്നു.എങ്കിലും ദൈവം ഉണ്ട് എന്ന് ഉറപ്പിച്ചു പറയുന്നതല്ലാതെ അങ്ങിനെ ഒന്നുണ്ട് എന്നതിന്ന് അദ്ദേഹം തെളിവുകളോന്നും ഹാജരാക്കുന്നില്ല.-ബര്‍ക്കിലി തന്റെ യുക്തിവാദത്തിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുള്ള വിജ്ഞാനവസ്തുക്കളുടെ പട്ടികയില്‍ ദൈവത്തിന്ന് സ്ഥാനം കാണുന്നില്ല.സത്യാവസ്ഥ തെളിയിക്കപ്പെട്ടു കഴിഞ്ഞ് താത്വികവിജ്ഞാനം വിളമ്പിത്തരാമെന്ന് വാക്ക് നല്കിയ ശേഷം ,വെറും വിശ്വാസത്തിന്റെ പേരില്‍ സ്വീകരിക്കാനുള്ള ഒരു പ്രമേയമാണ്‌ അദ്ദേഹം ഹാജരാക്കുന്നത്.

എങ്കിലും,ദൈവം സംവേദനങ്ങളുടെ ഒരു സ്വതന്ത്രമായ ഉറവിടമാണെന്ന് വാദിക്കുന്ന അതേ സമയത്ത് തന്നെ മനസ്സിന്ന് പുറത്ത് ,മനസ്സില്‍ നിന്ന് സ്വതന്ത്രമായി വര്‍ത്തിക്കുന്ന എന്തോ ഒന്ന് സംവേദനങ്ങള്‍ ഉളവാക്കുന്നുണ്ടെന്ന് ,സംവേദനങ്ങള്‍ ഉളവാക്കുന്ന ആ വസ്തു നാം ഗ്രഹിച്ചാലും ഇല്ലെങ്കിലും നിലനില്ക്കുന്നുണ്ടെന്ന്,ബര്‍ക്കിലി സമ്മതിക്കുന്നുണ്ട് .

അങ്ങിനെ ഈ തത്വ ചിന്തകന്‍ വാസ്തവത്തില്‍ ആത്മനിഷ്ട ആശയവാദം തെറ്റാണെന്ന് തെളിയിക്കുകയാണ്‌ ചെയ്യുന്നത്; അദ്ദേഹത്തിന്റെ ഉദ്ദേശം അതെല്ലെങ്കില്‍ പോലും.

അപ്പോള്‍ പിന്നെ ,അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ ,

“മനസ്സിന്ന് പുറത്ത്
നിലനില്പ്പിന്ന് നമ്മെ ആശ്രയിക്കാത്ത എന്തോ ഒന്നു ഉണ്ടെന്നും ",ഈ എന്തോ ഒന്ന് നമ്മില്‍ സംവേദനങ്ങള്‍ ഉളവാക്കുന്നുണ്ടെന്നും സമ്മതിക്കാന്‍ ബര്‍ക്കിലിയേ പ്രേരിപ്പിച്ചത് എന്താണ്‌?

സാധാരണയായി നമുക്ക് തോനുമ്പോള്‍ ഇച്ഛാനുസൃതം മനസ്സില്‍ ഉണ്ടാക്കുന്ന സങ്കല്പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംവേദനങ്ങള്‍ ”മനസ്സിനെ“ആശ്രയിക്കാതെ തെളിയുകയും മായുകയും ചെയ്യുന്നുവെന്ന അനിഷേദ്ധ്യമായ വസ്തുത ആയിരുന്നിരിക്കണം ,മറ്റെല്ലാറ്റിലുമുപരിയായി,ഈ പ്രേരകശക്തി.സംവേദനവും സംങ്കല്പ്പവും തമ്മിലുള്ള് ഈ വ്യത്യാസം ആത്മനിഷ്ട ആശയവാദവുമായി പൊരുത്തപ്പെടാത്ത ഒരു വസ്തുതയാണ്‌.

