2011, മേയ് 9, തിങ്കളാഴ്‌ച

ഉദാരതാ വാദത്തോട് പോരാടുക:


                                                                                                      മാവോ സെതുങ്ങ്-

നാം പ്രത്യശാസ്ത്രരംഗത്ത് സജീവമായ സമരത്തിനു വേണ്ടി നിലകൊള്ളുന്നു.
കാരണം,നമ്മുടെ സമരത്തിന്റെ താല്പര്യം മുൻ നിർത്തി പാർട്ടിക്കുള്ളിലും വിപ്ലവ സംഘടനകൾക്കുള്ളിലും ഐക്യം ഉറപ്പുവരുത്താനാവശ്യമായ ഒരേയൊരു ആയുധമാണിത്.ഏതൊരു കമ്യൂണിസ്റ്റ്കാരനും വിപ്ലവകാരിയും ഈ ആയുധം കയ്യിലെടുക്കേണ്ടതുണ്ട്.
 

പക്ഷെ,വിട്ടുവീഴ്ചാ മനോഭാവം പ്രത്യയശാസ്ത്രപരമായ സമരത്തെ നിരാകരിക്കുകയും,തത്വദീക്ഷയില്ലാത്ത സമാധാനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.
തന്നിമിത്തം ദുഷിച്ചതും താൽകാലിക നേട്ടങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നതുമായ ഒരു മനോഭാവം വളരുകയും പാർട്ടിയിലും വിപ്ലവസംഘടകനകളിലുമുള്ള ചിലഘടകങ്ങളുടേയും വ്യക്തികളുടേയും 

 രാഷ്ട്രീയാധ:പതനത്തിന്ന് ഇടവരുത്തുകയും ചെയ്യുന്നു.
 

വിട്ടുവീഴ്ചാ മനോഭാവം വിവിധരൂപങ്ങളിലാണ് പ്രകടമാകുന്നത്.
പ്രശ്നത്തോട് വ്യക്തി വ്യക്തമായും തെറ്റാണ് ചെയ്തതെങ്കിലും സമാധാനത്തിന്റേയും സൗഹൃദത്തിന്റേയും പേരിൽ കാര്യങ്ങൾ വഴുതിപ്പോകാൻ അനുവദിക്കുകയും,

അയാൾ ഒരു പരിചയക്കാരനോ ഒരേ ,പട്ടണത്തിൽ നിന്നു വന്ന ആളോ, അയൽവാസിയോ,ഒരു സഹപാഠിയോ,ആത്മ സുഹൃത്തോ, സ്നേഹമുള്ള ഒരാളോ,പഴയ ഒരു സഹ പ്രവർത്തകനോ അതുമല്ലെങ്കിൽ പണ്ട് തന്റെ കീഴിൽ ജോലി ചെയ്ത ആളോ ആണെന്ന കാരണത്താൽ അയാളുമായി തത്വത്തിലധിഷ്ടിതമായ വാദപ്രതിവാദങ്ങൾ നടത്താതിരിക്കുകയും ചെയ്യുക. അല്ലെങ്കിൽ അയാളുമായ ലോഹ്യം നിലനിർത്തിപ്പോരാൻ വേണ്ടി കാര്യത്തിലേക്ക് ചുഴിഞ്ഞു ചെല്ലാതെ ലഘുവായി മാത്രം സ്പർശിച്ചുപോവുക.
ഇതിന്റെ ഫലമായി സംഘടനക്കും ബന്ധപ്പെട്ട വ്യക്തിക്കും ഹാനി സംഭവിക്കുന്നു.
വിട്ടുവീഴ്ചാ മനോഭാവത്തിന്റെ ഒരു മാതൃകയാണിത്.

