2009, മേയ് 3, ഞായറാഴ്‌ച

*കിം കി ഡൂക്ക്‌:-കാൽപനികതയെ അശ്ലീലമാക്കിയ ചലച്ചിത്രകാരൻ* സി വി സത്യൻ

ചലച്ചിത്ര അക്കാദമി
സമീപകാല ചലച്ചിത്ര മേളകളിലൂടെ
മലയാളി സമൂഹത്തിന്ന് പരിചയപ്പെടുത്തിയ
കൊറിയൻ ചലച്ചിത്രകാരനാണ്.
കിം കി ഡൂക്ക്‌ .
ചലച്ചിത്ര മേളകളിൽ കിം കി ഡൂക്കിന്റെ പടം കണ്ടില്ലേ
എന്ന ചോദ്യവുമായി നടക്കുന്ന ആരാധകരെ കണ്ടുമുട്ടിയിട്ടുണ്ട്‌.
ഇദ്ദേഹത്തിന്റെ പുതിയ ചിത്രമായ
'ബ്രീത്ത്‌'കാണാനായി
തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ ചെന്നപ്പോൾ
യുവതീ യുവാക്കളുടെ തള്ളിക്കയറ്റം കൊണ്ട്‌
നിന്ന് തിരിയാൻപോലും ഇടം കിട്ടിയില്ല .
കേരളത്തിൽ പ്രാദേശികമായി നടത്തിവരുന്ന
ചലച്ചിത്രമേളകളിൽ പോലും
കിംകിഡൂക്കിന്റെ ഒരു സിനിമയെങ്കിലും
ഉൾപ്പെടുത്തുക പതിവായിട്ടുണ്ട്‌.
ഇത്രയധികം ആരാധകർ ഇദ്ദേഹത്തിന്റെ ചിത്രത്തിലേക്ക്‌
ആകർഷിക്കപ്പെടാൻ കാരണമെന്തെന്ന്
കിംകിഡൂക്കിന്റെ ബ്രീത്ത്‌ കണ്ട അനുഭവത്തെ
മുൻ നിർത്തികൊണ്ടുള്ളൊരു ആസ്വാദന കുറിപ്പാണിത്‌ .
മുൻ ചലച്ചിത്രങ്ങളെ പോലെ തന്നെ
കഥയും സവിശേഷ ഭുപ്രകൃതിയും ,
കഥാപാത്രങ്ങളും കടന്നു പോകുന്നത്‌ ലളിതവും ആകർഷണീയവുമായിരുന്നു .വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്ജയിലിൽ കഴിയുന്ന
യാങ്ങ്‌ യിൻ,
കൂർപ്പിച്ചെടുത്ത ടൂത്ത്‌ ബ്രഷ്‌ കഴുത്തിൽ കുത്തിയിറക്കി
ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു.
ഈ സംഭവം ടെലിവിഷനിലൂടെ കാണുന്ന
യീൻ എന്നസ്ത്രീ ജയിലിൽ പോയി ഇയാളെ കാണുന്നു.
ഭർത്താവും മക്കളുമൊത്ത്‌ കഴിയുന്ന യീൻ
യാങ്ങ്യിനുമായി അടുപ്പത്തിലും പ്രണയത്തിലുമാകുന്നു.
തടവറയിൽ പലകുറിയായി ഇവർ കണ്ടുമുട്ടുന്നതിലൂടെ
കഥയുടെ ഗതിമാറുന്നു.
ഒടുവിൽ ഇവർ ഇണചേരുന്ന ദൃശ്യത്തോടെ
ചിത്രം അവസാനഭാഗത്തേക്ക്‌ കടക്കുന്നു.
തുടർന്ന് പ്രേക്ഷകന്റെ ശരീരത്തിലേക്ക്‌ പ്രവഹിച്ച
രക്തവും ഊർജ്ജവും ഒരു നീലച്ചിത്രത്തിന്റെ
അനുഭവപരിസരമാണ് എന്നത്‌ ഏറ്റവും ദുഖകരമാണ്.
രതിയെ ഒളിഞ്ഞു നോക്കുന്നൊരു സമൂഹത്തിൽ
ഇത്തരം കാഴ്ച്ചകൾ ആഹ്ലാദകരമായി കൊണ്ടാടപ്പെടുന്നതിന്റെ
സൂചനകളാണ് തിയേറ്ററുകളിലെ തള്ളിക്കയറ്റം.
കഥാപാത്രങ്ങൾ സിനിമക്കകത്ത്‌ സഞ്ചരിക്കുമ്പോൾ