തന്റെ വാദം മുറുകേപ്പിടിക്കുന്ന ഒരു ആത്മനിഷ്ട ആശയവാദിക്ക് മനസ്സിന്ന് പുറമേയുള്ളതും മനസ്സില്‍നിന്ന് സ്വതന്ത്രമായിട്ടുള്ളതുമായ കാരണങ്ങളാല്‍ സംവേദങ്ങള്‍ ഉണ്ടാകുമെന്ന വസ്തുതയേ നിഷേധിക്കേണ്ടിവരും.

ഇന്നുള്ള പലേ ആത്മനിഷ്ടവാദികള്‍ ചെയ്യുന്നതും ഇതു തന്നെയാണ്‌.

ഉദാഹരണത്തിന്ന് സംവേദനവും സങ്കല്പ്പവും തമ്മിലുള്ള അതിര്‍ത്തി വരമ്പ് വരച്ചിട്ടുള്ളത് ”അങ്ങിനെ വലിയ നിയമപ്രകാരമൊന്നുമല്ലെന്ന്“റുഡോള്‍ഫ് കാര്‍നാപ്പ് എഴുതിയിട്ടുണ്ട്.ഈ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്,

ഉദാഹരണത്തിന്ന് ,എനിക്ക് വേണമെങ്കില്‍ കടല്‍ പ്പുറത്ത് വെയില്കാഞ്ഞുകൊണ്ടിരിക്കുന്നതായി സങ്കല്പ്പിക്കാന്‍ യാതൊരു തടസ്സവുമില്ല.പക്ഷെ,എത്രതന്നെ ആഗ്രഹമുണ്ടെങ്കിലും ശരീരത്തിന്ന് വെയിലിന്റെ ചൂട് തട്ടിക്കാനോ കണ്മുന്നില്‍ തിരമാലകള്‍ കാട്ടിക്കൊടുക്കാനോ സാദ്ധ്യമല്ല തന്നെ . സങ്കല്പ്പത്തിലുള്ളതിനെ ദര്‍ശ്ശിക്കാനും സ്പര്‍ശ്ശിക്കാനും പറ്റുന്നതാക്കി മാറ്റുകയെന്നത് നമ്മുടെ ഇംഗിതത്തെ ആശ്രയിച്ചിരിക്കുന്ന സംഗതിയല്ല.

ഇതില്‍ നിന്ന് ഒരേയൊരു നിഗമനത്തിലേ എത്തിച്ചേരാന്‍ പറ്റൂ; അതായത്,നമുക്കനുഭവപ്പെടുന്ന സംവേദനങ്ങള്‍ക്ക് നമ്മുടെ മനസ്സിന്ന് പുറത്ത് നിലനില്പ്പുള്ള ഭൗതികമായ ഒരു ഉറവിടമുണ്ടെന്നതിനെ നിഷേധിക്കുന്ന ആത്മനിഷ്ട ആശയവാദം,ശാസ്ത്രവും അനുഭവവും നിര്‍ണ്ണായകമായി തെളിയിച്ചിട്ടുള്ള വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല.

മിഥ്യയും യാഥാര്‍ത്ഥ്യവും രണ്ടും രണ്ടെല്ലെന്ന് സ്വബോധമുള്ളവരാരും പറയുകയില്ല.സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍, വസ്തുതയും ഭാവനയും തമ്മില്‍ എങ്ങിനേയാണ്‌ വേര്‍ തിരിയുക?

മനസ്സില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്നതിനെയെല്ലാം മിഥ്യയായും ,മനസ്സിനു പുറത്ത് നില്ക്കുന്നതിനെയെല്ലാം (അത് ഗ്രഹിച്ചാലും ഇല്ലെങ്കിലും) യാഥാര്‍ത്ഥ്യം അഥവാ വസ്തുതയായും കണക്കാക്കുക എന്നതാണ്‌ ഇതിനുള്ള സാധാരണ മാര്‍ഗ്ഗം .