തന്റെ നി
ര്‍ദ്ദേശങ്ങൾ സജീവമായി സംഘടനയിൽ കൊണ്ടുവരുന്നതിനു പകരം സ്വകാര്യത്തിൽ നിരുത്തരവാദപരമായ വിമർശനങ്ങളിൽ ഏർപ്പെർടുക.
ആൾക്കാരുടെ മുമ്പിൽ വച്ചു ഒന്നും പറയാതെ അവരുടെ പിന്നിൽ നിന്നുകൊണ്ട് അപവാദപ്രചരണം നടത്തുക.
അല്ലെങ്കിൽ യോഗങ്ങളിൽ ഒന്നും പറയാതെ അതു കഴിഞ്ഞശേഷം അപവാദം പറഞ്ഞുനടക്കുക.
കൂട്ടായ ജീവിതത്തിന്റെ തത്വങ്ങളിൽ ഒട്ടും പരിഗണന കാട്ടാതിരിക്കുകയും പകരം തന്റെ സ്വന്തം വാസനക്കൊത്ത് കാര്യങ്ങൾ ചെയ്യുകയും ചെയ്യുക.
ഇത് രണ്ടാതത്തെ മാതൃകയാണ്.

സ്വന്തം താൽപര്യങ്ങളെ നേരിട്ടു ബാധിക്കുന്നവയെല്ലെങ്കിലും അത്തരം കാര്യങ്ങളെ ചുക്കാനറ്റതോണി പോലെ വിട്ടേക്കുക.
എന്താണ് തെറ്റെന്ന് വളരെ നല്ലവണ്ണം അറിയാമെങ്കിലും അക്കാര്യത്തിൽ തനിക്ക് കഴിയാവുന്നത്ര മൗനംദീക്ഷിക്കുകയും വിശാലമനസ്കനാണെന്ന് നടിക്കുകയും അങ്ങുമിങ്ങും തെടാതെ സ്വന്തം രക്ഷ തേടുകയും തന്നെ ആരും കുറ്റപ്പെടുത്തരുതെന്ന് മാത്രം ആഗ്രഹിക്കുകയും ചെയ്യുക.
ഇത് മൂന്നാമത്തെ മാതൃകയാണ്.

മുകളിൽ നിന്നുള്ള കല്പനകൾ അനുസരിക്കാതിരിക്കുകയും പകരം സ്വന്തം അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുക.
സംഘടനയിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ അവകാശപ്പെടുകയും അതേ സമയം അതിന്റെ അച്ചടക്കം നിരാകരിക്കുകയും ചെയ്യുക.
ഇത് നാലാമത്തെ മാതൃകയാണ്.

ഐക്യത്തേയോ പുരോഗതിയേയോ അല്ലെങ്കിൽ പ്രവൃത്തി ശരിയാം വണ്ണം ചെയ്തു തീർക്കുന്നതിനേയോ ലക്ഷ്യം വെച്ചുകൊണ്ട് വാദപ്രതിവാദങ്ങളിലേർപ്പെടുകയും ശരിയല്ലാത്ത കാഴ്ചപ്പാടുകൾക്കെതിരായി സമരം ചെയ്യുകയും ചെയ്യുന്നതിനു പകരം വ്യക്തിപരമായ ആക്രമണങ്ങളിൽ ഏർപ്പെടുകയും കലഹങ്ങൾ സൃഷ്ടിക്കുകയും സ്വന്തം പക പ്രകടിപ്പിക്കുകയും അല്ലെങ്കിൽ പ്രതികാരം വീട്ടുകയും ചെയ്യുക.
ഇത് അഞ്ചാമത്തെ മാതൃകയാണ്.

ശരിയല്ലാത്ത അഭിപ്രായങ്ങൾ കേൾക്കുകയും അതേസമയം അവയ്ക്ക് അതേ നിമിഷം തന്നെ തിരിച്ചടി നൽകാതിരിക്കുകയും ചെയ്യുക.പ്രതിവിപ്ലവപരമായ അഭിപ്രായ പ്രകടനങ്ങൾ പോലും കേൾക്കുകയും അതേസമയം അവയേപ്പറ്റി റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്യുക.
പകരം ഒന്നും സംഭവിച്ചില്ല എന്നമട്ടിൽ അവയെ ശാന്തമായി മനസ്സിൽ വെക്കുക.
ഇത് ആറാമത്തെ മാതൃകയാണ്.