സ്ഥലകാല ബോധം അതിനെ ചുറ്റിപ്പറ്റിയുണ്ടായിരിക്കണം.
അപ്പോൾ മാത്രമേ സിനിമ മനുഷ്യജീവിതത്തെ
യാഥാർത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കുന്ന ഒന്നാവുകയുള്ളൂ .
കൊറിയൻ ജയിലിൽ കഴിയുന്ന നായകന്റെ ശരീരചലനങ്ങളും ,മനോവിഭ്രാന്തികളും തടവറയിൽ പൂത്തുവന്നപ്രണയവും
അയഥാർത്ഥ്യമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്‌.
ഈ സാഹചര്യം കൊറിയയിലെന്നല്ല
ഭുമിയിലൊരിടത്തുമുള്ള തടവറയിൽ അസാധ്യമായ കാര്യമാണ്.
പ്രണയവും കഥാനായകന്റെ സ്വഭാവവും തടവറയിൽ
സാധ്യമാക്കി മാറ്റണമെങ്കിൽ അതിന്നുള്ള പരിസരവും
ചലച്ചിത്രകാരൻ ഒരുക്കേണ്ടതുണ്ടു.
ഹോളീവുഡ്‌ ചിത്രങ്ങളിൽ
കഥാപാത്രങ്ങളുടെ വരവിനും പോക്കിനും സ്ഥലകാല ബോധമോ
കൃത്യതയോ ബാധകമല്ല.
കാരണം നായകൻ ഏത്‌ തരത്തിലുള്ള
സാഹസിക കൃത്യങ്ങൾ പ്രകടിപ്പിച്ചാലും അത്‌ സാദ്ധ്യമാണോ
എന്ന ചോദ്യമുയരാറില്ല.
നല്ലസിനിമയുടെ ലോകത്ത്‌ മറ്റൊരു വ്യാകരണമാണ് പ്രവർത്തിക്കുന്നത്‌
കാൽപനികത ചലച്ചിത്ര മാധ്യമത്തിൽ
നൂറു വർഷങ്ങൾക്ക്‌ മുമ്പ്തന്നെ പരീക്ഷിച്ച
മഹാനായ ചാർളി ചാപ്ലിന്റെ
'മോഡേൺ ടൈംസി'ലെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം .
കമ്യൂണിസ്റ്റ്‌ നേതാവായി മുദ്രകുത്തി തടവറയിലിടുന്ന
സഹതടവുകാരനോടൊന്നിച്ച്‌ ആഹാരം കഴിക്കവേ
അബദ്ധത്തിൽ കൂടെയുള്ള തടവുകാരന്റെ ലഹരിപദാർത്ഥം
ഭക്ഷണത്തിൽ കൂട്ടിക്കലർത്തി കഴിക്കുന്നൊരു ദൃശ്യമുണ്ട്‌.
ലഹരി തലക്ക്പിടിച്ച ചാപ്ലിന് സെല്ലിലേക്കുള്ള മടക്കയാത്ര
നേരാംവണ്ണം പറ്റുന്നില്ല.
വട്ടം കറങ്ങി കറങ്ങിയാണ് ചാപ്ലിൻ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.
ചടുലമായ നൃത്തത്തിലൂടെയുള്ള വട്ടം കറങ്ങുന്ന ദൃശ്യത്തിൽ
ജയിൽ വാർഡന്മാരെയും കാണിക്കുന്നുണ്ട്‌.
ജയിൽ നിയമലംഘനം നടത്തി
ചാപ്ലിനെ പിടിച്ചു കൊണ്ടു പോയിക്കൂടെ എന്ന ചോദ്യത്തെ മറികടക്കാൻ
ചാപ്ലിൻ സിനിമയിലൊരുക്കിയിരിക്കുന്ന അതിസൂഷ്മ സാഹചര്യം വിസ്മയകരമാണ്.
ജയിൽ വാർഡർമ്മാരുടെ ശ്രദ്ധയിൽ
പെടാതിരിക്കത്തക്ക വിധത്തിലുള്ള ചുറ്റിക്കറങ്ങലുകളാണ്
സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്‌.
തടവറക്കകത്തെ സ്ഥലകാല ബോധത്തെ സൂചിപ്പിക്കുന്നതിന്റെ