ഉണ്ടെന്ന് തോന്നുന്നതും ഉള്ളതുംതമ്മില്‍ വേര്‍തിരിക്കുന്നതിനുള്ള ഈ സമ്പ്രദായത്തെ ബര്‍ക്കിലി തിരസ്കരിക്കുന്നു;ഉണര്‍ന്നിരിക്കുമ്പോള്‍ നാം നിരീക്ഷിക്കുന്ന വസ്തുക്കളും സംഭവങ്ങളും സ്വപ്നത്തില്‍ കാണുന്നവയേപ്പോലെതന്നെ മനസ്സില്‍ മാത്രം ഉള്ളതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

വസ്തുതയും വ്യാമോഹവും-രണ്ടും ഒന്നുതന്നേയാണെന്ന അഭിപ്രായത്തോട് ആരും യോജിക്കുമെന്ന് തോന്നുന്നില്ല.അതിനാല്‍ തന്റെ തത്വ ചിന്തക്കും മിഥ്യയെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് തിരിച്ചറിയുന്നതിന്ന് ഒരു മാര്‍ഗ്ഗമുണ്ടെന്ന് ബര്‍ക്കിലി പ്രഖ്യാപിക്കുന്നു;

മറ്റാളുകളുമായി അഭിപ്രായ വിനിമയം ചെയ്യുക എന്നതാണത്രെ ഈ മാര്‍ഗ്ഗം.അവരില്‍ ഭൂരിപക്ഷം പേര്‍ വസ്തുതയായി കാണുന്നത് വസ്തുതയും അവര്‍ മറ്റുതരത്തില്‍ കാണുന്നത് ഭാവനയും ആയി കണക്കാക്കണം.

എങ്കിലും ,ബര്‍ക്കിലി തന്നെ പറയുന്നുണ്ട് ഭൂരിപക്ഷത്തിന്ന് തെറ്റ് പറ്റിയേക്കാമെന്നും,പലപ്പോഴും പറ്റാറുണ്ടെന്നും.

ഭൂമി ഉരുണ്ടതാണെന്ന കാര്യം മിക്കവരും നൂറ്റാണ്ടുകളായി നിഷേധിച്ചിരുന്നു;സൂര്യന്‍ ഭൂമിക്ക് ചുറ്റുമാണ്‌ കറങ്ങുന്നതെന്നും അവര്‍ വിശ്വസിച്ചിരുന്നു.ഉള്ളതെന്നു തോന്നുന്നതിനേയും തിരിച്ചറിയുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ഹിതപരിശോധന ഉപയോഗിക്കാന്‍ പറ്റുകയില്ല തന്നെ.എങ്കിലും ബര്‍ക്കിലിക്കും അനന്തരഗാമികള്‍ക്കും മറ്റൊരു മാര്‍ഗ്ഗവും കണ്ടെത്താന്‍ പറ്റിയില്ല അത്തരം സര്‍വേകള്‍ നടത്തുന്നത് തികച്ചും അനാവശ്യമാണെന്ന് പോലും അവരില്‍ പലരും കരുതി; എന്തെന്നാല്‍ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മില്‍ ഫലത്തില്‍ യാതോരു വ്യത്യാസവുമില്ല എന്ന് അവര്‍ പറഞ്ഞു,

ആത്മനിഷ്ട ആശയവാദിയായ ഏണ്‍സ്റ്റ് മാഹ് (1838-1916) അതിന്ന് ഉപോല്‍ ബലകമായി ചൂണ്ടിക്കാണിച്ച ഒരു ഉദാഹരണമുണ്ട്:ഭാഗികമായി വെള്ളത്തില്‍ ആഴ്ത്തിയ ഒരു പെന്‍സില്‍ ഒടിഞ്ഞുപോയതായി തോന്നും.ഇതിനെ മിഥ്യാബോധമെന്ന് പറയുന്നു,