ബഹുജനങ്ങൾക്കിടയിലായിരിക്കുകയും അതേസമയം പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയോ അല്ലെങ്കിൽ യോഗങ്ങളിൽ സംസാരിക്കുകയോ അവർക്കിടയിൽ സൂഷ്മനിരീക്ഷണങ്ങളും അന്യേഷണങ്ങളും നടത്തുകയോ ചെയ്യാതിരിക്കുക. പകരം അവരിൽ താല്പര്യമൊട്ടും പ്രകടിപ്പിക്കാതിരിക്കുകയും അവരുടെ ക്ഷേമത്തിൽ ആകാംക്ഷകാട്ടാതിരിക്കുകയും,താനൊരു കമ്യൂണിസ്റ്റുകാരനാണെന്ന വസ്തുത മറന്നുകൊണ്ട് ഒരു സാധാരണ കമ്യൂണിസ്റ്റേതരനെപ്പോലെ പെരുമാറുകയും ചെയ്യുക.
ഇത് ഏഴാമത്തെ മാതൃകയാണ്.

വല്ലവരും ബഹുജനങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനി വരുത്തുന്നത് കാണുകയാണെങ്കിൽ പോലും അതിൽ ധാർമ്മികരോഷം തോനാതിരിക്കുക.
അല്ലെങ്കിൽ അയാളെ അതിൽ നിന്ന് വിരമിപ്പിക്കുകയോ തടയുകയോ അയാൾക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയോ ചെയ്യുന്നതിനു പകരം അത് തുടർന്നു കൊണ്ടുപോകാൻ അയാളെ അനുവദിക്കുക.
ഇത് എട്ടാമത്തെ മാതൃകയാണ്.

നിയതമായ പദ്ധതിയോ ദിശയോ കൂടാതെ അർദ്ധ മനസ്സോടെ പ്രവർത്തിക്കുക,
കേവലം ഔപചാരികമായി പ്രവർത്തിക്കുകയും എങ്ങിനേയെങ്കിലും തപ്പിത്തടഞ്ഞു നീങ്ങുകയും ചെയ്യുക.
“ഒരു ബുദ്ധമത പുരോഹിതനായിരിക്കുന്നിടത്തോളം കാലം താൻ മണിമുട്ടിക്കൊണ്ടേയിരിക്കും”എന്നമട്ടിൽ കാര്യങ്ങൾ ചെയ്യുക.
ഇത് ഒമ്പതാമത്തെ മാതൃകയാണ്.

വിപ്ലവത്തിൽ പ്രശസ്ത സേവനം ചെയ്ത ഒരാളാണെന്നും സ്വയം അഭിമാനിക്കുകയും വഴക്കവും തഴക്കവും ചെന്നൊരു അഭ്യസ്ഥനെന്ന് അഹങ്കരിക്കുകയും ചില്ലറ ജോലികളെ പുച്ഛത്തോടെ അവഗണിക്കുകയും അതേ സമയം വലിയകാര്യങ്ങൾ ചെയ്യാൻ വേണ്ട കഴിവ് ഒട്ടുമില്ലാതിരിക്കുകയും ചെയ്യുക;
പ്രവർത്തനത്തിൽ തെല്ലും ചിട്ടയില്ലായ്മയും പഠിപ്പിൽ അലംഭാവവും കാട്ടുക,
ഇത് പത്താമത്തെ മാതൃകയാണ്.

സ്വന്തം തെറ്റുകളേപ്പറ്റി തികച്ചും ബോധവാനാണെങ്കിൽ കൂടിയും അവയെ തിരുത്താൻ യാതൊരുശ്രമവും ചെയ്യാതിരിക്കുക,
തന്നോട് തന്നെ വിട്ടു വീഴ്ചയുടേതായ ഒരു നിലപാടു സ്വീകരിക്കുക.
ഇത് പതിനൊന്നാമത്തെ മാതൃകയാണ്.