ഏറ്റവും നല്ല ഉദാഹരണങ്ങളായിട്ടാണ് ഈ കാര്യം ഇവിടെ പരാമർശ്ശിച്ചത്‌. ഇദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിലെല്ലാം തന്നെ
ഉടുതുണിയില്ലാതെ തടാകത്തിൽ നീന്തുകയും ഇണചേരുകയുംചെയ്യുന്ന
ദൃശ്യങ്ങൾ ധാരാളിത്തത്തോടെ കാണാം.
ഇത്തരം ദൃശ്യാവിഷ്ക്കാരങ്ങൾ നിഷിദ്ധമാണെന്ന അർത്ഥമല്ല ഉദ്ദേശിക്കുന്നത്‌.
രതി ചലച്ചിത്രത്തിന്നകത്ത്‌ അനിവാര്യമായി വരേണ്ട സമയത്ത്‌
ആവിഷ്ക്കരിച്ചേ പറ്റൂ
കിം കി ഡൂക്കിന്റെ ചിത്രങ്ങളിൽ രതി പച്ചയായി കടന്നുവരുന്നത്‌
രതിക്ക്‌ വേണ്ടി രതി എന്നമട്ടിൽ
ഏച്ചുകെട്ടിയപോലെ യാണ് ആവിഷ്ക്കരിക്കുന്നത്‌.
ഇത്‌ അപകടകരമായ ഒരു അവസ്ഥയെയാണ് ഓർമ്മപ്പെടുത്തുന്നത്‌.
കൊറിയൻ സാമൂഹ്യ സാഹചര്യത്തിൽ
വിവാഹിതയായി കഴിയുന്ന സ്ത്രീ
മറ്റൊരു പ്രണയത്തിലേക്ക്‌ വഴുതി പോവുമ്പോൾ
ഇവരുടെ കുടുംബ ജീവിതത്തിൽ അന്തർഭവിച്ചിരിക്കുന്ന
പൊരുത്തക്കേടുകളും സ്നേഹരാഹിത്യവും
പ്രശ്നവൽക്കരിക്കാൻ ചലച്ചിത്രകാരൻ കൂട്ടാക്കുന്നില്ല.
യാങ്ങിയിനും യിനും തമ്മിലുള്ള ബന്ധത്തെ ആത്മബന്ധത്തിന്റെയും പ്രണയത്തിന്റെയും ഉയരങ്ങളിലേക്ക്‌ കൊണ്ടു പോകാതെ
ശാരീരികതയുടെ അതിപ്രസരം ചാർത്തി രതിയെ വസ്തു വൽക്കരിക്കുന്ന
കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രത്തിലേക്ക്‌ ചുരുങ്ങുകയാണ്
കിം കിഡൂക്ക്‌.
നല്ല സിനിമയുടെ ലോകത്ത്‌ നമ്മുടെ ചലച്ചിത്ര ബുദ്ധിജീവികളും
ചലച്ചിത്ര അക്കാഡമിയും മാതൃകാപരമായി ഉയർത്തിപിടിക്കുന്ന
ഇദ്ദേഹത്തിന്റെ രചനകൾ നമ്മുടെ
സമൂഹത്തിന്റെ തന്നെ ലൈംഗികമായ നിരക്ഷരതയുടെയും
ഹിപ്പോക്രസിയുടെയും പ്രതിഫലനമായി നിരീക്ഷിക്കപ്പെടാം

3 അഭിപ്രായങ്ങൾ:

kadathanadan:കടത്തനാടൻ പറഞ്ഞു...

..

kadathanadan:കടത്തനാടൻ പറഞ്ഞു...

ഇദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിലെല്ലാം തന്നെ ഉടുതുണിയില്ലാതെ തടാകത്തിൽ നീന്തുകയും ഇണചേരുകയുംചെയ്യുന്ന ദൃശ്യങ്ങൾ ധാരാളിത്തത്തോടെ കാണാം

kadathanadan:കടത്തനാടൻ പറഞ്ഞു...

നല്ല സിനിമയുടെ ലോകത്ത്‌ നമ്മുടെ ചലച്ചിത്ര ബുദ്ധിജീവികളും ചലച്ചിത്ര അക്കാഡമിയും മാതൃകാപരമായി ഉയർത്തിപിടിക്കുന്ന ഇദ്ദേഹത്തിന്റെ രചനകൾ നമ്മുടെ സമൂഹത്തിന്റെ തന്നെ ലൈംഗികമായ നിരക്ഷരതയുടെയും ഹിപ്പോക്രസിയുടെയും പ്രതിഫലനമായി നിരീക്ഷിക്കപ്പെടാം