പക്ഷേ,മാഹിന്റെ അഭിപ്രായം വേറെയായിരുന്നു,അദ്ദേഹം എഴുതി: “ഇത്തരം കാര്യങ്ങളില്‍ മിഥ്യാബോധത്തേപ്പറ്റി പറയുന്നത് പ്രായോഗികമായി ശരിയായിരിക്കും പക്ഷെ,ശാസ്ത്രീയമായി അതിന്ന് യാതോരു അര്‍ത്ഥവുമില്ല.ഈ ലോകം യാഥാര്‍ത്ഥത്തില്‍ ഉള്ളതാണോ,അതോ നമ്മുടെ വെറുമൊരു ഭാവന മാത്രമാണോ എന്ന് സാധാരണ ഉന്നയിക്കപ്പെടാറുള്ള ചോദ്യത്തിനും ശാസ്ത്രീയ വീക്ഷണത്തില്‍നിന്ന് നോക്കിയാല്‍ വലിയ അര്‍ത്ഥമില്ല. ഏറ്റവും ഭയാനകമായ സ്വപ്നം പോലും ഒരു വസ്തുതയാണ്‌,മറ്റേതൊരു വസ്തുതയും പോലെതന്നെ”(ഇ.മാഹ് ,യോന.സംവേദനത്തിന്റെ അപഗ്രഥനവും മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും.1906 പെജ് 8-9)

ശാസ്ത്രീയവീക്ഷണകോണം എന്നത്കൊണ്ട് മാഹ് വിവക്ഷിക്കുന്നത് ശാസ്ത്രത്തിന്ന് തീര്‍ത്തും അസ്വീകാര്യമായിട്ടുള്ളതാണ്‌;എന്തെന്നാല്‍ ശാസ്ത്രത്തിന്റെ ലക്ഷ്യം ,ഉള്ളതെന്ന് തോനുന്നതിന്റെ പിന്നില്‍ യഥാര്‍ത്ഥത്തിലുള്ളതിലേക്ക് ആണ്ടിറങ്ങുക എന്നതാണ്‌.

മാഹിന്റെ പ്രമാണത്താല്‍ നയിക്കപ്പെടുന്ന ഒരു ശാസ്ത്രജ്ഞന്ന് (ഏതൊരാള്‍ക്കും തന്നെ) എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു;കാരണം,അയാള്‍ മരീചികയുടെ പിന്നാലെ നടക്കുന്നവന്റേയും മനപ്പായസം ഉണ്ടുനടക്കുന്നവന്റേയും പാതയില്‍ ചിതറിക്കിടക്കുന്ന എല്ലാ കെണികളിലും ചെന്ന് വീഴും.