ഇനിയും കുറെ മാതൃകകൾ നമുക്ക് എടുത്തു പറയാൻ കഴിയും പക്ഷേ ഈ പതിനൊന്നെണ്ണമാണ് പ്രധാനമായവ.
ഇവയൊക്കെ വിട്ടുവീഴ്ചാ മനോഭാവത്തിന്റെ പ്രകട രൂപങ്ങളാണ്.
ഒരു വിപ്ലവ സംഘടനയിൽ വിട്ടുവീഴ്ചാമനോഭാവം അങ്ങേയറ്റം ഹാനികരമാണ്.
ക്യത്തെകാർന്നു തിന്നുന്നതും യോജിപ്പിന്ന് തുരങ്കം വെയ്ക്കുന്നതും അലസതക്കിടം നല്കുന്നതും അഭിപ്രായഭിന്നതകൾ സൃഷ്ടിക്കുന്നതുമായ ഒരു നശീകരണ വസ്തുവാണ് അത്.
അത് വിപ്ലവ അണികളുടെ കെട്ടുറപ്പുള്ള സംഘടനയും കണിശമായ അച്ചടക്കവും അവരിൽ നിന്ന് തട്ടിയെടുക്കുന്നു.
നയങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിന് അത് തടയുന്നു.
പാർട്ടി നയിക്കുന്ന ബഹുജനങ്ങളിൽ നിന്ന് പാർട്ടി സംഘടനകളെ അത് അകറ്റി നിർത്തുന്നു.
അങ്ങേയറ്റം ചീത്തയായ ഒരു പ്രവണതയാണിത്.
പെറ്റിബൂർഷ്വാ സ്വാർത്ഥത്തിൽ നിന്നാണ് വിട്ടുവീഴ്ചാമനോഭാവം ഉടലെടുക്കുന്നത്.
അത് വ്യക്തിപരമായ താല്പര്യങ്ങളെ ഒന്നാം സ്ഥാനത്തും വിപ്ലവത്തിന്റെ താല്പര്യങ്ങളെ രണ്ടാം സ്ഥാനത്തും നിർത്തുന്നു.
ഇതാകട്ടെ പ്രത്യശാസ്ത്രപരവും രാഷ്ട്രീയവും സഘടനാപരവുമായ വിട്ടുവീഴ്ചാമനോഭാവം വളരാനിടയാക്കുകയും ചെയ്യുന്നു.
വിട്ടു വീഴ്ചാ സ്വഭാവക്കാരായ ആൾക്കാർ മാർക്സിസത്തിന്റെ തത്വങ്ങളെ അമൂർത്തമായ പ്രമാണങ്ങളായാണ് വീക്ഷിക്കുന്നത്.
അവർ മാർക്സിസത്തെ ശരിവെക്കുന്നു;
പക്ഷെ അത് പ്രായോഗിക പ്രവർത്തനത്തിൽ കൊണ്ടുവരാനും അഥവാ മുഴുവനായും പ്രവർത്തനത്തിൽ കൊണ്ടുവരാനോ തയ്യാറില്ല. മാർക്സിസത്തെ തങ്ങളുടെ വിട്ടുവീഴ്ചാ മനോഭാവത്തിന്റെ സ്ഥാനത്തു മാറ്റി പ്രതിഷ്ഠിക്കാൻ അവർ തയ്യാറാവുന്നില്ല.
ഇത്തരക്കാർക്ക് മാർക്സിസം ഉണ്ട് അതേപോലെ തന്നെ വിട്ടു വീഴ്ചാമനോഭാവവും ഉണ്ട്.
അവർ മാർക്സിസം സംസാരിക്കുന്നു.
പക്ഷെ വിട്ടുവീഴ്ചാമനോഭാവമാണ് പ്രാവർത്തികമാക്കുന്നത്.
അവർ മറ്റുള്ളവർക്ക് മാർക്സിസം ബാധകമാക്കുമ്പോൾ വിട്ടുവീഴ്ചാമനോഭാവമാണ് സ്വയം ബാധകമാക്കുന്നത്.
രണ്ടുതരം സാധനങ്ങളും അവർ കൈവശം വെക്കുന്നു.
ഇവയിൽ ഓരോന്നിനും അതാതിനൊത്ത ഉപയോഗം കണ്ടെത്തുകയും ചെയ്യുന്നു.
ഇങ്ങിനേയാണ് ചില ആൾക്കാരുടെ മനസ്സുകൾ പ്രവർത്തിക്കുന്നത്.
അവസരവാദത്തിന്റെ ഒരു പ്രകടരൂപമാണ് വിട്ടുവീഴ്ചാ മനോഭാവം മാർക്സിസവുമായി അത് മൗലികമായും സംഘട്ടനത്തിൽ വരുന്നു.അത് നിഷേധാത്മകമാണ്.
വസ്തുനിഷ്ടമായി നോക്കിയാൽ ശത്രുവെ സഹായിക്കുന്ന ഫലമാണ് അതിനുള്ളത്.
അതുകൊണ്ടാണ് നമ്മുടെ ഇടയിൽ അത് നിലനിർത്തി പോരുന്നതിന്ന് ശത്രു സ്വാഗതം ചെയ്യുന്നത്.
അതിന്റെ സ്വഭാവം
ഇത്തരത്തിൽ ആയത്കൊണ്ട് വിപ്ലവ അണികളിൽ അതിന് യാതൊരു സ്ഥാനവും ഉണ്ടാകാൻ പാടുള്ളതല്ല. നിഷേധാത്മകമായ വിട്ടുവീഴ്ചാ മനോഭാവത്തിൽ അതിജീവിക്കാൻ വേണ്ടി ഗുണാത്മകമായ മാർക്സിസത്തെ നാം ഉപയോഗിച്ചേ തീരു.

ഒരു കമ്യൂണിസ്റ്റുകാരൻ മഹാമനസ്കനും ആയിരിക്കേണ്ടതാണ്.അയാൾ മനക്കരുത്തുള്ളവനും സദാ സജീവമായിരിക്കുന്നവനും ആകേണ്ടതാണ്.വിപ്ലവത്തിന്റെ താല്പര്യങ്ങളെ സ്വന്തം ജീവനെപ്പോലെ അയാൾ കരുതണം.
സ്വന്തം താല്പര്യങ്ങളെ വിപ്ലവത്തിന്റെ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്തണം. പാർട്ടിയുടെ കൂട്ടുജീവിതം സുദൃഢീകരിക്കുന്നതിനും പാർട്ടിയും ബഹുജനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സുശക്തമാക്കുന്നതിനും വേണ്ടി അയാൾ എല്ലായ്പോഴും എല്ലാസ്ഥലത്തും തത്വത്തിൽ അടിയുറച്ചു നിൽക്കേണ്ടതും ശരിയല്ലാത്ത എല്ലാ ആശയങ്ങൾക്കും പ്രവർത്തികൾക്കുമെതിരായി അക്ഷീണ സമരംചെയ്യേണ്ടതുമാണ്.

ഏതെങ്കിലും ഒരു സ്വകാര്യ വ്യക്തിയേക്കാളുമധികം പാർട്ടിയിലും ബഹുജനങ്ങളിലും അയാൾ ആകാംക്ഷ കാട്ടണം.തന്നോടുള്ളതിനേക്കാൾ അധികം ആകാംക്ഷ അയാൾക്ക് മറ്റുള്ളവരോട് ഉണ്ടായിരിക്കണം.
എങ്കിൽ മാത്രമേ അയാളെ ഒരു കമ്യൂണിസ്റ്റ് കാരനായി കരുതാൻ കഴിയുകയുള്ളു.
നമ്മുടെ ഇടയിൽ ചില ആൾക്കാർ പ്രദർശിപ്പിക്കുന്ന വിട്ടുവീഴ്ചയുടേതായ പ്രവണതകളെ എതിർക്കാൻ വേണ്ടി കൂറും ആത്മാർത്ഥതയും ചുറുചുറുക്കും സത്യസന്ധതയുമുള്ള എല്ലാ കമ്യൂണിസ്റ്റ്കാരും യോജിച്ചേ തീരു.
അങ്ങിനെ അത്തരക്കാരെ ശരിയായ പാതയിലേക്ക് നയിക്കണം.നമ്മുടെ പ്രത്യയശാസ്ത്രരംഗത്തെ കടമകളിൽ ഒന്നാണിത്..