നമുക്കുണ്ടാകുന്ന സംവേദനങ്ങള്‍ മാത്രമാണ്‌ ഒരു വസ്തുവിനേപ്പറ്റി നമുക്കുള്ള അറിവെന്നും ,അതിനാല്‍ “..വസ്തുവും സംവേദനവും ഒന്നുതന്നേയാണ്‌” എന്നും ബര്‍ക്കിലിപറയുന്നു.അങ്ങിനെ, ഓരോരോ വസ്തുവിനേപ്പറ്റിയുള്ള സംവേദനങ്ങളിലൂടെയുള്ളതൊഴിച്ചാല്‍ അവയേപ്പറ്റി നമുക്ക് യാതൊന്നും അറിയില്ലെന്ന തറപ്പിച്ചുള്ള പ്രസ്താവനയാണ്‌ ബര്‍ക്കിലിയുടെ ആത്മനിഷ്ട ആശയവാദത്തിന്റെ അടിസ്ഥാനപരമായ പ്രമേയത്തിന്‌ ആധാരമായിട്ടുള്ളത്.എന്നാല്‍ ഒരു ചരക്കിന്ന് അതിന്റേതായ മൂല്യമുണ്ടെന്ന് നമുക്കറിയാം ;ഇതാകട്ടെ ഇന്ദ്രിയങ്ങള്‍ മുഖേന ഗ്രഹിക്കാനാവാത്തതുമാണ്‌.പ്രകാശരശ്മി ഒരു സെക്കന്റില്‍ 300,000 കിലോമീറ്റര്‍ വേഗത്തിലാണ്‌ സഞ്ചരിക്കുന്നതെന്നും നമുക്കറിയാം.ഇത് മനുഷ്യന്‍ ദര്‍ശ്ശിക്കാനോ സങ്കല്പ്പിക്കാനോപോലും സാദ്ധ്യമല്ല. അതുപോലെ ഒരു റേഡിയോ ട്രാന്‍സ്മിറ്റര്‍ വികിരണം ചെയ്യുന്ന തരംഗങ്ങള്‍ ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനാവാത്തതാണെങ്കില്‍ കൂടിയും അവയെപ്പറ്റി സമഗ്രമായ പഠനം നടത്തിക്കഴിഞ്ഞിട്ടുണ്ട്.അങ്ങിനെ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും എടുത്തു പറയാന്‍ കഴിയും.

ബര്‍ക്കിലിയുടെ പ്രമാണം മാനുഷിക വിജ്ഞാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അംശം-ധാരണകള്‍ അഥവാ അമൂര്‍ത്ത ആശയങ്ങള്‍ -വിട്ടുകളയുന്നു.ബര്‍ക്കിലി വിജ്ഞാനത്തെ സംവേദനങ്ങളും സങ്കല്പ്പങ്ങളുമായി ചുരുക്കിക്കൊണ്ട് അവയുടെ അസ്തിത്വത്തെതന്നെ നിഷേധിച്ചു കളഞ്ഞു.ധാരണകളുടെ നിഷേധത്തെ ആധാരമാക്കിയുള്ള അപ്രകാരമുള്ള സിദ്ധാന്തത്തിന്ന് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റില്ല.

ഇനി വസ്തുക്കള്‍ സംവേദനങ്ങളുടെ ഒരു സമാഹാരം മാത്രമാണെന്ന് വരുന്നു.അങ്ങിനേ വരുംമ്പോള്‍ ലോകത്തില്‍ ഒരു വ്യക്തി താന്‍ മാത്രമാണെന്നും ,മറ്റുള്ളവരെല്ലാം വെറും സംവേദനങ്ങള്‍ മാത്രമാണെന്നും വരുന്നു.

അത് സോളിപ്ളിസം (സ്വന്തം നിലനില്പ്പിന്ന് മാത്രമാണ്‌ സുനിശ്ചിതത്വമെന്ന അഹം മാത്രവാദ സിദ്ധാന്തം )ആണ്‌.

എന്നാല്‍,മറ്റാളുകളും നിലനില്ക്കുന്നുണ്ടെന്ന് ബര്‍ക്കിലിയും അദ്ദേഹത്തിന്റെ മിക്ക അനുയായികളും സമ്മതിക്കുന്നുണ്ട്;അതായത് അവര്‍ സോളിപ്ളസത്തെ തിരസ്കരിക്കുന്നു എന്നര്‍ത്ഥം.ആധുനിക ആശയവാദതത്വ ചിന്തകനായ ബര്‍ട്രാന്റ് റസ്സല്‍ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി

“സോളിപ്ളസത്തിന്നെതിരായി ഒന്നാമതായി പറയാനുള്ളത് ,മനശ്ശാസ്ത്രപരമായിത്തന്നെ അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നതാണ്;അത് സ്വീകരിക്കണമെന്ന് ഉദ്ദേശമുള്ളവര്‍ പോലും വാസ്തവത്തില്‍ അത് തിരസ്കരിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍ പ്രമുഖ് തര്‍ക്കശാസ്ത്രജ്ഞനായ ശ്രീമതി ക്രിസ്റ്റീന്‍ ലാഡ്ഡ് ഫ്രാങ്ക്ലിന്റെ ഒരു കത്ത് എനിക്ക് കിട്ടുകയുണ്ടായി.താന്‍ ഒരു സോളിപ്ളിസ്റ്റ് ആണെന്നും ലോകത്തില്‍ മറ്റു സോളിപ്ളിസ്കളില്ലെന്ന് കാണുന്നതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും അവര്‍ അതില്‍ എഴുതിയിരുന്നു.

ഒരു തര്‍ക്കശാസ്ത്രജ്ഞയുടെ ഈ അത്ഭുതം എന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയട്ടെ”(ബര്‍ട്രാന്റ് റസ്സല്‍“മാനുഷിക വിജ്ഞാനം,അതിന്റെ പരിധിയും പരിമിതികളും”ലണ്ടന്‍ 1956,പേജ് 195-196)

അതില്‍ ആശ്ചര്യത്തിന്ന് അവകാശമില്ല. ലോകത്തിൽ ഒറ്റത്തടിയായി നിലകൊള്ളുന്ന ഒരുവന്ന് ആ മേന്മ അവകാശപ്പെടാൻ മറ്റാരും ഇല്ലെന്ന കാര്യത്തിൽ അത്ഭുതം തോന്നുന്നത് യുക്തിക്ക് ചേർന്നതേ അല്ല.

മറ്റാളുകൾനിലവിലുണ്ടോ എന്നചോദ്യം തന്നെ തത്വചിന്തയിൽ അനുവദനീയമല്ലെന്ന് മറ്റൊരു ആത്മനിഷ്ട വാദിയായ കാർനാപ്പ് എഴുതുകയുണ്ടായി.

ഇത് യാദൃശ്ചികമല്ല ,എന്തെന്നാൽ ആത്മനിഷ്ട ആശയവാദം സോളിപ്സിസത്തിലേക്കാണ്‌ നമ്മെ നേരെ എത്തിക്കുന്നത്. കാരണം ,എന്തെല്ലാം പറഞ്ഞാലും ,ഈ ചോദ്യത്തിന്ന് രണ്ട് മറുപടികളേയുള്ളൂ,

ഒന്നുകിൽ ആത്മനിഷ്ട ആശയവാദമെന്ന സത്യം അംഗീകരിച്ചുകൊണ്ട് താൻ മാത്രമാണ്‌ നിലവിലുള്ള ഏകവ്യക്തി എന്ന് സമ്മതിക്കണം ;അല്ലെങ്കിൽ ഭൗതികവാദികൾ പറയുന്നതിനോട് യോജിച്ച്കൊണ്ട് മറ്റാളുകളും നിലവിലുണ്ടെന്ന് സമ്മതിക്കണം.

അപ്പോൾ ആത്മനിഷ്ട ആശയവാദത്തിന്ന് നില്ക്കക്കള്ളിയില്ലാതാവും.ഇതിന്ന് മൂന്നാമത് ഒരു ഉത്തരം ഇല്ല തന്നെ ,ഇന്നുവരേയുള്ള മനുഷ്യന്റെ അനുഭവവും ശാസ്ത്രവും ഒരുപോലെ ഭൗതികവാദം ശരിയാണെന്ന് തെളിയിക്കുകയും,ആത്മനിഷ്ട ആശയവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്യുന്നു....

ഇനി നമുക്ക് ഭൗതികവാദവും വസ്തുനിഷ്ട ആശയവാദവും തമ്മിലുള്ള വിവാദം എന്തായിരുന്നു എന്നു നോക്കാം

അഭിപ്രായങ്ങളൊന്നുമില്ല: